
നൈനാന് മാത്തുള്ള
തിരഞ്ഞെടുപ്പ് ജ്വരം ഉന്നത ഊഷ്മാവില്‍ തന്നെ തുടരുകയാണ്. മത്സരാര്‍ത്ഥികളെല്ലാം ഗോഥയില്‍ പ്രകടനം കാഴ്ചവെച്ചു തുടങ്ങി. അവര്‍ക്ക് കീജെയ് വിളിക്കാന്‍ പ്രേക്ഷകരും. ആര്‍ക്കാണ് മുന്‍തൂക്കമെന്ന് പ്രവചിക്കാന്‍ വിഷമം.
ആര്‍ക്ക് വോട്ടു ചെയ്യണമെന്നുള്ള തീരുമാനം പലര്‍ക്കും അത്ര എളുപ്പമല്ല. പല തരത്തിലുള്ള വടംവലികള്‍ അവസാനനിമിഷം വരെ പലരുടേയും മനസ്സിനെ മഥിക്കുന്നു. ആരായിരിക്കും നമ്മുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. പഴയ അനുഭവങ്ങള്‍ വെച്ചു നോക്കിയാല്‍ വോട്ടു ചെയ്ത പലരും നമ്മെ നിരാശപ്പെടുത്തിയിട്ടുണ്ട്.
മലയാളികളുടെ വോട്ടു കൊണ്ടു കൂടി ജയിച്ചിട്ട് നിയമത്തിനുള്ളില്‍ നിന്ന് മലയാളികള്‍ക്ക് ഒരു സഹായവും ചെയ്യാത്തവര്‍ പലരുണ്ട്. ചിലരെയെങ്കിലും നമ്മുടെ സമൂഹത്തില്‍ നിന്ന് ജോലിക്കെടുപ്പിക്കാന് കഴിയുമെങ്കില്‍ അത് ചെയ്യാതിരുന്നാല്‍ സമൂഹത്തോട് മറുപടി പറയേണ്ടി വരും. നാമും നികുതി കൊടുക്കുന്നുണ്ടല്ലോ.
അതിന്റെ ചെറിയ ഒരു ശതമാനമെങ്കിലും നമ്മുടെ സമൂഹത്തിലേക്ക് തിരിച്ചുവരുന്നതില്‍ എന്താണ് തെറ്റ്?
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റു ചിലര്‍ ഇവിടുത്തെ മലയാളി അസ്സോസിയേഷനുമായി ഒരു ബന്ധവും പുലര്‍ത്താത്തവരാണ്. പൊതുമീറ്റിംഗുകളില് അവരെ കാണാറില്ല. അടുത്തിടെ നടന്ന ഡിബേറ്റില്‍ രണ്ടു സ്ഥാനാര്‍ത്ഥികളും പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. വെള്ളമില്ലാതെ മുങ്ങാന്‍ പറ്റുമോ? ജനങ്ങളില്ല എങ്കില്‍, മനുഷ്യനെ ഇഷ്ടമല്ല എങ്കില്‍, അവന്റെ ദൈനംദിന പ്രശ്നങ്ങളില്‍ താല്പര്യമില്ല എങ്കില്‍ സേവനം സാദ്ധ്യമാകുമോ എന്നത് ഏവരും ചിന്തിക്കണം.
സമൂഹമായി ഒരുമിച്ച് നിന്ന് വോട്ട് ചെയ്താല്‍ പലരേയും വിജയിപ്പിക്കാന്‍ കഴിയുമെങ്കിലും പലതും സാധിക്കുമെങ്കിലും ഈ നവംബര്‍ ഇലക്ഷനില്‍ നമ്മുടെ ശക്തി അത്ര നിര്‍ണ്ണായകമല്ല. ഇവിടെ നാം മറ്റു സമൂഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയേ തരമുള്ളൂ. മിസ്റ്റര്‍ കെ. പി. ജോര്‍ജ്ജ് ഇവിടെ കൗണ്ടി ജഡ്ജിയായി വിജയിച്ചത് അതിന്റെ ഏറ്റവും നല്ല തെളിവാണ്. വെള്ളക്കാരുടെയും, കറുമ്പരുടെയും, ഹിസ്പാനിക്സിന്റേയും മറ്റ് പ്രവാസികളുടേയും വിശ്വാസം ആര്‍ജ്ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ആവുമെങ്കില്‍ നാം അവരുടെ ശത്രുക്കളാണ് എന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഭാവി തിരഞ്ഞെടുപ്പിലും നമുക്ക് ഈ സമൂഹങ്ങളുടെ സഹകരണം ആവശ്യമാണ്. അതുകൊണ്ട് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ താഴെയിറക്കാന്‍ മത്സരിക്കേണ്ടത് ആവശ്യമാണെങ്കിലും പൊതുജനസമ്മതിയുള്ള വ്യക്തികള്‍ക്ക് എതിരായി മത്സരിച്ചു ശത്രുതാ മനോഭാവം സൃഷ്ടിക്കാതിരിക്കാം. അടുത്ത ഇലക്ഷനില്‍ സഹകരണം ഉറപ്പു തരുമെങ്കില്‍ മത്സരിക്കാതെ മാറിനില്ക്കുന്നതായിരിക്കും നല്ലത്.
