ചുമ്മാ ‘ഡോ’കളുടെ പ്രജനനകാലം തീരുന്നില്ല..!!

ചുമ്മാ ‘ഡോ’കളുടെ പ്രജനനകാലം തീരുന്നില്ല..!!

ഡോ. ഫിന്നി ജോര്‍ജ്
പുനലൂര്‍

ശ്ലീല യുട്യൂബ് ചാനല്‍ നടത്തുന്ന വിജയ് പി. നായരുടെ വ്യാജ ഡോക്ടറേറ്റും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ബോള്‍സ് ബ്ലിജ് യൂണിവേഴ്‌സിറ്റി എന്ന പേരില്‍ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകളും ഓണററി ഡോക്ടറേറ്റുകളും വിതരണം ചെയ്ത കൊട്ടാരക്കരക്കാരന്‍ പാപ്പച്ചനെപ്പറ്റിയുള്ള വിവരങ്ങളും കൊണക്കാലത്ത് തമാശ പറയാനും ചിരിക്കാനുമായി നമുക്കു ലഭിച്ച വാര്‍ത്തകളായി കണക്കാക്കാം.

ഇത്രയും എളുപ്പത്തില്‍ പിഎച്ച്ഡി കിട്ടുമെങ്കില്‍ അനേകവര്‍ഷങ്ങളും അത്യദ്ധ്വാനവും പാഴാക്കുന്നതെന്തിനെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരംമുട്ടുന്ന കാലമാണിത്.
പഠനത്തില്‍ കാട്ടുന്ന സത്യസന്ധതയില്ലായ്മ പഠനവും പരീക്ഷയുമുള്ള കാലം മുതല്‍ക്കേ ഉണ്ടായിരിക്കാം. ലേഖകന്‍ പ്രീഡിഗ്രി, ഡിഗ്രി തലങ്ങളില്‍ പഠിക്കുമ്പോള്‍ സുവോളജിയായിരുന്നു ഐച്ഛിക വിഷയം. മെയിനിനും സബ്‌സിഡിയറി വിഷയങ്ങള്‍ക്കും റെക്കോര്‍ഡ്ബുക്ക് എന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. പ്രാക്ടിക്കല്‍ ചെയ്തതിന്റെ രേഖകളാണതിലധികവും.

ഇത് വിദ്യാര്‍ത്ഥി സ്വയം തയ്യാറാക്കേണ്ടതാണ്. പടം വരയ്‌ക്കേണ്ടതും സ്‌പെസിമെന്‍ ശേഖരിക്കേണ്ടതുമൊക്കെയായ ഈ ആവശ്യകോപാധി തയ്യാറാക്കാന്‍ പലരും അന്യരുടെ സഹായം തേടിയിരുന്നു. പണം കൊടുത്ത് നന്നായി വരയ്ക്കുന്നവരെ കൊണ്ട് വരപ്പിച്ചെടുക്കുന്ന പടങ്ങള്‍ക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടും. മെഡിസിന്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്ലാതിരുന്ന ആ കാലത്ത് പരീക്ഷയിലെ മാര്‍ക്കായിരുന്നു പ്രധാനമാനദണ്ഡം. ഒരു മാര്‍ക്കിന് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യവും ഓര്‍മ്മയിലുണ്ട്.

അന്ന് സയന്‍സ് വിഷയങ്ങള്‍ക്കാണ് പ്രാക്ടിക്കല്‍ പരീക്ഷകളും ക്ലാസ്സുകളിലെ വിലയിരുത്തലുമെങ്കില്‍ ഇന്നത് മാനവീക വിഷയങ്ങളുള്‍പ്പെടെ എല്ലാ മേഖലകളിലുമുണ്ട്.
മൂല്യപരിശോധന നടത്തുന്ന അദ്ധ്യാപകരുടെ മാനസികാവസ്ഥ, അവരെ സ്വാധീനിക്കാന്‍ കഴിയുന്നത് തുടങ്ങി അനേക ഘടകങ്ങള്‍ മാര്‍ക്കിനെ ബാധിക്കും. സിവില്‍ സര്‍വ്വീസ്, മെഡിസിന്‍, എഞ്ചിനീയറിങ് തുടങ്ങി ഏതു പഠനത്തിനും ഇത് ബാധകമാണ്.

പഠനത്തിന്റെ ഭാഗമായി സമര്‍പ്പിക്കുന്ന പേപ്പറുകള്‍, എഴുതുന്ന പ്രബന്ധങ്ങള്‍ തുടങ്ങിയവ മറ്റാരെക്കൊണ്ടെങ്കിലും എഴുതിക്കുന്നതും സാധാരണമാണ്. വിദഗ്ദ്ധരുടെ സഹായം തേടുന്നതോ, തെറ്റ് തിരുത്തിക്കുന്നതോ അല്ല, പ്രബന്ധം തന്നെ വിദഗ്ദ്ധരെക്കൊണ്ട് എഴുതിപ്പിക്കുകയും വിദ്യാര്‍ത്ഥി അതിനെപ്പറ്റി അജ്ഞനായിരിക്കുകയും ചെയ്യുന്നതാണ് ഉത്കണ്ഠയുളവാക്കുന്നത്.

പഠനങ്ങളുടെയോ വസ്തുതകളുടെയോ പിന്‍ബലത്തോടെ തെളിയിച്ചിട്ടില്ലെങ്കിലും (അല്ലെങ്കിലും അതിന് മിനക്കെടാന്‍ ആരെ കിട്ടും?) വ്യാജബിരുദങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണ് പെന്തെക്കോസ്തു സമൂഹത്തിൽ. റവറണ്ടാകാന്‍ കടുത്ത ബുദ്ധിമുട്ടില്ലെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. ഓഡിനേഷന്‍ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കിയിട്ടുള്ള പെന്തെക്കോസ്തു സംഘടനകള്‍ പോലും ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങേണ്ട സാഹചര്യവുമുണ്ടായിട്ടുണ്ട്.

