പോപ്പുമാരുടെയും രാജാക്കന്മാരുടെയും കിടമത്സരം ക്രൈസ്തവസഭയെ വഴിതെറ്റിച്ചു

പോപ്പുമാരുടെയും രാജാക്കന്മാരുടെയും കിടമത്സരം ക്രൈസ്തവസഭയെ വഴിതെറ്റിച്ചു

ക്രിസ്തുമതത്തെപ്പോലെ ലോകചരിത്രഗതിയേയും ചിന്താമണ്ഡലത്തേയും സ്വാധീനിച്ച മറ്റൊരു മതവുമില്ല. മദ്ധ്യകാല യൂറോപ്പ്യന്‍ ചരിത്രം സാമ്രാജ്യവും പേപ്പസിയും തമ്മിലുള്ള സഖ്യങ്ങളുടെയും കലഹങ്ങളുടെയും ചരിത്രമാണ്.

ക്രിസ്തുവിന്റെ സഭ ലളിതമായ ജീവിതരീതിയും സാഹോദര്യവും സ്‌നേഹവും സമാധാനവും നിറഞ്ഞതാണ്. ഐഹികമായ സാമ്രാജ്യമല്ല. പ്രത്യുത, അവികലസ്‌നേഹത്തിന്റെ കൂട്ടായ്മയാണ് ക്രിസ്തു വിഭാവന ചെയ്ത ദൈവരാജ്യം. ആദിമസഭകള്‍ ക്രിസ്തുവിന്റെ നിര്‍മ്മലമായ ഉപദേശങ്ങളും പ്രബോധനങ്ങളും അതേപടി അനുസരിച്ചിരുന്നു. ബൈബിള്‍ വരച്ചുകാട്ടുന്ന ആഗോള ക്രിസ്തീയസഭ പ്രാദേശിക സഭകളുടെ കൂട്ടമാണ്.

അതായത്, ക്രിസ്തുവിന്റെ ക്രൂശുമരണത്തില്‍ വിശ്വസിച്ച്, ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ച വ്യക്തികളുടെ ആകെത്തുകയാണ് ആഗോള ക്രിസ്തീയസഭ. ആ അര്‍ത്ഥത്തില്‍ ക്രിസ്തീയസഭ ഒന്നു മാത്രമേയുള്ളൂ. ക്രിസ്ത്യാനിയാകാന്‍ വേണ്ട യോഗ്യത മാനസാന്തരമാണ്. ”രക്ഷിക്കപ്പെടുന്നവരെ കര്‍ത്താവ് സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു” എന്ന് ബൈബിള്‍ പറയുന്നു. ആദിമസഭയ്ക്ക് സമ്പത്തും അധികാരവും ഇല്ലായിരുന്നുവെങ്കിലും ക്രിസ്തുവിലുള്ള ആശ്രയം സഭയെ ആത്മീയമായി സമ്പന്നമാക്കിയിരുന്നു.

ക്രിസ്തുവിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ആശയം മനസ്സിലാക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ക്കും മതാധികാരികള്‍ക്കും കഴിഞ്ഞില്ല. അക്രമത്തിലും സ്വാര്‍ത്ഥതയിലും അധിഷ്ഠിതമായ രാഷ്ട്രീയ കുത്തകയ്ക്ക് ഭീഷണിയാണ് ക്രിസ്തുവിന്റെ ദൈവരാജ്യം എന്നു തെറ്റിദ്ധരിച്ച് ഭയാക്രാന്തരായ ഭരണാധികാരികള്‍ ക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊല്ലുകയായിരുന്നു. രാജാധികാരം പിടിച്ചെടുക്കാന്‍ ക്രിസ്തു ശ്രമിച്ചു എന്നതായിരുന്നു അവര്‍ ക്രിസ്തുവിനു മേല്‍ ചുമത്തിയ കുറ്റം.

എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്ന് ക്രിസ്തു വ്യക്തമാക്കിയത് മനസ്സിലാക്കാന്‍ അന്നത്തെ അധികാരവര്‍ഗ്ഗത്തിന് കഴിഞ്ഞില്ല. പില്‍ക്കാലത്ത് ക്രിസ്തുവിന്റെ അനുയായികള്‍ എന്ന് സ്വയം അവകാശപ്പെട്ട സഭാ നേതൃത്വം ക്രിസ്തുവിന്റെ കല്പനകളെ കാറ്റില്‍പറത്തി അധികാരത്തിനു വേണ്ടി നടത്തിയ പോരാട്ടങ്ങളും പയറ്റിയ കുതന്ത്രങ്ങളും ചരിത്രത്തിലെ മായാത്ത കളങ്കമായി മാറി.
റോമാ സാമ്രാജ്യാധിപതികളില്‍ നിന്നുള്ള ദാരുണമായ പീഢനത്തിന്റെ തീച്ചൂളയിലൂടെയാണ് ക്രിസ്തുമതം വളര്‍ന്നത്.

