പോപ്പിന്റെ അധികാരം ക്രമേണ രാഷ്ട്രീയശക്തിയായി വളര്‍ന്നു. കോണ്സ്റ്റന്റയിന് ചക്രവര്‍ത്തിയുടെ ഒരു ശാസനം ക്രൈസ്തവ പള്ളികള്‍ക്ക് ഭൂസ്വത്തുടമാവകാശം നല്കി. ഇങ്ങനെ പോപ്പിന് ഒട്ടേറെ ഭൂമി ദാനമായി ലഭിച്ചു. ക്രമേണ റോമാ നഗരത്തിനു തെക്കുവടക്കുള്ള സമുദ്രതീരപ്രദേശങ്ങള് പേപ്പസിയുടെ അധീനത്തിലായി.
പത്രോസ് അപ്പോസ്തലന്റെ ‘പാട്രിമണി’ (പൈതൃകധനം) എന്നാണ് ഈ ഭൂസ്വത്ത് അറിയപ്പെട്ടിരുന്നത്. മജിസ്ട്രേട്ടിന്റെ അധികാരവും വമ്പിച്ച ഭൂസ്വത്തും സ്വന്തമായതോടു കൂടി ഒരു ഗവണ്മെന്റിന്റെ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുവാന്‍ പോപ്പിന് കഴിഞ്ഞു.
ആറാം നൂറ്റാണ്ടു മുതല്‍ റോമാ നഗരവും അതിനോടനുബന്ധിച്ചുള്ള പാട്രിമണിയുടെയും ഭരണം പേപ്പസിയുടെ കൈകളിലായി. പോപ്പ് ഗ്രിഗറി ഏഴാമന് റോമിലെ മെത്രാനു മാത്രമേ പോപ്പ് എന്ന സ്ഥാനപ്പേര് ഉപയോഗിക്കാന്‍ അധികാരമുള്ളൂവെന്ന് കര്‍ശനമായി പ്രഖ്യാപിച്ചു.
മധ്യകാലചരിത്രം സാമ്രാജ്യവും പേപ്പസിയും അഥവാ രാജാവും പോപ്പും തമ്മിലുള്ള അധികാര വടംവലിയുടെ കഥയാണ്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ സംഘട്ടനം നീണ്ടുനിന്നു. ലൗകികാധികാരത്തിന്റെ പ്രഭവസ്ഥാനം ആദ്ധ്യാത്മികശക്തിയാണെന്നും സാക്ഷാല്‍ ദൈവികസ്ഥാപനമെന്നുള്ള നിലയില്‍ കത്തോലിക്കാസഭയ്ക്ക് സര്വ്വാധികാരവുമുണ്ടെന്നുമുള്ള പോപ്പിന്റെ നിലപാടായിരുന്നു പ്രശ്നങ്ങള്‍ക്കു പിന്നില്‍.
സൂര്യന് ചന്ദ്രന് പ്രകാശം നല്കുന്നതു പോലെയാണ് സഭ രാഷ്ട്രത്തിനധികാരം നല്‍കുന്നതെന്നായിരുന്നു പോപ്പിന്റെ വാദം. ശക്തരായ രാജാക്കന്മാര് ഭരിച്ചപ്പോള്‍ അധികാരം രാജാക്കന്മാരുടെയും ശക്തരായ പോപ്പുമാരുടെ കാലത്ത് അധികാരം പോപ്പുമാരുടെയും കരങ്ങളിലായി വിജയം മാറിമാറി ഇരുകൂട്ടരെയും അനുഗ്രഹിച്ച രസകരമായ ചരിത്രമാണ് സാമ്രാജ്യ-പേപ്പസി സംഘട്ടനം.
പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളില്‍ കുട്ടികളുടേതുള്‍പ്പെടെ എട്ടു കുരിശുയുദ്ധങ്ങള്‍ നടത്തി നിരപരാധികളെ കൊന്നൊടുക്കി ക്രിസ്ത്യാനിത്വത്തിന് കളങ്കം ചാര്‍ത്തിയ ചരിത്രവും കത്തോലിക്കാസഭയ്ക്കുണ്ട്.
നൂറ്റാണ്ടുകളിലൂടെ കത്തോലിക്കാസഭ വിപുലമായ സ്വത്ത് ആര്‍ജ്ജിക്കുകയും മറ്റുതരത്തിലുള്ള പിരിവുകള്‍ ഈടാക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ആദ്യവര്‍ഷ വരുമാനത്തിന്റെ പകുതിയും (ആന്നേറ്റ്), വാര്‍ഷിക വരുമാനത്തിന്റെ പത്തിലൊന്നായ ടൈഥ്, പീറ്റേഴ്സ് പെന്‍സ് എന്നീ നികുതികളും സംഭാവനകളും ശുശ്രൂഷാ വേതനങ്ങളും വഴി സഭ വമ്പിച്ച സ്വത്തിനുടമയായിത്തീര്ന്നു.
സഭയുടെ സ്വത്ത് ദൈവത്തിന്റെ സ്വത്താണെന്നും സ്റ്റേറ്റ് നികുതികളില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണെന്നും സഭ വാദിച്ചു. വര്‍ദ്ധിച്ചുവന്ന സമ്പത്ത് കത്തോലിക്കാ സഭാ മേലദ്ധ്യക്ഷന്മാരുടെ ആത്മീയത ചോര്‍ത്തിക്കളഞ്ഞു. പുരോഹിതന്മാര് സുഖലോലുപരും അഴിമതിക്കാരുമായി മാറി. ആദ്ധ്യാത്മികത മറന്ന കത്തോലിക്കാസഭ ഭൗതികതാല്പര്യങ്ങള്ക്ക് മുന്‍തൂക്കം നല്കി.
