1957-ല്‍ ലോകത്തിലാദ്യമായി ജനഹിത പരിശോധനയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലെത്തിയത് ലോകശ്രദ്ധ കേരളത്തിലേക്കാകര്ഷിച്ച ചരിത്രപ്രധാന സംഭവമായിരുന്നു. ദി ന്യൂയോര്‍ക്ക് ടൈംസ്, ടൈം മാഗസിന്, ദ് മാഞ്ചസ്റ്റര്‍ ഗാര്ഡിയന്, ദ് ട്രിബ്യൂണ്‍, പ്രവ്ദ, ദ് പെക്കിംഗ് ഡെയ്ലി തുടങ്ങിയ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് ചൂടുള്ള വാര്‍ത്തയായി. വാഷിംഗ്ടണ്‍, മോസ്കോ, ലണ്ടന്‍, പാരിസ്, പീക്കിംഗ്, വത്തിക്കാന്‍, കെയ്റോ, ജക്കാര്‍ത്ത തുടങ്ങി പ്രമുഖ രാഷ്ട്ര തലസ്ഥാനങ്ങൡ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം ചര്‍ച്ച ചെയ്യപ്പെട്ടു. അമേരിക്കന്‍ യൂണിവേഴ്സിററികളുള്പ്പെടെ ലോകമെമ്പാടുമുള്ള അനേകം കലാലയങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കും സിംപോസിയങ്ങള്ക്കും വിഷയീഭവിച്ചു.
അധികാരത്തിലെത്തിയയുടനെ ഇ.എം.എസ്. മന്ത്രിസഭ പുരോഗമനപരവും ജനോപകാരപ്രദവുമായ ഭരണപരിഷ്കാര നടപടികള്‍ ആരംഭിച്ചു. വിദ്യാഭ്യാസബില്‍, ഭൂപരിഷ്കരണം, ഭരണപരിഷ്കരണ കമ്മററി രൂപീകരണം, ജയില്‍ പരിഷ്കരണം, താഴേക്കിടയിലുള്ളവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കല്‍, മന്ത്രിമാരുടെയൂം ഉന്ന ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറയ്ക്കല്‍, കുടികിടപ്പുകാരുടെ ഒഴിപ്പിക്കല്‍, റദ്ദാക്കല്‍ തുടങ്ങയവ വഴി കേരളത്തിലെ വിദ്യാഭ്യാസ, കാര്‍ഷിക, വ്യാവസായിക, സാമൂഹ്യ, തൊഴില്‍ മേഖലകളില്‍ കാതലായ മാററം ലക്ഷ്യംവച്ചുകൊണ്ടുള്ള പദ്ധതികള്‍ നടപ്പിലാക്കി.
ഇത്രയും ജനകീയവും ലോകമെങ്ങും അറിയപ്പെട്ടതുമായ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ വിമോചനസമരമെന്നു വിളിച്ച ജനാധിപത്യ ധ്വംസന സമരത്തിലൂടെ താഴെയിറക്കിയത് കേരളത്തിലെ ജാതിമത വര്‍ഗീയ പ്രതിപക്ഷ കൂട്ടുകെട്ടിന്റെ സ്ഥാപിതതാല്പര്യങ്ങള് സംരക്ഷിക്കാനായിരുന്നു. ഇ.എം.എസ്. സര്‍ക്കാരിന്റെ ഭരണനപരിഷ്കാരങ്ങളില് ജാതി മത ശക്തികളെ ഏററവും പ്രകോപിപ്പിച്ചത് വിദ്യാഭ്യാസബില്ലും കാര്‍ഷികബന്ധ നിയമവുമായിരുന്നു.
അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മാനേജ്മെന്റില്‍ നിന്നും അനുഭവിച്ച ദുരിതങ്ങള്‍ വലുതായിരുന്നു. ‘സ്വകാര്യ മാനേജര്‍മാരുടെ കീഴില്‍ അദ്ധ്യാപകര്‍ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകളെക്കുറിച്ച് അദ്ദേഹമെഴുതിയ ‘പ്രൊഫസര്‍’ എന്ന നോവല്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. തത്ഫലമായി സിറിയന്‍ ക്രിസ്ത്യന്‍ സഭയില്‍ നിന്നും അദ്ദേഹം പുറത്താക്കപ്പെട്ടു. ജോലിയും നഷ്ടപ്പെട്ടു. സ്വകാര്യ മാനേജര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലാഭക്കച്ചവടത്തിനുള്ള ഉപാധികളായി കണക്കാക്കി വര്‍ദ്ധിച്ച ഫീസ് ഈടാക്കുകയും അദ്ധ്യാപക നിയമനങ്ങള്‍ കൂടുതല്‍ തുക നല്കുന്ന വര്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. സര്‍ക്കാര്‍ നല്‍കിയിരുന്ന ശമ്പളം മാനേജര്‍മാര്‍ വാങ്ങിയിട്ട് അവര്‍ക്കിഷ്ടമുള്ള തുക അദ്ധ്യാപകര്‍ക്ക് നല്‍കിയിരുന്നു. കൈപ്പററാത്ത കൂടുതല്‍ തുക ശമ്പളം വാങ്ങിയതായി ഒപ്പിട്ടു നല്‍കണമായിരുന്നു. ചുരുക്കത്തില്‍, അദ്ധ്യാപകര്‍ മാനേജുമെന്റിന്റെ വേലക്കാരായി കണക്കാക്കപ്പെട്ടിരുന്നു.
