രക്ഷാനിർണ്ണയം പ്രാപിച്ചവർ ആത്മഹത്യ ചെയ്താൽ സ്വർഗ്ഗത്തിൽ കാണുമോ?

രക്ഷാനിർണ്ണയം പ്രാപിച്ചവർ ആത്മഹത്യ ചെയ്താൽ സ്വർഗ്ഗത്തിൽ കാണുമോ?


വര്‍ഗീസ് ചാക്കോ
johnygilead@gmail.com

കേരളത്തിൽ കഴിഞ്ഞ മൂന്നു നാലു വർഷത്തെ കണക്കനുസരിച്ച് വർഷത്തിൽ ശരാശരി 8000 -9000 പേർ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇന്ത്യൻ മതങ്ങൾക്കിടയിൽ ഇക്കാര്യത്തെ സംബന്ധിച്ച് നടത്തുന്ന താരതമ്യ പഠനത്തിൽ മുന്നിൽ നിൽക്കുന്നത് ക്രൈസ്തവരാണ് എന്നതും ഞെട്ടിപ്പിക്കുന്ന കണക്കാണ്. ആത്മഹത്യ ചെയ്യുന്നതിൽ ക്രൈസ്തവർ 17 ശതമാനത്തിലധികമാണെങ്കിൽ ഹൈന്ദവരുടെ ദേശീയ ശരാശരി 10 ശതമാനമാണ്. മുസ്ലിങ്ങളും സിക്കുകാരും 7 ശതമാനം മാത്രം. മലയാളികളും ക്രൈസ്തവരുമാണ് ആത്മഹത്യയിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നതെന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് കണക്കുകൾ രേഖപ്പെടുത്തിയത്.

പെന്തെക്കോസ്തു സഭയിൽ അടുത്തിടെ വരെ ആത്മഹത്യ എന്നത് കേട്ടു കേൾവി പോലും ഇല്ലാത്ത കാര്യമായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാസ്റ്റർമാരുടെ ഉൾപ്പടെ പല ആത്മഹത്യകൾ നടന്നിരിക്കുന്നു!

ആത്മഹത്യ എന്നത് മരണം സ്വയം നടപ്പാക്കുന്ന പ്രക്രിയയാണ് എന്നു നമുക്ക് അറിയാം. പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ മനുഷ്യൻ ആരെയും ആശ്രയിക്കാതെ സ്വയം ഇല്ലാതായി പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണ് ആത്മഹത്യയിലൂടെ ചെയ്യുന്നത്. ദുരഭിമാനം നിമിത്തമുള്ള ആത്മഹത്യകളും ഒത്തിരി നടക്കുന്നുണ്ട്.

ക്രൈസ്തവ വീക്ഷണം അനുസരിച്ച് വിലയിരുത്തുമ്പോൾ ആത്മഹത്യ ചെയ്യുന്നത് തെറ്റു തന്നെയാണ്. സംശയമില്ല. ദൈവം നൽകിയ ജീവൻ ഇല്ലാതാക്കാൻ മനുഷ്യന് അധികാരമില്ല, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത് തെറ്റാണ്,
ആത്മഹത്യ ചെയ്യുന്നവരുടെ ദൈവത്തിലുള്ള വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നു തുടങ്ങിയുള്ള ഒത്തിരി കാരണങ്ങൾ നിരത്തി ആത്മഹത്യ ബൈബിൾ വിരുദ്ധമാണെന്നും പാപമാണെന്നും നമുക്ക് നിസ്സംശയം വിലയിരുത്താം.

അപ്പോൾത്തന്നെ, ആത്മഹത്യയെക്കാൾ മഹാ പാതകം എന്നു കരുതാവുന്ന
പല തെറ്റുകൾ ചെയ്യുന്നവരും സഹ ജീവിയോട് ലവലേശം കരുണ കാണിക്കാത്തവരും കൊലപാതക തുല്യമായ തെറ്റുകൾ ഉൾപ്പടെ ചെയ്യുന്ന
എന്തിനേറെ, സ്വന്തം പ്രവൃത്തികളിലൂടെ മറ്റുള്ളവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു കൊണ്ട് ഒന്നുമറിയാത്തതു പോലെ .മുന്നോട്ടു പോകുന്ന പല സോ കോൾഡ് പ്രമുഖരും സ്വർഗ്ഗം പ്രതീക്ഷിച്ചുകൊണ്ട് ഇവിടെ ജീവിക്കുന്നുണ്ട് എന്നതും വിസ്മരിക്കുന്നില്ല. മരിക്കുമ്പോൾ മേൽപ്പറഞ്ഞവർക്ക് നല്ല സംസ്കാരം നൽകുന്നതു കൂടാതെ സ്മരണ ദിനങ്ങൾ ഉൾപ്പടെ വേർതിരിക്കുകയും ചെയ്യുന്നു.

