കോടിയേരിയും കുടുംബവും ഇനി സി.പി.എമ്മില്‍ വേണോ?

കോടിയേരിയും കുടുംബവും ഇനി സി.പി.എമ്മില്‍ വേണോ?


കുറെ വര്‍ഷങ്ങളായി കോടിയേരിയുടെ മക്കള്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ തുടങ്ങിയിട്ട്. ഒടുവില്‍ കോടിയേരി രാജിവച്ചു. ഗതികേടു കൊണ്ട്. മകന്‍ വേറൊരു കുടുംബം, നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ, ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും,

എത്ര സുന്ദരമായ ആദര്‍ശവാക്യങ്ങള്‍. പക്ഷേ മകന്‍ സ്വന്തം മകനാണല്ലോ. 26 മണിക്കൂര്‍ ഇ.ഡി. കസ്റ്റഡിയിലെടുത്തിരുന്ന തിരുവനന്തപുരത്തെ വീട്ടിലായിരുന്നല്ലോ കോടിയേരി താമസിച്ചിരുന്നത്. എന്നിട്ട് മകന്റേത് വേറൊരു കുടുംബമാണെന്നു പറഞ്ഞ് കൈ കഴുകിയത് ഒരു ഒളിച്ചോട്ടം തന്നെയായിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി അടി കൊണ്ട, സമരം നയിച്ച, ജയിലില്‍ കിടന്ന ഒരു കാലഘട്ടം കോടിയേരിയുടെ ജീവിതത്തിലുണ്ട്. പരിപ്പുവടയില്‍ നിന്നും കട്ടന്‍ചായയില്‍ നിന്നും മാറി മക്കള്‍ക്ക് ‘സ്വര്‍ണ്ണം ഉരച്ച്’ വായില്‍ ഒഴിച്ചു കൊടുക്കുന്ന ഒരു വര്‍ത്തമാനകാല രാഷ്ട്രീയമാണ് കോടിയേരിക്ക് ഇപ്പോഴുള്ളത്.

കമ്മ്യൂണിസ്റ്റ് വീക്ഷണത്തില്‍ ലോകത്ത് രണ്ട് വര്‍ഗ്ഗങ്ങളേയുള്ളൂ. ഒന്ന് മുതലാളിത്തവര്‍ഗ്ഗവും രണ്ടാമത്തേത് തൊഴിലാളിവര്‍ഗ്ഗവും. ഇതിന് രണ്ടിനും ഇടയ്ക്കുള്ള ആണും പെണ്ണും കെട്ട ഒരു വര്‍ഗ്ഗത്തിന്റെ പുത്തന്‍ പതിപ്പാണ് കോടിയേരി കുടുംബം.

അതായത് പുറമെ സംസാരത്തില്‍, ഇടപെടലില്‍ പക്കാ കമ്മ്യൂണിസ്റ്റായിരിക്കും. ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, മുതലാളിത്തം, വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം, സാമ്രാജ്യത്വം ഇതൊക്കെ ഇവരുടെ വായില്‍ തത്തിക്കളിക്കും. അനവസരത്തിലും കവലകളിലെ പൊതുയോഗങ്ങളിലും, പാവപ്പെട്ടവര്‍ക്ക് റേഷനരി സൗജന്യമായി വിതരണം ചെയ്യുമ്പോഴും ഈ വാക്കുകള്‍ പ്രയോഗിച്ചില്ലെങ്കില്‍ കമ്മ്യൂണിസ്റ്റാവിെല്ലന്നാണ് ഇവരുടെ വിചാരം.

കമ്മ്യൂണിസം വിട്ട് പാര്‍ലമെന്ററി വ്യാമോഹം തലയില്‍ പിടിച്ചു കഴിഞ്ഞാല്‍ പിന്നെ മന്ത്രിയാകണം. മന്ത്രിയായാല്‍ പിന്നെ ബിനീഷിനെ പോലെയുള്ള തലതെറിച്ച പിള്ളേര്‍ കൂടി വീട്ടിലുണ്ടായാല്‍ അപ്പന്റെ തണലില്‍ വളര്‍ന്നുവരാന്‍ ഈസി. പെണ്ണുപിടി, മയക്കുമരുന്ന് കച്ചവടം, സ്വര്‍ണ്ണ കള്ളക്കടത്ത്, ഹോട്ടല്‍ വ്യവസായം ഇതൊക്കെയില്ലാതെ ഇന്നത്തെ കാലത്ത് ജീവിക്കാനാവുമോ?