വിദ്യാഭ്യാസ സമ്പ്രദായം അടിമുടി പരിഷ്കരിക്കേണ്ട കാല അതിക്രമിച്ചുവെന്ന് നേരിട്ടറിയാവുന്ന ജോസഫ് മുണ്ടശ്ശേരി 1957 ജൂലൈ 7-ാം തീയതി വിദ്യാഭ്യാസബില്‍ കൊണ്ടുവന്നു. അദ്ധ്യാപകരുടെ അവകാശം സംരക്ഷിക്കാനും ആശ്രിതത്വം അവസാനിപ്പിക്കാനും ഉദ്ദേശിച്ചുള്ള ബില്ലായിരുന്നു അത്. ഗവണ്മെന്റ് നേരിട്ട് അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുക, നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അദ്ധ്യാപകരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, ആവശ്യമെന്നു തോന്നുന്ന അടിയന്തിരഘട്ടങ്ങളില്‍ മാനേജ്മെന്റ് ഏറെറടുക്കുക,
അദ്ധ്യാപകനിയമനം പി.എസ്.സി.ക്ക് വിടുക, സ്കൂള്‍ ഭരണം മാനേജര്‍മാര്‍ നിര്വ്വഹിക്കുമ്പോള് തന്നെ സ്കൂള്‍ പരിശോധനയും നിയന്ത്രണവും മേല്‍നോട്ടവും ഗവണ്മെന്റില് നിക്ഷിപ്തമാക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസബില്‍ 1957 നവംബര്‍ മാസം 29-ാം തീയതി നിയമസഭ പാസ്സാക്കി.
വിദ്യാഭ്യാസബില്ലിന്റെ ഏററവും വലിയ ഗുണഭോക്താക്കള്‍ കത്തോലിക്കരായ അദ്ധ്യാപകരായിരുന്നു. അദ്ധ്യാപകര്‍ക്ക് മാനേജ്മെന്റിന്റെ ദാസ്യത്വത്തില് നിന്ന് സ്വതന്ത്രരാവാനും, അന്തസ്സോടെ ശമ്പളം വാങ്ങി ജീവിക്കാനും വഴിയൊരുക്കിയത് വിദ്യാഭ്യാസബില്‍ ആയിരുന്നു. എന്നാല്‍ ഈ പ്രയോജനം കത്തോലിക്കര്‍ വേണ്ടത്ര മനസ്സിലാക്കിയില്ല എന്നതാണ് വസ്തുത.
വിദ്യാഭ്യാസ ബില്‍ സ്വകാര്യ മാനേജ്മെന്റുകളെ തകര്ക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, ഭരണഘടനയുടെ 30-ാം ആര്‍ട്ടിക്കിള്‍ ഉറപ്പു നല്കിയ ന്യൂനപക്ഷ അവകാശ ധ്വംസനമാണെന്നും കത്തോലിക്കാ മാനേജ്മെന്റ് ആരോപിച്ചു.
ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരത്തിനായി വിദ്യഭ്യാസബില് ഡല്‍ഹിയില്‍ അയച്ചിരുന്നപ്പോള്‍ ഇതിനെതിരായി കേരളത്തിലെ സ്വകാര്യ മാനേജ്മെന്റുകളുടെ പ്രതിനിധി സംഘമെത്തി വിദ്യാഭ്യാസ ബില്‍ ഭരണഘടനാവിരുദ്ധമാണെന്നു വാദിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയിലേക്ക് 1958-ല്‍ ബില്‍ റഫര്‍ ചെയ്യപ്പെട്ടു. കേരളത്തിലെ കോണ്‍ഗ്രസിനെ പ്രീണിപ്പിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ താല്പര്യമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ 1958 മെയ് മാസം 27-ാം തീയതി പുറത്തുവന്ന സുപ്രീംകോടതി വിധിയില്‍ സ്റ്റേററിന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനധികാരമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
മറെറാരു വിപ്ലവകരമായ പരിഷ്കാരമായിരുന്നു കേരളത്തില്‍ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് വഴിതെളിച്ച ഭൂപരിഷ്കരണ നിയമം. നൂററാണ്ടുകളായി കേരളത്തില്‍ നിലവിലിരുന്ന അധികാരഘടനയില്‍ സമൂലമായ മാററം വരുത്തി ജന്മിമാരുടെ സ്വാധീനവും അധികാരവും കുറച്ച് ഭൂമിയില്‍ അദ്ധ്വാനിക്കുന്ന കര്‍ഷകന്റെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമമായിരുന്നു 1957 ഡിസംബര്‍ 18-ലെ കാര്‍ഷികബന്ധ നിയമം. താഴെക്കിടയിലുള്ള ജനഹൃദയങ്ങളില്‍ പ്രത്യാശയും പ്രതീക്ഷയുമുണര്ത്തിയ കാര്‍ഷികബന്ധ നിയമത്തെ അട്ടിമറിക്കാന്‍ ഭൂജന്മിമാരായ നായര്‍ സമുദായവും കത്തോലിക്കാ സഭയും കൂട്ടുകെട്ടുണ്ടാക്കി. നായര്‍ സമുദായ ജന്മിമാരുടെ ഭൂമി സംരക്ഷിക്കാന്‍ സഹായിച്ചാല്‍ കത്തോലിക്കരുടെ പള്ളിക്കൂടം സംരക്ഷിക്കാമെന്ന് ഇരുകൂട്ടരും ഉഭയസമ്മതം ചൊല്ലി.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 5-ാം തീയതി അധികാരമേററതു മുതല്‍ തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുള്ള ജാതി മത വര്‍ഗീയ രാഷ്ട്രീയ സംഘടനകള്‍ അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും 1959 മാര്‍ച്ച് മാസം മുതലാണ് നായര്‍ ക്രിസ്ത്യന്‍ കൂട്ടുകെട്ടും കോണ്‍ഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും എസ്.എന്‍.ഡി.പി.യും മുസ്ലീംലീഗും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ആഞ്ഞടിച്ചത്. 1959 മെയ് 7-ന് എന്‍.എസ്.എസ്. പ്രസിഡന്റ് മന്നത്ത് പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന യോഗമാണ് ഇ.എം.എസ്. ഗവണ്മെന്റിനെ താഴെയിറക്കുന്നതിന് തീരുമാനമെടുത്തത്.
മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണം നടത്തി പൊതുജനാഭിപ്രായം വിമോചന സമരത്തിനനുകൂലമാക്കി സംഭവങ്ങള്‍ തെററായി വ്യാഖ്യാനിക്കുക വഴി ഗവണ്മെന്റിന് ജനപിന്തുണ നഷ്ടപ്പെട്ടെന്ന് വരുത്തിത്തീര്‍ത്തു. മതം അപകടത്തിലാണെന്ന് ക്രിസ്തീയ പത്രമായ ദീപിക ആവര്‍ത്തിച്ചെഴുതി.
കെ.പി.സി.സി.യും സ്വകാര്യ മാനേജ്മെന്റും ചേര്‍ന്ന് പുതിയ പാഠപുസ്തകങ്ങള്‍ നശിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്നുവെന്നും വരുംതലമുറയെ മസ്തിഷ്കപ്രക്ഷാളനം നടത്തി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രക്ഷോഭം. സ്കൂളുകള്‍ അടച്ചിട്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടായിരുന്നു വിദ്യാഭ്യാസ ബില്ലിനെതിരെ കത്തോലിക്കാ മാനേജ്മെന്റ് പ്രതിഷേധിച്ചത്. ഇടയലേഖനങ്ങള്‍ കൊടിയ വര്‍ഗീയ വിഷം ചീററി.
മാനേജ്മെന്റിന്റെ ചൂഷണം തടയാനുള്ള ഗവണ്മെന്റിന്റെ ശ്രമത്തെ വിദ്യാഭ്യാസം ഗവണ്മെന്റിന്റെ കുത്തകയാക്കാനുള്ള ശ്രമമായി വ്യാഖ്യാനിച്ചു. മാനേജ്മെന്റിനെ ഇല്ലാതാക്കാന്‍ ഗവണ്മെന്റ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചു. വടക്കനച്ചന് വിദ്യാഭ്യാസ ബില്ലിനെതിരെ കുരിശുയുദ്ധം നടത്താന്‍ ക്രൈസ്തവ നേതൃത്വത്തെ ആഹ്വാനം ചെയ്തു. അതിനുവേണ്ടി ക്രിസ്റ്റഫേര്‍സ് എന്ന സംഘടനയുണ്ടാക്കി.