ക്രൂരനായ നീറോ ചക്രവര്‍ത്തിയും, മാര്‍ക്കസ് ഔറേലിയസും, ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുമൊക്കെ അവരുടെ പീഡനം നിഷ്‌കരുണം തുടര്‍ന്നു. നിയമത്തിന്റെ സംരക്ഷണത്തില്‍ നിന്ന് എല്ലാ ക്രിസ്ത്യാനികളെയും പുറന്തള്ളിക്കൊണ്ട് ഡയക്ലീഷ്യന്‍ ഒരു രാജശാസന പുറപ്പെടുവിച്ചു. ഈ ദണ്ഡനങ്ങള്‍ക്കൊന്നും ക്രിസ്ത്യാനിത്വത്തെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല.

ആദിമസഭ റോമാ സാമ്രാജ്യ പരിധിയില്‍ നിരവധി പീഡനങ്ങള്‍ സഹിച്ചു മുന്നോട്ടുപോയി. രഹസ്യ സങ്കേതങ്ങളില്‍ ആരാധിച്ചു. അന്ന് സഭ അശരണരുടെയും ആലംബഹീനരുടെയും അഭയസ്ഥാനമായിരുന്നു. ക്രൂരമായ ലോകത്തിന് സേവനം, നിസ്വാര്‍ത്ഥ സ്‌നേഹം, സാഹോദര്യം, സമാധാനം എന്നിവയിലധിഷ്ഠിതമായ ക്രിസ്തുമതം ദീപശിഖയായി നിലകൊണ്ടു. എ.ഡി. 300-ാമാണ്ടില്‍ പൗരസ്ത്യ ജനതയുടെ നാലിലൊരു ഭാഗവും, പാശ്ചാത്യജനതയുടെ ഇരുപതിലൊരു ഭാഗവും ക്രിസ്തുമതാനുയായികളായിത്തീര്‍ന്നുവെന്നാണ് ചരിത്രമതം.

എന്നാല്‍ ക്രിസ്ത്വബ്ദം 4-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ക്രൈസ്തവരെ നിയമപരമായി അംഗീകരിക്കാതിരിക്കാന്‍ നിവൃത്തിയില്ലാത്തവിധം അവരുടെ അംഗസംഖ്യ വര്‍ദ്ധിച്ചു. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് എ.ഡി. 311-ാമാണ്ട് ഗലേറിയസ് ചക്രവര്‍ത്തി ഒരു രാജകല്പന പുറപ്പെടുവിച്ചു. എ.ഡി. 318-ാമാണ്ടില്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ച മിലാന്‍ ശാസനം ക്രിസ്തുമതത്തിന് പൂര്‍ണ്ണമായ അംഗീകാരം നല്‍കി.

എ.ഡി. 395-ാമാണ്ടില്‍ തിയോഡോഷ്യസ് ചക്രവര്‍ത്തി ക്രിസ്തുമതത്തെ രാഷ്ട്രമതമായി അംഗീകരിച്ചതോടെ ക്രൈസ്തവസഭ ക്രിസ്തുവിനെക്കാളേറെ നിലനില്പിന് സാമ്രാട്ടുകളെ ആശ്രയിക്കുന്ന സമ്പ്രദായം രൂപപ്പെട്ടു.

ക്രമേണ ക്രിസ്തുമതത്തിന് സംഘടിതരൂപം കൈവരികയും, സഭ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്തു. സഭ വളര്‍ന്നപ്പോള്‍ സാര്‍വ്വലൗകികം എന്നയര്‍ത്ഥത്തില്‍ കത്തോലിക്കാസഭയെന്നറിയപ്പെടുകയും, 4-ാം നൂറ്റാണ്ടില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഭാഷയായിരുന്ന ലത്തീന്‍ ഭാഷ കത്തോലിക്കാ മതത്തിന്റെ ഭാഷയായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ഇക്കാലത്ത് റോമാ സാമ്രാജ്യം പാശ്ചാത്യ റോമാ സാമ്രാജ്യം, പൗരസ്ത്യ റോമാ സാമ്രാജ്യം എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. പാശ്ചാത്യ റോമാ സാമ്രാജ്യം അധഃപതിക്കുകയും, കോണ്‍സ്റ്റാന്റിനോപ്പിള്‍ പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിത്തീരുകയും ചെയ്തു.

