ഈ കാലഘട്ടത്തില്‍ നിരവധി മാരകരോഗങ്ങളാണ് മനുഷ്യനെ തകര്‍ത്തെറിയുന്നത്. ഭക്ഷണം കുറഞ്ഞാലും സ്വന്തമായി വീടില്ലെങ്കിലും എങ്ങനെയെങ്കിലും ജീവിക്കാം.
ഓപ്പറേഷന് ലക്ഷങ്ങള്‍ വേണ്ടിവരുമ്പോള്‍, ആജീവനാന്തം മരുന്ന് കഴിച്ച് ജീവിക്കേണ്ടി വരുമ്പോള്‍ ആ കുടുംബം തകര്‍ന്നു തരിപ്പണമാവുകയാണ്.
ചികിത്സിച്ച് കിടപ്പാടം നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സഹിക്കാനാവാത്ത രോഗതീവ്രത കൊണ്ടും കിടക്കാനുള്ള കൂര നഷ്ടപ്പെട്ടതിന്റെ പേരിലും സ്വയമേ മരണം ഏറ്റുവാങ്ങിയവരുടെ ചരിത്രവും നമ്മുടെ മുമ്പിലുണ്ട്.
ഇങ്ങനെയുള്ളവരെ സഹായിക്കാനാണ് സാമൂഹ്യ കാഴ്ചപ്പാടുള്ള വ്യക്തികള്‍ രോഗബാധിതരുടെ വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. ഇത് ആ വീട്ടുകാര്‍ക്ക് ഗുണമാകുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ ശാശ്വത പരിഹാരമാവില്ല. കണ്ണീരൊഴുക്കി വിലപിക്കുന്ന നിരവധി വീഡിയോകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവരികയാണ്.
ഈ വീഡിയോകള്‍ കണ്ടാല്‍ ആരുടെയും ഉള്ള് നുറുങ്ങിപ്പോകും. ഈ ചിത്രങ്ങള്‍ സൃഷ്ടിച്ചു വിടുന്ന മദ്ധ്യസ്ഥന്മാരായ സാമൂഹ്യപ്രവര്‍ത്തകര്‍ക്കു നേരെയും ആരോപണം ഉയരുകയാണ്.
25 ലക്ഷം ആളുകളുടെ ഫേസ്ബുക്ക് കൂട്ടായ്മ ഉണ്ടെന്ന് 24 ടിവി ചാനലില്‍ പ്രഖ്യാപിച്ച ഫിറോസ് കുന്നുംപറമ്പിലിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?
അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമം വഴി സഹായം അഭ്യര്‍ഥിച്ച വര്‍ഷയാണ് തന്നെ സന്നദ്ധ സേവകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്. അമ്മ രാധയുടെ ചികിത്സയ്ക്കായി 30 ലക്ഷത്തിൽ താഴെ വരുന്ന തുക മാത്രമാണ് ആവശ്യപ്പെട്ടതെങ്കിലും ഒരു കോടി രൂപയിലധികം യുവതിയുടെ അക്കൗണ്ടിലേയ്ക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്. ആവശ്യത്തിലധികം തുക ലഭിച്ചതോടെ ധനസഹായം നിര്‍ത്തി വയ്ക്കാൻ വര്‍ഷ അഭ്യര്‍ഥിച്ചെങ്കിലും വീണ്ടും വൻതുക അക്കൗണ്ടിലേയ്ക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരമായിരുന്നു പോലീസ് കേസെടുത്തത്.
ചേരാനല്ലൂര്‍ പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ഫിറോസ് കുന്നുംപറമ്പിലിനു പുറമെ സമൂഹമാധ്യമങ്ങള്‍ വഴി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാജൻ കേച്ചേരിയും ഇയാളുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയും കേസെടുത്തെന്നാണ് അറിഞ്ഞത്. സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.
