ഗ്രന്ഥപരിചയം: ‘സിക്ലാഗില്‍ സഭ കൂടിയപ്പോള്‍’ മികവുറ്റ ധ്യാനചിന്തകള്‍

ഗ്രന്ഥപരിചയം: ‘സിക്ലാഗില്‍ സഭ കൂടിയപ്പോള്‍’ മികവുറ്റ ധ്യാനചിന്തകള്‍

റവ. ഡോ.കെ.ജെ മാത്യു, പുനലൂർ

ആശയസമ്പുഷ്ടവും ചിന്തോദ്ദീപകവുമായ 21 ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ‘സിക്ലാഗിൽ സഭ കൂടിയപ്പോൾ’ എന്ന ഈ പുസ്തകം.

മലയാള മനോരമ പ്രസിദ്ധീകരണ വിഭാഗത്തിൽ ജേർണലിസ്റ്റായിരുന്ന ശ്രീ. പി.എസ്. ഫിലിപ്പിന്റെ ഈ രചന, വാസനയുടെയും വായനയുടെയും സമുജ്ജ്വല സമന്വയമാണെന്ന് പറയാം. മൗലികമായ ചില ആശയങ്ങൾ വേറിട്ട ശൈലിയിൽ അനായാസ വായനയ്ക്ക് ഉതകുംവിധം ഇവിടെ ലളിതമായി ആവിഷ്‌കരിച്ചിരിക്കുന്നു.

വേദപുസ്തക ധാർമ്മികതയും സാന്മാർഗികതയുമാണ് ഇതിലെ ഓരോ അക്ഷരത്തിന്റെയും ജീവ സ്പന്ദനം. വിമർശനം മനഃപൂർവ്വം ഒഴിവാക്കുമ്പോൾ തന്നെ നമ്മുടെ ഇടയിലെ മൂല്യച്യുതികളെയും ജീർണ്ണതകളെയും ഭംഗ്യന്തരേണ പറഞ്ഞുവെച്ചിട്ടുമുണ്ട്. തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന ആത്മീയതയ്ക്ക് സ്ഥലകാലസീമകൾ ഇല്ല, ജനപദഭേദമില്ല, ജനിതക മാറ്റവുമില്ല.

ലേഖനങ്ങളുടെ ശീർഷകങ്ങൾ വായനക്കാരെ ഹഠാദാകർഷിക്കുന്നതാണ്. സിക്ലാഗിൽ സഭ കൂടിയപ്പോൾ, നായ്ക്കൾ കൈമാറിയ സന്ദേശം, തുരങ്കങ്ങളുടെ തുടർ കഥകൾ, അഗതികളെ അറിയാത്ത അരചൻ, ജൂനിയറിനെ വലച്ച സീനിയർ എന്നിങ്ങനെ പോകുന്നു രസകരമായ തലക്കെട്ടുകൾ.

ഈ പുസ്തകത്തിലെ നാലു ലേഖനങ്ങൾ ഒഴികെ ബാക്കിയെല്ലാം തന്നെ പഴയനിയമത്തെ അവലംബിച്ചു കൊണ്ടുള്ള എഴുത്തുകൾ ആണെന്നത് ശ്രദ്ധേയമാണ്.പഴയ നിയമ വ്യാഖ്യാനവും പ്രസംഗവും കുറേയധികം ആളുകളെ അലോസരപ്പെടുത്തുന്ന ഇക്കാലത്ത് ഈ പുസ്തകത്തിനകത്തുള്ള മികവുറ്റ ധ്യാനചിന്തകൾ മേൽപ്പറഞ്ഞ ചിന്താക്കുഴപ്പം ഉള്ളവർക്ക് ഒരു തിരുത്തലാകും എന്നതിൽ രണ്ടു പക്ഷമില്ല. ചരിത്രം, ഭൂമിശാസ്ത്രം, സാംസ്‌കാരിക പൈതൃകം, പശ്ചാത്തലം എന്നിവയെ അധികരിച്ച്, തന്റെ വായനക്കാർക്കുവേണ്ടി വേദഭാഗങ്ങളുടെ ഒരു ത്രിമാനചിത്രം ഒരുക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്.

പഴയനിയമ കഥാപാത്രങ്ങളായ യിത്രോ, ഓർപ്പാ, ഏലി എന്നിവരിൽ നന്മയുടെ കിരണങ്ങൾ കാണുവാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. പരമ്പരാഗത ചിന്താഗതികളിൽ നിന്നുള്ള ഈ മാറ്റം പുതിയ തലമുറയിലെ എഴുത്തുകാർക്ക് പ്രചോദനമാവും.
ദാവീദിന്റെ ആരാധനാത്വര, ബർസില്ലായിയുടെ ധന തത്വശാസ്ത്രം, ഫറവോന്റെ ജിജ്ഞാസ, പടനായകൻമാരെ അമ്പരപ്പിച്ച പ്രവചനം, മോശയ്ക്കു വീണു കിട്ടിയ അവസരം, ജയത്തിന്റെ യുദ്ധതന്ത്രം തുടങ്ങി, ഗൗരവതരമായ ചിന്തയ്ക്ക് മുൻപ് വിഷയീഭവിക്കാത്ത സംഗതികളെ സൂക്ഷ്മമായി വിശകലനം ചെയ്തു അനുവാചകരെ ഒരു പുതിയ ചിന്താ സരണിയിലെത്തിക്കുകയാണ് ഗ്രന്ഥകാരൻ.