ലോകം സഭയെ അധികാരം, സമ്പത്ത് എന്നീ പ്രലോഭനങ്ങള്‍ കൊണ്ട് കീഴ്‌പ്പെടുത്തിയ ചരിത്രമാണ് മദ്ധ്യകാല സഭാചരിത്രത്തിന് പറയാനുള്ളത്. റോമന്‍ ഭരണകൂടത്തില്‍ നിലവിലിരുന്ന ഭരണരീതിയുടെ തനിപ്പകര്‍പ്പായിരുന്നു സഭയിലും നടപ്പിലാക്കിയത്. തല്‍ഫലമായി ഭരണസിരാകേന്ദ്രങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുകയും കുറയുകയും ചെയ്തതനുസരിച്ച് സഭാധികാരികളുടെ പ്രാധാന്യം ഏറുകയും കുറയുകയും ചെയ്തു. അങ്ങനെ ആദ്യം റോമിലെ പാത്രിയാര്‍ക്കീസിന് പ്രാധാന്യം കൈവന്നു. എന്നാല്‍ റോമാ സാമ്രാജ്യ അധഃപതനത്തിനു ശേഷം കോണ്‍സ്റ്റാന്റിനോപ്പിള്‍ റോമന്‍ ചക്രവര്‍ത്തിമാരുടെ അധികാരസ്ഥാനമായി മാറിയപ്പോള്‍ അവിടത്തെ സഭാധികാരിയുടെ സ്ഥാനമഹിമയും വര്‍ദ്ധിച്ചു.

അന്നത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അധികാരമെല്ലാം മാര്‍പ്പാപ്പയുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെട്ടു. എന്നാല്‍ ശക്തരായ രാജാക്കന്മാര്‍ മേലധികാരം തങ്ങള്‍ക്കാണെന്നു വാദിച്ചു. അങ്ങനെ സഭയും രാഷ്ട്രവും അഥവാ പോപ്പും രാജാവും മേലധികാരം തങ്ങള്‍ക്കാണെന്ന് പരസ്പരം അവകാശവാദമുന്നയിച്ചുകൊണ്ട് പരസ്പരം വെല്ലുവിളി നടത്തി.

യൂറോപ്പ്യന്‍ രാജാക്കന്മാര്‍ പലപ്പോഴും പോപ്പിന്റെ ആജ്ഞാനുവര്‍ത്തികളായിത്തീര്‍ന്നു. അധികാരത്തിനു വേണ്ടി എന്തു ഹീനമായ നടപടിയും സ്വീകരിക്കാന്‍ പോപ്പ് തയ്യാറായി. അധികാരവും സമ്പത്തും ഗണ്യമായി വര്‍ദ്ധിച്ചതോടെ സഭയിലെ പോപ്പ് ആധിപത്യം ക്രിസ്തുവിന്റെ കല്പനകള്‍ക്ക് വിരുദ്ധമാണെന്ന വസ്തുത സൗകര്യപൂര്‍വ്വം വിസ്മരിച്ചുകൊണ്ട് എ.ഡി. 751-ല്‍ പ്രാങ്കു രാജാവായ പെപ്പിനെ പരിശുദ്ധ റോമന്‍ സാമ്രാട്ടായി പോപ്പ് അവരോധിച്ചു.

പരസ്പരസഹായകമായ ഒരു സംവിധാനമായിരുന്നു ഇത്. പോപ്പിന്റെ പിന്തുണ പെപ്പിന്റെ രാജാധികാരം ജനങ്ങളിലുറപ്പിക്കാന്‍ സഹായകമായപ്പോള്‍ പോപ്പിന് ഒരു സാമ്രാജ്യശക്തിയുടെ തുണ ലഭിക്കുക മാത്രമല്ല, പ്രത്യുത, ഇറ്റലിയിലെ ‘രാവെണ്ണ’ എന്ന രാജ്യം പോപ്പിന് ദാനമായി പെപ്പിന്‍ നല്‍കുകയും ചെയ്തു. ഇതുമൂലം പേപ്പസിക്ക് രാജകീയ പരിവേഷം ലഭിച്ചു. പെപ്പിന്റെ മകനായ ചാര്‍ലി മെയ്ന്‍ ചക്രവര്‍ത്തിയെ കിരീടധാരണം ചെയ്തതോടെ മാര്‍പ്പാപ്പയില്‍ നിന്ന് ചക്രവര്‍ത്തിയിലേക്ക് അധികാരം പകരപ്പെട്ടതായി വിശ്വാസവുമുണ്ടായി.