അല്ലെങ്കില്‍ തന്നെ ‘റവ’ എവിടുന്ന് എന്നാരും ചോദിക്കില്ലല്ലോ. ‘റവ’ കിട്ടിയാല്‍ ഒരു ‘ഡോ’യും കൂടി കിട്ടിയാല്‍ ഇരട്ടിമാനം കൈവരും. അല്പം കഷണ്ടിയും മുറി ഇംഗ്ലീഷും മാന്യമായ വേഷവും, കയ്യിലൊരു സ്മാര്‍ട്ട്‌ഫോണുമുണ്ടെങ്കില്‍ ‘റവ ഡോ’ വച്ചുള്ള ഒരു അഡ്രസ്സ് കാര്‍ഡ് സ്വന്തമാക്കാന്‍ മടിക്കേണ്ടതില്ല. മിക്ക ഗവേഷണ പഠനത്തിന്റെയും പ്രബന്ധം തയ്യാറാക്കുമ്പോള്‍ ഗൈഡിനെ പൂവിട്ടു പൂജിക്കേണ്ടി വരും.

ബിരുദവും ബിരുദാനന്തരബിരുദവും, ഗവേഷണ വിദ്യാര്‍ത്ഥിയായി പ്രവേശനം ലഭിക്കുവാന്‍ കടക്കേണ്ട യോഗ്യതാ പരീക്ഷകളും, നീണ്ടകാലത്തെ അദ്ധ്വാനവും, ഉറക്കമിളപ്പും, വിദഗ്ദ്ധരുടെ ചോദ്യശരങ്ങളുടെ മുമ്പാകെയുള്ള ചൂളലും ഒന്നുമില്ലാതെ ഒരു സുപ്രഭാതത്തില്‍ പോസ്റ്റുമാന്‍ കൊണ്ടുത്തരുന്ന ഡോക്ടറേറ്റിന് എന്തൊരു മധുരമായിരിക്കും!! പ്രത്യേകിച്ച് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കാമ്പസ് പഠനത്തിന് അതീവപ്രാധാന്യമുള്ള ഇക്കാലത്ത് അവധിയെടുക്കാതെ വീട്ടിലിരുന്ന് നേടിയ ഡിഗ്രിയെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവാനും വഴിയില്ല.

കാര്യങ്ങള്‍ക്കൊന്നും മുടക്കമില്ലാതെ ‘അന്റാര്‍ട്ടിക്കായിലെ പ്രോസിയൂക്കേ സര്‍വ്വകലാശാല’യില്‍ നിന്നും ഏതു ബിരുദവും ലഭിക്കും! ഇത്തിരി പണം പോയാലും ബഹുമാനവും പദവിയും കസേരയും കൂടെ നില്‍ക്കും!

ഗൗണും ഹുഡും ഹാറ്റുമൊക്കെ ധരിച്ച് ഒരു സായ്പില്‍ നിന്നോ, അല്ല നമ്മുടെ തന്നെ നേതാക്കന്മാരില്‍ നിന്നോ ബിരുദം സ്വീകരിക്കുന്ന ഫോട്ടോ ഭിത്തിയില്‍ തൂങ്ങുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും സങ്കല്പിച്ചു നോക്കൂ. ഷെയറുകളും ലൈക്കുകളും എണ്ണി നോക്കൂ. ‘രാജാവ് ബഹുമാനിപ്പാന്‍ ഇച്ഛിച്ച പുരുഷന്റെ’ മുഖം നമുക്കവിടെ കാണാം.

അടുത്തകാലത്ത് ഡോക്ടറേറ്റ് ലഭിച്ചവരെ അനുമോദിക്കുന്നൊരു ചടങ്ങ് കണ്ടു. കടലാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇരുട്ടി വെളുത്തപ്പോള്‍ ഡോക്ടര്‍മാരായവരും സുദീര്‍ഘ പഠനത്തിനു ശേഷമുള്ളവരും അതില്‍ ഉണ്ടായിരുന്നു.

”എന്റെ പേര് ഇതാണ്. ഞാന്‍ ഡോക്ടറേറ്റ് എടുത്തത് ……… വിഷയത്തിലാണ്” എന്ന് ആംഗലേയത്തില്‍ തെറ്റു കൂടാതെ പറയാനറിയാത്തവര്‍ക്കും അനുമോദന വര്‍ഷം. മംഗളപത്രം നേടുന്നവരെ അര്‍ഹരാണോ എന്നു പരിശോധിക്കാന്‍ ഒരു അളവുകോല്‍ ആവശ്യമില്ലേ?

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിക്കാത്ത മെഡിക്കല്‍ ബിരുദം വച്ചും മനുഷ്യശരീരത്തിന്മേല്‍ പരീക്ഷണം(പരാക്രമം) നടത്തുന്ന കാലത്ത് ഇതൊക്കെ എന്ത് ആരോപണം?

ആരെല്ലാം വിയോജിച്ചാലും വ്യാജഡിഗ്രി പെന്തെക്കോസ്തിൽ നിന്നും അപ്രത്യക്ഷമാവില്ല. പ്രത്യേകിച്ച് ‘യോഗ്യതയില്ലാത്തതാണെന്റെ യോഗ്യത’ എന്ന് പെന്തെക്കോസ്തു പുള്‍പിറ്റുകളില്‍ നിന്ന് കേള്‍ക്കുന്നേടത്തോളം.


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!