കത്തോലിക്ക സഭ പാഗണ്‍ മതത്തിന്റെ മറ്റൊരുപതിപ്പ്‌

കത്തോലിക്ക സഭ പാഗണ്‍ മതത്തിന്റെ മറ്റൊരുപതിപ്പ്‌

ബൈബിളുമായി യാതൊരു ബന്ധവുമില്ലാത്ത അനവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വച്ചുപുലര്‍ത്തുന്ന കത്തോലിക്കാസഭയ്ക്ക് പാഗണ്‍ മതത്തിന്റെ പാരമ്പര്യമാണുള്ളത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റയിന്റെ മനംമാറ്റം വരാത്ത മതപരിവര്‍ത്തനത്തോടെ, റോമന്‍ മതമായിരുന്ന പാഗണ്‍ മതത്തെ ക്രൈസ്തവവല്‍ക്കരിച്ച് മാറിയതിലൂടെയാണ് കത്തോലിക്കാസഭ രൂപംകൊണ്ടത്.

പാലസ്തീന്‍ റോമാ സാമ്രാജ്യത്തിന്റെ ഭരണത്തിന്‍കീഴിലായിരുന്ന കാലത്താണ് ക്രിസ്തുവിന്റെ ജനനം. ക്രിസ്തുമാര്‍ഗ്ഗത്തെ ഇല്ലായ്മ ചെയ്യാന്‍ റോമാ ഭരണാധികാരികള്‍ തീവ്രശ്രമം നടത്തി. അഗ്നിയിലിട്ടു ചുടുക, ശിരച്ഛേദം നടത്തുക, കുരിശില്‍ തറച്ചു കൊല്ലുക, വിശന്നുപൊരിയുന്ന സിംഹങ്ങള്‍ക്ക് ഇരയാക്കുക, വെട്ടിക്കൊല്ലുക, തിളയ്ക്കുന്ന എണ്ണയിലിടുക, തൂണുകളോട് ബന്ധിച്ചു അമ്പെയ്തു കൊല്ലുക, ഈര്‍ച്ചവാള്‍ കൊണ്ടറുത്തു കൊല്ലുക തുടങ്ങിയ കൊലപാതകരീതികളാണ് ക്രിസ്ത്വബ്ദം ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ ക്രിസ്ത്യാനികളെ വധിക്കുന്നതിനവലംബിച്ചിരുന്നത്. നീറോ ചക്രവര്‍ത്തി, ട്രാജന്‍, മാര്‍ക്കസ് ഔറീലിയസ്, വലേറിയന്‍, ഡയോക്ലീഷന്‍ തുടങ്ങിയ ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികളെ അതിദാരുണമായി പീഡിപ്പിച്ചു.

എന്നാല്‍ പീഡകര്‍ തന്നെ രക്ഷകരായി മാറുന്ന ചരിത്രമാണ് നാലാം നൂറ്റാണ്ടു മുതല്‍ നമുക്ക് കാണാന്‍ കഴിയുക. ഏ.ഡി. 311-ല്‍ റോമാ സാമ്രാജ്യ ഭരണാധികാരിയായിരുന്ന ഗലേറിയസ് ചക്രവര്‍ത്തി ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് നിരോധിച്ചു. ക്രിസ്തുമതത്തിന് മറ്റു മതങ്ങളോടൊപ്പം സ്ഥാനം നല്‍കിയും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടും ഏ.ഡി. 318-ാമാണ്ട് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി മിലാന്‍ ശാസനം പുറപ്പെടുവിച്ചു. ഇതിനെ ക്രിസ്തുമത പുരോഗതിയില്‍ നാഴികക്കല്ലായി കണക്കാക്കാം.

