ജാതിക്കോമരങ്ങള്‍ അഴിഞ്ഞാടുന്ന വട്ടവട !

ജാതിക്കോമരങ്ങള്‍ അഴിഞ്ഞാടുന്ന വട്ടവട !

സാബു തൊട്ടിപ്പറമ്പിൽ.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പറഞ്ഞ് കേട്ട കഥകള്‍! ജാതിയുടെ പേരില്‍ മനുഷ്യനെ വേട്ടയാടപ്പെട്ടത് ചരിത്രം.
പുരോഗമന ചിന്താഗതിക്കാരും നവോത്ഥാന പ്രസ്ഥാനങ്ങളും ജാതീയ കാട്ടാളത്വത്തിനെതിരെ യുദ്ധം ചെയ്ത് സ്വാതന്ത്രത്തിന്റെ ശുദ്ധവായു നേടിയെടുത്ത ധീരന്‍മാരുടെ നാട്. സ്വാതന്ത്രാനന്തരം കേരളത്തില്‍ ഭരണ മികവ് തെളിയിച്ച കക്ഷിരാഷ്ട്രീയഭേദമന്യേയുള്ള ഭരണാധികാരികള്‍.

തൂത്തെറിയപ്പെട്ട ജാതിവ്യവസ്ഥകള്‍ മണ്‍മറഞ്ഞ ചരിത്രമാണെങ്കിലും തങ്കത്തിളക്കത്തിന്‍മേല്‍ ക്ലാവു പിടിച്ചതുപോലെ കേരളത്തിന്റെ മണ്ണില്‍ ജാതിയുടെ പേരില്‍ ഇപ്പോഴും വിവേചനം അരങ്ങ്‌വാഴുന്നു. കേരളത്തില്‍ ദളിതന് ഇന്നും കുമ്പിളില്‍ കഞ്ഞി. ഇതു വായിക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും.

എന്നാല്‍ ഇന്നും ദളിതന് അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയിരിക്കുന്ന ഗ്രാമം ഉണ്ട് ഈ കേരളത്തില്‍. സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളില്‍ എന്നും ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തിന് ആകമാനം മാനക്കേടുണ്ടാക്കുന്ന വാര്‍ത്ത വെളിയില്‍ വന്നിരിക്കുന്നത് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ നിന്ന് 42 കിലോമീറ്റര്‍ വടക്ക് മാറി ഇടുക്കി ജില്ലയില്‍ ദേവികുളം താലുക്കില്‍പ്പെട്ട വട്ടവട എന്ന തമിഴ് മഹാഭൂരിപക്ഷമുള്ള ഗ്രാമപ്രദേശത്ത് നിന്നുമാണ്.

ഈ കഴിഞ്ഞ ദിവസം ചക്ലിയ വിഭാഗക്കാരനായ ആള്‍ മുടിവെട്ടുന്നതിനായി ബാര്‍ബര്‍ഷോപ്പില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. മുടി വെട്ടാന്‍ കടക്കാരന്‍ അരമനസ്സ് കാണിച്ചാലും ഇവിടുത്തെ ഉയര്‍ന്ന ജാതിക്കോമരങ്ങള്‍ അതിനെതിരെ ഉറഞ്ഞ് തുള്ളും. അത്രകണ്ട് ദുഷിച്ച കീഴ്‌വഴക്കം വട്ടവടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

മനുഷ്യന്‍ ഉണ്ടാക്കിയ ജാതിയുടെ പേരില്‍ വേലിക്കെട്ടുകള്‍ തീര്‍ത്ത് പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത രീതിയിലുള്ള കിരാതവാഴ്ചയാണ് ഇപ്പോഴും തുടരുന്നത്. ഇത്തരം ജാതിമേല്‍ക്കോയ്മ കാണിക്കുന്ന പൊതുസമൂഹത്തിന് അപമാനം വരുത്തിവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണം. വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമരാജിന്റെ വാക്കുകള്‍ പോലെ ഇത് കേരളത്തിലാണ് നടക്കുന്നത് എന്നുള്ളത് അപമാനകരമാണ്.

