1923-ല്‍ കുക്ക് സായിപ്പ് ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപിച്ചു എന്നത് ഫലിതം; ആറാട്ടുപുഴ കടവില്‍ ആദ്യ യോഗം നടക്കുമ്പോള്‍ കുക്ക് സായിപ്പ് എജിക്കാരന്‍

1923-ല്‍ കുക്ക് സായിപ്പ് ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപിച്ചു എന്നത് ഫലിതം; ആറാട്ടുപുഴ കടവില്‍ ആദ്യ യോഗം നടക്കുമ്പോള്‍ കുക്ക് സായിപ്പ് എജിക്കാരന്‍


കെ.എന്‍. റസ്സല്‍

”1923-ല്‍ പമ്പാ നദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശ:ശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്ക് ആരംഭം കുറിച്ച ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ 99 വര്‍ഷങ്ങള്‍ പിന്നിട്ട് 100-ാം വര്‍ഷത്തില്‍ പ്രവേശിക്കുകയാണ്.

‘പെന്തക്കോസ്ത് കണ്‍വന്‍ഷനുകളുടെ മുത്തശ്ശി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ ശതാബ്ദി നിറവില്‍ എത്തിനില്ക്കുന്നു. ശതാബ്ദി കണ്‍വന്‍ഷന് ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിപുലമായപരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. 2023ല്‍ ജനുവരിയില്‍ തിരുവല്ല സഭാ സ്റ്റേഡിയത്തില്‍ ശതാബ്ദി കണ്‍വന്‍ഷന് നടക്കും.” ഇങ്ങനെയായിരുന്നു ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷനോടനുബന്ധിച്ച് ഈ വര്‍ഷം പുറത്തിറക്കിയ പ്രസ്സ് റിലീസ്‌.

ചരിത്രം സത്യമായിരിക്കണം. ഒരു തുണ്ട് കടലാസില്‍ രേഖയായി എഴുതി വിടുന്നതെന്തും അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ളതു കൂടിയാണെന്ന് ചര്‍ച്ച് ഓഫ് ഗോഡിന്റെ ചുമതലക്കാര്‍ അറിഞ്ഞിരിക്കണം.

അബദ്ധ ജടിലവും കല്ലുവച്ച നുണയുമല്ലേ പത്രങ്ങള്‍ക്ക് പ്രസ് റിലീസായി എഴുതി നല്‍കിയിരിക്കുന്നത്. 1923ല്‍ ആറാട്ടുപുഴക്കടവില്‍ കണ്‍വന്‍ഷന്‍ നടന്നുവെങ്കില്‍ അത് ചര്‍ച്ച് ഓഫ് ഗോഡിന്റേതാണോ? അന്ന് കുക്ക് സായിപ്പ് ഏത് സഭയിലായിരുന്നു ? എന്നാണ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് ?

വളരെ ചെറുപ്പം മുതലേ എന്റെ സ്‌നേഹിതനാണ് ഓവര്‍സീയര്‍ സി.സി തോമസ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ ഇത് ചരിത്രത്തെ വളച്ചൊടിയ്ക്കലാണ്‌.

1913 ല്‍ കുക്ക് സായിപ്പ് ഇന്ത്യയില്‍ വരുന്നത് സ്വതന്ത്ര മിഷനറിയായിട്ടാണ്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹം കൂടുതല്‍ സമയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. സൗഭാഗ്യകരമായ ഒരു ജീവിതം അദ്ദേഹത്തിന് ലഭിച്ചില്ല.

അമേരിക്കയില്‍ നിന്നോ മറ്റു രാജ്യങ്ങളില്‍ നിന്നോ യാതൊരു സഹായവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല എന്നാണ് പരിമിതമായ ചരിത്രരേഖകളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവുന്നത്.

തദ്ദേശീയരായ ആളുകളുടെ സഹായം മാത്രമേ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളു. ഇതിനിടെ 1914-ല്‍ ആരംഭിച്ച് 1919-ല്‍ അവസാനിച്ച ഒന്നാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലമായുണ്ടായ സാമ്പത്തിക പ്രതിന്ധിയും നമ്മുടെ രാജ്യത്തെയും ബാധിച്ചു.

