
(ഇന്ന് സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനം)
ഡോ. ഓമന റസ്സൽ
(സീനിയർ അക്കാദമിക് ഫെലോ –
ഐ.സി.എച്ച് ആർ ഡൽഹി)
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വിപ്ലവകരമായ പുതിയൊരു അദ്ധ്യായം എഴുതിച്ചേര്‍ത്ത ശേഷമായിരുന്നു തിളങ്ങുന്ന വ്യക്തിത്വത്തിനുടമയായിരുന്ന സുഭാഷ്ചന്ദ്രബോസ് തിരോധാനം ചെയ്തത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം രാജ്യസ്നേഹിയായ ഏതൊരു പൗരനെയും ഇന്നും എന്നും ആവേശം കൊള്ളിക്കുന്നതാണ്.
1897 ജനുവരി 23-ന് ഒറീസയിലെ കട്ടക്കിലായിരുന്നു സുഭാഷ് ജനിച്ചത്. കുട്ടിക്കാലത്ത് ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും ഉപദേശങ്ങള്‍ ബോസിനെ സ്വാധീനിക്കുകയുണ്ടായി. മനുഷ്യസേവനമാണ് ലോകസേവനമെന്നു വിവേകാനന്ദനില്‍ നിന്നും, മോഹവും സമ്പത്തും ത്യജിച്ചാലേ ആത്മീയജീവിതം സഫലമാകൂവെന്ന് ശ്രീരാമകൃഷ്ണനില്‍ നിന്നും അദ്ദേഹം മനസ്സിലാക്കി.

കല്‍ക്കത്തയിലും ഇംഗ്ലണ്ടിലുമായാണ് ബോസ് തന്റെ കോളേജ് വിദ്യാഭ്യാസം നടത്തിയത്. കല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിദേശഭരണത്തോട് കൂറുപുലര്ത്താതിരുന്ന വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് നവവിവേകാനന്ദ സംഘം എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. മതവും ദേശീയതയും കൂട്ടിയിണക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ബംഗാള്‍ യുവജനങ്ങളുടെയിടയില്‍ ആവേശം പകര്‍ന്ന ഒരു പ്രഗത്ഭവ്യക്തിയായിരുന്ന അരവിന്ദഘോഷിന്റെ ‘ആര്യ’ എന്ന പ്രസിദ്ധീകരണം മുടങ്ങാതെ വായിച്ച സുഭാഷ് ‘ഭാരതത്തിന്റെ സന്തോഷത്തിനു വേണ്ടി കഷ്ടപ്പെടാനുള്ള’ ആഹ്വാനത്തില്‍ ആകൃഷ്ടനായി.
ഒന്നാംലോകമഹായുദ്ധകാലത്ത് (1914-1918) ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരോട് കാട്ടിയ മനോഭാവവും ഗ്രാമങ്ങളിലും തീവണ്ടികളിലും തെരുവുകളിലും അവരുടെ മര്യാദകെട്ട പെരുമാറ്റവും ബോസിനെ വികാരാധീനനാക്കി. സൈന്യശക്തിയില്ലാത്ത ഒരു രാജ്യത്തിന് സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സാധ്യമല്ലെന്ന് മഹായുദ്ധം അദ്ദേഹത്തെ പഠിപ്പിച്ചു.

കാക്കി യൂണിഫോം ധരിക്കാനും തോക്കുപയോഗിക്കാനും അതീവതാല്പര്യമുണ്ടായിരുന്ന ബോസ് ഇന്ത്യന്‍ രാജ്യരക്ഷാസേനയുടെ (പ്രാദേശികസേന) കല്‍ക്കത്ത യൂണിവേഴ്സിറ്റി ഘടകത്തില്‍ അംഗമായി.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1920-ല്‍ ബോസ് നാലാം സ്ഥാനത്തോടു കൂടി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് (ഐ.സി.എസ്.) പാസ്സായി. ബ്രിട്ടീഷ് ഗവണ്മെന്റിനോടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കേണ്ട സമയമായെന്നു വിശ്വസിച്ചുകൊണ്ട് ബോസ് ഐ.സി.എസില്‍ നിന്ന് രാജിവെച്ചു. ഐ.സി.എസിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന് അതില്‍നിന്നു രാജിവയ്ക്കുന്ന ആദ്യസംഭവമായി അത്.