1761-1782 കാലഘട്ടത്തില്‍ ടിപ്പു സുല്‍ത്താന്റെ പിതാവ് ഹൈദരലി സുല്‍ത്താന്‍ മധുരയില്‍ പടയോട്ടം നടത്തിയപ്പോള്‍ ഭയന്നോടിയ പതിമൂന്ന് കുടുംബക്കാര്‍ വട്ടവട എന്ന പ്രദേശത്ത് കുടിയേറുകയായിരുന്നു. അന്ന് ആ പ്രദേശം പൂഞ്ഞാര്‍ രാജവംശത്തിന്റെ കീഴിലായിരുന്നു.

വിവരം അറിഞ്ഞ രാജാവ് കുടിയേറിയവര്‍ പാവങ്ങളാണെന്നറിഞ്ഞ് കൃഷി കാര്യങ്ങളൊക്കെ ചെയ്യാന്‍ അനുമതി നല്‍കുകയും, അതിര്‍ത്തി പ്രദേശമായ ഇവിടം സംരക്ഷിച്ചു കൊള്ളണമെന്നും അവിടെ താമസിക്കുന്നവര്‍ കപ്പം കെട്ടണമെന്ന് ഉത്തരവിടുകയും ചെയ്തു.
എന്തെങ്കിലും വിഷയം ഉണ്ടായാല്‍ അത് അറിയിക്കണമെന്നും ഈ കുടിയേറ്റക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാജവ്യവസ്ഥകള്‍ ഈ കുടിയേറ്റക്കാര്‍ അംഗീകരിച്ചു. ഈ പതിമൂന്ന് കുടുംബക്കാരില്‍ ‘ഉയര്‍ന്ന’, ‘താഴ്ന്ന’ ജാതിക്കാരുമുണ്ടായിരുന്നു. ജാതി അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും പദവികളും രാജാവ് നല്‍കി. അന്നു മുതല്‍ തന്നെ വട്ടവട എന്ന ഗ്രാമത്തില്‍ ജാതിവ്യവസ്ഥ നിലനിന്നു പോരുന്നു. ആ തലമുറയുടെ പിന്‍തുടര്‍ച്ചാവകാശികളാണ് ഇന്നും അനാചാരങ്ങള്‍ കൊണ്ട് നടക്കുന്നത്.

ക്യാരറ്റ് വിളവെടുപ്പ്‌

എസ്.ടി വിഭാഗത്തില്‍പ്പെട്ട ജാതിക്കാരാണ് ചക്ലിയ വിഭാഗം. ഇവരുടെ തൊഴിലാവട്ടെ തോട്ടിപ്പണി ആയിരുന്നു.
ഉയര്‍ന്ന ജാതിയില്‍പ്പെട്ട തേവര്‍, ചെട്ടിയാര്‍ വിഭാഗക്കാരുടെ വീട്ടുപരിസരം വൃത്തിയാക്കുകയായിരുന്നു ഇവരുടെ ജോലി. അക്കാലങ്ങളില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ നല്‍കുന്ന ഭക്ഷണമായിരുന്നു ഇവരുടെ ആശ്രയം. കാപ്പിയും മറ്റും ഇവര്‍ക്ക് കുടിയ്ക്കുവാന്‍ കൊടുക്കുന്നത് ചിരട്ടയിലായിരുന്നു.

പിന്നീട് ഈ ‘താഴ്ന്ന’ ജാതിക്കാര്‍ കൃഷിപ്പണിയും മറ്റ് ജോലികളും ചെയ്തു തുടങ്ങി. എന്നാലും ചില ദുരന്തങ്ങള്‍ ഇവരെ വിട്ടുമാറിയിരുന്നില്ല. പൊതുവേയുള്ള ചായക്കടയില്‍പോലും താഴ്ന്ന ജാതിക്കാര്‍ക്ക് ചായ നല്‍കുവാന്‍ പ്രത്യേകം ഗ്ലാസ്സ് ഉണ്ടായിരുന്നു. ഈ ഇരട്ട ഗ്ലാസ്സ് സമ്പ്രദായം 1990 കാലഘട്ടം വരെയും നിലനിന്നിരുന്നു.