വേദപുസ്തക കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഹൃദയഹാരിയായി വരച്ചുകാട്ടുന്നതിനൊപ്പം വചന സത്യങ്ങളിലേക്കുള്ള വർത്തമാനകാല സഭയുടെ അനിവാര്യമായ ഒരു മടക്കവും എഴുത്തുകാരൻ താലോലിക്കുന്ന ഒരു സ്വപ്‌നമാണ്. ആരാധനയുടെ പ്രാമുഖ്യം വ്യക്തമാക്കുമ്പോൾ തന്നെ അന്യാരാധനയുടെ ആപൽക്കരമായ അതിപ്രസരവും സൂചിപ്പിക്കുന്നുണ്ട്. കാലമെത്രകഴിഞ്ഞാലും ദൈവികപ്രവചനങ്ങൾ കൃത്യമായി നിവൃത്തിയാകുമെന്ന് തെളിയിക്കുകയും പ്രവചന ശുശ്രൂഷാസംബന്ധിയായി ഇന്നുള്ള കനത്ത വെല്ലുവിളികളെക്കുറിച്ച് നമ്മെ ബോധവാൻമാരാക്കുകയും ചെയ്യുന്നു.

സമൃദ്ധിയുടെ സുവിശേഷത്തെ കണിശതയോടെ നിഷേധിക്കുമ്പോൾ തന്നെ കഷ്ടനഷ്ടങ്ങൾ സഹിച്ച് ദൈവത്തെ മാനിക്കുവാൻ തയ്യാറായവർക്ക് ഭൗതിക അനുഗ്രഹങ്ങൾ ഉണ്ടാകുമെന്നും സമർത്ഥിക്കുന്നു. എന്നാൽ അത് എപ്പോഴും ദൈവത്തിന്റെ അളവിൽ ആയിരിക്കും. സത്യവും പഥ്യവും ആയ വചനം പങ്കുവെക്കുവാനും സുവിശേഷത്തിന്റെ സജീവ സാക്ഷികളാകുവാനും ഇതിൽ ശക്തമായ ആഹ്വാനം ഉണ്ട്. യേശുവിലൂടെ മാത്രം സിദ്ധിക്കുന്ന ആത്മരക്ഷയുടെ അനുരഞ്ജനം ഇല്ലാത്ത സന്ദേശം ഉള്ളടക്കത്തിന് മാറ്റുകൂട്ടുന്നുണ്ട്.

എന്നെ വ്യക്തിപരമായി ഏറെ സ്വാധീനിച്ചത് എഴു ത്തുകാരന്റെ മുഖമൊഴിയാണെന്ന് പറയാതെവയ്യ. ഉഭയസമ്മതത്തിന്റെ ഉണ്മയും പാരസ്പര്യത്തിന്റെ ഊഷ്മളതയും പ്രാർത്ഥനയുടെ കരുത്തും, അനിവാര്യമായ വേർപെടലിന്റെ അവസാന വിനാഴികവരെയും ഒരു നിധിപോലെ കാത്തുസൂക്ഷിച്ച മാതൃകാ ദമ്പതിമാരാണ് ബ്രദർ ഫിലിപ്പും സിസ്റ്റർ ഡയ്‌സിയും.

ജോലിത്തിരക്കുകൾ മാറ്റിവെച്ച്, ചേർത്തുപിടിച്ച് അടുത്തിരുന്ന് ശുശ്രൂഷിക്കുവാൻ തയ്യാറായ പ്രിയപ്പെട്ടവന്റെ സ്‌നേഹ സാന്ത്വന നിറവിൽ, ഒന്നിച്ചുള്ള പതിവ് പ്രാർത്ഥനയ്‌ക്കൊടുവിൽ, ഒരു സുഖസുഷുപ്തിയിൽ അമർന്ന്, സാവധാനം തിരശീലക്കപ്പുറത്തേക്കു മറയുകയായിരുന്നു സഹോദരി ഡയ്‌സി. കുമളിക്കടുത്ത് അണക്കരയിൽ ഒരു വേദപരിശീലനകേന്ദ്രം ആ ദമ്പതികളുടെ സ്വപ്‌നമായിരുന്നു. സംവിധാനങ്ങളെല്ലാം പൂർത്തിയായി എന്ന ചാരിതാർഥ്യത്തിലാണ് സഹോദരി കടന്നുപോയിട്ടുള്ളത് എന്ന് നമുക്ക് അശ്വസിക്കാം.

എന്റെ സ്‌നേഹിതൻ ബ്രദർ പി.എസ്. ഫിലിപ്പിന്റെ അനുഗ്രഹീത തൂലികയിൽ നിന്ന് പുറത്തുവന്ന, ഏറെ വ്യത്യസ്തകൾ പുലർത്തുന്ന ഈ ലേഖനസമാഹാരം ദൈവനാമ മഹത്വത്തിനായി മാന്യ അനുവാചകസമക്ഷം സസന്തോഷം അവതരിപ്പിക്കുന്നു.

Copies in India:
Cochin Books, Christhavachintha,
Okkal P. O, Chelamattom,

Ernakulam -683 550, Kerala

Copies in USA:
Podimannil Samuel Philip,
14431 Hartshill Drive, Houston, Texas-77044, USA
Email: itisanewguidance@gmail.com

പൊടിമണ്ണിൽ ശാമുവൽ ഫിലിപ്പ്
ഹ്യൂസ്റ്റൺ
(ഗ്രന്ഥകർത്താവ്)ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!