പിഎവി സാമും ഞാനുമായുള്ള സൗഹൃദത്തിന് കാരണമായത് വാഹനാപകടം

പിഎവി സാമും ഞാനുമായുള്ള സൗഹൃദത്തിന് കാരണമായത് വാഹനാപകടം

മഹീന്ദ്ര വാനിനകത്ത് നിസ്സംഗഭാവത്തോടെ ഇരിപ്പാണ് പി.എ.വി. സാം. ഞാന്‍ അകത്തേക്കു തലയിട്ട മാത്രയില്‍ കൈ തന്നു. ”ഞാന്‍ റസ്സല്‍, ഗുഡ്‌ന്യൂസ് വീക്ക്‌ലി” എന്നു പറഞ്ഞുതീരുന്നതിനു മുമ്പേ ”അറിയാം” എന്നു പറഞ്ഞുകൊണ്ട് തലകുലുക്കി.

ചേര്‍ത്തല-തുറവൂരില്‍ കാലിത്തീറ്റ ഫാക്ടറിയുടെ എതിര്‍വശത്തെ രാമന്‍ അപ്പാര്‍ട്ടുമെന്റിലാണ് ഞങ്ങള്‍ താമസിക്കുന്നത്. 1997-ല്‍ കാലടി യൂണിവേഴ്‌സിറ്റിയുടെ തുറവൂര്‍ റീജണല്‍ സെന്ററിലായിരുന്നു അസ്സി. പ്രൊഫസ്സറായി ഓമനയുടെ ആദ്യ നിയമനം. ഈ അപ്പാര്‍ട്ടുമെന്റില്‍ നിന്നാല്‍ വടക്കോട്ടും തെക്കോട്ടും ഹൈവേയുടെ നല്ല കാഴ്ച കിട്ടും.

രാവിലെ ഏഴു മണിയായിക്കാണും. അപ്പോഴാണ് രണ്ടു വണ്ടികള്‍ കൂട്ടിയിടിക്കുന്ന അതിഭയങ്കരമായ ശബ്ദം കേട്ടത്. ഞങ്ങളുടെ 12-കാരന്‍ മകന്‍ ഇടി കാണാന്‍ മൂന്നാംനിലയില്‍ നിന്നും ഇറങ്ങി ഓടുന്നതു കണ്ടു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ അതുപോലെ ഓടി തിരിച്ചുവന്നു.

മുണ്ടക്കയംകാരന്‍ ഒരു ചേട്ടന്‍ ആ വണ്ടിയിലുണ്ടെന്നു പറഞ്ഞ് എന്റെ കൈ പിടിച്ചു വലിച്ച് പോകാന്‍ നിര്‍ബന്ധിച്ചു. ആ ഭാഗത്ത് വാഹനാപകടം സാധാരണമാണ്. അതുകൊണ്ട് മിക്കവാറും വന്‍ശബ്ദം കേള്‍ക്കാറുണ്ട്.

ഞാന്‍ ഓടിച്ചെന്നപ്പോള്‍ മുണ്ടക്കയത്തുള്ള സ്‌നേഹിതന്‍ ബേബിയുടെ മകന്‍ വെളിയില്‍ നില്‍പ്പുണ്ട്. ഡ്രൈവറും (അവറാച്ചന്‍ എന്നാണ് ഓര്‍മ്മ) വണ്ടിയില്‍ ചാരി നില്‍ക്കുന്നു. സ്റ്റിയറിംഗ് അകത്തേക്ക് ഇടിച്ചുകയറിയെങ്കിലും അവറാച്ചന് ഒന്നും പറ്റിയില്ല. കാരണം അവറാച്ചന്റെ ശരീരപ്രകൃതി മനോരമ ആഴ്ചപ്പതിപ്പിലെ അപ്പിഹിപ്പിയുടേത് പോലെയാണ്. ’20 സെന്റീമീറ്റര്‍’ വരുമായിരിക്കും അരവണ്ണം.

അതുകൊണ്ട് അവറാച്ചന്‍ രക്ഷപ്പെട്ടു. വാഹനത്തിന്റെ മുന്‍വശം പാടേ തകര്‍ന്നു. എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു അപകടം. പി.എ.വി.യുടെ കാല്‍വിരല്‍ മുറിഞ്ഞതേയുള്ളൂ.
ഇടിയുടെ ആഘാതത്തില്‍ തരിച്ചിരിപ്പാണ് പി.എ.വി. സാം. എന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം വാഹനത്തില്‍ നിന്നും ഇറങ്ങി. ഞാന്‍ തിരിച്ചുപോയി ബൈക്കുമായി വന്ന് അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുപോയി.

ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് പരിസരബോധം ഉണ്ടായത്. ചൂട് പാനീയവും ലഘുഭക്ഷണവും നല്‍കി.

