സുഭാഷ്ചന്ദ്രബോസ് ഇന്ത്യയുടെ വീരപുത്രന്‍ (തുടര്‍ച്ച)

സുഭാഷ്ചന്ദ്രബോസ് ഇന്ത്യയുടെ വീരപുത്രന്‍ (തുടര്‍ച്ച)


ഡോ. ഓമന റസ്സൽ
(സീനിയർ അക്കാദമിക് ഫെലോ –
ഐ.സി.എച്ച് ആർ ഡൽഹി)

1944 ജനുവരിയില്‍ ബര്‍മ്മയിലെത്തിയ നേതാജി ഐ.എന്‍.എ., ലീഗ്, താല്‍ക്കാലിക ഗവണ്മെന്റ് എന്നിവയുടെ ആസ്ഥാനം സിങ്കപ്പൂരില്‍ നിന്നും റംഗൂണിലേക്കു മാറ്റി. ബര്‍മ്മയെ സൈനികപ്രവര്‍ത്തനങ്ങളുടെ ശക്തികേന്ദ്രമാക്കി മാറ്റുന്നതില്‍ നേതാജി സര്‍വ്വശ്രദ്ധയും കേന്ദ്രീകരിച്ചു. സ്വാതന്ത്ര്യസമരത്തിനു വേണ്ടി സര്‍വ്വവും ത്യജിക്കാനുള്ള നേതാജിയുടെ ആഹ്വാനത്തെ ഹര്‍ഷാരവത്തോടെയാണ് റംഗൂണിലെ ഇന്ത്യക്കാര്‍ കൈക്കൊണ്ടത്.

ഗവണ്‍മെന്റിന്റെയും ഐ.എന്‍.എ.യുടെയും വിപുലപ്പെടുത്തലിനു ശേഷം ഫെബ്രുവരി 4-ന് ഐ.എന്‍.എ. ബ്രിട്ടീഷുകാരെ ആക്രമിച്ചു തുടങ്ങി. ഐ.എന്‍.എ. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്കു കടന്ന അവിസ്മരണീയ ദിനമായിരുന്നു മാര്‍ച്ച് 18. യുദ്ധം മൂര്‍ച്ഛിച്ചതോടെ ഇന്ത്യ-ബര്‍മ്മ അതിര്‍ത്തിയില്‍ ഇംഫാല്‍ സമതലങ്ങളിലും കൊഹിമയിലുമുള്‍പ്പെടെ എട്ടു സമരമുഖങ്ങളില്‍ ഐ.എന്‍.എ. പൊരുതി. ഒരു ഐ.എന്‍.എ. വിഭാഗം ഇന്ത്യക്കുള്ളിലെ മണിപ്പൂരിലെ മൊയ്‌രംഗില്‍ ഏപ്രില്‍ 14-ന് ഇന്ത്യയുടെ ദേശീയ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി. ഐ.എന്‍.എ.യും ജാപ്പനീസ് സൈന്യവും ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുന്ന നിമിഷം മുതല്‍ വിമോചിത പ്രദേശങ്ങളുടെ സര്‍വ്വാധികാരം ആസാദ് ഹിന്ദ് താല്‍ക്കാലിക ഗവണ്‍മെന്റിനായിരിക്കുമെന്ന് ആദ്യംമുതല്‍ക്കേ നേതാജി വ്യക്തമാക്കിയിരുന്നു.

ഇതിനുവേണ്ടി ബോസ് കറന്‍സിനോട്ടുകള്‍ അടിപ്പിക്കുകയും തപാല്‍മുദ്രകള്‍ തയ്യാറാക്കുകയും ചെയ്തു. ഐ.എന്‍.എ. പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക ചുമതല വഹിക്കാന്‍ ആസാദ് ഹിന്ദ് ദേശീയബാങ്ക് 1944 ഏപ്രില്‍ 5-ന് നേതാജി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എ.യുടെ വനിതാ വിംഗായിരുന്ന ത്ധാന്‍സിറാണി റെജിമെന്റിന്റെ ചുമതല ക്യാപ്റ്റന്‍ ലക്ഷ്മിക്കായിരുന്നു. പുരുഷന്മാരോടൊപ്പം നാടിന്റെ സ്വാതന്ത്ര്യത്തിനായി പടവെട്ടാന്‍ സ്ത്രീകളും തയ്യാറായി. ഒമ്പതു വയസ്സിനുമേല്‍ പ്രായമുള്ള ബാലികാബാലന്മാര്‍ക്ക് സൈനികപരിശീലനം നല്‍കി.
സൈനികപ്രവര്‍ത്തനത്തിനു പുറമെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ മോചിതയായാലുടന്‍ ഇന്ത്യയിലേര്‍പ്പെടുത്തേണ്ട സിവിലിയന്‍ ഭരണത്തിന്റെ വിശദാംശങ്ങള്‍ പോലും അദ്ദേഹം തയ്യാറാക്കിയിരുന്നു.