എന്നാൽ, താരതമ്യേന മേൽപ്പറഞ്ഞവരെക്കാൾ മാന്യമായി ജീവിച്ചവരും പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരികയും ചെയ്തവർ സ്വർഗ്ഗത്തിൽ പോകില്ല എന്നു നമ്മൾ തീർത്തു പറയുകയും ചെയ്യുന്നു.

ആത്‍മഹത്യാ പ്രവണതകളെ ഒരു തരത്തിലും ലേഖകൻ ന്യായീകരിക്കുന്നില്ല. അതേസമയം, ആത്‍മഹത്യ ചെയ്യുന്നവർ സ്വർഗ്ഗത്തിൽ കാണുമോ എന്ന ചോദ്യം വേദ പഠിതാക്കൾക്ക് മുന്നിൽ ലേഖകൻ വയ്ക്കുകയാണ്. അടുത്ത ലക്കത്തിൽ ക്രൈസ്തവ ചിന്തയിലൂടെയോ അല്ലെങ്കിൽ മറ്റെതെങ്കിലും മാധ്യമത്തിലൂടെയോ വേദ പഠിതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കുമെന്നു കരുതുന്നു.

ലേഖകന്റെ നിരീക്ഷണമനുസരിച്ച് ഒരാൾ ആത്മഹത്യ ചെയ്യുന്നതിനു പിന്നിലെ കാരണങ്ങൾ താഴെ ചേർക്കുന്നു.

 1. ജീവിതത്തെ പക്വതയോടെ, ഗൗരവമായി നോക്കി കാണാൻ തക്കവണ്ണം പാകത എത്തിയിട്ടില്ലാത്തവർ. പ്രേമനൈരാശ്യത്തിലും മറ്റും ആത്മഹത്യ ചെയ്യുന്നവരെ ഈ ഗണത്തിൽ ഉൾപ്പെടുത്താം.
 2. സ്വാഭാവിക പ്രശ്നങ്ങളെപ്പോലും പരിഹരിക്കാനുള്ള മാനസിക വളർച്ച എത്തിയിട്ടില്ലാത്തവരോ മാനസികമായി ഡിപ്രഷൻ പോലുള്ള രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരോ ആയവർ.
 3. സമൂഹം ജീവിക്കാൻ അനുവദിക്കാത്തതു മൂലം. ഉദാഹരണം: കടക്കെണിയിൽപ്പെട്ടിട്ട് കടം നല്കിയവരോട് വാക്കു പാലിക്കാൻ കഴിയാത്തത് മൂലം നേരിടേണ്ടിവരുന്ന വാക്കു തർക്കങ്ങൾ, അതുണ്ടാക്കുന്ന അഭിമാന പ്രശ്നങ്ങൾ ആത്മഹത്യയ്ക്ക് വഴി തെളിയിക്കുന്നുണ്ടാകാം.
 4. ഏതെങ്കിലും രോഗാവസ്ഥയിൽ മറ്റൊരാളിൽ നിന്ന് രക്തം സ്വീകരിക്കേണ്ടി വന്നവർ തങ്ങളുടേതല്ലാത്ത കാരണത്താൽ എയ്ഡ്സ് പോലുള്ള രോഗങ്ങൾക്ക് അടിമപ്പെട്ടാൽ സമൂഹം അവരെ വെറുതെ വിടില്ല.
  കാരണം അറിയാതെ ക്രൂരമായി വിമർശിക്കുന്ന സമൂഹത്തിൽ നിന്ന് രക്ഷപ്പെടാൻ ആത്മഹത്യ ഒരു രക്ഷപ്പെടലായി ചിന്തിക്കുന്നവർ ഉണ്ട്.
 5. പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളിൽ
  ദുരഭിമാനം മൂലം ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നവരും ഉണ്ട്.
 6. കുടുംബ കലഹങ്ങളുടെ പരിണിത ഫലമായും ആത്മഹത്യകൾ നടക്കുന്നുണ്ട്. വീട്ടമ്മമാരുടെ ആത്മഹത്യകളും മറ്റും ഉദാഹരണങ്ങളാണ്. മേൽപ്പറഞ്ഞ വിധം മുന്നോട്ടു പോകാൻ കഴിയാത്ത വിധമുള്ള അസഹനീയ പ്രതിസന്ധികളാണ് ഒരാളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നത്. അല്ലെങ്കിൽ മാനസിക വൈകല്യമാണ്. അതുമല്ലെങ്കിൽ പക്വത ഇല്ലായ്മയാണ്.