ഫിറോസ് കോടികളുടെ വീട് വച്ചതും സമ്പത്ത് വാരിക്കൂട്ടിയതും എങ്ങനെയെന്ന് പോലീസിനോട് വിവരിച്ച് വിഷമിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സോഷ്യല്‍മീഡിയായില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ടു വീഡിയോകള്‍ കാണണം. തിരക്കിനിടയിലും രണ്ടു മിനിറ്റ് സമയം മാറ്റിവയ്ക്കണം.
സര്‍ക്കാര്‍ ചികിത്സയ്ക്ക് പണം നല്‍കുന്നുണ്ട്. പക്ഷേ അത് പര്യാപ്തമാണോ? രോഗിയേയും കൊണ്ട് ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് പണം വേണം. ഈ യാത്ര ദിനംപ്രതിയോ മാസംതോറുമോ ഒക്കെ ആകാം. കൂലിപ്പണി ചെയ്തു ജീവിക്കുന്ന രോഗിയുടെ രക്ഷകര്‍ത്താവിന് ജോലിക്കു പോകാനാവാത്ത സ്ഥിതി വരുന്നതോടെ വരുമാനം ഇല്ലാതാകുന്നു.
രോഗിയെ അഡ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ കൂടെ നില്‍ക്കേണ്ട ആള് പുറത്ത് വാടക റൂമെടുത്ത് കഴിയേണ്ടി വരുന്നു. ഇത് കണ്ടറിഞ്ഞ സാമൂഹ്യസംഘടനകളും ക്രൈസ്തവ സഭകളും കോട്ടയം മെഡിക്കല്‍കോളേജിനും തിരുവനന്തപുരം മെഡിക്കല്‍കോളേജിനും പുറത്ത് സൗജന്യമായി താമസസൗകര്യം ഒരുക്കിയിട്ടുള്ളത് ശ്ലാഘനീയമാണ്. തിരുവനന്തപുരം ഐ.പി.സി. താബോര്‍ സഭയെ എടുത്ത് പ്രശംസിക്കേണ്ടതായിട്ടുണ്ട്.
മാത്രമല്ല, ദിനംപ്രതി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കണം. സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ എന്നു വയ്ക്കുക. ഇടയ്ക്കിടെ വെളിയില്‍ നിന്നും വില കൊടുത്ത് മരുന്ന് വാങ്ങാന്‍ ഡോക്ടര്‍ നല്കുന്ന കുറിപ്പടിയുമായി നെഞ്ചത്ത് കൈവച്ച് നില്‍ക്കുകയാണ് രോഗിയുടെ രക്ഷകര്‍ത്താവ്. രക്ത-മല-മൂത്ര പരിശോധനകളും വെളിയില്‍ ചെയ്യേണ്ടി വന്നാലോ? എക്സ്റേ-സ്കാനിംഗ് സ്വകാര്യ സ്ഥാപനങ്ങളില്‍ ചെയ്യേണ്ടി വന്നാലുള്ള അവസ്ഥയെക്കുറിച്ച് രാഷട്രീയനേതാക്കളും ഭരണകര്‍ത്താക്കളും ചിന്തിച്ചിട്ടുണ്ടോ? ചുരുക്കിപ്പറഞ്ഞാല്‍ ഒരു ദരിദ്രകുടുംബത്തില്‍ ഒരാള്‍ മാറാരോഗിയായി മാറുന്നതോടെ ആ കുടുംബം മുഴുവന്‍ നീറിനീറി ജീവിച്ചു ‘മരിക്കുക’യാണ്.
ഇവര്‍ക്ക് ആശ്രയമായി മാറുന്നത് സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കരച്ചിലും വിലാപവുമാണ്. ഈ വീഡിയോ കാണുന്ന ജനം സര്‍ക്കാരിനെയാണ് പഴിക്കുന്നത്. ലോകത്തെവിടെയെങ്കിലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് വീഡിയോ വഴി ചികിത്സാഫണ്ട് ശേഖരിക്കുന്ന രീതിയുണ്ടോ? ഇതുപോലെ നിരന്തരം സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവരുന്ന വീഡിയോകളില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്, സങ്കടമുണ്ട്.