ഇത് പറയാന്‍ കാരണം മിസ്റ്റര്‍ റോബിന് എലക്കാട്ട് മിസൗറി സിറ്റി മേയറായി മത്സരിക്കുന്നത് കറുത്ത വര്ഗ്ഗക്കാരിക്കെതിരായിട്ടാണ്. അതുപോലെ മിസ്റ്റര്‍ ടോം വിരിപ്പനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പൊതുജനസമ്മതിയുള്ള കറുത്തവര്ഗ്ഗക്കാരനുമായിട്ടാണ്. മനസ്സിലാക്കിയിടത്തോളം റിപ്പബ്ലിക്കന്‍ പക്ഷക്കാരുടെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ഇതിന് പുറകിലുള്ളതെന്നാണ്.
രണ്ടുപേരെയും പുറകില്‍ നിന്ന് സഹായിക്കുന്നത് ഇവിടുത്തെ യാഥാസ്ഥിതികരായ വെള്ളക്കാരാണ്. അവരുടെ താല്പര്യം സംരക്ഷിക്കാന്‍ മാത്രമാണ് പൊതുവേ അവര്‍ നാമുമായി ചങ്ങാത്തം കൂടുന്നത്. അവരെ വിശ്വസിച്ച് നമുക്ക് മറ്റ് സമൂഹങ്ങളുടെ വെറുപ്പും നിസ്സഹകരണവും സമ്പാദിക്കാന്‍ പാടില്ല. ക്വയില്വാലി ഗോല്ഫ് ക്ലബ്ബിനു വേണ്ടി, ചുരുക്കം ചില വെള്ളക്കാര്‍ക്ക് മാത്രം പ്രയോജനം ഉണ്ടാകുന്ന ഒരു പ്രൊജക്റ്റിനു വേണ്ടി വലിയ തുക ചിലവഴിച്ചത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു എന്ന കാര്യം റോബിന് അറിവുള്ളതാണ്.
ഇവിടെ ചര്‍ച്ചകളില്‍ക്കൂടി ബ്ലാക്ക് കമ്മ്യൂണിറ്റിയുമായി സഹകരിച്ച് മേയറായി മത്സരിക്കാന്‍ ശ്രമിക്കാമായിരുന്നു. മിസ്റ്റര്‍ സുരേന്ദ്രന് കോര്‍ട്ട്ഹൗസ് ജഡ്ജായി മത്സരിച്ചപ്പോള്‍ എതിരായി നിന്നിരുന്നത് ഒരു കറുത്ത വര്‍ഗ്ഗക്കാരിയായിരുന്നു. അതുകൊണ്ട് നമ്മുടെ ശക്തി ഇവിടെ നിര്ണ്ണായകമല്ലാത്തതു കാരണം നാം മറ്റുള്ളവരുമായി സഹകരിച്ച് മത്സരിക്കുന്നതായിരിക്കും ഉത്തമം.