തിയോഡോഷ്യസ് ചക്രവര്‍ത്തിയാണ് ഏ.ഡി. 395-ാമാണ്ടില്‍ ക്രിസ്തുമതത്തെ രാഷ്ട്രമതമായി അംഗീകരിച്ചത്. അതുവരെ രാഷ്ട്രമതമായിരുന്ന പാഗണ്‍മതം അദ്ദേഹം നിരോധിച്ചു. ബഹുദൈവവിശ്വാസവും വിഗ്രഹാരാധനയും പാഗണ്‍ മതത്തിന്റെ പ്രത്യേകതയായിരുന്നു. അങ്ങനെ 4-ാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യം ക്രൈസ്തവ സാമ്രാജ്യമായി മാറി. ഇങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവസഭയായ റോമന്‍കത്തോലിക്കാസഭ ഉത്ഭവിച്ചത്. ക്രിസ്തുമതത്തിന് ഒരു സംഘടിതരൂപം നല്‍കിയതും റോമാ സാമ്രാജ്യമാണ്.

റോമാക്കാരുടെ പാഗണ്‍ മതത്തില്‍ നിന്ന് പല മതാചാരങ്ങളും അനുഷ്ഠാനങ്ങളും റോമാ സാമ്രാജ്യത്തിന്റെ നിയമസംഹിതയും കത്തോലിക്കാസഭ സ്വീകരിക്കുകയുണ്ടായി. ഈ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ബൈബിളുമായി യാതൊരു ബന്ധവുമില്ല. കത്തോലിക്കാസഭയിലെ വിഗ്രഹാരാധന, മറിയാരാധന, വിശുദ്ധന്മാരെ വണങ്ങല്‍, മദ്ധ്യസ്ഥപ്രാര്‍ത്ഥന, ശിശുസ്‌നാനം, തിരുശേഷിപ്പ് വണക്കം, പെരുന്നാളുകള്‍, കുമ്പസാരം, ബസ്പുര്‍ക്കാന (ശുദ്ധീകരണസ്ഥലം) യിലുള്ള വിശ്വാസം, പൗരോഹിത്യം, തീര്‍ത്ഥാടനം എന്നിവയ്ക്ക് ക്രിസ്തുമതാടിസ്ഥാന ഗ്രന്ഥമായ ബൈബിളുമായി യാതൊരു ബന്ധവുമില്ല.

മാനസാന്തരം മാത്രമാണ് ക്രിസ്ത്യാനിയാകാനുള്ള ഏകമാനദണ്ഡം. മറ്റൊരു കര്‍മ്മാചാരങ്ങളും ഇതിന് ആവശ്യമില്ല. ചുരുക്കിപ്പറഞ്ഞാല്‍ പാഗണ്‍മതത്തിന്റെ സകല ദുരാചാരങ്ങളെയും സ്വീകരിച്ച് അതിനെല്ലാം ക്രൈസ്തവമുഖം നല്‍കി സഭയിലേക്ക് പ്രവേശിപ്പിച്ചു എന്നര്‍ത്ഥം.

ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടില്‍ ലത്തീന്‍ഭാഷ കത്തോലിക്കാ മതത്തിന്റെ ഭാഷയായി അംഗീകരിക്കപ്പെട്ടു. കൂടാതെ കത്തോലിക്കാസഭയുടെ ഭരണഘടനയും റോമാ ഗവണ്‍മെന്റിന്റെ ഭരണഘടനയുടെ അനുകരണമായിരുന്നു. കത്തോലിക്കാമത ചരിത്രം പരിശോധിച്ചാല്‍ ബൈബിള്‍ സിദ്ധാന്തങ്ങളില്‍ നിന്ന് ബഹുദൂരം അകലെയാണ് കത്തോലിക്കാസഭയെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.

ക്രിസ്ത്വബ്ദം അഞ്ചു മുതല്‍ പതിനഞ്ചു വരെയുള്ള നൂറ്റാണ്ടുകള്‍ (476-1453) മദ്ധ്യകാലഘട്ടമെന്നു പൊതുവെ അറിയപ്പെടുന്നു. യൂറോപ്പ്യന്‍ ചരിത്രത്തില്‍ മദ്ധ്യകാലഘട്ടം ‘അന്ധകാരയുഗം’ എന്നാണ് വിളിക്കപ്പെടുന്നത്. ക്രിസ്തുമത സംഘടനയുടെ വളര്‍ച്ചയാണ് മദ്ധ്യകാല സുപ്രധാന സംഭവങ്ങളിലൊന്ന്.

