കേരളം സമരാവേശത്തില്‍ കത്തിനില്ക്കുന്നതിന് മുഖ്യകാരണം മഞ്ഞലോഹമായ സ്വര്‍ണ്ണമാണ്. പിന്നെ ഒരു മതഗ്രന്ഥമായ ഖുറാനും.
വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചകള്‍ കേട്ടാല്‍ സന്യാസിയുടെ താടിയില്‍ നീറിന്കൂട് കയറിയതു പോലെയാണ്. താടി കൂട്ടിത്തിരുമ്മി എല്ലാറ്റിനെയും ഒന്നിച്ച് കൊല്ലാന്‍ തോന്നും.
എന്തിനാണ് സമരം ചെയ്യുന്നതെന്ന് സമരം ചെയ്യുന്നവര്‍ക്കും പിള്ളേരെ ഇളക്കി വിട്ടവര്‍ക്കും അറിയാം. പക്ഷേ ലഹരിപൂണ്ടവരെപ്പോലെയായിപ്പോയി പ്രതിപക്ഷം. ചെയ്യുന്നതെല്ലാം തലതിരിച്ചാണെന്നു മാത്രം. പത്തോ പതിനഞ്ചോ പിള്ളേര് ദിനവും ലാത്തിയുടെ ചൂടറിയുന്നത് മിച്ചം.
ജലപ്രവാഹത്തില്‍ തൊലിപോയ ശരീരഭാഗങ്ങളുമായി ഓടടാ ഓട്ടം.
സത്യത്തില്‍ രണ്ടു കാര്യങ്ങളല്ലേ മുഖ്യമായി കണ്ടെത്തേണ്ടത്. ഒന്ന് യു.എ.ഇ.യില്‍ നിന്നും ആരാണ് സ്വര്‍ണ്ണം അയച്ചുകൊണ്ടിരുന്നത്. രണ്ട്, കേരളത്തില്‍ ഇത് ആരൊക്കെയാണ് കൈപ്പറ്റിയത്.
ഇത് രണ്ടും കണ്ടെത്തിയാല്‍ ആരൊക്കെയാണ് ഇതിന്റെ പിന്നില്‍ ഉള്ളതെന്നറിയാന്‍ ഇവരെ ചോദ്യം ചെയ്താല്‍ മതിയല്ലോ.
ഇ.ഡി.യുടെ അന്വേഷണം ഗംഭീരമായി നടക്കുന്നു. എന്‍.ഐ.എ.യുടെ അന്വേഷണവും പൊടിപൊടിക്കുന്നു. ഇതിനിടയില്‍ കസ്റ്റംസും സി.ബി.ഐ.യും കള്ളക്കടത്തുകാരെ തപ്പി വേറെ വഴികളില്‍ അലയുന്നു.
ഇവിടെ ജലീല്‍ എങ്ങനെ കുറ്റവാളിയാകും? ഈ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തിയിട്ട് തങ്ങളുടെ കുറ്റപത്രത്തില്‍ പ്രതിയായി എഴുതി ചേര്‍ക്കുന്ന ആളല്ലേ കുറ്റവാളിയാകുന്നുള്ളൂ.
ജലീലിനെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ട് അദ്ദേഹത്തെ കുറ്റക്കാരനായി മേല്‍പ്പറഞ്ഞ ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ല. ഇപ്പോള്‍ അദ്ദേഹം ഒരു സാക്ഷി മാത്രമായി മാറിയിരിക്കുന്നു. അപ്പോള്‍ എന്തിനാണ് ഈ സമരം?
മന്ത്രിമാരെയോ അവരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവരെയോ ബന്ധുക്കളെയോ ആരെയും ഈ അന്വേഷണ ഏജന്‍സികള്‍ പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടില്ല. ആരോപണവിധേയര്‍ രാജി വച്ചാല്‍ രാഷ്ട്രീയം കളിക്കാന്‍ കേരളത്തില്‍ ഒരു പാര്‍ട്ടിയിലും പിന്നെ നേതാക്കള്‍ ഉണ്ടാകില്ല.
അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായി. സ്വര്‍ണ്ണക്കടത്തുമായി നേരിട്ട് ബന്ധമുള്ളവരും, അതിന് ഒത്താശ ചെയ്തവരും പ്രതികളായി. അവര്‍ ജയിലിലുമാണ്. ഇനി എന്തിനാണ് ഈ സമരം? ഈ സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ വേറെ എത്രയോ കാര്യങ്ങള്‍ കിടക്കുന്നു.
ഇരുന്നും കിടന്നും തലകുത്തി നിന്നും അന്വേഷണം നടത്തിയിട്ടും ഭരണതലത്തിലുള്ളവരില് ഒരാളെപ്പോലും പ്രതിയാക്കാന്‍ പറ്റാത്ത സ്ഥിതിക്ക് ഈ സമരത്തിന് ഇനി എന്ത് പ്രസക്തിയാണുള്ളത്? ഇനി എന്തിന്റെ പേരിലാണ് ഈ സമരം തുടരാനാവുക? നിര്‍ത്തിയാല്‍ തന്നെ അതിന് വിശദീകരണം നല്കാന് പ്രതിപക്ഷം പാടുപെടേണ്ടി വരും.
കെ.എന്‍. റസ്സല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.