ലൗകികാധികാരത്തേക്കാള്‍ ഉന്നതമാണ് ആത്മീയാധികാരമെന്നും, അതുകൊണ്ട് പോപ്പിനാണ് രാജാവിനേക്കാള്‍ അധികാരമെന്നും പോപ്പുമാര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. രാജാക്കന്മാരുമായി ഇണങ്ങിയും പിണങ്ങിയും അധികാരം നിലനിര്‍ത്താന്‍ പേപ്പസി ശ്രമിച്ചതിന്റെ ഫലമായിരുന്നു 15-ാം നൂറ്റാണ്ടില്‍ പോപ്പ് നിക്കോളാസ് 5-ാമന്‍ പോര്‍ട്ടുഗീസ് രാജാവിനു നല്‍കിയ ഭരണാധികാരം അഥവാ പദ്രുവാദോ.”All the lands and seas that have been discovered or will be discovered belong for ever to the king of Portugal” എന്ന പ്രഖ്യാപനം 1455 എ.ഡി.യില്‍ പോപ്പ് നടത്തിയതിന്റെ പിന്നിലെ ഗൂഢലക്ഷ്യം മതാധികാര വികസനമായിരുന്നു. മറിച്ച്, പോര്‍ട്ടുഗീസ് രാജാവിന് തന്റെ വ്യാപാരം വികസിപ്പിക്കാനുള്ള ലക്ഷ്യപ്രാപ്തിക്ക് മതാധികാരം തുണയാവുകയും ചെയ്തു.

മദ്ധ്യകാലഘട്ടത്തിലെ സഭ ദൈവപരിപാലനം ഉപേക്ഷിച്ച് പോപ്പിന്റെയും രാജാവിന്റെയും അവിശുദ്ധ കൂട്ടുകെട്ട് സ്വീകരിക്കുന്നതായി കാണാം. ക്രിസ്തുവിലുള്ള കൂട്ടായ്മ ആയിരുന്ന ആദിമസഭയിലേക്ക് വിശുദ്ധന്മാരുടെ പേരിലുള്ള പള്ളികളും, അലങ്കാരങ്ങളും, ദീപങ്ങളും, മെഴുകുതിരികളും, തീര്‍ത്ഥം തളിക്കലുമൊക്കെ വന്നുചേര്‍ന്നു. ലളിതമായ ജീവിതരീതികള്‍ക്കു പകരം സുഖലോലുപതയും, ആഡംബരവും, അളവറ്റ ധനവും, മെത്രാന്‍ എന്ന അധികാരസ്ഥാനവും, ചെങ്കോലും കിരീടവും മറ്റും മറ്റും നുഴഞ്ഞുകയറി. അങ്ങനെ ക്രിസ്ത്യാനിത്വം ആത്മാവ് നഷ്ടപ്പെട്ട ജഡികസംഘടനയായി അധഃപതിച്ചു.

ക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തിനു പകരം രാജാക്കന്മാരുടെ ശക്തിയെ വെല്ലുവിളിക്കുന്ന പോപ്പിന്റെ സാമ്രാജ്യം നിലവില്‍ വന്നു.
ക്രിസ്തുവിന്റെ ദൈവരാജ്യവും ലോകസാമ്രാജ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും റോമാ സാമ്രാജ്യത്തില്‍ നിന്നും കടം വാങ്ങിയ സഭാ ഭരണരീതി അധികാരത്തിനു വേണ്ടി സഭകളില്‍ പ്രയോഗിച്ചു. ഇതിന്റെ ബാക്കിപത്രമാണ് ഇന്ന് സഭകളില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സാമ്രാജ്യ ഭരണസംവിധാനത്തില്‍ hierarchical ഭരണമാണുള്ളത്. രാജാക്കന്മാരുടെ അധികാരത്തേയും ശക്തിയേയും കീഴടക്കി അവരുടെമേല്‍ അധികാരം സ്ഥാപിക്കാനുള്ള പോപ്പിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് പദ്രുവാദോയെ (ഭരണാധികാരം) കാണേണ്ടത്.

എന്റെ രാജ്യം ഐഹികമല്ല എന്നരുളിച്ചെയ്ത ക്രിസ്തുവിന്റെ സഭയുടെ ഭരണം ലൗകികരായ ആഡംബരപ്രിയരുടെ കൈകളിലായത് വിരോധാഭാസമാണ്. മാര്‍ട്ടിന്‍ ലൂഥറുടെ നേതൃത്വത്തില്‍ 16-ാം നൂറ്റാണ്ടിലുണ്ടായ മതനവീകരണ പ്രസ്ഥാനം സഭയുടെ അധികാരത്തിന് മങ്ങലേല്‍പ്പിച്ചു. ആത്മാവ് നഷ്ടപ്പെട്ട് ജഡിക സംഘടനയായി അധഃപതിച്ച ക്രിസ്ത്യാനിത്വത്തിന് ഒരു പരിധി വരെയെങ്കിലും പുതുജീവന്‍ നല്‍കിയത് മതനവീകരണമായിരുന്നു.


This image has an empty alt attribute; its file name is omana-russel.jpg

ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!