കാലക്രമത്തില്‍ പാഗണ്‍മതത്തിന്റെ സ്വാധീനം നിമിത്തം ക്രിസ്തുമതത്തില്‍ ബൈബിളിലില്ലാത്ത കൂടുതല്‍ മതചടങ്ങുകള്‍ കടന്നുകൂടി. ക്രിസ്തുമതം ഒരു പുരോഹിതമതമായി വളര്‍ന്നുവന്നു. പൂജാദികര്‍മ്മങ്ങള്‍ മതത്തിന്റെ അവിഭാജ്യഘടകമായി മാറി. റോമാ നഗരം തലസ്ഥാനമാക്കി ഒരു പാശ്ചാത്യസഭയും കോണ്‍സ്റ്റാന്റിനോപ്പിള്‍ തലസ്ഥാനമാക്കി ഒരു പൗരസ്ത്യസഭയും രൂപംകൊണ്ടു.

പാശ്ചാത്യസഭ റോമന്‍ കത്തോലിക്കാസഭ എന്ന പേരില്‍ മഹാസംഘടനയായി വളര്‍ന്നു. കത്തോലിക്ക എന്ന വാക്കിനര്‍ത്ഥം എല്ലാവരുടെയും എന്നാണ്. ലോകത്തിനു മുഴുവനും വേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന അര്‍ത്ഥത്തിലാണ് കത്തോലിക്കാസഭയെന്ന പേര്‍ നല്‍കപ്പെട്ടത്.

ക്രിസ്തീയ സഭകളുടെ എണ്ണം വര്‍ദ്ധിച്ചതോടുകൂടി സഭാ മേലദ്ധ്യക്ഷന്മാരായ മെത്രാന്മാരുടെ സ്ഥാനങ്ങളിലും വലിപ്പച്ചെറുപ്പം വന്നുകൂടി. വലിയ നഗരങ്ങളിലെ മെത്രാന്മാര്‍ ‘മെത്രാപ്പോലീത്ത’ എന്ന പേര് സ്വീകരിച്ചു.

നാലാം നൂറ്റാണ്ടില്‍ ഏറ്റവും പുരാതനവും ഏറ്റവും വലുതുമായ ക്രൈസ്തവസമൂഹങ്ങളുടെ ഭരണാധികാരികള്‍ക്ക് പാത്രിയാര്‍ക്കീസ് എന്ന ഔദ്യോഗികനാമം ലഭിച്ചു. ഇത്തരം പാത്രിയാര്‍ക്കീസ് സ്ഥാനങ്ങള്‍ നിലവില്‍വന്ന ചില നഗരങ്ങളായിരുന്നു റോം, കോണ്‍സ്റ്റാന്റിനോപ്പിള്‍, അന്ത്യോക്യ, അലക്‌സാണ്‍ഡ്രിയ തുടങ്ങിയവ.

തല്‍ഫലമായി ക്രൈസ്തവസഭയില്‍ പാത്രിയാര്‍ക്കീസ്, മെത്രാപ്പോലീത്ത, മെത്രാന്‍, പാതിരി എന്നിങ്ങനെ പല പടികളിലുള്ള പുരോഹിതശ്രേണി നിലവില്‍വന്നു. ഈ വികാസപരിണാമത്തിന്റെ പാരമ്യം ആയിരുന്നു റോമില്‍ പേപ്പസിയുടെ ഉദയം.