1921 ജൂലൈയില്‍ ബോംബെയില്‍ തിരിച്ചെത്തിയ അദ്ദേഹം ഗാന്ധിജിയെ സന്ദര്‍ശിക്കുകയും കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ തുടര്‍ന്നുകൊണ്ടു നടത്തിയ സമരങ്ങള്‍ മുഖാന്തിരം പലപ്രാവശ്യം ജയില്‍ശിക്ഷ അനുഭവിച്ചു. മുപ്പതാമത്തെ വയസ്സില്‍ ബംഗാള്‍ പ്രാദേശിക കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബോസ് ഭാരത സ്വാതന്ത്ര്യസമര നേതാക്കളുടെ മുന്‍നിരയിലെത്തി. സൈമണ്‍ കമ്മീഷന്റെ ബഹിഷ്കരണസമയത്ത് ബംഗാളിലെ ബഹിഷ്കരണ പ്രസ്ഥാനത്തിന് ബോസ് നേതൃത്വം നല്കി. കോണ്‍ഗ്രസിന്റെ 3 ജനറല്‍ സെക്രട്ടറിമാരിലൊരാളായി നിയമിതനായതോടെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തില്‍ നെഹ്റുവിനോടൊപ്പം ബോസിനും സ്ഥാനം ലഭിച്ചു.
1928 ഡിസംബറില്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഒരു വര്‍ഷത്തിനകം ഇന്ത്യയ്ക്ക് ഡൊമിനിയന്‍ പദവി (സ്വയംഭരണം) നല്‍കിയില്ലെങ്കില്‍ നിസ്സഹകരണം തുടങ്ങുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരു പ്രമേയം ഗാന്ധിജി അവതരിപ്പിച്ചപ്പോള്‍ സ്വാതന്ത്ര്യത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും കോണ്‍ഗ്രസ് തൃപ്തിപ്പെടുകയില്ല എന്നൊരു ഭേദഗതി സുഭാഷ് അവതരിപ്പിച്ചു.
1938-ല്‍ സുഭാഷിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതോടെ ഇന്ത്യയിലെ ഒന്നാംനിര നേതാവായി അദ്ദേഹം മാറി. 1939-ല്‍ ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥിയായി ബോസിനെതിരെ മത്സരിച്ച പട്ടാഭി സീതാരാമയ്യയെ തോല്പിച്ച് വീണ്ടും കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായത് ഗാന്ധിജിക്ക് ക്ഷീണമായി. ഗാന്ധിജിയുമായുണ്ടായ അഭിപ്രായവ്യത്യാസം മൂലം കോണ്‍ഗ്രസ് അദ്ധ്യക്ഷപദം രാജിവച്ച സുഭാഷ് ഫോര്‍വേഡ്ബ്ലോക്ക് രൂപീകരിച്ചു.
1939-ല്‍ രണ്ടാംലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ യുദ്ധയജ്ഞങ്ങള്ക്ക് കാര്യമായ തകരാറുണ്ടാക്കാനായി ഫോര്‍വേഡ് ബ്ലോക്ക് ബ്രിട്ടീഷ്വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അതോടെ 1940 ജൂലൈയില്‍ ബോസിനെ ബ്രിട്ടീഷുകാര്‍ തടവിലാക്കി. രണ്ടാം ലോകമഹായുദ്ധത്തെ ശരിക്കും പ്രയോജനപ്പെടുത്തി ബ്രിട്ടന്റെ ശത്രുക്കളുടെ സഹായത്തോടെ മാതൃഭൂമിയുടെ വിമോചനം നേടാന്‍ സമയമായെന്ന് പൂര്‍ണ്ണമായി വിശ്വസിച്ച അദ്ദേഹം 1941 ജനുവരിയില്‍ രഹസ്യപോലീസിന്റെ കണ്ണുവെട്ടിച്ച് കല്‍ക്കത്തയിലെ വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്ത്യയ്ക്കു വെളിയില്‍ കടന്ന് യുദ്ധത്തില്‍ ബ്രിട്ടനെതിരായി അണിനിരന്നിരുന്ന ശക്തികളുടെ സഹായത്തോടെ ഒരു യുദ്ധസേനയെ സംഘടിപ്പിച്ച് ഇന്ത്യയിലെ വിദേശീയ മേധാവിത്വത്തിനെതിരെ പോരാടുകയായിരുന്നു ലക്ഷ്യം.