പട്ടിണി കിടക്കേണ്ടി വന്ന കുക്ക് സായിപ്പിന് ചെണ്ട മുറിയന്‍ കപ്പയും കാന്താരിച്ചമ്മന്തിയുമായിരുവത്രേ ലഭിച്ചിരുന്നത്. നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ അദ്ദേഹം തന്റെ ജന്മരാജ്യമായ അമേരിക്കയിലേക്ക് പോയി. വിദേശത്തെ സുവിശേഷ വേലയ്ക്കു വേണ്ടി സഹായം നല്‍കുന്ന ഏതെങ്കിലും ഒരു സംഘടനയുമായി ചേരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ യാത്രാലക്ഷ്യം. ആ ലക്ഷ്യം വിജയത്തിലെത്തിയതോടെ 1919ല്‍ അദ്ദേഹം മടങ്ങിവന്നു. മടങ്ങിവരുന്നത് അസംബ്ലീസ് ഓഫ് ഗോഡിന്റെ മിഷനറിയും മുഖ്യ ചുമതലക്കാരനുമായിട്ടാണ്.

സാജു മാത്യു എഴുതി ഗുഡ് ന്യൂസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘പെന്തക്കോസ്തു ചരിത്രം’ ചര്‍ച്ച് ഓഫ് ഗോഡിലെ വിശ്വാസികള്‍ വായിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. മുഴുവനായി വായിക്കാനാവില്ലെങ്കില്‍ ‘കുക്ക് സായിപ്പ് ഏ.ജിയില്‍ എത്ര വര്‍ഷം’ എന്ന ശീര്‍ഷകത്തില്‍ ഒരു ബോക്‌സ് ഉണ്ട്. കുറഞ്ഞ പക്ഷം അതെങ്കിലും വായിക്കണം.
1923-ല്‍ ആറാട്ടുപുഴക്കടവില്‍ കണ്‍വന്‍ഷന്‍ നടന്നുവെങ്കില്‍ അതു അസ്സംബ്‌ളീസ് ഓഫ് ഗോഡിന്റെ കണ്‍വന്‍ഷനാണ്. ഇത് ചരിത്ര സത്യമാണ്. അങ്ങനെ ഏ.ജിക്കാരനായ കുക്ക് സായിപ്പ് നടത്തിയ കണ്‍വന്‍ഷന്‍ എങ്ങനെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ ആകും. 1919 മുതല്‍ 1929 വരെ കുക്കുസായിപ്പ് ഏജി മിഷനറിയായിട്ടാണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന് ഏവര്‍ക്കും അറിവുള്ള വസ്തുതയാണ്. അക്കാലത്ത് നടന്ന കണ്‍വന്‍ഷനുകളൊന്നും ചര്‍ച്ച് ഓഫ് ഗോഡിന്റേതുമല്ല ഐപിസിയുടെതുമല്ല. ഇത് പറയുന്നതുകൊണ്ട് എന്നെ ഏജിയുടെ വക്താവായി ആരും കാണരുത്. ചരിത്ര സത്യം വായനക്കാരെ അറിയിക്കാന്‍ ഇവിടെ എഴുതിയന്നേയുള്ളു.

ഇനി മറ്റൊരു ‘തമാശ’ കൂടെ പറയാം. 1929 വരെ ഏ.ജിയിലുണ്ടായിരുന്ന കുക്ക് സായിപ്പ് 1926-ല്‍ വാങ്ങിയ മുളക്കുഴ ‘സിയോന്‍ കുന്ന്’ ഏ.ജിയുടെ പേരിലായിരുന്നുയെന്നതും ചരിത്രസത്യമാണ്. 1935-ന് ശേഷം മൂന്ന് കൈവഴികളായി സഭകള്‍ പിരിഞ്ഞു പോയപ്പോള്‍ എല്ലാവര്‍ക്കും സഭാ ആസ്ഥാനങ്ങള്‍ കരഗതമായി. അതുകൊണ്ടും സാഹോദര്യം നിലനിര്‍ത്താനുമായി അതിന്‍മേല്‍ ആരും അവകാശ വാദം ഉന്നയിക്കുന്നില്ല എന്നേയുള്ളു. അതാണ് അതിന്റെ ശരിയും.

