‘സുഖപ്പെടുത്തലിന്‍റെ 33 വര്‍ഷങ്ങള്‍’; ഇന്ന് ലോക ഓസോൺ ദിനം

‘സുഖപ്പെടുത്തലിന്‍റെ 33 വര്‍ഷങ്ങള്‍’; ഇന്ന് ലോക ഓസോൺ ദിനം

സെപ്റ്റംബർ 16 ലോക ഓസോണ്‍ ദിനമാണ്. ”ജീവന് ഓസോൺ​” (Ozone for Life) എന്നതാണ് ഈ ഓസോണ്‍ ദിനത്തിന്‍റെ പ്രമേയം.  ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളി 1988ലാണ് ഈ ദിവസം ഓസോണ്‍ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്.

ഓസോണ്‍ പാളി സംരക്ഷിക്കുന്നതിനായി 1987 സെപ്തംമ്പര്‍ 16 നാണ് കാനഡ മോണ്‍ട്രിയയില്‍ ഉടമ്പടി ഒപ്പുവച്ചത്. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറയ്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ഇതിനെത്തുടര്‍ന്ന് ഈ ദിവസം ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ് .

മൂന്നു ആറ്റം ഓക്സിജന്‍(O3) ആണ് ഓസോൺ. അന്തരീക്ഷത്തിന്‍റെ മുകള്‍ത്തട്ടില്‍ ഓസോണ്‍ ഒരു സംരക്ഷണ വലയം തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടാണ് സൂര്യനില്‍ നിന്നുള്ള വിനാശകരമായ പല രശ്മികളും നേരിട്ട് ഭൂമിയില്‍ എത്താത്തത്.

അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം ധാരാളം കേന്ദ്രീകരിച്ചിരിക്കുന്നത് ഭൂപ്രതലത്തില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ്. സൂര്യ രശ്മിയിലെ ദോഷകാരികളായ അള്‍ട്രാവയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഒരു ഭൂവസ്ത്രമായി ഓസോണ്‍ പാളികളെ വിശേഷിപ്പിക്കാം.

മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. ആഗോളതാപനം മൂലം ഊഷ്മാവ് ക്രമാതീതമായി വര്‍ധിക്കുകയും അന്തരീക്ഷബാഷ്പം ഏറുകയും ചെയ്യുമ്പോള്‍ അത് അന്തരീക്ഷ മേല്‍പാളിയിലെ (സ്ട്രാറ്റോസ്ഫിയര്‍) ഓസോണിനെ അപകടത്തിലാക്കും. 

50 വർഷം മുമ്പാണ് ഓസോൺപാളിയുടെ ശോഷണം ആദ്യമായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെട്ടത്. 

ഓസോണിനെ നശിപ്പിക്കുന്ന രാസസംയുക്തമായ ക്ലോറോഫ്ലൂറോ കാർബൺ പുറന്തള്ളുന്ന ഉപകരണങ്ങളിലൊന്നാണ് എയർ കണ്ടീഷനർ. പരിസ്ഥിതിക്ക് ദോഷം തട്ടുന്ന പഴയ എയർകണ്ടീഷനറുകൾ പൂർണമായി ഒഴിവാക്കി അത്യന്താധുനിക എയർകണ്ടീഷനറുകൾ എല്ലാ രാജ്യങ്ങളും ഉൽപ്പാദിക്കാൻ തുടങ്ങി. ഓസോണിനെ നാശത്തിലേക്ക് നയിക്കുന്ന രാസവസ്‍തുക്കളുടെ ഉപയോഗം കുറക്കാനുള്ള നടപടികള്‍ രാജ്യങ്ങളെല്ലാം കൈക്കൊണ്ടു.

1987 -ല്‍ ആഗോളതലത്തില്‍ത്തന്നെ 1.8 ദശലക്ഷം ടണ്‍ ആയിരുന്ന രാസവസ്‍തുക്കളുടെ ഉത്പാദനം 2012 ആയപ്പോഴേക്കും 45000 ടണ്‍ ആയി കുറഞ്ഞതും ഇതിന്‍റെ ഭാഗമായിട്ടായിരിക്കാം. അതിനെ പിന്തുടര്‍ന്ന് തന്നെയാണ് ഓസോണിലെ ദ്വാരങ്ങള്‍ ചുരുങ്ങുന്നു എന്ന സന്തോഷവാര്‍ത്ത നമുക്ക് മുന്നിലേക്ക് എത്തുന്നതും.

2060 ആകുമ്പോഴേക്കും ഓസോണ്‍ പാളി 1980ന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!