പരിപ്പുവടയും കട്ടന്‍ചായയും മാത്രം എക്കാലവും കഴിച്ചാല്‍ മതിയോ? ഇത്തിരിയൊക്കെ സുഖകരമായി ജീവിക്കണ്ടേ? കഴുതകളായ പൊതുജനങ്ങളെക്കൊണ്ട് സിന്ദാബാദ് വിളിപ്പിക്കാന്‍ ആവേശം തിരതള്ളുന്ന പ്രസംഗങ്ങള്‍ മാത്രം മതി. ജീവിതം ബ്രൂണയിലെ സുല്‍ത്താനെ വെല്ലുന്നതാകണം.

കോടിയേരി കുടുംബത്തിന്റെ ഒരു കുടുംബഫോട്ടോ വാട്ട്‌സാപ്പില്‍ വന്നതു കണ്ട് ഈ ലേഖകന്റെ കണ്ണു തള്ളിപ്പോയി. എന്തൊരു വര്‍ണ്ണപ്പകിട്ട്! ചുവന്ന പട്ടുചേലകള്‍ ചുറ്റിയ കോമാളി വേഷങ്ങള്‍. മഞ്ഞ ലോഹം വാരിയണിഞ്ഞിരിക്കുന്നു. ജ്വല്ലറി പരസ്യം പോലെ സ്വര്‍ണ്ണപാളികള്‍ കഴുത്തിലും കൈയിലും കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.

ഈ ലേഖകന്‍ ജനിച്ചത് കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള വീട്ടിലാണ്. വളര്‍ന്നതും അങ്ങനെ തന്നെ. അമ്മ പുറ്റടി വി.റ്റി. രാമരാജ് എസ്റ്റേറ്റില്‍ സി.ഐ.ടി.യു. വിഭാഗം കണ്‍വീനറായിരുന്നു. പഠനകാലത്ത് കേരള സ്റ്റുഡന്റസ് ഫെഡറേഷനിലായിരുന്നു എന്റെ പ്രവര്‍ത്തനം. 1987-89 കാലഘട്ടത്തില്‍ മുണ്ടക്കയത്ത് താമസിക്കുമ്പോള്‍ പാര്‍ട്ടി മെമ്പറായിരുന്നു. ഇ.എം.എസ്. കോളനി ബ്രാഞ്ച് കമ്മിറ്റിയിലായിരുന്നു അംഗത്വം. കുട്ടിക്കാലത്തെ പട്ടിണിയും കുടുംബത്തിന്റെ ഇടതുപക്ഷ പാരമ്പര്യവും എന്നെ അതില്‍ തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു.

വീട്ടിലെ ആരുടെയോ അമിതമായ ലാളനയും പണത്തോടുള്ള ത്വരയുമാണ്, ഈ മക്കള്‍ ‘പാര്‍ട്ടി അംഗത്വമുള്ള ബൂര്‍ഷ്വാകളാകാന്‍’ കാരണം. പണമല്ല വലുത് എന്ന് ഈ മക്കളെ ആരും പഠിപ്പിച്ചില്ല. ആര്‍ഭാടജീവിതവും ആഭരണപ്രേമവും സിനിമാലോകവും പണം ഉണ്ടാക്കാനുള്ള വ്യഗ്രതയുമല്ലാതെ എന്ത് സന്ദേശമാണ് ഇവര്‍ക്ക് ഈ സമൂഹത്തിന് നല്‍കാനുള്ളത്?

ഒക്കെ വെള്ള തേച്ച ശവക്കല്ലറകള്‍. സിന്ദാബാദ് വിളിക്കാന്‍ കുറെ ദരിദ്രവാസികള്‍. എഴുതിക്കൂട്ടാന്‍ കുറെ ബുദ്ധിമാന്ദ്യം സംഭവിച്ച ‘ബൗദ്ധികന്മാര്‍’.

കോടിയേരിയുടെ രാജി പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ഇദ്ദേഹത്തെ വച്ചുകൊണ്ട് ഒരു നിമിഷം പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ല. മുഖത്ത് കൃത്രിമ ചിരി പടര്‍ത്തുന്ന കൗശലക്കാരനാണ് കോടിയേരി. മക്കള്‍ അപ്പന്റെ തണലില്‍ ലോകം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിലാണ്. റഷ്യയിലെ പഴയ ‘സാര്‍’ ചക്രവര്‍ത്തിമാരുടെ ജീര്‍ണ്ണിച്ച രൂപങ്ങളുടെ അവശിഷ്ടമാണ് ഇവറ്റകള്‍.

കോടിയേരി ഇനിയും നേതാവായി തുടരും. പി.ബി.യിലും പാര്‍ട്ടി സെക്രട്ടേറിയറ്റിലുമുണ്ടല്ലോ. പക്ഷേ ഇദ്ദേഹത്തിന് നല്ലത് ഇനി കോണ്‍ഗ്രസിലോ ബി.ജെ.പി.യിലോ ചേക്കേറുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!