വികസനത്തിന്റെ പേരില്‍ നെല്പാടങ്ങളും മോഹിച്ച് പണിത വീടുകളും നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന സങ്കടം ചില്ലറയല്ല. ജനിച്ചു വളര്‍ന്ന നാട് ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയും നമ്മെ മാനസികമായി തളര്‍ത്തും. നാം വര്‍ഷങ്ങളായി താമസിക്കുന്ന വീടും സ്ഥലവും, ഒരുപക്ഷേ ജനിച്ച വീടും ആയിരിക്കാം. അത് ആരോ തട്ടിയെടുക്കുന്നെന്ന തോന്നലില്‍ നിന്നും ഉളവാകുന്ന മാനസികാവസ്ഥ വിവരണാതീതമാണ്.
അയല്പക്കബന്ധങ്ങള് മുറിയും. ജീവിതം മറ്റൊരിടത്തേക്ക് പറിച്ചുമാറ്റപ്പെടും. എല്ലാം തകര്‍ന്നു എന്ന തോന്നല്‍ മനസ്സിനെ മറ്റൊരു വൈകാരിക തലത്തിലെത്തിക്കും എന്നതിന് സംശയം വേണ്ടാ.
പക്ഷേ നാടിന്റെ വികസനത്തില്‍ നഗരവല്‍ക്കരണം ഒരു പങ്ക് വഹിക്കുന്നുണ്ട്.
നമ്മുടെ തൊട്ടടുത്ത് നെടുമ്പാശ്ശേരിയുടെ ഇന്നത്തെ വളര്‍ച്ച പ്രവചനാതീതമായിരുന്നില്ലേ. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ വളര്‍ച്ച എത്ര ത്വരിതഗതിയിലായിരുന്നു. ലക്ഷക്കണക്കിന് തൊഴില്‍ദിനങ്ങള്‍ നമുക്ക് കിട്ടി. ഹോട്ടല്‍ വ്യവസായങ്ങള്‍ വന്നു. വാഹന വില്പനയും ടാക്സികളുടെ വരവും ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജോലി സമ്മാനിച്ചത്.
സമീപപ്രദേശങ്ങളില്‍ റോഡുകള്‍, പാലങ്ങള്‍ ഒക്കെ വന്നു. വസ്തുവിന് വില കൂടി. റിയല്‍ എസ്റ്റേറ്റ് ബിസിനസ് വര്‍ദ്ധിച്ചു. ന്യായമായി നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് ജനങ്ങളില്‍ പണം എത്തുന്നതിന് പര്യാപ്തമാണ്. വികസിതരാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനു വേണ്ട സഹായങ്ങള്‍ ബാങ്കും സര്‍ക്കാരും ചെയ്തുകൊടുക്കുന്നു.
അയ്യമ്പുഴക്കാരുടെ മനസ്സില്‍ തീയാണെന്നതിന് സംശയമില്ല. നിങ്ങളുടെ വീടിനും ഭൂമിക്കും നിലവിലുള്ളതില്‍ കൂടുതല്‍ വില തരുമെന്നാണറിയുന്നത്. 600 ഏക്കര്‍ ഭൂമിയില്‍ പണിയുന്ന ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി അയ്യമ്പുഴ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റും. നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. റോഡുകളും പാലങ്ങളുമൊക്കെ ലോകോത്തരമായി മാറും.
ബിസിനസ് സ്ഥാപനങ്ങള്‍ ഗിഫ്റ്റ് സിറ്റിക്കു പുറത്തേക്കും വ്യാപിക്കും എന്നതിന് സംശയം വേണ്ടാ. വ്യവസായങ്ങള്‍ കൊണ്ട് മാത്രമേ നാടിന് വളര്‍ച്ച ഉണ്ടാകൂ. കൊച്ചി അതിനൊരു ഉദാഹരണമാണ്.
ടോക്കിയോ, സിങ്കപ്പൂര്‍, ഹോങ്കോംഗ് പോലെയുള്ള വന്പട്ടണങ്ങള്ക്കു സമാനമായ ചെറുപട്ടണമായി തന്നെ ഈ പ്രദേശങ്ങളും വളരും എന്നാണറിയാന്‍ കഴിയുന്നത്.
ഗിഫ്റ്റ് യാഥാര്‍ത്ഥ്യമാകുമെന്നതിന് സംശയം വേണ്ടാ. എന്നാല്‍ പ്രെഷര്‍ ചെലുത്തി സര്‍ക്കാരില്‍ നിന്നും പരമാവധി നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ രാഷ്ട്രീയ കക്ഷിഭേദമെന്യേ ഏവരും ശ്രമിക്കണം.
അയ്യമ്പുഴക്കാര്‍ക്കു വേണ്ടെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചാണെങ്കിലും സര്‍ക്കാര്‍ ഗിഫ്റ്റ് പണിയും. അയ്യമ്പുഴയില്‍ നിന്നും ഗിഫ്റ്റ് മാറിപ്പോയത് നഷ്ടമായിപ്പോയി എന്നു പറഞ്ഞ് പിന്നൊരിക്കല്‍ വിലപിക്കുന്ന കാലം വരും. അതുണ്ടാകരുത്.