മിസ്റ്റര്‍ റോബിന് കോളനിയിലേക്ക് ഹോം ഓണേഴ്സ് അസ്സോസിയേഷനിലേക്ക് മത്സരിച്ചത് ജനപിന്തുണ നഷ്ടപ്പെട്ട വെള്ളക്കാരന് എതിരായി കറുത്ത വര്‍ഗ്ഗക്കാരുടെ ശക്തമായ പിന്തുണയോടുകൂടിയായിരുന്നു. നമ്മുടെ ജീവിതയാത്രയില്‍ വിഘാതം സൃഷ്ടിച്ചുകൊണ്ട് മാര്‍ഗ്ഗതടസ്സമായി ഒരു പ്രതിബന്ധമായി ഒരു മരം വീണുകിടക്കുന്നുവെങ്കില്‍ അതിനെ മറികടന്നു പോകാന്‍ വഴിയുണ്ടെങ്കില്‍ അത് വെട്ടിമാറ്റിയിട്ട് മുമ്പോട്ട് പോകാനുള്ള തീരുമാനം നമ്മുടെ പണവും ഊര്‍ജ്ജവും കാര്യക്ഷമമായി വിനിയോഗിക്കുകയല്ല.
പ്രതിബന്ധത്തെ മറികടന്നു പോയാല്‍ നമുക്ക് ബഹുദൂരം സഞ്ചരിക്കാന്‍ കഴിയും. വെട്ടി മാറ്റേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ഈ പ്രാവശ്യം ഞാന്‍ നിങ്ങളെ പിന്തുണയ്ക്കാം; അടുത്ത പ്രാവശ്യം നിങ്ങള്‍ പിന്തുണയ്ക്കുമെങ്കില് എന്ന ഒരു ധാരണയിലെത്തിയാല്‍ കാര്യം എളുപ്പമായി. ഇവിടെയുള്ള മറ്റൊരു കൗണ്‍സില്‍ മെംബര്‍ അതാണ് ചെയ്തത്. ഒരു പൊതുതിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ വളരെയധികം പണച്ചിലവുണ്ട്.
സ്ഥാപിത താല്പര്യക്കാരുടെ പിന്തുണയുള്ളവര്‍ക്ക് പലപ്പോഴും പണത്തിന് പഞ്ഞമുണ്ടാകയില്ല. ഇലക്ഷനില്‍ ജയിച്ചു കഴിഞ്ഞാല്‍ അവരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിലായിരിക്കും ശ്രദ്ധ. മലയാളികളായി മത്സരിക്കുന്ന രണ്ടു പേരും സുഹൃത്തുക്കളാണെങ്കിലും പണത്തിനു വേണ്ടിയോ പിന്തുണയ്ക്കു വേണ്ടിയോ വ്യക്തിപരമായി സമീപിച്ചിട്ടില്ല.
കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന മിസ്റ്റര്‍ കുല്‍ക്കര്‍ണ്ണിയാണ് മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി. അദ്ദേഹം പൊതുജനങ്ങളുടെ ഇടയില്‍ സോഷ്യല്‍ മീഡിയായിലും ഡിബേറ്റിലും തന്റെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. ഇവിടുത്തെ മുസ്ലീം സംഘടന കഴിഞ്ഞപ്രാവശ്യം അദ്ദേഹത്തെ പിന്തുണച്ചെങ്കിലും ഈ പ്രാവശ്യം പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. കാരണം അദ്ദേഹത്തിന് ഹിന്ദുത്വ ശക്തികളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നുള്ളതാണ് അവരുടെ കണ്ടെത്തല്‍.
ഈ മലയാളിയോട് ശ്രീ. ജോര്‍ജ്ജ് ജോസഫ് ചോദിക്കുന്നത് നാട്ടില്‍ മതധ്രുവീകരണം നടത്തുന്ന ആര്.എസ്. എസ്., ബി.ജെ.പി. പോലുള്ള ഹിന്ദുത്വ ശക്തികളെ ഇവിടെ നാം പിന്തുണയ്ക്കേണ്ട ആവശ്യമുണ്ടോയെന്നാണ്. ഇന്ത്യാക്കാരനായതുകൊണ്ട് മാത്രമായില്ല. മതേതരത്വത്തിനു വേണ്ടി നിലകൊള്ളുന്നവരും നമ്മുടെ താല്പര്യം സംരക്ഷിക്കുന്നവരുമായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഡെമോക്രാറ്റോണോ, റിപ്പബ്ലിക്കനാണോ നമ്മുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. പൊതുവേ പറഞ്ഞാല്‍ ഇന്ത്യയോട് അനുഭാവപൂര്‍വ്വം സഹകരിച്ചിട്ടുള്ളവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലുള്ളവരാണെന്ന് കാണാം. ബി.ജെ.പി. അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയുടെ മതേതരത്വത്തില്‍ കോട്ടം ഭവിച്ചിരിക്കുന്നതു കൊണ്ട് ഡെമോക്രാറ്റ്സ് പലരും അനുഭാവപൂര്‍വ്വമല്ല കാര്യങ്ങള്‍ കാണുന്നത്.
