സി.പി.എം ആദ്യം എല്ലാം തല്ലിപ്പൊട്ടിക്കും; പിന്നെ വാരിക്കൂട്ടും; അവസാനം ഇരുന്ന് മോങ്ങും

സി.പി.എം ആദ്യം എല്ലാം തല്ലിപ്പൊട്ടിക്കും; പിന്നെ വാരിക്കൂട്ടും; അവസാനം ഇരുന്ന് മോങ്ങും

കെ.എന്‍.റസ്സല്‍
(ചീഫ് എഡിറ്റര്‍, ക്രൈസ്തവചിന്ത)

കംപ്യൂട്ടര്‍ വന്നപ്പോള്‍ എല്ലാം തല്ലിപ്പൊട്ടിച്ചു. തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ് സി.പി.എം യുവാക്കളെ ആവേശം കൊള്ളിച്ച് തെരുവിലിറക്കി ‘യുദ്ധം ചെയ്യിച്ചു’. ഇന്ന് സഖാക്കളുടെ പെട്ടിയില്‍ ലാപ്‌ടോപ്പും ഒരു കയ്യില്‍ ഐ-പോടും മറുകയ്യില്‍ ഐ-ഫോണുമാണ്. കാളവണ്ടി യുഗത്തില്‍ നിന്നും നാം മാറണമെന്ന് പല വിവരമുളള രാഷ്ട്രീയ നേതാക്കളും വിളിച്ചുപറഞ്ഞു.

കംപ്യൂട്ടര്‍ വന്നാല്‍ തൊഴിലവസരങ്ങള്‍ കൂടും അതുകൊണ്ട് സമരം അവസാനിപ്പിക്കണമെന്ന് ദീര്‍ഘവീക്ഷണമുള്ള ഭരണതന്ത്രജ്ഞന്മാര്‍ കേണപേക്ഷിച്ചു. ആരു കേള്‍ക്കാന്‍… ഒക്കെ ‘തല്ലി പൊട്ടിച്ചു’. എല്ലാം നശിപ്പിച്ചിട്ട് അവസാനം ‘കുമ്പസാരം’ നടത്തി തലയൂരും. അണികളെയും അനുഭാവികളെയും സുഖിപ്പിക്കാന്‍ അവസാനം ഒരു ഡയലോഗ് പാര്‍ട്ടി അടിച്ചുവിടും. ‘ഞങ്ങള്‍ തെറ്റു തിരുത്തിയല്ലോ’. അതോടെ ‘പാപമോചനം കരഗതമാകും’.

ഇത് തന്നെയാണ് കൊയ്ത്ത് യന്ത്രത്തോടും ചെയ്തത്. യുവാക്കള്‍ തൊഴില്‍ തേടി വിദേശങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ പാടങ്ങളില്‍ പണിയെടുക്കാനും കൊയ്യാനും ആളില്ലാതെയായി. അതോടെ ആരോ ഒരു കൊയ്ത്തുയന്ത്രം കൊണ്ടുവന്നു. പിന്നത്തെ പുകിലുകള്‍ ഇന്നത്തെ യവ്വനം പിന്നിട്ട് നില്‍ക്കുന്ന പഴയ യുവാക്കള്‍ക്ക് ഓര്‍മ്മയുണ്ടാവും. യന്ത്രങ്ങളെ പാടത്തിറക്കിയില്ല. കൊയ്യാന്‍ തൊഴിലാളികളെ കിട്ടാതായതോടെ പടങ്ങളില്‍ തന്നെ നെല്ലു നശിച്ചു. ഈ സമരം ചെയ്ത സഖാക്കള്‍ കറ്റ കൊയ്ത് കൊടുത്താല്‍ മതിയായിരുന്നല്ലോ? അപ്പോള്‍ പിന്നെ ആരാണ് സമരം ചെയ്തത്. ഒന്നാമത് ആധുനിക കൃഷി സംവിധാനത്തോട്. രണ്ടാമത് അന്ന് ഭരണം നടത്തിയിരുന്നവരോട്. യന്ത്രങ്ങള്‍ വന്നാല്‍ പണിപോകും എന്ന് പറഞ്ഞ് പാവങ്ങളെക്കൊണ്ട് ‘ചുട് ചോറ് വാരിച്ച്’ രാഷ്ട്രീയം കളിക്കുകയാണ് അന്നും ഇന്നും സി.പി.എം. ചെയ്യിക്കുന്നത്.