നെടുമ്പാശ്ശേരി ഇന്ന് ലോക വ്യോമയാന മേഖലയില്‍ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. 25 വര്‍ഷം മുമ്പുണ്ടായിരുന്ന നെടുമ്പാശ്ശേരിയെ നാം ഒന്ന് ഓര്‍ത്തുനോക്കുക.
ഇടുക്കിയില്‍ വരേണ്ടിയിരുന്ന ഒരു എയര്‍പോര്‍ട്ട് ചില കളളടി രാഷ്ട്രീയക്കാര്‍ മുഖേന നഷ്ടമായതിന്റെ കഥ പറയാം.
കുമളി-മൂന്നാര്‍ പാതയുടെ സമീപമാണ് പ്രസിദ്ധമായ അണക്കര പാടശേഖരം. മുഴുവന്‍ ആളുകളും ഏലകൃഷിയിലേക്ക് തിരിഞ്ഞതോടെ പാടം തരിശായി. മണല്‍മാഫിയ രാത്രികാലങ്ങളിലും പകലുമായി യന്ത്രമുപയോഗിച്ച് മണല്‍ ഊറ്റിയെടുത്തു. ഒരുകാലത്ത് പച്ചപ്പട്ടു വിരിച്ചതു പോലെ കണ്ണെത്താദൂരത്ത് പരന്നുകിടന്ന ഹൈറേഞ്ചിലെ ഈ പാടശേഖരം കണ്‍കുളിര്‍ക്കെ കണ്ടത് ഓര്‍മ്മയിലുണ്ട്.
കുട്ടനാടും പാലക്കാടും കഴിഞ്ഞാല്‍ അണക്കര പാടങ്ങളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. പക്ഷേ ഇന്ന് ഈ പാടങ്ങള്‍ കുണ്ടും കുഴിയുമായി കിടക്കുന്നു. ഈ പാടങ്ങളിലൂടെ നടക്കാന്‍ പോലും ആകുന്നില്ല. സര്‍ക്കാര്‍ മണല്‍ മാഫിയയ്ക്ക് കടിഞ്ഞാണിട്ടപ്പോഴേക്കും ഊറ്റാവുന്ന മണല്‍ മുഴുവന്‍ തോണ്ടി എടുത്തു കഴിഞ്ഞു. ഇനി കൃഷി അസാദ്ധ്യം. പുല്ലു പിടിച്ച് വന്കുഴികളുമായി പാഴ്ഭൂമിയായി പരന്നുകിടക്കുകയാണ് അണക്കര പാടശേഖരം. ആയിരക്കണക്കിന് ഏക്കര്‍ ഉപയോഗശൂന്യമായിപ്പോയി.
ഇവിടെയാണ് തേക്കടി, മൂന്നാര്‍, മധുര, കൊച്ചി എന്നീ സ്ഥലങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ഒരു എയര്‍പോര്‍ട്ടിന് കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പ്ലാന്‍ ചെയ്തത്.
ആദര്‍ശവാദികള്‍ സമരം തുടങ്ങി. നെല്‍കൃഷി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നൊക്കെയായിരുന്നു മുദ്രാവാക്യങ്ങള്‍. സമരം സഹിക്കാനാവാതെ വന്നപ്പോള്‍ അനുബന്ധ സ്ഥാപനങ്ങള്‍ പൂട്ടി സര്‍ക്കാര്‍ സ്ഥലംവിട്ടു. 24 മണിക്കൂറും കള്ളടിച്ച് കോണ്‍ തെറ്റി നടക്കുന്ന ഖദര്‍ ഇട്ടവരും, കട്ടന്‍ചായയും പരിപ്പുവടയും മാത്രം കഴിക്കുന്ന കുട്ടിസഖാക്കളും ഇന്ന് പുറ്റടി, അണക്കര മേഖലയില്‍ ഉണ്ടോ എന്നറിഞ്ഞുകൂടാ.
പക്ഷേ പാടശേഖരം അവിടെയുണ്ട്. കുനിഞ്ഞൊരു കുപ്പയെടുക്കാത്ത, പറമ്പില്‍ പണിയെടുക്കാത്ത, കക്ഷത്തില്‍ ഡയറി തിരുകി രാവിലെ മുതല്‍ റോഡിലൂടെ തേരാപാരാ നടക്കുന്ന ഇവര്‍ക്കു പറ്റിയ സ്ഥലം കുതിരവട്ടമാണ്.
അങ്ങനെ അണക്കര പാടശേഖരത്തെ പ്രകൃതിസ്നേഹികള്‍ ‘രക്ഷിച്ചു’. നാട് സാമ്പത്തികമായി വികസിക്കുമെന്നു കണ്ട് സന്തോഷിച്ചിരുന്ന സാധാരണ ജനം ഇന്ന് ദുഃഖത്തിലാണ്.
സമരം ചെയ്യുന്ന അയ്യമ്പുഴ പ്രദേശം ഫലഭൂയിഷ്ടമായ പ്രദേശമാണ്. അണക്കര പോലെയല്ല. അതുകൊണ്ട് അവരുടെ നഷ്ടത്തിന്റെ ഇരട്ടി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.