ജര്‍മ്മനിയിലെത്തിയ ബോസ് ഇന്ത്യാക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബര്‍ലിനിലെ ഫ്രീ ഇന്ത്യാ സെന്ററിന് തുടക്കം കുറിച്ചു. ജര്‍മ്മനിക്കും ഇറ്റലിക്കുമെതിരായി യുദ്ധം ചെയ്യാന്‍ ബ്രിട്ടന് വടക്കേ ആഫ്രിക്കയിലും യൂറോപ്പിലും എത്തിച്ചിരുന്ന ഇന്ത്യന്‍ സൈനികരില്‍ നിന്നും യുദ്ധത്തടവുകാരാക്കപ്പെട്ടവരെ ചേര്‍ത്ത് ഒരു ഇന്ത്യന്‍ ലീജിയണ്‍ സംഘടിപ്പിച്ചു. രണ്ടു വര്‍ഷത്തിനുശേഷം സിംഗപ്പൂരില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ച ‘ആസാദ് ഹിന്ദ്’ ഗവണ്മെന്റിന്റെ മുന്നോടിയായിരുന്നു ബര്‍ലിനിലെ ഫ്രീ ഇന്ത്യാ സെന്റര്‍. മൂന്നു കൊല്ലം കഴിഞ്ഞ് ഇന്ത്യ-ബര്‍മ്മ (ഇന്നത്തെ മ്യാന്മര്) അതിര്‍ത്തിയിലൂടെ സുഭാഷ് നയിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ.) പാശ്ചാത്യമുന്നണിയായിരുന്നു ഇന്ത്യന്‍ ലീജിയണ്‍ അഥവാ ഫ്രീ ഇന്ത്യാ ആര്‍മി. ഇന്ത്യന്‍ ലീജിയണ്‍ സംഘടിപ്പിച്ചതോടെ ലീജിയണ്‍ അംഗങ്ങള്‍ ബഹുമാനാര്‍ത്ഥം സുഭാഷിനെ ‘നേതാജി’ എന്ന് അഭിസംബോധന ചെയ്തു തുടങ്ങി.
ഹിറ്റ്ലറുമായുള്ള കൂടിക്കാഴ്ച 1942 മെയില്‍ നടന്നതിന്റെ ഫലമായി നേതാജിക്ക് സാമ്പത്തികവും നടപടിപരവുമായ മണ്ഡലങ്ങളില്‍ ജര്‍മ്മനിയില്‍ സമ്പൂര്‍ണ്ണ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചു.
ലോകമഹാശക്തികളുടെ മാല്‍സര്യം മുതലെടുത്ത് ഏതെങ്കിലും വിദേശശക്തിയുടെ സഹായം തേടി ബ്രിട്ടീഷ് നുകത്തില്‍ നിന്ന് മോചനം നേടാമെന്നാഗ്രഹിച്ചുകൊണ്ട് സുഭാഷ്ചന്ദ്രബോസിനെപ്പോലെ തന്നെ പ്രവര്‍ത്തിച്ചിരുന്ന വേറെയും ഇന്ത്യന്‍ വിപ്ലവകാരികള്‍ പൂര്‍വേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നു. അവരില്‍ പ്രധാനികളായിരുന്നു ജപ്പാന് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന റാഷ്ബിഹാരി ബോസ്, തായ്ലന്റിലെ ബാബാ അമര്‍സിംഗ്, ഷാങ്ഹായിലെ ബാബാ ഉസ്മാന്ഖാന്, ബാങ്കോക്കിലെ ഗ്യാനിപ്രീതം തുടങ്ങിയവര്‍.