1923-ല്‍ പരണിയം മനശ്ശെ പ്രസംഗിയാരുടെ വീട്ടില്‍ വച്ചാണ് കെ.ഇ. അബ്രഹാം അഭിഷേകം പ്രാപിക്കുന്നത്. അതുകൊണ്ട് അദ്ദേഹം ഈ കണ്‍വന്‍ഷന്‍ പങ്കെടുത്തിരുന്നോ എന്നതില്‍ സംശയമുണ്ട്. എന്നാല്‍ 1926ല്‍ ആറാട്ടുപുഴക്കടവില്‍ നടന്ന ഏ.ജി.കണ്‍വന്‍ഷനില്‍ ഇവര്‍ പങ്കെടുത്തിരുന്നതായി കാണാം.

ഈ കാലഘട്ടത്തിലൊന്നും ചര്‍ച്ച് ഓഫ് ഗോഡ് ചിത്രത്തിലില്ലേ ഇല്ല. ഇന്ത്യയിലൊട്ടു എത്തിയിട്ടുമില്ല. 1929 ല്‍ കുക്ക് സായിപ്പ് ഏ.ജി കൗണ്‍സില്‍ വിട്ട് വീണ്ടും സ്വതന്ത്രനായി. പിന്നെ പണ്ടത്തേതില്‍ കൂടുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നു. ഈ സമയത്താണ് 1935-ല്‍ ചര്‍ച്ച് ഓഫ് ഗോഡ് മിഷ്യനറിയായി അമേരിക്കയില്‍ നിന്നും റവ. ഇന്‍ ഗ്രാം ഇന്ത്യയിലെത്തുന്നത്. അമേരിക്കയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷികം പ്രമാണിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് മിഷനറിമാര്‍ പോയ കൂട്ടത്തിലാണ് ഇന്‍ ഗ്രാം ഊട്ടിയിലെത്തുന്നത്. ഏ.ജി അമേരിക്കയില്‍ സ്ഥാപിതമാകുന്നതിന് രണ്ടര പതിറ്റാണ്ടിന് മുമ്പേ 1885-ല്‍ അമേരിക്കയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപിതമായിക്കഴിഞ്ഞിരുന്നു.

വഴിമുട്ടിയ ജീവിതവുമായി നിന്ന കുക്ക് സായിപ്പ് ഊട്ടിയിലേക്ക് അതിവേഗമെത്തി. അവിടെ വച്ച് നടന്ന ചര്‍ച്ചയില്‍ വച്ച് 1935-ല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ഇന്ത്യന്‍ ഘടകം ആരംഭിക്കുകയായി. 1935-ല്‍ രജിസ്റ്റര്‍ ചെയ്താലുമില്ലെങ്കിലും ഇന്ത്യാ ദൈവസഭ കുക്ക് സായിപ്പിന്റെ നേതൃത്വത്തില്‍ അന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഇങ്ങനെയാണ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യയില്‍ ആരംഭിക്കുന്നത്.

തൊട്ടുപുറകെ 1936-ല്‍ ഐ.പി.സി യുടെ രൂപകരണവും നടന്നു. ഇതിന് മുമ്പ് കേരളത്തിലുങ്ങായിരുന്ന പഴയകാല നേതാക്കന്മാര്‍ ഏതൊക്കെ സഭകളില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് അവര്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് പറയാന്‍ പാടുപെട്ടേനെ.
പൗരോഹിത്യ സഭകള്‍ വിട്ട് ബ്രദറണ്‍ വിയോജിത പ്രസ്ഥാനത്തിലേക്ക് . കെ.ഇ. ഏബ്രഹാം ഉള്‍പ്പെടെ ചിലര്‍ ആന്‍ഡേഴ്‌സണ്‍ ചര്‍ച്ച് ഓഫ് ഗോഡിലേക്ക് പോയി. ഇന്നും ഈ പ്രസ്ഥാനം കേരളത്തില്‍ ഉണ്ട്. ദക്ഷിണേന്ത്യാ ദൈവസഭ എന്നറിയപ്പെടുന്നു. പിന്നെ മലങ്കര പെന്തക്കോസ്തുണ്ടാക്കി. ഇതിനിടെ സിലോണ്‍ പെന്തക്കോസ്ത് മിഷനിലും പലരും പ്രവര്‍ത്തിച്ചു.