ഏതാണ്ട് നാലു മണി ആയപ്പോഴാണ് മുളക്കുഴയില്‍ നിന്നും ഒരു സംഘം അവിടെ എത്തുന്നത്. ആ കൂട്ടത്തില്‍ ഇപ്പോഴത്തെ ഓവര്‍സീയര്‍ സി.സി. തോമസും ഉണ്ടായിരുന്നു. അന്ന് അദ്ദേഹം യൂത്തിന്റെ നേതൃത്വത്തിലായിരുന്നു എന്നു ഞാന്‍ കരുതുന്നു.
വിശ്രമത്തിന് ഹോട്ടലില്‍ കയറേണ്ടി വരുമായിരുന്നു എന്നും, റസ്സലിന്റെ കുടുംബം അവിടെ ഉണ്ടായിരുന്നത് ഏറെ ആശ്വാസമായെന്നും പിന്നീട് അദ്ദേഹം അപകടത്തെപ്പറ്റി സാക്ഷ്യപ്പെടുത്തുമ്പോഴൊക്കെ പറഞ്ഞിരുന്നു. കുറെ മാസങ്ങള്‍ കഴിഞ്ഞ് എന്നെ മുളക്കുഴയിലേക്ക് വിളിച്ചു. ഇന്ത്യാ ദൈവസഭയെപ്പറ്റി ക്രൈസ്തവചിന്തയില്‍ രണ്ടു പേജ് സപ്ലിമെന്റ് ചെയ്യാന്‍ പറഞ്ഞു. പാസ്റ്റര്‍ സണ്ണി പി. ശാമുവല്‍ അത് എഴുതി തന്നെന്നാണ് ഓര്‍മ്മ.

പി.എ.വി.യുടെ കാലത്ത് സഭ രണ്ടു ഗ്രൂപ്പായി പോയതാണ് ഇന്നും ആരും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വസ്തുത. വിട്ടുവീഴ്ച ചെയ്ത് ഒന്നാകാന്‍ ശ്രമിക്കണമെന്ന് മുളക്കുഴ വച്ച് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് തീര്‍ച്ചയായും ശ്രമിക്കും എന്ന് സമ്മതിച്ചു. കോട്ടയത്ത് വച്ചു നടന്ന ഒരു വൈ.പി.ഇ. ക്യാമ്പില്‍ വച്ചും ഞാന്‍ ഇത് സൂചിപ്പിച്ചു.

രണ്ടു ഗ്രൂപ്പായി സഭയെ വെട്ടിമുറിച്ച് രണ്ടു തുണ്ടാക്കിയിട്ട് പോയാല്‍ താന്‍ ലോകം ഉള്ള കാലം അപമാനിതമായി തുടരേണ്ടി വരുമെന്ന് ഞാന്‍ സൂചിപ്പിക്കുകയുണ്ടായി.

പല വഴിക്കും ശ്രമങ്ങള്‍ നടന്നു. ഒടുവില്‍ വെസ്റ്റ് ഏഷ്യന്‍ സൂപ്രണ്ടായി പ്രമോഷന്‍ ലഭിച്ച് ഇന്ത്യ വിടുന്ന സമയത്ത് രണ്ടു ഗ്രൂപ്പിലും പെട്ടവര്‍ പങ്കെടുത്ത് ഒരുമിച്ച് അദ്ദേഹത്തെ യാത്രയാക്കി. മാധ്യമങ്ങളുമായി അകന്നു നിന്നിരുന്ന അദ്ദേഹം ആ യാത്രയയപ്പ് മീറ്റിങ്ങിന് എന്നെയും ക്ഷണിച്ചു. കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ആ മീറ്റിംഗില്‍ ക്രൈസ്തവ പത്രങ്ങള്‍ക്കു വേണ്ടി ആശംസ നേര്‍ന്നത് ഞാനായിരുന്നു.

പിന്നീട് ഒരിക്കല്‍കൂടി അദ്ദേഹത്തെ ലണ്ടനില്‍ വച്ചു കണ്ടു. ജി. ശാമുവലിന്റെ വീട്ടിലെത്തിയ പി.എ.വി. സാമിനെ അവരുടെ ആതിഥ്യം സ്വീകരിച്ച ശേഷം തന്റെ സഹോദരിയുടെ വീട്ടില്‍ കൊണ്ടുവിട്ടത് ലണ്ടന്‍ പ്രെയര്‍ ഗാര്‍ഡന്‍ ശുശ്രൂഷകന്‍ ജെയിംസ് കോശിയും ഞാനും ചേര്‍ന്നാണ്.

അദ്ദേഹത്തിന്റെ ചില നിലപാടുകളില്‍ പരക്കേ ആക്ഷേപം ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യാ ദൈവസഭയുടെ കേരളാ ഘടകത്തിന് അദ്ദേഹത്തിന്റെ കാലത്ത് (1988-2000) വലിയ പുരോഗതി ഉണ്ടായെന്ന കാര്യം ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല.

കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!