എന്നാല്‍ വിധിവൈപരീത്യമെന്നു പറയട്ടെ, കൊഹിമയും ഇംഫാലും പിടിച്ചെടുക്കാനുള്ള ഐ.എന്‍.എ.യുടെ ശ്രമം മഴയും രോഗവും ശത്രുപ്രതിരോധവും നിമിത്തം പരാജയപ്പെടുകയാണുണ്ടായത്. പതിനൊന്നു ദിവസം വെറും പുല്ല് മാത്രം തിന്നുകൊണ്ട് ബര്‍മ്മ മുന്നണിയില്‍ ഐ.എന്‍.എ. യുദ്ധം ചെയ്തു. യുദ്ധപരാജയത്തെത്തുടര്‍ന്ന് നേതാജി ശത്രുവിന് പിടികൊടുക്കരുതെന്നും, വേണ്ടിവന്നാല്‍ ജപ്പാനിലേക്കു നീങ്ങണമെന്നും താല്‍ക്കാലിക മന്ത്രിസഭ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. എന്നാല്‍ വിശ്വസ്തനായ നേതാജി ആഗ്രഹിച്ചത് റംഗൂണില്‍ തങ്ങി സ്വന്തം ഭടന്മാരുടെ വിധിയില്‍ ഭാഗഭാക്കാകാനാണ്. ഒടുവില്‍ റംഗൂണില്‍ നിന്നകലെ എവിടെയെങ്കിലും സ്വതന്ത്രനായിരുന്നെങ്കില്‍ മാത്രമേ യുദ്ധം തുടരാനാകൂ എന്ന സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങി. മനസ്സില്ലാമനസ്സോടെ, 21 ദിവസത്തെ കഠിനമായ യാത്രയ്‌ക്കൊടുവില്‍ 1945 മെയ് 14-ന് നേതാജിയും സംഘവും ബാങ്കോക്കിലെത്തി.

ബ്രിട്ടന്‍ നേതൃത്വം നല്‍കിയിരുന്ന സഖ്യകക്ഷികള്‍ക്ക് ജപ്പാന്‍ കീഴടങ്ങിയതിനെത്തുടര്‍ന്ന് 1945 ഓഗസ്റ്റ് 12-ന് നേതാജി സിംഗപ്പൂരിലെത്തി. 16-ാം തീയതി ഒരു ജപ്പാന്‍ ബോംബര്‍ വിമാനത്തില്‍ നേതാജിയും കേണല്‍ ഹബീബുല്‍ റഹ്മാനും കേണല്‍ പ്രീതം സിംഗും എസ്.എ. അയ്യരും ‘അജ്ഞാതഭാവിയിലേക്ക് ഒരു സാഹസിക സംരംഭം’ എന്നു നേതാജി വിശേഷിപ്പിച്ച യാത്ര ആരംഭിച്ചു. അന്നുച്ചതിരിഞ്ഞ് ബാങ്കോക്കിലിറങ്ങി. 17-ാം തീയതി പ്രിയപ്പെട്ടവരോടെല്ലാം വിടചൊല്ലി ബാങ്കോക്കില്‍ നിന്നും വിമാനത്തില്‍ സെയ്‌ഗോണി (തെയ്‌വാന്‍)ലെത്തി. സെയ്‌ഗോണില്‍ നിന്നുള്ള യാത്ര അദ്ദേഹത്തിന്റെ അന്ത്യയാത്രയായിരുന്നു. ഒരു ജാപ്പനീസ് ബോംബര്‍ വിമാനത്തിലായിരുന്നു നേതാജിയുടെ യാത്ര. സെയ്‌ഗോണ്‍ വിട്ടതിന്റെ പിറ്റേദിവസം ഫോര്‍മോസയില്‍ ഒരു വിമാനാപകടത്തില്‍ നേതാജി മരിച്ചെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പിന്നെ ലോകം ശ്രവിച്ചത്. എന്നാല്‍ നേതാജിയുടെ മരണവാര്‍ത്ത വിശ്വസിക്കാന്‍ പലരും തയ്യാറായില്ല. നേതാജി എവിടെ എന്ന ചോദ്യം ഉത്തരം കിട്ടാത്ത ചോദ്യമായും വിവാദവിഷയമായും ഇന്നും അവശേഷിക്കുന്നു.