ഇതിനടയില്‍ കുക്ക് സായിപ്പ്, കെ.ഇ. ഏബ്രഹാം തുടങ്ങിയവര്‍ എ.ജി.യിലും കയറിയിറങ്ങി. പിന്നെ ദക്ഷിണേന്ത്യാ പെന്തക്കോസ്തുണ്ടായി. 1935 ആയപ്പോള്‍
മൂന്ന് സഭകള്‍ക്ക് സംഘടിത ഭാവം വന്ന് അവര്‍ മൂന്ന് കൈവഴികളായി പിരിഞ്ഞുപോവുകയും വ്യക്തിത്വം നിലനിര്‍ത്തുകയും ചെയ്തു.
ഇപ്പോള്‍ ചര്‍ച്ച് ഓഫ് ഗോഡ് നടത്തുന്ന ’99-ാമത് കണ്‍വന്‍ഷനും 2023 ല്‍ ഐപിസി നടത്താന്‍ പോകുന്ന 99-ാമത് കണ്‍വന്‍ഷനും ചരിത്രത്തെ വളച്ചൊടിക്കലാണ്. പെരുംനുണ പ്രചരണമാണ്. കുക്ക് സായിപ്പ് ഭാരത പെന്തക്കോസ്തിന്റെ പൊതുസ്വത്താണ്.

ഈ കള്ളക്കണക്കിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്ന ഒരു ലേഖനം 1998ല്‍ ഗുഡ് ന്യൂസില്‍ എഴുതിയതിനാണ്‌ പെന്തക്കോസ്തല്‍ പ്രസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് ലേഖകന് കിട്ടിയതെന്ന വിവരം സന്ദര്‍ഭവശാല്‍ ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.

എന്റെ സ്‌നേഹിതന്‍ സി.സി.യ്ക്കായി ഒരു ചരിത്രവും കൂടി ഓര്‍പ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.

എല്ലാ കത്തോലിക്കാ സഭാ അച്ചന്മാരും വിശ്വാസികളും പറയുന്നത് ഇന്ത്യയില്‍ കത്തോലിക്കാ സഭ ഉണ്ടായിട്ട് 2000 വര്‍ഷം ആയെന്നാണ്. അവര്‍ പറയുകയേ ഉള്ളു. എഴുതിവിടില്ല. എന്നാല്‍ അവര്‍ എഴുതിവിടുന്ന കണക്കിന്‍ പ്രകാരം കത്തോലിക്ക സഭ ഇന്ത്യയില്‍ സ്ഥാപിതമായിട്ട് 540 വര്‍ഷമേയായുള്ളു. 1598-ലാണ് കത്തോലിക്കാസഭാ സ്ഥാപനം എന്ന പ്രധാന ലക്ഷ്യവുമായി വാസ്‌ഗോ ഡി ഗാമ കോഴിക്കോട് കപ്പലിറങ്ങുന്നത്. അവിടം മുതലുള്ള കണക്ക് കൂട്ടിയാണ് കത്തോലിക്കര്‍ 1998 ല്‍ എറണാകുളം വൈറ്റിലയില്‍ വച്ച് അവരുടെ സഭാ സ്ഥാപനത്തിന്റെ 500-ാം വാര്‍ഷികം ആഘോഷിച്ചത്. ഈ മര്യാദയെങ്കിലും പാലിക്കാന്‍ ചര്‍ച്ച് ഓഫ് ഗോഡ് നേതൃത്വം തയ്യാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!