ഇന്ന് പഞ്ചായത്ത് പ്രസിഡന്റായ രാമരാജിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തെ തുടര്‍ന്ന് ചായക്കടയിലെ ഇരട്ടഗ്ലാസ്സ് സമ്പ്രദായം തൊണ്ണൂറുകളില്‍ അവസാനിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ അന്നും തുടര്‍ന്നുവന്ന ഒരു ദുരാചാരമായിരുന്നു മുടിവെട്ടിലെ വിവേചനം.

വട്ടവടയില്‍ ആകെ രണ്ട് ബാര്‍ബര്‍ഷോപ്പുകളാണ് ഉണ്ടായിരുന്നത്. ഇവിടങ്ങളില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്കേ മുടിവെട്ടുവാന്‍ കഴിയുമായിരുന്നുള്ളു. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ 42 കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നാറില്‍ എത്തിയാണ് മുടി വെട്ടിയിരുന്നത്.

ഈ ജാതി വിവേചനത്തിന്റെ വേര് ജനങ്ങളിലേയ്ക്ക് എത്ര ആഴത്തില്‍ വേരൂന്നിയിരുന്നുവെന്ന് കേവലം ഇരുപത് വര്‍ഷം പിന്നില്‍ വട്ടവടയില്‍ നടന്ന ഒരു സംഭവം മതി. രണ്ടായിരത്തില്‍ നടന്ന തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ഭരണം എല്‍.ഡി.എഫ്-ന് കിട്ടി. ചക്ലിയ വിഭാഗത്തില്‍പ്പെട്ട ഒരു വനിത കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വാര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്ത് കമ്മറ്റിയുടെ ആദ്യ യോഗത്തില്‍ ഈ മെമ്പര്‍ കസേരയിലിരിക്കാന്‍ തയ്യാറായില്ല. ആരൊക്കെ പറഞ്ഞിട്ടും അവര്‍ അതിന് കൂട്ടാക്കിയില്ല. യോഗ്യമാം വിധം മെമ്പര്‍ ഇടപെട്ടില്ലെങ്കില്‍ കമ്മറ്റി ചേരേണ്ടതില്ലെന്ന് ഭരണപക്ഷവും നിലപാടെടുത്തു. രാവിലെ 11 ന് ആരംഭിക്കേണ്ട കമ്മറ്റി വൈകിട്ട് 5 മണിയ്ക്കാണ് കൂടാന്‍ കഴിഞ്ഞത്. ഈ സമയം അത്രയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഇവര്‍ക്ക് ബോധവല്‍ക്കരണം നടത്തുകയായിരുന്നു:

”നിങ്ങള്‍ തമ്പ്രാക്കന്‍മാരാണ്. നിങ്ങള്‍ക്ക് തുല്യമായ രീതിയില്‍ ഞാന്‍ സീറ്റില്‍ ഇരുന്നാല്‍ അത് എനിക്കും എന്റെ കുടുംബത്തിനും ദൈവകോപത്തിന് ഇടവരുത്തും!” എന്ന വിചിത്രമായ കാര്യമാണ് ജനപ്രതിനിധിയായി വിജയിച്ചു വന്ന ഒരു വനിതയായ ഇവര്‍ പറഞ്ഞത്.

വട്ടവടയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട് ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും ഈ ജാതി വിവേചനം വളരെ ഗുരുതരമായ നിലയില്‍ നിലനില്‍ക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളായ ക്ലാവര, പൂണ്ടി, തോളൂര്, മണ്ണമന്നൂര് എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ താഴ്ന്ന ജാതിക്കാര്‍ പ്രവേശിച്ചാല്‍ കാലില്‍ ചെരുപ്പിടാനോ, തുവര്‍ത്ത് തലയില്‍കെട്ടാനോ, ഉടുമുണ്ട് മടക്കിക്കുത്താനോ ഇപ്പോഴും അനുവാദമില്ല.