നെടുംമ്പാശ്ശേരി എയര്‍ പോര്‍ട്ടിനോടും ഇത് തന്നെയല്ലെ ചെയ്തത്. വിമാനത്താവളത്തിനെതിരെ സമരം ചെയ്ത സഖാവ് ശര്‍മ്മ പിന്നെ മന്ത്രിയായപ്പോള്‍ സ്റ്റേറ്റ് കാറില്‍ നിന്നിറങ്ങി സിയാലിന്റെ ബോര്‍ഡ് മീറ്റിംഗിന് കക്ഷത്തില്‍ കയറ്റിവച്ച ഫയലുമായി ഓഫീസിലേക്ക് കയറിപ്പോകുന്നത് കണ്ട ഒരു നിര്‍ഭാഗ്യവാനാണ് ഈ കുറിപ്പെഴുതുന്നത്. സിയാലിന്റെ വളര്‍ച്ച ഇന്ന് വിവരിക്കാനാവാത്തവിധമാണ്. പതിനായിരങ്ങള്‍ക്ക് ഇന്നീ സ്ഥാപനം തൊഴില്‍ ദാതാവാണ്. കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായ ശ്രീ.കെ.കരുണാകരനെ ഉള്ളുകൊണ്ട് നമിക്കുന്നു.

നെല്‍കൃഷിച്ചെലവ് താങ്ങാനാവാതെ പണ പിടിച്ച് കുറെ തെങ്ങ് നട്ടു കര്‍ഷകര്‍. ഇളനീര്‍ ചുരത്തുന്ന കേരളത്തിന്റ ‘അമൃതവാഹിനിയെ’ ദയയില്ലാതെ വെട്ടിത്താഴെയിട്ടു. കേരളത്തിന്റെ ‘കേരസന്തതികളെ’ തലങ്ങും വിലങ്ങും വെട്ടി അരിഞ്ഞു വീഴ്ത്തി. പ്രകൃതി സംരക്ഷണം എന്ന പേരില്‍ തണല്‍ വീശി നിന്ന കേരവൃക്ഷങ്ങളെ വെട്ടി നുറുക്കിത്താഴെയിട്ടപ്പോള്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാകും. പതിനായിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങള്‍ പാഴ്ഭൂമിയായി കിടക്കുമ്പോഴായിരുന്നു കുട്ടി സഖാക്കളുടെ ഈ സംഹാര നൃത്തം. ഇന്നും കൃഷി ചെയ്യാനാവാതെ കിടക്കുന്ന പതിനായിരക്കണക്കിന് ഏക്കര്‍ പാഴ്‌നിലം കേരളത്തിലുണ്ട്. അമിതമായ കൃഷി ചെലവാണ് ഇതിന് പ്രാധാന കാരണം. കൊയ്യാറാകുമ്പോള്‍ ഉണ്ടാകുന്ന പെരുമഴയും കൃഷിയെ നഷ്ടത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് വരമ്പത്തു നട്ടുവളര്‍ത്തിയ അരുമയായ തെങ്ങിന്‍ തൈകളെ അരിഞ്ഞു വീഴ്ത്തിയത്. തെറ്റ് തിരുത്തലും പശ്ചാത്താപവും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.

മന്‍മോഹന്‍ സിംഗിന്റെ ഉദാര-സ്വകാര്യ-ആഗോളവല്‍ക്കരണ നയങ്ങളെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ത്തു. ‘അമേരിക്കയ്ക്ക് വേണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കളിക്കുന്നു’ എന്നായിരുന്നു അക്കാലത്തെ സി.പി.എം ആരോപണം. അമേരിക്കയ്ക്ക് സി.പി.എം ചില അപരനാമങ്ങളും ചാര്‍ത്തിക്കൊടുത്തു. ആഗോള ഭീകരന്‍, ലോക പോലീസ്, സാമ്രാജ്യത്വശക്തി, മുതലാളിത്തരാഷ്ട്രം. പക്ഷേ ഒരു മനുഷ്യജീവന് അല്‍പം തുടിപ്പ് മാത്രമേ ബാക്കിയുള്ളൂയെങ്കിലും അവനെ രക്ഷപ്പെടുത്താന്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്ന രാജ്യമാണ് ‘ഈ ഭീകരരാഷ്ട്രം’. ഇപ്പോള്‍ ചികിത്സയും മക്കളുടെ പഠനവുമൊക്കെ പടിഞ്ഞാറന്‍ രാജ്യങ്ങളിലായതുകൊണ്ട് നാം രക്ഷപെട്ടു. അതോടെ ശങ്കരാടിയുടെ’ ക്ലാസിക്കലും, റാഡിക്കലും, അന്തര്‍ധാരയുമൊന്നും കേള്‍ക്കാതായി. പി.രാജീവ് മന്ത്രിയായതോടെയാണ് അതിന് ഇത്തിരി ശമനം വന്നത്. അമേരിക്കയുമായി’ ശാരീരികമായി ചങ്ങാത്തത്തിലായതോടെ അവരെപ്പറ്റി മോശമായി ഇപ്പോള്‍ ഒന്നും പറയാറില്ലെന്നത് ഏക ആശ്വാസം. അമേരിക്കയെ പരാമര്‍ശിക്കാത്ത പാര്‍ട്ടി സമ്മേളനങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ഇപ്രാവശ്യത്തെ എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ അമേരിക്കയെ ‘ചീത്ത വിളിച്ചോ’ എന്നറിയില്ല. ‘ലോക ഭീകരര്‍ക്കെതിരെ’ ഒന്നും പറഞ്ഞില്ലെങ്കില്‍ അതും പാര്‍ട്ടിയുടെ ഒരു വീണ്ടുവിചാരമായി കണക്കാക്കാം.

