വോട്ട് വേട്ടയും ആത്മീയതയും

വോട്ട് വേട്ടയും ആത്മീയതയും

ആത്മീയ ഗോളത്തില്‍ ക്രിസ്തീയ സഭകളില്‍ ആത്മീയതയ്ക്കു നല്‍കേണ്ട പ്രാധാന്യം നല്‍കാതെ മാനുഷിക വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിന്റെ പ്രഥമഫലമാണ് ഇന്ന് സഭാതലങ്ങളില്‍ കാണുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ.

തികച്ചും വചന വിപരീതമായ രീതിയിലുള്ള തിരഞ്ഞെടുപ്പ് രീതികള്‍ അവലംബിക്കുമ്പോള്‍ നാം ക്രിസ്തീയ മൂല്യങ്ങളും അപ്പോസ്തലിക മാതൃകയും പാടെ മറക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്തില്‍ ജനാധിപത്യ സംസ്‌കാരം തീര്‍ച്ചയായും അനുവര്‍ത്തിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. അടുത്ത ചില കാലഘട്ടങ്ങളിലായി മുഖ്യധാരാ സുവിശേഷ വിഹിത സഭകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ആത്മികമായ കാഴ്ചപ്പാടുകള്‍ക്ക് യോജിച്ചതാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പാനല്‍ രൂപീകരിച്ച് വോട്ടുകള്‍ ശേഖരിക്കുന്ന രീതി ഒരിക്കലും വേദപുസ്തകാടിസ്ഥാനമല്ല.

എന്തിനാണ് ചേരിതിരിഞ്ഞുള്ള മത്സരം? സഭയുടെ ഭരണ സംവിധാനത്തിന് തസ്തികകള്‍ ഉത്തരവാദിത്വസ്ഥാനങ്ങള്‍ ആവശ്യമാണ്. സഭയുടെ നിയമാവലി പ്രകാരം അതിനു യോഗ്യരായവരെ തിരഞ്ഞെടുക്കുവാനുള്ള അവകാശം സഭാജനങ്ങളില്‍ നിക്ഷിപ്തവുമാണ്. യോഗ്യരായവരെ തിരഞ്ഞെടുക്കുവാന്‍ ജനങ്ങള്‍ സഭാപ്രതിനിധികള്‍ കൂടി വരുമ്പോള്‍ മത്സരത്തിന്റെ ചൂടും അന്തരീക്ഷവും ഒരിക്കലും ആത്മീയമല്ല. പ്രത്യുത യോഗ്യരായവരെ തിരഞ്ഞെടുക്കുവാന്‍ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി പ്രാര്‍ത്ഥന ഉയരുന്ന ഒരു ആത്മിയ അന്തരീക്ഷം ആവശ്യമായിരിക്കുന്നു.

ചേരിതിരിഞ്ഞുള്ള വോട്ടു വേട്ട അവസാനിപ്പിച്ച ശേഷം മത്സരിക്കുന്നവര്‍ തങ്ങളെ എല്ലാ സഭാ ജനങ്ങള്‍ക്കും പരിചയപ്പെടുത്തുവാനും അവര്‍ കഴിഞ്ഞ കാലങ്ങളില്‍ സഭയ്ക്കായി പ്രവര്‍ത്തിച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും ആയി ഒരു വിവരണ കുറിപ്പു സഭകള്‍ക്ക് എത്തിക്കുന്നത് നല്ലതാണ്. എന്നാല്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ ദുഷിക്കുകയോ ചെയ്യുന്നത് ഒഴിവാക്കി തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുവാന്‍ ഉത്സാഹിക്കണം.
തിരഞ്ഞെടുപ്പിനു മുമ്പായി എല്ലാ സഭകളും പ്രത്യേകം സഭയുടെ ആത്മിയ മുന്നേറ്റത്തിനും വളര്‍ച്ചയ്ക്കും സഹായമാകുന്ന സാരഥികളെ തിരഞ്ഞെടുക്കുവാന്‍ ആയി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ച് ആത്മീയ കാഴ്ചപ്പാടു പ്രാപിച്ച് സഭയുടെ തീരുമാനപ്രകാരം വോട്ടുകള്‍ പ്രതിനിധികള്‍ രേഖപ്പെടുത്തണം. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും പരസ്യങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് സഭയുടെ സ്വകാര്യ വിഷയമാണ്.

ചേരിതിരിവുകളെ പ്രോല്‍സാഹിപ്പിക്കാതെ ദൈവഹിതത്തിന് പരിപൂര്‍ണ്ണമായി സമര്‍പ്പിച്ച ഒരു സമിതിയെ ദൈവത്താല്‍ നിയോഗിക്കപ്പെടേണ്ടതിന് സഭയും പ്രവര്‍ത്തകരും ആഗ്രഹിക്കുമ്പോള്‍ മാത്രമെ ദൈവഹിതം വെളിപ്പെടുകയുള്ളൂ. വോട്ടു വേട്ട അവസാനിപ്പിച്ചു ദൈവിക നിയോഗപ്രകാരമുള്ള വ്യക്തികളെ തിരഞ്ഞെടുക്കുവാന്‍ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി പ്രാര്‍ത്ഥിക്കാം.പി.എം. വറുഗീസ്,
ചെന്നൈ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!