തമിഴ് വംശജര്‍ മഹാപൂരിപക്ഷമുള്ള വട്ടവടയില്‍ അയല്‍ ഗ്രാമത്തില്‍ വംശീയ വേര്‍തിരിവിന്റെ ഒരു സ്വാധീനം കടന്നുകൂടിയിട്ടുണ്ട് . ഇപ്പോഴും വട്ടവടയില്‍ മുടിവെട്ടുന്നതിന് മാത്രമല്ല വിവേചനം. ഉയര്‍ന്ന ജാതിക്കാരുടെ വീടുകളില്‍ പണിയെടുക്കുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് വീടിനുള്ളില്‍ പ്രവേശനമില്ല. ഇപ്പോഴും ഇവര്‍ക്ക് കുടിയ്ക്കാന്‍ കൊടുക്കാന്‍ വേറേ ഗ്ലാസുണ്ട്. ഈ സാമൂഹിക തിന്‍മ ഈ കാലഘട്ടത്തിലാണെന്നുള്ളതാണ് ഏറെ ഖേദകരം.

വട്ടവട പഞ്ചായത്ത് പ്രസിഡൻറ് രാമരാജ്.

കാലാകാലങ്ങളായി നടക്കുന്ന ഈ ജാതീയ വേര്‍തിരിവ് ഒറ്റയടിയ്ക്ക് മാറ്റുവാന്‍ പ്രയാസമാണെന്നും എല്ലാ വിഭാഗക്കാരേയും വിളിച്ചു വരുത്തി അവര്‍ക്കാവശ്യമായ ബോധവല്‍ക്കരണത്തിലൂടെ ഇതിനൊരു പരിഹാരം കണ്ടെത്തുവാന്‍ കഴിയുകയുള്ളു എന്നും വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമരാജ് സി.സി ന്യൂസിനോട് പറഞ്ഞു. താഴ്ന്ന ജാതിയില്‍പ്പെട്ട എഴുപത് ശതമാനം ആളുകളും ഉയര്‍ന്ന ജാതിയില്‍പ്പെട്ട അന്‍പത് ശതമാനം ആളുകളും ഇത് കാലഹരണപ്പെട്ട ജാതിവ്യവസ്ഥയാണെന്നും ജനങ്ങളെല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന അഭിപ്രായക്കാരുമാണ്.

67.81 ചതുരശ്ര കിലോമീറ്ററാണ് വട്ടവട പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. പതിമൂന്ന് വാര്‍ഡുകളിലായി പന്തീരായിരത്തോളം ജനങ്ങള്‍ ഇവിടെ താമസിക്കുന്നു. പഞ്ചായത്ത് രേഖകളില്‍ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുള്ളത് കേവലം നാല് മലയാളി കുടുംബങ്ങള്‍ മാത്രമാണ്.

ഇക്കഴിഞ്ഞ ദിവസം വട്ടവടയില്‍ ബാര്‍ബര്‍ഷോപ്പില്‍ മുടി വെട്ടാന്‍ താഴ്ന്ന ജാതിക്കാരന്‍ എത്തിയതോടെ പ്രശ്‌നങ്ങളുണ്ടായി. ഇത് മാധ്യമവാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തും. അയിത്തം കല്‍പ്പിച്ച വട്ടവടയിലെ രണ്ട് ബാര്‍ബര്‍ഷോപ്പുകളും പഞ്ചായത്ത് അടപ്പിച്ചു. ബദല്‍ സംവിധാനമായി വട്ടവടയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘പൊതുബാര്‍ബര്‍ഷോപ്പ്’ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഉത്ഘാടനം ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ നിര്‍വഹിച്ചു.

പുതിയ പൊതു ബാര്‍ബര്‍ഷോപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!