ബാങ്കോക്കില്‍ നിന്നും 1945 ഏപ്രില്‍ 16-ന് നേതാജി യാത്ര തിരിച്ച സാഹചര്യങ്ങളും വിമാനാപകടത്തില്‍പ്പെട്ട് അദ്ദേഹം മരണമടഞ്ഞെന്ന് പറയപ്പെടുന്നതും തത്സംബന്ധമായ മറ്റുകാര്യങ്ങളും അന്വേഷിച്ച് ഇന്ത്യാ ഗവണ്മെന്റിന് റിപ്പോര്‍ട്ടു നല്‍കാന്‍ 1956-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍നെഹ്‌റു ഗവണ്‍മെന്റ് ഒരു ഔദ്യോഗികസമിതിയെ നിയമിച്ചു. മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍, നേതാജിയുടെ മൂത്തസഹോദരന്‍ സുരേഷ് ചന്ദ്രബോസ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ ചീഫ് കമ്മീഷണര്‍ എസ്.എന്‍. മൈത്ര ഐ.സി.എസ്. എന്നിവരായിരുന്നു കമ്മിറ്റിയംഗങ്ങള്‍.

കല്‍ക്കത്ത, ഡല്‍ഹി, ബാങ്കോക്ക്, സെയ്‌ഗോണ്‍, ടോക്കിയോ എന്നിവിടങ്ങളില്‍ വെച്ച് സമിതി 67 പേരില്‍ നിന്ന് തെളിവെടുത്തു. ”നേതാജി വിമാനാപകടത്തില്‍ മരിച്ചെന്നും, ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ഭൗതികാവശിഷ്ടങ്ങള്‍ നേതാജിയുടേതാണെന്നുമുള്ള നിഗമനത്തില്‍ ഷാനവാസും മൈത്രയും യോജിച്ചു. എന്നാല്‍ സുരേഷ് ചന്ദ്രബോസ് ഇതിനോട് വിയോജിക്കുകയാണുണ്ടായത്. നേതാജി കുടുംബത്തിലെ മറ്റു ചില അംഗങ്ങളും 1945 ആഗസ്റ്റ് 18-ന് നേതാജി മരിച്ചിട്ടില്ലെന്നും, ടോക്കിയോയിലുള്ള ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റേതല്ലെന്നും വിശ്വസിക്കുന്നു. ഭൗതികാവശിഷ്ടം ഇന്ത്യന്‍ മണ്ണിലെത്തിക്കണമെന്നും, സമുചിതമായ ഒരു സ്മാരകം പണിയണമെന്നും ജനറല്‍ ഷാനവാസും മൈത്രയും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ബോസ് കുടുംബത്തിന്റെ എതിര്‍പ്പ് കാരണം ഇന്ത്യാ ഗവണ്‍മെന്റ് അത് ചെയ്തില്ല.

1970-ല്‍ വീണ്ടും ഒരേകാംഗ കമ്മീഷനെ നിയമിച്ചു. പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച ജി.ഡി. ഖോസ്ലയെ. തെയ്‌വാനും ജപ്പാനും സന്ദര്‍ശിച്ച് വിമാനാപകടത്തില്‍ സാക്ഷികളായുണ്ടായിരുന്നവരില്‍ നിന്നടക്കം തെളിവെടുത്ത് നേതാജി മരിച്ചുവെന്നും, ടോക്കിയോയിലെ ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റേതാണെന്നുമുള്ള നിഗമനത്തില്‍ത്തന്നെ എത്തുകയും ചെയ്തു.

ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്താന്‍ ആയുധശക്തി തന്നെ പ്രയോഗിക്കണമെന്നും, ആയുധശക്തി ഇന്ത്യയ്ക്കു വെളിയിലേ സംഘടിപ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിനു കടകവിരുദ്ധമായ വിശ്വാസമാണ് നേതാജി പുലര്‍ത്തിയത്. തന്റെ ആശയത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും സന്നദ്ധനായിരുന്നു നേതാജി. ഇന്ത്യയ്ക്ക് താമസംവിനാ സ്വാതന്ത്ര്യം ലഭിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്തമയം ത്വരിതപ്പെടുത്തുന്നതില്‍ സുഭാഷ്ചന്ദ്രബോസിന്റെ പങ്ക് നിസ്തുലമായിരുന്നുവെന്നതില്‍ സംശയമില്ല.

കിഴക്കനേഷ്യയിലെ 30 ലക്ഷം ഇന്ത്യക്കാരെ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സംഘടിപ്പിക്കാന്‍ കഴിഞ്ഞ, ധീരനായകനും ദേശസ്‌നേഹിയുമായിരുന്ന സുഭാഷിന് മരണമില്ല, അനേകം ഇന്ത്യക്കാരുടെ മനസ്സിന്റെ ആവേശമായി, ജ്വലിക്കുന്ന ഓര്‍മ്മയായി ഇന്നും സുഭാഷ്ചന്ദ്രബോസ് ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!