സഭയിലെ ഉദ്യോഗങ്ങള്‍ ഉയര്‍ന്ന പ്രതിഫലത്തിനു വില്‍ക്കുകയും പ്രതിഫലം വര്‍ദ്ധിപ്പിക്കുവാന്‍ പുതിയ തസ്തികകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഈ അധികാര ദുര്‍വിനിയോഗം ‘സിമണി’ എന്നറിയപ്പെട്ടു. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു ഏര്‍പ്പാടായിരുന്നു പ്ലൂറലിസം. അതായത്, ഒരാള്‍ തന്നെ ഒരേസമയം പല രൂപതകളും തസ്തികകളും കൈവശം വെച്ച് തങ്ങളുടെ അസാന്നിദ്ധ്യത്തില്‍ പോലും അവയിലെ വരുമാനം അനുഭവിച്ചുപോന്നിരുന്ന വ്യവസ്ഥ.
കേരളത്തിലെ ഇപ്പോഴത്തെ സ്വാശ്രയകോളേജ് പ്രശ്നത്തില്‍ ചില ബിഷപ്പുമാര്‍ ചെയ്യുന്നതും ഇതൊക്കെത്തന്നെയാണ്. സഭാ തലവന്മാരുടെ സ്വത്തിനോടുള്ള ആര്‍ത്തി ഇന്നും തീര്‍ന്നുപോയിട്ടില്ല എന്നുള്ളതിന് തെളിവാണ് ഇന്നത്തെ വിദ്യാഭ്യാസ കച്ചവടവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും.
പശ്ചാത്താപവും പ്രാര്‍ത്ഥനയും കൂടാതെ പണം നല്‍കിയവര്‍ക്ക് പാപമോചനം നല്കിയ ഏര്‍പ്പാടായിരുന്നു പാപവിമോചന പത്രം അഥവാ ഇന്‍ഡള്‍ജന്‍സ്. അങ്ങനെ വൈദികരുടെയും മാര്‍പ്പാപ്പയുടെയും സാന്മാര്ഗ്ഗികാധഃപതനം അത്യുച്ചകോടിയിലെത്തി. പോള്‍ രണ്ടാമന് ധരിച്ചിരുന്ന കിരീടത്തിന് ഒരു രാജധാനിയേക്കാള്‍ വിലയുണ്ടായിരുന്നു. ക്രിസ്തു മുള്‍ക്കിരീടം ധരിച്ച സ്ഥാനത്താണ് ക്രിസ്തുവിന്റെ അനുയായികളെന്നഭിമാനിച്ചവരുടെ കിരീടവും ധൂര്‍ത്തും.
കത്തോലിക്കാസഭയുടെ ആത്മീയാധഃപതനത്തിനെതിരായി പതിനാറാം നൂറ്റാണ്ടില്‍ മതനവീകരണ പ്രസ്ഥാനം ഉടലെടുത്തു. ആദ്യകാല നവീകരണ നേതാക്കന്മാരെ കത്തോലിക്കാ വൈദിക കോടതി (കോര്‍ട്ട് ഓഫ് ഇന്ക്വിസിഷന്) ഉന്മൂലനം ചെയ്തു. ജോണ്‍ വൈക്ലിഫിനെ പീഡിപ്പിച്ചു. ഓക്സ്ഫോഡിലെ മതശാസ്ത്ര പ്രൊഫസറായിരുന്ന ജോണ്‍ വൈക്ലിഫ് മനുഷ്യന് ദൈവത്തോട് നേരിട്ടു ബന്ധമുള്ളവനാകകൊണ്ട് ആ ബന്ധത്തിന് മദ്ധ്യവര്‍ത്തികളുടെ ആവശ്യമില്ലെന്നും കത്തോലിക്കാസഭ മുതലും ധനസമ്പാദനവും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. വൈക്ലിഫിനെ ഇംഗ്ലണ്ടിലെ രാജാവ് സംരക്ഷിച്ചതു കൊണ്ട് മരണവക്രത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടു.
വിഗ്രഹാരാധന, കുമ്പസാരം തുടങ്ങി കത്തോലിക്കാസഭയിലെ അനാചാരങ്ങള്‍ നിരാകരിച്ച ജോണ്‍ ഹസ്സ് പോപ്പിനെ ഒരു പണക്കൊതിയനായും ക്രിസ്തുവിന്റെ ശത്രുവായും വിശേഷിപ്പിച്ചു. ഹസ്സിനെ കത്തോലിക്കാസഭ 1415-ല്‍ തീയിലെരിച്ചു കൊന്നു. 1498-ല്‍ സാവറോളയെ ഫ്ളോറന്‍സില്‍ വെച്ച് അഗ്നിക്കിരയാക്കി.
1690-ല്‍ തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ബ്രൂണോയെ ജീവനോടെ ദഹിപ്പിച്ചു. ഇങ്ങനെ വിചാരണ കൂടാതെ എത്ര പേരെ പീഡിപ്പിച്ചുവെന്നതിന് കൃത്യമായ കണക്കില്ല.
കത്തോലിക്കാസഭാ ചരിത്രത്തിന് ബൈബിളുമായി യാതൊരു ബന്ധവുമുള്ളതായി കാണുന്നില്ല.
പാഗണ്മതത്തിന്റെ പതിപ്പായ ഈ പ്രസ്ഥാനം ഇന്നും പണ്ടത്തേതില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ലാതെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവസഭ ഏതെന്ന് നിശ്ചയിക്കുന്നതിനുള്ള അളവുകോല്‍ ബൈബിളാണെങ്കില്‍ ഈ സഭയെ ക്രൈസ്തവസഭയെന്ന് വിളിക്കാന്‍ സാദ്ധ്യമല്ല.

– ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.