നസ്രാണികള്‍, സുറിയാനി ക്രിസ്ത്യാനികള്‍, മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍, മലങ്കര ക്രിസ്ത്യാനികള്‍ എന്നൊക്കെ അറിയപ്പെട്ടിരുന്നവരാണ് കേരളത്തിലെ ആദിമ ക്രിസ്ത്യാനികള്‍. നസ്രത്തില്‍ വളര്‍ന്ന യേശുവിന്റെ (നസ്രായക്കാരന്റെ) അനുയായികളായിരുന്നതിനാലാണ് ക്രിസ്ത്യാനികളെ നസ്രാണികളെന്നു വിളിച്ചത്.
സിറിയയില്‍ നിന്നും കാനായി തൊമ്മനും കൂട്ടരും കേരളത്തില്‍ വന്നശേഷം (ഏ.ഡി. 345) സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് കേരളത്തിലെ ക്രൈസ്തവര്‍ അറിയപ്പെട്ടു. സുറിയാനി ഭാഷയിലുള്ള ആരാധനാക്രമം സ്വീകരിച്ചതുകൊണ്ടാണ് ഇവര്‍ സുറിയാനി ക്രിസ്ത്യാനികള്‍ എന്നറിയപ്പെട്ടതെന്നും അഭിപ്രായമുണ്ട്.
എഡി 52-ല്‍ ക്രിസ്തുശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിനടുത്തുള്ള മാലിയങ്കരയില്‍ കപ്പലിറങ്ങിയെന്നും, ‘മാലിയങ്കര’ എന്ന സ്ഥലനാമത്തില്‍ നിന്നുമാണ് മലങ്കര സഭയെന്ന പേര് സഭയ്ക്ക് ലഭിച്ചതെന്നുമാണ് വിശ്വാസം.
എന്നാല്‍ അറബികള്‍ കേരളത്തെ മലബാര്‍ എന്ന് വിളിച്ചിരുന്നു. ‘ബാര്‍’ എന്നാല്‍ കരയെന്നര്ത്ഥം. അങ്ങനെ മലബാര്‍ മലങ്കരയായി. മാര്‍ത്തോമായില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവര്‍ മാര്‍ത്തോമാ ക്രിസ്ത്യാനികളെന്നറിയപ്പെട്ടു.
പുരാതനകാലം മുതല്‍ തന്നെ കേരളത്തിലെ കൊടുങ്ങല്ലൂര്‍ (മുസിരിസ്) തുറമുഖത്തിന് പാലസ്തീനും റോമുമായി വാണിജ്യബന്ധം ഉണ്ടായിരുന്നതുകൊണ്ട് സെന്റ് തോമസിന് കൊടുങ്ങല്ലൂര്‍ എത്തിച്ചേരാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്നതാണ് അദ്ദേഹം കേരളത്തിലെത്തിയെന്നതിനുള്ള ശക്തമായ തെളിവായി പറയുന്നത്. എന്നാല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല.
സെന്റ് തോമസ് കേരളത്തില്‍ വന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കേരളത്തിലെ ആദിമ ക്രൈസ്തവര്‍. ക്രിസ്തുവിന്റെ ഉപദേശം അനുസരിച്ചുള്ള മാനസാന്തരം പ്രാപിച്ച യഥാര്‍ത്ഥ ക്രിസ്ത്യാനികളായിരുന്നു ആദ്യകാല വിശ്വാസികള്‍. സഭ സ്ഥാപനവല്‍ക്കരിക്കപ്പെട്ടതും (Institutionalised) ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടായതും പില്ക്കാലത്ത് മാത്രമായിരുന്നു.
എഡി 190-ല്‍ ഇന്ത്യയില്‍ വന്ന പാന്റീനസ് എന്ന അലക്സാണ്ട്രിയന് മിഷനറി ഇന്ത്യയിലെ സഭകളെക്കുറിച്ച് എഴുതിയെന്നും എബ്രായ ഭാഷയിലുള്ള മത്തായിയുടെ സുവിശേഷം കേരളത്തില്‍ നിന്നും അദ്ദേഹം അലക്സാണ്ഡ്രിയായിലേക്ക് കൊണ്ടുപോയതായും രേഖപ്പെടുത്തിയിരിക്കുന്നു.