റോമിലെ മെത്രാന് മറ്റു മെത്രാന്മാരേക്കാള്‍ ഉയര്‍ന്ന സ്ഥാനം ഉണ്ടെന്ന് ക്രമേണ അംഗീകരിക്കപ്പെട്ടു. അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും മതപ്രചരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പാവനമായ സ്ഥലമായിരുന്നു റോമാ നഗരം. പത്രോസാണ് റോമിലെ മെത്രാസനം സ്ഥാപിച്ചതെന്ന തെറ്റായ വിശ്വാസവും പ്രചരിച്ചു. പാവം മുക്കുവനായ പത്രോസ് മെത്രാസനം സ്ഥാപിച്ചുവെന്നു പറയുന്നത് ശുദ്ധ അബദ്ധമാണ്.

അങ്ങനെ റോമിലെ മെത്രാന്മാരെല്ലാം പത്രോസിന്റെ അധികാരവും ബഹുമതിയും പൈതൃകാവകാശമായി ലഭിച്ചവരാണെന്ന ധാരണ ബലപ്പെട്ടു. സ്വര്‍ഗ്ഗകവാടത്തിന്റെ താക്കോല്‍ പത്രോസിന്റെ കയ്യിലാണെന്നും തന്നിമിത്തം പാപികളെ ശിക്ഷിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ടെന്നും പ്രചരിപ്പിക്കപ്പെട്ടു. ഈ വിശ്വാസം അദ്ദേഹത്തിന്റെ അനന്തരഗാമികളായ മെത്രാന്മാര്‍ക്ക് കത്തോലിക്കാസഭ മുഴുവനും തങ്ങളുടെ അധികാരസീമയിലാണെന്ന് അവകാശവാദമുന്നയിക്കാന്‍ സഹായകമായി.

റോമാ സാമ്രാജ്യ തലസ്ഥാനം റോമില്‍ നിന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു മാറിയതിനാല്‍ റോമില്‍ ഒരു ചക്രവര്‍ത്തിയില്ലാതായിത്തീര്‍ന്നു. ഈ സന്ദര്‍ഭം മുതലെടുത്ത് മെത്രാന്മാര്‍ റോമില്‍ രാഷ്ട്രീയാധികാരം വിനിയോഗിച്ചു തുടങ്ങി. അങ്ങനെ റോമിലെ മെത്രാന്‍ മാര്‍പ്പാപ്പ (പോപ്പ്) യും ലോകമെമ്പാടുമുള്ള കത്തോലിക്കാസഭയുടെ തലവനും ആയിത്തീര്‍ന്നു.

‘പോപ്പ്’ എന്ന വാക്കിന് പിതാവ് എന്നാണര്‍ത്ഥം. ഈ സ്ഥാനപ്പേര് ആദ്യകാലങ്ങളില്‍ ഏതു മെത്രാനും ഉപയോഗിക്കാമായിരുന്നു. ക്രമേണ അത് റോമിലെ മെത്രാനു മാത്രമേ ഉപയോഗിക്കാവൂ എന്ന സ്ഥിതി വന്നു. അഞ്ചാം നൂറ്റാണ്ടില്‍ ലിയോ റോമിലെ മെത്രാനായിരുന്നപ്പോഴാണ് മറ്റെല്ലാ മെത്രാന്മാരുടെയും മേല്‍ റോമാ മെത്രാന് പരമാധികാരമുള്ളതായി പരക്കെ അംഗീകരിക്കപ്പെട്ടത്. പാശ്ചാത്യസഭയിലെ എല്ലാ മെത്രാന്മാരെയും പോപ്പിന്റെ അധികാരത്തിനു വിധേയമാക്കിക്കൊണ്ടുള്ള രാജശാസനം വാലന്റൈന്‍ മൂന്നാമന്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ചത് പോപ്പിനുള്ള വലിയ അംഗീകാരമായി. പോപ്പിന്റെ പരമാധികാരത്തിന്‍ കീഴില്‍ സംഘടിതമായ കത്തോലിക്കാസഭ ‘പേപ്പസി’ എന്ന പേരില്‍ അറിയപ്പെട്ടു.


This image has an empty alt attribute; its file name is omana-russel.jpg

ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!