മതം ലഹരി പിടിപ്പിക്കുന്ന ആശയമാകയാല്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ സഭാനേതൃത്വത്തിനു കഴിഞ്ഞു. പാവപ്പെട്ട ക്രിസ്തുമത വിശ്വാസികള്‍ സഭാധികാരികളെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കണ്ട് അന്ധമായി വിശ്വാസിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്തതു കൊണ്ട് അവരെ പരമാവധി ചൂഷണവിധേയരാക്കി തങ്ങളുടെ ചൊല്പടിയില് നിര്‍ത്താന്‍ വേണ്ട അടവുകളെല്ലാം കത്തോലിക്കാസഭ പ്രയോഗിച്ചു. ജനങ്ങളുടെ അജ്ഞതയും ദാരിദ്ര്യവും മുതലെടുത്ത് തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി വോട്ടു ചെയ്ത സഭാവിശ്വാസികളെ പള്ളിയില്‍ വിളിച്ചുവരുത്തി കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്തവര്‍ നരകത്തില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തി.
മേലാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യില്ലെന്ന് കുരിശില്‍ തൊട്ട് സത്യം ചെയ്യാന്‍ നിര്‍ബന്ധിച്ചു. കമ്മ്യൂണിസം സാത്താന്യമാണെന്നും അതുകൊണ്ടുതന്നെ ദൈവത്തിനെതിരാണെന്നും അപകടത്തില്‍പെട്ട മതത്തെ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ കടമയാണെന്നും ജീവന് ബലിയര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും ഉദ്ബോധിപ്പിച്ച് ഗവണ്മെന്റിനെതിരെ ജാഥകള്‍ സംഘടിപ്പിച്ചു. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരെ അധികാരത്തില്‍ തുടരാമ് അനുവദിക്കരുതെന്നവര് ആവര്‍ത്തിച്ചു. പാവപ്പെട്ട വിശ്വാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടവര്‍ അധികാരത്തിനും പണത്തിനും വേണ്ടി വിശ്വാസികളെ തെരുവിലിറക്കാനും കുരുതി കൊടുക്കാനും ഇടയലേഖനങ്ങളിറക്കി സ്വാര്ത്ഥതാല്പര്യക്കാരാണെന്ന് വിമോചനസമരകാലത്ത് തെളിയിച്ചു.
ലോകത്തിലൊരിടത്തും കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അധികാരത്തിലെത്തരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച അമേരിക്കയുടെ പണവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ ഇല്ലാതാക്കാന്‍ സഹായകമായി.
കെ.പി.സി.സി. പ്രസിഡന്റ് ആര്. ശങ്കറും പ്രതിപക്ഷനേതാവ് പി.ടി. ചാക്കോയും വിമോചനസമരത്തിനനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിടാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിരാഗാന്ധിയുടെ സമ്മര്‍ദ്ദം മൂലമാണ് 1959 ജൂലൈ 31-ന് ജനാധിപത്യ പ്രക്രിയയിലൂടെ അധികാരമേററ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ നിഷ്കാസനം ചെയ്ത് കേരളത്തില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയത്.
വിവിധ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉദാത്തമായ ആശയമാണ് ‘വിമോചനം’ എന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ദരിദ്രജനവിഭാഗങ്ങളുടെ വിമോചനം ലക്ഷ്യമാക്കി നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളെ നശിപ്പിക്കാനുള്ള സംഘടിതവും കുത്സിതവുമായ ശ്രമമായിരുന്നു പ്രതിപക്ഷ, മത, ജാതി, വര്‍ഗീയ സംഘടനകള്‍ 1959-ല്‍ നടത്തിയ ‘വിമോചന സമരം.’ ജാതി മത വര്‍ഗീയ സംഘടനകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയ സമരമായിരുന്നു ഇത്.

– ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)
































































































നല്ല ലേഖനം. സത്യം. മേധ നേതാക്കൾ സാധാരണക്കാരനെ ദൈവത്തിന്റെ പേര് പറഞ്ഞു ദുരുപയോഗം ചെയ്ത ചരിത്രമാണ്, വിമോചന സമരം. ഒരു ബാലനായ ഞാനും അന്ന് ജാഥയ്ക്ക് പോയി ന്മുദ്ര വാക്യം വിളിച്ചു എന്നോർക്കുമ്പോൾ , കുറ്റ ബോധം തോന്നുകയാണ് , ഇന്ന്. ഞാൻ അന്നും ഇന്നും ഒരു കമ്മ്യൂണിസ്റ്റ് അല്ല. പക്ഷെ പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി ആ ഗവണ്മെന്റ് ഒരു നവോദ്ധാനം നിയമത്തിലൂടെ കൊണ്ട് വരിക ആയിരുന്നു. ആര് ചെയ്യുന്നു എന്നുള്ളതല്ല, എന്തു ചെയ്യുന്നു, അത് സത്യം, നീതി, ധർമം, സ്നേഹം കരുണ ഇതൊക്കെ ആണോ, എന്നുള്ളതാണ് മതം. അങ്ങനെ ആയിരിക്കണം.
· Reply · 8h