സര്‍ക്കാരിനല്ലാതെ വേറെയാര്‍ക്കും ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാവില്ല. അതുകൊണ്ട് വീടില്ലാതെ, തൊഴിലില്ലാതെ, നിത്യരോഗികളായി വീട്ടില്‍ പട്ടിണി കിടക്കുന്ന മനുഷ്യക്കോലങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും താമസസൗകര്യവും സര്‍ക്കാര്‍ ഒരുക്കണം.
ലോകത്ത് ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ നാം പ്രതിരോധിച്ചില്ലേ. ഭക്ഷണം നാം കിറ്റുകളില്‍ വീട്ടിലെത്തിക്കുന്നു. രോഗികളെയും കൊണ്ട് ആംബുലന്‍സുകള്‍ ഇപ്പോഴും ചീറിപ്പായുന്നു. പോലീസും ആരോഗ്യമേഖലയും വന്‍ ആര്‍ജ്ജവത്തോടെ സജീവമായി നില്ക്കുന്നു. എത്ര കോടികള്‍ നാം ചെലവാക്കി.
അതുകൊണ്ട് പഴുത്തൊലിച്ച കാല്പാദങ്ങളുമായി കഴിയുന്നവര്‍, ഉണങ്ങാത്ത വ്രണവുമായി കിടക്കുന്നവര്‍, നിത്യരോഗികളായി വീടുകളില്‍ ചുരുണ്ടുകൂടിയവര്‍, അംഗവൈകല്യമുള്ളവര്‍, മലമൂത്ര വിസര്‍ജ്ജനം കിടന്ന കിടപ്പില്‍ നടത്തുന്നവര്‍, വന്‍ കടബാധ്യതയാല്‍ വിഷമിക്കുന്നവര്‍, കിടപ്പാടം നഷ്ടപ്പെട്ടവര്‍, വിദ്യാഭ്യാസം മുടങ്ങിയ കുട്ടികള്‍…. ഇങ്ങനെയുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ നടക്കും. അവര്‍ക്ക് പുതിയൊരു ജീവിതം നല്‍കാനാവും.
ഇങ്ങനെയുള്ളവരെ സഹായിക്കാന്‍ വീഡിയോ ഉണ്ടാക്കി സാമൂഹ്യമാധ്യമങ്ങളില്‍ ഇടുന്ന സാമൂഹ്യപ്രവര്‍ത്തകരെയാണ് ഈ കിടപ്പുരോഗികള്‍ ആശ്രയിക്കുന്നത്. അവര്‍ ചെയ്യുന്നത് നന്മപ്രവര്‍ത്തി തന്നെയാണ്. പക്ഷേ ഇതിന്റെ പിന്നില്‍ നിരവധി ആരോപണങ്ങള്‍ കേട്ടു തുടങ്ങിയപ്പോള്‍ ആ വീഡിയോകളുടെ പ്രഭ കെട്ടുപോയി. അതു തന്നെയുമല്ല, ഇങ്ങനെ എത്രനാള്‍ ജനസമൂഹത്തിന് വ്യക്തികളെ സഹായിക്കാനാകും? അതിന് സര്‍ക്കാരിനു മാത്രമേ കഴിയൂ.
(പാര്‍ട്ടി നേതാക്കളും എം.എല്‍.എ.മാരും മന്ത്രിമാരും ക്രൈസ്തവചിന്ത ഓണ്‍ലൈന്‍ പത്രത്തിന്റെ ലിങ്കുകള്‍ തുറന്നു വായിക്കാറുണ്ട്. അവര്‍ക്കെല്ലാം പത്രം കൃത്യമായി അയച്ചു കൊടുത്തുകൊണ്ടാണിരിക്കുന്നത്. വീഡിയോ വഴി സോഷ്യല്മീഡിയായിലൂടെ വരുന്ന നിത്യരോഗികളുടെ ദുരിതകഥകള്‍ കേള്‍ക്കാനും അവരെ രക്ഷിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.