എഡി 4-ാം നൂറ്റാണ്ട് മുതല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് പേര്‍ഷ്യയില്‍ നിന്ന് മെത്രാന്മാരെ ലഭിച്ചിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. അന്ത്യോഖ്യായിലും ബാബിലോണിലും നിന്ന് കാലാകാലങ്ങളില്‍ മാറിമാറി മെത്രാന്മാരെ കേരളം സ്വീകരിച്ചിട്ടുണ്ട്. ചില കാലഘട്ടങ്ങളില്‍ ദീര്‍ഘനാളുകള്‍ മെത്രാന്മാരെ ലഭിച്ചിരുന്നില്ല. പേര്‍ഷ്യയില്‍ നിന്നു വന്ന മെത്രാന്മാര് സഭയുടെ ആത്മീയകാര്യങ്ങള്‍ മാത്രമാണ് നോക്കിയിരുന്നത്.
ഭൗതികകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത് കേരളീയരായ അര്ക്കിദോക്യന് (ആര്ച്ചുഡീക്കന്) ആയിരുന്നു. ‘മുഖ്യസചിവന്‍’ എന്നര്‍ത്ഥം വരുന്ന ഒരു ഗ്രീക്ക് പദമാണ് അര്ക്കിദോക്യന് എന്നത്. കേരള സഭയ്ക്ക് പേര്‍ഷ്യയുമായി ഉണ്ടായ ബന്ധത്തില്‍ നിന്നായിരിക്കണം ഈ പദം കേരളത്തില്‍ പ്രചാരത്തിലായത്.
കേരളക്കരയ്ക്ക് പേര്ഷ്യയുമായുണ്ടായിരുന്ന ആത്മീയബന്ധം പോര്‍ച്ചുഗീസുകാരുടെ വരവ് വരെ കുഴപ്പം കൂടാതെ തുടര്‍ന്നു. ഏ.ഡി. 522-ല്‍ ദക്ഷിണേന്ത്യ സന്ദര്‍ശിച്ച കോസ്മസ് ഇന്റിക്കോപ്ലീസ്റ്റസ് ‘യൂണിവേഴ്സല്‍ ക്രിസ്ത്യന്‍ ടോപോഗ്രാഫി’ എന്ന പുസ്തകത്തില്‍ കുരുമുളക് വളരുന്ന മലബാര്‍ രാജ്യത്ത് ക്രൈസ്തവ സഭയുണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
പേര്‍ഷ്യന്‍ ഭാഷയായിരുന്ന പഹലവിയിലുള്ള എഴുത്തുകളോടു കൂടിയ കുരിശുരൂപങ്ങള്‍ കേരളവും പേര്‍ഷ്യയും തമ്മിലുള്ള മതപരമായ ബന്ധത്തെ തെളിയിക്കുന്നു. ഇത്തരത്തിലുള്ള രണ്ടു കുരിശുകള്‍ ഇപ്പോഴും കോട്ടയത്തെ വലിയപള്ളിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇവ 10-ാം നൂറ്റാണ്ടിനു മുമ്പ് നിര്‍മ്മിക്കപ്പെട്ടവയാണെന്നാണ് പൊതുവെയുള്ള വിശ്വാസം.
കേരള രാജാക്കന്മാര് ക്രിസ്ത്യാനികള്‍ക്ക് സമ്മാനിച്ച രേഖകളായ തരിസാപള്ളി ചേപ്പേടുകള്‍ (848 എ.ഡി.), വീര രാഘവപ്പട്ടയം (1225 എ.ഡി.), തഴക്കാട്ടുപള്ളി ശാസനം (1028-1043) മുതലായവയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് വാണിജ്യകാര്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് അതിപ്രധാനമായ സ്ഥാനവും സമൂഹത്തില്‍ ഉന്നതമായ പദവിയും ഉണ്ടായിരുന്നു എന്നാണ്. പോര്‍ച്ചുഗീസുകാരുടെ ആഗമന കാലത്ത് ക്രൈസ്തവ സമുദായം യോദ്ധാക്കളുടെ സമൂഹമായിരുന്നു.
16-ാം നൂറ്റാണ്ട് വരെ കേരള ക്രൈസ്തവര്‍ മതപരമായ കാര്യങ്ങള്‍ ഒഴികെ മറ്റെല്ലാറ്റിലും കേരളീയ ഹൈന്ദവാചാരാനുഷ്ഠാനങ്ങളാണ് അനുവര്‍ത്തിച്ചു പോന്നിരുന്നത്. ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷം ഈ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വ്യത്യാസം വന്നുവെങ്കിലും ഇന്നും താലികെട്ട്, മന്ത്രകോടി (പുടവ കൊടുക്കല്‍), ഇരുപത്തിയെട്ട് കെട്ട്, ചോറൂണ് തുടങ്ങിയ ഹൈന്ദവാചാരങ്ങള്‍ ക്രിസ്ത്യാനികളുടെയിടയില്‍ നിലനില്ക്കുന്നു.
പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിലെ കേരള ക്രൈസ്തവസഭയെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത് വത്തിക്കാന്‍ ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കൈയെഴുത്തു രേഖയില്‍ നിന്നാണ്. ബാബിലോണില്‍ നിന്നാണ് കേരള സഭയ്ക്ക് മെത്രാന്മാരെ ലഭിച്ചിരുന്നതെന്നും, വളരെക്കാലമായി മെത്രാന്മാരെ ലഭിക്കാതിരുന്നതു കൊണ്ട് 1490-ല്‍ കേരള ക്രൈസ്തവരുടെ മൂന്നംഗ പ്രതിനിധിസംഘം ബാബിലോണിലേയ്ക്കു പോയി മെത്രാന്മാരെ ലഭിക്കുന്നതിനു വേണ്ടി ശ്രമിച്ചു എന്നും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
എഡി 1490 മുതല്‍ ഉദയംപേരൂര്‍ സൂനഹദോസ് വരെ(1599)യുള്ള കാലഘട്ടത്തില്‍ കേരള സഭയ്ക്ക് ബാബിലോണില്‍ നിന്നും നെസ്തോറിയന്‍ വിശ്വാസികളായ മെത്രാന്മാരെ ലഭിച്ചിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്.
ക്രിസ്തുവില്‍ മനുഷ്യസ്വഭാവമെന്നും ദൈവസ്വഭാവമെന്നും ഉള്ള വ്യത്യസ്തമായ രണ്ടു സ്വഭാവങ്ങളും രണ്ടാളുകളും ഉണ്ടെന്നും, അവതാരമെന്നത് യേശുവെന്ന മനുഷ്യനില്‍ വചനം അധിവസിച്ചതാണെന്നും, മറിയ കേവലം ഒരു സ്ത്രീ മാത്രമാണെന്നും വാദിക്കുന്നവരാണ് നെസ്തോറിയന്‍ വിശ്വാസികള്‍. യാക്കോബായക്കാര്‍ ക്രിസ്തുവിന്റെ ഏകസ്വഭാവ വാദികളാണ്. ദൈവമാതാവാണ് മറിയ എന്നും ക്രിസ്തുവില്‍ മനുഷ്യസ്വഭാവവും ദൈവസ്വഭാവവും വേര്‍തിരിക്കാന്‍ ആവാത്തവിധം ഏകമായിരിക്കുന്നുവെന്നും വിശ്വസിക്കുന്നവരാണിവര്‍.
വേദജ്ഞാനപരമായി ഈവിധ തര്‍ക്കങ്ങളൊന്നും കേരളത്തിലുണ്ടായിരുന്നില്ലെന്നും, വിവിധ പാത്രിയാര്ക്കീസുകളില് നിന്നും (അന്ത്യോഖ്യാ, ബാബിലോണ്‍ തുടങ്ങിയവ) ലഭിച്ചിരുന്ന മെത്രാന്മാരെ കേരള ക്രൈസ്തവസഭ സ്വീകരിച്ചിരുന്നുവെന്നും കാണാവുന്നതാണ്.
ഉദയംപേരൂര്‍ സൂനഹദോസിലൂടെ ലത്തീന്വല്ക്കരണവും മത കൊളോണിയലിസവും നേടാനാഗ്രഹിച്ച പോര്‍ച്ചുഗീസുകാര്‍ കേരള പാരമ്പര്യ ക്രിസ്ത്യാനികള്‍ക്കെതിരെ ഉന്നയിച്ച ഒരു പ്രധാന ആരോപണം സഭ നെസ്തോറിയന്‍ വിശ്വാസത്തിലുള്ളതാണെന്നായിരുന്നു. എന്തായിരുന്നാലും പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പുള്ള യഥാര്‍ത്ഥ കേരള ക്രിസ്തീയ ചരിത്രം മനസ്സിലാക്കുക വളരെ ദുഷ്കരമാണ്.
ശരിയായ ചരിത്രരേഖകളില്ലാത്തതു തന്നെയാണിതിനു കാരണം. ഈ ലേഖനത്തിലുദ്ധരിച്ചിരിക്കുന്ന വര്‍ഷങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചരിത്രപണ്ഡിതന്മാരുടെയിടയില് അഭിപ്രായവ്യത്യാസങ്ങളുണ്ട്.

– ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.