പ്രസിഡന്റ് ട്രംമ്പ് ഇന്ത്യയില്‍ മതപീഢനം നടക്കുന്നുണ്ടെങ്കിലും മോദിയുമായി ചങ്ങാത്തത്തിലാണ്. അത് കച്ചവട താല്പര്യത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. കച്ചവട താല്പര്യങ്ങള് രണ്ടു പാര്ട്ടിയിലുമുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നയിക്കുന്നത് കൂടുതലും കച്ചവട താല്പര്യങ്ങളാണ് എന്നാണ് പലരുടേയും അഭിപ്രായം.
വടക്കേ ഇന്ത്യക്കാരായ മോദിയുടെ ആരാധകരുടെ പിന്തുണയ്ക്കു വേണ്ടി ട്രംമ്പ് മോദിയെ വിമര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ആപല്‍ഘട്ടങ്ങളില്‍ വിദേശ ആക്രമണം ഉണ്ടായിട്ടുള്ള സന്ദര്‍ഭങ്ങളില്‍ പിന്തുണച്ചിട്ടുള്ളവര്‍ ഡെമോക്രാറ്റ്സ് ആണ് കൂടുതലും. ആപത്തില്‍ സഹായിക്കാത്തവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്.
അത് കൂടാതെ മാനുഷികമൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നവര് താരതമ്യേന ഡെമോക്രാറ്റ്സിലാണ് കണ്ടുവരുന്നത് – പ്രത്യേകിച്ച് ക്രിസ്ത്യന്‍ മൂല്യങ്ങള്‍. റിപ്പബ്ലിക്കന്‍സ് അധികാരത്തില്‍ വരുന്നതാണ് ചര്‍ച്ചിനും ക്രിസ്ത്യാനികള്‍ക്കും പ്രയോജനം എന്ന ഒരു പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ക്രിസ്തു ഉയര്‍ത്തിക്കാട്ടിയ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പ്രസിഡന്റ് ട്രംമ്പില് കാണാനില്ല എന്നത് ഒരു പരമാര്‍ത്ഥമാണ്.
നമ്മുടെ തീരുമാനങ്ങള്‍ പലപ്പോഴും സ്വാര്‍ത്ഥ താല്പര്യത്തിലാണ് – നാമറിയാതെ തന്നെ നമ്മുടെ ഉപബോധമനസ്സാണ് നമ്മുടെ തീരുമാനങ്ങള്‍ എടുക്കുക. അതില്‍ നമ്മുടെ സുരക്ഷിതത്വബോധത്തിന് ഒരു നല്ല പങ്കുണ്ട്. ജോലിയും വരുമാന മാര്‍ക്ഷങ്ങളും അതില്‍ നല്ല ഒരു പങ്ക് വഹിക്കുന്നു. പണമുണ്ടാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവര്, പണത്തെപ്പറ്റി ആധിയുള്ളവര്‍, ട്രംമ്പിന്റെ നയങ്ങളാണ് പണമുണ്ടാക്കാന്‍ (മറ്റുള്ളവരെ ചൂഷണം ചെയ്ത്) കണ്ടിട്ട് അദ്ദേഹത്തേയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയങ്ങളേയും കണ്ണുമടച്ച് പിന്‍താങ്ങുന്നവരുണ്ട്. അതിന് അബോര്ഷന് ഗേ ആന്റ് ലെസ്ബിയന്‍ എന്നീ വിഷയങ്ങളെടുത്ത് അവര്‍ പ്രചാരണം നടത്തുന്നു.
അമേരിക്കന്‍ ഇലക്ഷനില്‍ മുമ്പില്‍ നില്ക്കുന്ന രണ്ട് വിഷയങ്ങളാണ് അബോര്‍ഷനും സ്വവര്‍ഗ്ഗ വിവാഹവും. നാട്ടില്‍ നിന്ന് കുടിയേറ്റക്കാരായി ഇവിടെയെത്തിവരാണ് നാമെല്ലാവരും. നാട്ടില്‍ അബോര്ഷന് ഒരു വിഷയമേയല്ല, അതവിടെ വിലപ്പോവില്ല. അവിടെ ഒരു പാര്‍ട്ടിയും, മതവിഭാഗവും അത് ഒരു വിഷയമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാറില്ല.
അവിടെയുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ അവിടെയുള്ളവര്‍ക്ക് തന്നെ മതിയാകാതെയിരിക്കുമ്പോള് കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നതിനോട് പലര്‍ക്കും താല്പര്യമില്ല. അതിനെതിരായി ഒരക്ഷരം മിണ്ടാത്തവര്‍ ഇവിടെ വന്ന് അബോര്‍ഷനെതിരായി പ്രചരണം നടത്തുന്നത് വലിയ വിരോധാഭാസമായി തോന്നുന്നു.
വ്യക്തിപരമായി ഈ എഴുത്തുകാരന് അബോര്ഷന് എതിരാണ്. എന്നാല്‍ അത് വ്യക്തിപരമായ ഒരു തീരുമാനമാണ്. അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ട ഒരു തീരുമാനമല്ല. നിത്യതയില്‍ ഈശ്വരവിശ്വാസികള്‍ അതിന് ദൈവത്തോട് കണക്ക് ബോധിപ്പിച്ചാല്‍ മതിയാകും. അബോര്ഷന് ആവശ്യമായ സന്ദര്‍ഭങ്ങള്‍ വരാം. അത് ഒരു വ്യക്തിയുടെ ജീവനെടുക്കുന്നതാണ് എന്നത് ഒരു അഭിപ്രായം മാത്രമാണ്.
ദൈവം അതിനെ ഏത് രീതിയിലാണ് കാണുന്നതെന്ന് നമുക്കറിയില്ല. ശരിയായ നിര്‍വ്വചനമനുസരിച്ച് ഒരു വ്യക്തി ജനിക്കുന്നത് പിറന്നുവീണ് ആദ്യശ്വാസം എടുക്കുമ്പോള്‍ മാത്രമാണ്. അതിനുമുമ്പ് എന്തും സംഭവിക്കാം. ശ്വാസം എടുത്ത കുഞ്ഞിനെ ജീവിക്കാന്‍ അനുവദിക്കാതിരുന്നാല്‍ അത് കൊലപാതകം തന്നെ!
എന്നാല്‍ ഏഴ്-എട്ട് അല്ലെങ്കില്‍ ഒമ്പത് മാസമായ ഭ്രൂണത്തിന് ശരീരത്തിന് പുറത്തും പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കാവുന്നതു കൊണ്ട് ഏഴ് മാസത്തിനുശേഷം അബോര്ഷന് നടത്തുന്നതിന് എതിരായി നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ തെറ്റില്ല എന്ന് ചിന്തിക്കുന്നു.
അടുത്ത പ്രചാരണവിഷയം സ്വവര്‍ഗ്ഗ വിവാഹമാണ്. റിപ്പബ്ലിക്കന്‍സ് സ്വവര്‍ഗ്ഗ വിവാഹത്തിന് എതിരാണ് എന്നത് പ്രചാരണം മാത്രമാണ്.
സ്വവര്ഗ്ഗരതിക്കാര് റിപ്പബ്ലിക്കന്‍സിലും ഡെമോക്രാറ്റ്സിലും ഒരേ അനുപാതത്തില്‍ ഉണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ റിപ്പബ്ലിക്കന്‍ പാര്ട്ടിക്കാര് അതിനോട് അകല്‍ച്ച ഭാവിക്കുന്നു എന്നു മാത്രം! റിപ്പബ്ലിക്കന്സായിട്ടുള്ള ഭരണകൂടങ്ങള്‍ അവരോധിച്ചിട്ടുള്ള ജഡ്ജിമാരാണ് അത് നിയമമാകാന്‍ കാരണമായത്. എന്നാല്‍ ഡെമോക്രാറ്റ്സ് അവരെ മനുഷ്യരായി കാണണമെന്ന് ആവശ്യപ്പെടുന്നു.