മുഖ്യമന്ത്രിയായി ഏ.കെ. ആന്റണി ഭരിക്കുന്ന കാലത്താണ് സ്വയാശ്രയ കോളജുകള്‍ അദ്ദേഹം അനുവദിച്ചതും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വന്‍ സമരങ്ങള്‍ നടന്നതും. സമരങ്ങള്‍ എന്ന് പറഞ്ഞാല്‍ രക്തരൂക്ഷിത സമരങ്ങളായിരുന്നു അത്. 1995 ല്‍ ഏ.കെ ആന്റണി കൊണ്ടുവന്ന സ്വാശ്രയ കോളജുകള്‍ കാരണം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന കോടികളുടെ ഒഴുക്ക് കാര്യമായി കുറഞ്ഞു. കുട്ടികള്‍ക്ക് ഇവിടെ ഉന്നത വിദ്യാഭ്യാസം സിദ്ധിക്കാനവസരമായി. സമരം കൊണ്ട് കേരളത്തെ സി.പി.എം ‘കത്തിച്ചു’ കളഞ്ഞു.

ശരിയായ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി തയ്യാറാക്കാത്തതു കൊണ്ട് ചില പാളിച്ചകള്‍ സംഭവിച്ചിരുന്നു. ഇന്നിപ്പോള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ സംവിധാനം വിപുലമാക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

കാലത്തിന്റെ മാറ്റങ്ങള്‍ കണ്ടറിയാന്‍ കഴിയാത്ത കുണ്ടില്‍ തവളകളാണ് പണ്ടുമുതലേ സി.പി.എം നേതാക്കള്‍. അടുത്തിടെ കുറെ നേതാക്കള്‍ പാശ്ചാത്യ രാജ്യങ്ങളുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ വികസനങ്ങള്‍ കണ്ടറിഞ്ഞതോടെയാണ് അല്‍പം ബോധോദയം ഇവര്‍ക്ക് ഉണ്ടായത്. നല്ലൊരു ശതമാനം നേതാക്കന്മാരുടെ മക്കളും യൂറോപ്യന്‍ രാജ്യങ്ങളിലാണ്. ആ വഴിക്കും അല്‍പം വിവരം ഇവര്‍ക്കുണ്ടായി.

1967 ലെ സപ്തകക്ഷി ഭരണകാലത്ത് വ്യവസായ മന്ത്രി റ്റി.വി. തോമസ് ജപ്പാനില്‍ പോയി കേരളത്തില്‍ തോഷിബാ കമ്പനിയുടെ മൂലധന നിക്ഷേപത്തിന് കറാറുണ്ടാക്കി. അവസാനം മന്ത്രി ഇ.എം.എസ് പറഞ്ഞത് മുതലാളിത്ത രാഷ്ട്രത്തിന്റെ നിക്ഷേപം വേണ്ടെന്നാണ്. എന്നാല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി ഇതേ കമ്പനിയുമായി കരാറുണ്ടാക്കി എന്നതാണ് രസകരം.എന്തൊരു വിരോധാഭാസം.

ഓരോ മിനിറ്റിലും ലോകം മാറിക്കൊണ്ടിരിക്കയാണ്. ഈ മാറ്റം എന്തേ പാര്‍ട്ടി തിരിച്ചറിയുന്നില്ല. ആദ്യം എല്ലാം തല്ലിത്തകര്‍ക്കും. പിന്നെ അതെല്ലാം വാരിക്കൂട്ടും. എന്നിട്ട് തെറ്റ് ഏറ്റുപറയും. ആ ഏറ്റുപറച്ചിലും അണി കളെ കൂടെനിര്‍ത്താനുള്ള ഒരു തട്ടിപ്പാണെന്ന് ആരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!