ചുമ്മാ ‘ഡോ’കള്‍ വീണ്ടും തലപൊക്കുന്നു

ചുമ്മാ ‘ഡോ’കള്‍ വീണ്ടും തലപൊക്കുന്നു

ഷാജി മാറാനാഥാ


ഓണററി ഡോക്‌ട്രേറ്റുകളും വ്യാജ ബിരുദ സര്‍ട്ടിഫിക്കെറ്റുകളും വിതരണം ചെയ്ത കേസില്‍ കൊട്ടാരക്കര വാളകം സ്വദേശി പാപ്പച്ചന്‍ ബേബിയെ കഴിഞ്ഞ മാസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ബോള്‍ ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടേതെന്ന പേരില്‍ വ്യാജ സര്‍ട്ടിഫിക്കെറ്റുകളും ഓണററി ഡോക്‌ടേറ്റുകളും നിര്‍മ്മിച്ച് ഇയാള്‍ വിതരണം ചെയ്യുകയായിരുന്നു.

48 ലക്ഷത്തോളം രൂപയുടെ വ്യാജ സര്‍ട്ടിഫിക്കെറ്റ് ഇടപാടുകള്‍ ഇയാള്‍ നടത്തിയതായാണ് വിവരം. മറ്റുള്ളവര്‍ക്ക് ‘ഉന്നത ബിരുദ’ങ്ങള്‍ നല്‍കാന്‍ ഈ പത്താം ക്ലാസുകാരനെ പ്രേരിപ്പിച്ചത് ഈ രംഗത്ത് ആളുകള്‍ക്കുള്ള പ്രീയം മനസിലാക്കിയാണെന്ന് വേണം കരുതാന്‍.

ചില പ്രശസ്തര്‍ക്ക് ഡി-ലിറ്റ് ബിരുദം നല്‍കിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് ഇയാള്‍ തന്റെ വ്യാജ സര്‍ട്ടിഫിക്കെറ്റുകള്‍ വിറ്റഴിച്ചത്. ഒടുവില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാപ്പച്ചന്‍ ബേബി പിടിയിലാകുന്നത്.

തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെ സ്ത്രീകള്‍ക്കെതിരായ അശ്ലീല പരാമര്‍ശം നടത്തിയതിന് പിടിയിലായ തിരുവനന്തപുരം സ്വദേശി വിജയ് പി നായരുടെ തട്ടിപ്പ് ഡോക്‌ട്രേറ്റും വെളിച്ചത്ത് വന്നിട്ട് അധിക ദിവസങ്ങളായിട്ടില്ല. ഏറ്റവും ഒടുവില്‍ യുജിസി പുറത്ത് വിട്ട പട്ടിക അനുസരിച്ച് 24 വ്യാജ സര്‍വ്വകലാശാലകള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ടത്രെ..!

ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘കമ്പോണ്ടര്‍ ഡോക്ടറായാല്‍’ എന്ന ടൈറ്റിലോടെ ഒരു വ്യാജന്റെ തട്ടിപ്പിനെക്കുറിച്ച് ഒരു പ്രധാന ദിനപത്രത്തില്‍ വന്ന വാര്‍ത്തയും ഈ സമയം ഓര്‍ക്കുന്നു. ഇങ്ങനെ കഷ്ടപ്പെടാതെ മഹത്വം ഉണ്ടാക്കാനുള്ള പലരുടേയും കുറുക്ക് വഴികള്‍ക്കും വ്യാജ ഇടപാടുകള്‍ക്കും യാതൊരു കുറവും വന്നിട്ടില്ലെന്ന് വ്യക്തമാകുന്നു.

വിശദമായി പരിശോധിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചുമ്മാ ‘ഡോ’ കളുടെ അതിപ്രസരം ആത്മീക രംഗത്താണെന്ന് മനസിലാക്കാനാവും. വിദേശ സന്ദര്‍ശനം കഴിഞ്ഞ് അവിടെ നിന്ന് ചുളുവില്‍ കിട്ടുന്ന കടലാസ് വില പോലുമില്ലാത്ത ഡോക്‌ട്രേറ്റ് സര്‍ട്ടിഫിക്കെറ്റുകളുമായി നാട്ടില്‍ മടങ്ങിയെത്തുന്ന, പിന്നീട് അതും പേരിന്റെ മുമ്പില്‍ വച്ച് വേഷം കെട്ടി നടക്കുന്ന പരിഹാസപാത്രങ്ങളെ ധാരാളം കണ്ടിട്ടുണ്ട്.
സെക്കുലര്‍ രംഗത്തെ പ്രതിഭകളെ അവരുടെ കഴിവിന്റെ പേരില്‍ ആദരിച്ച് നല്‍കുന്ന ഡോക്‌ട്രേറ്റ് പദവികള്‍ പോലും അവര്‍ പേരിനൊപ്പം ചേര്‍ക്കുവാന്‍ മടിക്കുമ്പോഴാണ് ഇവിടെ ചിലര്‍ വിദേശത്തെ ചില ബൈബിള്‍ സ്ഥാപനങ്ങള്‍ 20 ഡോളറോളം തുകയ്ക്ക് (19.99) വില്‍ക്കുന്നതായ ചുമ്മാ ‘ഡോ’ യുമായി വിലസുന്നത്.

മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തീകരിച്ച ശേഷം കുറഞ്ഞത് 3 മുതല്‍ 7 വര്‍ഷങ്ങള്‍ വരെ കഠിനാദ്ധ്വാനം ചെയ്‌തെങ്കിലെ അംഗീകൃത ഡോക്‌ട്രേറ്റ് പദവി സ്വന്തമാക്കാനാവൂ. പ്രത്യേക വിഷയങ്ങള്‍ തെരഞ്ഞെടുത്ത് അസസ്‌മെന്റ് പിരീഡ് പൂര്‍ത്തിയാക്കിയ ശേഷം തല പുകച്ച് പഠിച്ച്, നീണ്ട യാത്രകളും നിരീക്ഷണങ്ങളും പഠനങ്ങളും ഒക്കെ നടത്തി തിസീസ് തയാറാക്കി അവതരിപ്പിച്ചും ഏറെ പണം ചെലവിട്ടുമാണ് ഡോക്ട്‌റേറ്റ് പദവിക്ക് പലരും ശ്രമിക്കുന്നത്.

അതിനിടയില്‍ വളരെ ആഗ്രഹത്തോടെ ഇറങ്ങിപ്പുറപ്പെട്ട ചിലര്‍ക്കെങ്കിലും പരാജയപ്പെട്ട് പിന്മാറേണ്ടിയും വരും. അവരുടെ പണവും പ്രയത്‌നവും നഷ്ടമാവുകയും ചെയ്യും. അത്രത്തോളം ബദ്ധപ്പാടുകള്‍ ഇതിന് പിന്നിലുണ്ട്. ഡോക്‌ട്രേറ്റ,് തിയോളജിയിലായാല്‍ പോലും അതിനുള്ള കഷ്ടപ്പാടുകള്‍ ചില്ലറയല്ല. അത്തരത്തില്‍ കഷ്ടപ്പെട്ട് പഠിച്ച് ഡോക്‌ട്രേറ്റ് നേടിയ നിരവധി പേര്‍ നമ്മുടെ ഇടയിലുണ്ട്.

അവരുടെ ശ്രമങ്ങളെ അഭിമാനപൂര്‍വ്വം കാണുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പരിഹസിക്കലാണ് ഈ ചുമ്മാ ഡോ പദവികള്‍. പത്താം ക്ലാസ് പോലും തികെച്ചിട്ടില്ലാത്തവര്‍ പേരിന് മുമ്പില്‍ ഇത്തരം വിശേഷണം ചേര്‍ത്ത് വച്ചിരിക്കുന്നത് കാണുമ്പോള്‍ സ്വഭാവികമായും പുച്ഛമാണ് തോന്നുക.

സെക്കുലര്‍ ലോകത്ത് രാഷ്ട്രീയം കളിക്കാനാകാതെ പോയവര്‍ സഭയ്ക്കകത്ത് അത് രൂപപ്പെടുത്തി ഗ്രൂപ്പിസവും രാഷ്ട്രീയവും കളിക്കുന്നതില്‍ ഒരു ആത്മസുഖം കണ്ടെത്തുന്നത് പോലെ സെക്കൂലര്‍ രംഗത്ത് 10-ാം ക്ലാസ് പോലും പാസാകാത്തവര്‍ക്ക് വീണു കിട്ടിയ വലിയൊരു സാധ്യതയാണ് ചുമ്മാ ‘ഡോ’ കള്‍.
വിദേശത്തെ അംഗീകൃതമല്ലാത്ത മതാധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുമാനം ഉണ്ടാക്കുവാന്‍ വേണ്ടി രൂപപ്പെടുത്തിയ വെറും കടലാസ് പദവികള്‍ മാത്രമാണ് ഈ ഡോക്‌ട്രേറ്റുകള്‍. ഇത്തരം കടലാസ് പദവികള്‍ സുവിശേഷവേലക്കാര്‍ക്ക് അഭിമാനമല്ല, അപമാനമാണ്.

യോഗ്യതയില്ലാത്തവന്‍ സ്വയം ചാര്‍ത്തുന്ന ഈ അര്‍ത്ഥമില്ലാത്ത അലങ്കാരം പലരേയും സമൂഹമദ്ധ്യേ തരംതാഴ്ത്തുകയാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. സുവിശേഷകര്‍ , പാസ്റ്റര്‍ തുടങ്ങിയ പദവികള്‍ പലരുമിന്നൊരു അലങ്കാരമായി കാണുന്നില്ല. ‘റവ’ യും ‘ഡോ’യും ഇല്ലാത്ത സഭാ പദവികളിലും സുവിശേഷ വേലയിലും എന്തോ കുറവ് സംഭവിച്ചിരിക്കുന്നതായി പലര്‍ക്കും തോന്നുന്നു.
ഉന്നതകുലജാതനും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടാനുണ്ടായിരുന്നതുമായ വിശുദ്ധ പൗലോസ് അവയൊക്കെ ചവറെന്നെണ്ണി തെരുക്കോണുകളിലും ചന്തസ്ഥലങ്ങളിലും യേശുവിനെ ഉയര്‍ത്തിയ ചരിത്രം പ്രസംഗിക്കുന്നവരാണ് 20 ഡോളറിന്റെ ഡോക്‌ട്രേറ്റ് കടലാസില്‍ മഹത്വം കാണുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ‘അപമാന’ പൂരിതമാകുകയാണ് അന്തരംഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!