ഡെമോക്രാറ്റ്സ് കൊണ്ടുവരുന്ന ബില്ലുകള്‍ക്ക് റിപ്പബ്ലിക്കന്‍സ് പലരും അനുകൂലമായി വോട്ടു ചെയ്യുകയും, അതിന്റെ എല്ലാ ഗുണങ്ങളും അനുഭവിക്കുകയും ചെയ്തിട്ട് രാഷ്ട്രീയ കാരണങ്ങളാല്‍ അതിനെതിരായി പ്രചാരണം നടത്തുന്നത് കപടഭക്തി തന്നെ! ഈ എഴുത്തുകാരന് സ്വവര്‍ഗ്ഗ വിവാഹത്തിന് എതിരാണ്. കാരണം അത് ഇവിടെ മനുഷ്യവര്‍ഗ്ഗത്തിന്റെ നാശത്തില്‍ കലാശിക്കും. സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് ഞാന്‍ അറിഞ്ഞുകൊണ്ട് വോട്ടു ചെയ്യുകയില്ല.
സ്വവര്‍ഗ്ഗരതി ഒരു ജനിതക സ്വഭാവവിശേഷമല്ല; ഹെറിഡിറ്ററി ആണെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും. അതുകൊണ്ട് അവരെ മനുഷ്യരായി ജീവിക്കാന്‍ അനുവദിക്കുക, അപ്പോള്‍ തന്നെ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിക്കുക; സമൂഹം അതിനുവേണ്ട നിയമങ്ങള്‍ കൊണ്ടുവരിക. സ്വവര്‍ഗ്ഗരതിക്കെതിരെ ഘോരഘോരം പ്രചാരണം നടത്തുന്ന എന്റെ കുട്ടികളില്‍ ഒരാള്‍ സ്വവര്ഗ്ഗരതിക്കാരനായാല് ഞാന്‍ എന്തു ചെയ്യും.
ആ മകനെ അല്ലെങ്കില്‍ മകളെ എറിഞ്ഞു കളയാന്‍ സാധിക്കുമോ? ആ സന്ദര്‍ഭത്തിലാണ് പലരുടേയും കപടഭക്തി വെളിവാകുന്നത്. അബോര്‍ഷനും, സ്വവര്‍ഗ്ഗരതിയും വിഷയമായെടുത്ത് പ്രചാരണം നടത്തുന്നവര്‍, ഉന്നതമായ ധാര്‍മ്മിക നിലവാരം അവകാശപ്പെടുന്നവര്‍ പലപ്പോഴും അവരുടെ കപടഭക്തി മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്ന് അവരുടെ ജീവിതം പരിശോധിച്ചാല്‍ മനസ്സിലാകും.
അടുത്ത വിഷയം കോവിഡ് -19 തന്നെ! ഡെമോക്രാറ്റ്സും റിപ്പബ്ലിക്കനും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒരുപോലെ അതിനെ വേണ്ട രീതിയിലല്ല കൈകാര്യം ചെയ്തത്.
അതിന് കാരണം അവര്‍ക്ക് വേണ്ട ഉപദേശം കൊടുത്ത ആരോഗ്യ പരിപാലകരും പത്രമാധ്യമങ്ങളുമാണ്. ഓരോ വര്‍ഷവും കോവിഡ് പോലുള്ള രോഗാണുക്കള്‍ പടര്‍ന്നു പിടിച്ചു എന്നു വരാം. ജനങ്ങളെ മുറിയടച്ച് അകത്തിരിക്കാന്‍ പ്രേരിപ്പിക്കുകയല്ല അതിന് പരിഹാരം. ജനങ്ങളില്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണരീതികളും, വ്യായാമവും ജീവിതരീതികളും പിന്തുടരുന്നതിന് ബോധവല്‍ക്കരണം ചെയ്യുകയായിരുന്നു ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടിയിരുന്നത്.
ലോക്ഡൗണ്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനോട് സമമാണ്. ഈ വിഷയത്തില്‍ ഡെമോക്രാറ്റ്സും റിപ്പബ്ലിക്കന്‍സും ഒരേപോലെ പരാജയമായിരുന്നു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
ആര്‍ക്ക് വോട്ട് ചെയ്യും എന്നതാണല്ലോ നമ്മുടെ വിഷയം. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളൊക്കെ കണക്കിലെടുത്ത് യുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വായനക്കാരെ ഈ ലേഖനം ചിന്തിപ്പിക്കും എന്നാശിക്കുന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.