കാര്യം ഇതൊക്കെയാണെങ്കിലും ഇന്നലെകളിൽ പെന്തെക്കോസ്തു സഭയെ മേൽപ്പറഞ്ഞ കാരണങ്ങൾ ഒന്നും സ്വാധീനിച്ചിരുന്നില്ല. ഏതു വിഷയത്തെയും പ്രാർത്ഥനയിലും ഉപവാസത്തിലും വചന ധ്യാനത്തിലും ധൈര്യ പൂർവ്വം നേരിട്ട സഭയ്ക്ക്, പാസ്റ്റർമാർക്ക് ഇന്ന് എന്തു സംഭവിച്ചു? പെന്തെക്കോസ്തു സഭയിൽ ആത്മഹത്യകൾ വർധിക്കുന്നതിന്റെ കാരണം അറിയണം! ഒരു വിശ്വാസിക്ക് അല്ലെങ്കിൽ ശുശ്രൂഷകന് അതിജീവിക്കാൻ സാധിക്കാത്ത എന്തു പ്രശ്നമാണ് അവർ അനുഭവിച്ചത്? ഇവയൊക്കെ വിലയിരുത്തപ്പെടണം. അനിവാര്യമായ ഇടപെടലുകളും പരിഹാരവും ഉണ്ടാകണം.

അടുത്തിടെ ഒരു പെന്തെക്കോസ്തു വിശ്വാസി ആത്മഹത്യ ചെയ്‌തു. സംസ്കാര ശുശ്രൂഷ നിർവ്വഹിക്കാൻ വന്ന പാസ്റ്റർമാർ അനുശോചന വാക്കുകളുടെ കൂട്ടത്തിൽ പ്രീയ വിശ്വാസിയെ നിത്യതയിൽ (സ്വർഗ്ഗത്തിൽ) കാണാം എന്ന പ്രത്യാശ വാക്കുകൾ പറയുന്നതു കേൾക്കാൻ ഇടയായി. ഇവിടെ ലേഖകന്റെ ചോദ്യം- പെന്തെക്കോസ്തുകാർ ആത്മഹത്യയെ എങ്ങനെ നോക്കി കാണുന്നു എന്നതാണ്?
ഒപ്പം ആത്മഹത്യകൾ നമുക്കിടയിൽ വർധിക്കുന്നതിന്റെ കാരണം കണ്ടെത്തി പ്രതിവിധിയ്ക്ക് സഭയെ പ്രേരിപ്പിക്കുകയുമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

 • ഇത്തരം അനുഭവങ്ങളിൽ കൂടി കടന്നുപോയി ഒടുവിൽ പ്രശ്ന പരിഹാരം കാണാതെ മരണം തെരഞ്ഞെടുക്കുന്നവരോട് ദൈവം ക്ഷമിക്കില്ലേ?
 • തന്റേതല്ലാത്ത കാരണത്താൽ എയ്ഡ്‌സ് പോലുള്ള മാരക രോഗം പിടിപെട്ടവരോ അല്ലെങ്കിൽ സമൂഹം ഒട്ടും അംഗീകരിക്കാത്തതിന്റെ വേദന പേറുന്നവരോ അപക്വത മൂലമോ അറിവില്ലായ്‌മ മൂലമോ മാനസിക പ്രശ്‌നം മൂലമോ ആത്മഹത്യ ചെയ്തവർ സ്വർഗ്ഗത്തിലുണ്ടാവുമോ? അതോ അവർ നിത്യനരകത്തിൽ തള്ളപ്പെടുമോ?
 • ഈ വിഷയത്തിൽ ക്രിസ്‌തീയ കാഴ്‌ചപ്പാടനുസരിച്ചുള്ള ഒരു മറുപടി വേദപഠിതാക്കളിൽ നിന്നും വായനക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നു.

താഴെക്കാണുന്ന വാട്ട്‌സാപ്പ്‌ നമ്പറുകളിൽ നിങ്ങളുടെ അഭിപ്രായങ്ങൾ
ഫോട്ടോ , പേര്, സ്ഥലം എന്നിവ സഹിതം ഹൃസ്വമായി ടൈപ്പ് ചെയ്ത്
അയയ്ക്കുക. അവ പ്രസിദ്ധീകരിക്കുന്നതാണ്.
9446816953, 94465 71642, 98462 71741

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!