സ്തുത്യര്‍ഹമായ രീതിയില്‍ കൊവിഡ് വ്യാപനത്തെ പ്രതിരോധിച്ച സര്‍ക്കാര്‍ വിഷമവൃത്തത്തിലേക്കു നീങ്ങുകയാണ്. കാര്യങ്ങള്‍ കൈവിട്ടു പോയതു പോലെ തോന്നുന്നു.
മുഖ്യമന്ത്രി ദിനവും നടത്തിക്കൊണ്ടിരുന്ന പത്രസമ്മേളനത്തില്‍ പറയുന്ന ഒരു കാര്യമുണ്ടായിരുന്നു. ”പേടിക്കരുത്; പക്ഷേ ജാഗ്രത വേണം.” ഈ ജാഗ്രതക്കുറവ് തന്നെയാണ് ഇപ്പോഴത്തെ കൊവിഡിന്റെ വന്‍വ്യാപനത്തിന് കാരണമായിരിക്കുന്നത്.
രോഗികള്‍ 14-ല്‍ നിന്നും അര ലക്ഷം കവിഞ്ഞിരിക്കുന്നു. കൈ കഴുകിയും മാസ്ക് വച്ചും സാമൂഹ്യ അകലം പാലിച്ചും കൊറോണയെ തടഞ്ഞുനിര്‍ത്താനാവില്ല എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിന് എത്താതെ ഈ വൈറസിനെ തളയ്ക്കാനാവില്ല. നിര്‍മ്മിച്ച വാക്സിന്റെ വിജയപരാജയങ്ങള്‍ വിലയിരുത്തി വരുന്നതേയുള്ളൂ.
ഇക്കണക്കിന് പോയാല്‍ കേരളം സമ്പൂര്‍ണ്ണമായി കോവിഡ് പിടിയിലാകും. ജനപ്പെരുപ്പമുള്ള നാടാണ് നമ്മുടേത്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയും. സര്‍ക്കാര്‍ എത്ര വിചാരിച്ചാലും പ്രതിരോധ നടപടികള്‍ പാളിപ്പോകും.
ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോള്‍ത്തന്നെ രോഗികളായി മാറിക്കൊണ്ടിരിക്കുന്നു. വ്യാപനം നിയന്ത്രണാതീതമായാല്‍, ആരോഗ്യപ്രവര്‍ത്തകരൊക്കെ ആശുപത്രിയിലായാല്‍ കാര്യങ്ങള്‍ തകിടംമറിയും. ചികിത്സയ്ക്ക് ആവശ്യമായ വസ്തുക്കളുടെ അഭാവം സ്വാഭാവികമായുണ്ടാകും. ആംബുലന്‍സ് തികയാതെ വരും. രോഗികളുടെ പരിശോധനകള്‍ പോലും നടക്കാതെയാകും.
ന്യൂയോര്‍ക്കില്‍ സംഭവിച്ചതു പോലെ രോഗവ്യാപനം നിയന്ത്രണാതീതമായാല്‍ മരണനിരക്കും കൂടും.
വാക്സിന് വരുന്നതു വരെ കേരളത്തിന് പിടിച്ചുനില്‍ക്കാനാവുമെന്നു തോന്നുന്നില്ല. 15 ദിവസം കേരളം സമ്പൂര്‍ണ്ണമായി അടച്ചിട്ടാല്‍ രോഗികളുടെ എണ്ണം കുത്തനെ താഴേക്കു പോകും.
സര്‍ക്കാരിന് വന്‍ നഷ്ടം സംഭവിക്കുമെന്നത് തീര്‍ച്ച. പക്ഷേ രോഗപകര്‍ച്ച വേഗത്തിലായാല്‍ 15 ദിവസം അടച്ചിടുമ്പോള്‍ ഉണ്ടാകുന്നതില്‍ കൂടുതല്‍ ബാദ്ധ്യതയും തലവേദനയും സര്‍ക്കാരിനുണ്ടാകും.
അതുകൊണ്ട് സര്‍ക്കാര്‍ ലോക്ഡൗണിനെക്കുറിച്ച് ചിന്തിക്കണം. കേരളം 15 ദിവസത്തേക്കെങ്കിലും പൂര്‍ണ്ണമായി അടച്ചിടണം. അതിനു കഴിയുന്നില്ലെങ്കില്‍ വ്യാപനം കൂടുതലുള്ള ജില്ലകളെങ്കിലും പൂട്ടണം. ഈരണ്ടു ജില്ലകള്‍ വീതം ഏഴു ദിവസത്തേക്കെങ്കിലും പൂര്‍ണ്ണമായി അടച്ചിടണം. ആളുകളുടെ പ്രവേശനവും പുറത്തുപോകലും മുമ്പ് ചെയ്തതു പോലെ സമ്പൂര്‍ണ്ണമായി തടയണം.
അവിടുത്തെ രോഗപകര്‍ച്ച കുറയുമ്പോള്‍ രോഗികള്‍ കൂടുതലുള്ള അടുത്ത ജില്ലകള്‍ പൂര്‍ണ്ണമായി അടയ്ക്കണം. ഇത് മുഖാന്തരം രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഗണ്യമായി കുറയ്ക്കാനാവും.
ഇങ്ങനെ ചെയ്താല്‍ വാക്സിന് വരുന്നതു വരെ നമുക്ക് കഷ്ടിച്ചു പിടിച്ചുനില്‍ക്കാനാകും. അല്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥ ദയനീയമായി മാറും.
-കെ.എന്‍. റസ്സല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.