ഇതിനിടെ 1941 ഡിസംബറില്‍ ബാബാ അമര്‍സിംഗിന്റെ നേതൃത്വത്തില്‍ ബാങ്കോക്കില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിച്ചു. മലയയിലെ ജിത്രയിലുണ്ടായിരുന്ന റെജിമെന്റിലെ ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനായിരുന്നു ക്യാപ്റ്റന്‍ മോഹന്‍സിംഗ്. ഗ്യാനിപ്രീതം സിംഗിന്റെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗുമായി ചേര്‍ന്ന് ഒരു ഇന്ത്യന്‍ ദേശീയസേന രൂപീകരിക്കാന്‍ ബാബാ അമര്‍സിംഗ് മോഹന്സിംഗിനോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ ജിത്രയില്‍ വെച്ച് ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യന്‍ ദേശീയസേന അഥവാ ഐ.എന്‍.എ.) രൂപീകൃതമായി. ചര്‍ക്കയുടെ സ്ഥാനത്ത് കുതിക്കുന്ന കടുവയുടെ ചിത്രമായിരുന്നുവെന്നതൊഴിച്ചാല് കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണപതാകയും ഐ.എന്‍.എ. പതാകയുമായി വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചിഹ്നമായിരുന്നു കുതിക്കുന്ന കടുവ.
1943 മെയ് മാസത്തില്‍ സുഭാഷ് ടോക്കിയോയിലെത്തിയശേഷം ജാപ്പനീസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിലൂടെ ജപ്പാന് ഗവണ്മെന്റ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ടോക്കിയോയില്‍ നിന്നും പൂര്‍വ്വേഷ്യയിലെ ഇന്ത്യക്കാരോട് റേഡിയോയിലൂടെ ചെയ്ത ഒരു പ്രക്ഷേപണത്തില്‍ നേതാജി പറഞ്ഞു, ”ഇന്ത്യയിലുള്ള നമ്മുടെ നാട്ടുകാര്‍ക്ക് ഒരു സായുധവിപ്ലവം സംഘടിപ്പിക്കാനോ നവീനായുധങ്ങളുപയോഗിച്ച് ബ്രിട്ടീഷ് അധിനിവേശസേനയോട് പൊരുതാനോ സാദ്ധ്യമല്ല. വിദേശത്ത് താമസിക്കുന്നവര്‍, പ്രത്യേകിച്ചും പൂര്വേഷ്യയിലുള്ള ഇന്ത്യക്കാര്‍ വേണം ഈ കര്‍ത്തവ്യം അനുഷ്ഠിക്കുവാന്‍. ഓരോ ഇന്ത്യക്കാരനും അടര്ക്കളത്തിലേക്കിറങ്ങേണ്ട നിമിഷമാണിത്. സ്വാതന്ത്രേ്യച്ഛുക്കളായ ഭാരതീയരുടെ ചെഞ്ചോര ഒഴുകിത്തുടങ്ങുമ്പോള്‍ ഭാരതം സ്വതന്ത്രമാകും.”
1943 ജൂലൈ നാലിന് റാഷ്ബിഹാരി ബോസില്‍ നിന്ന് സുഭാഷ് പൂര്‍വേഷ്യയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചുമതലയേറ്റെടുത്തു. ഐ.എന്‍.എ.യുടെ നേതൃത്വം ഏറ്റെടുത്ത നിമിഷം മുതല്‍ വിശ്രമമെന്തെന്നറിയാതെ ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി ബോസ് അത്യദ്ധ്വാനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ആയുധമേന്തി പോരാടാന്‍ തയ്യാറായി. സ്വജീവന്‍ ബലി നല്‍കാനായി ആയിരക്കണക്കിനു രാജ്യസ്നേഹികള്‍ മുന്നോട്ടുവന്നു. ഐക്യം, വിശ്വസ്തത, ത്യാഗം എന്നതായിരുന്നു ഐ.എന്‍.എ.യുടെ മുദ്രാവാക്യം. ചുരുങ്ങിയകാലം കൊണ്ട് ബര്‍മ്മ മുതല്‍ ജപ്പാന് വരെയുള്ള സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ചൈതന്യവത്താക്കാന്‍ ബോസിന് കഴിഞ്ഞു.
1943 ഒക്ടോബര്‍ 21-ന് സ്വതന്ത്രഭാരതത്തിന് ഒരു താല്‍ക്കാലിക ഗവണ്മെന്റ് സ്ഥാപിച്ചതായി നേതാജി സിങ്കപ്പൂരില്‍ വിളംബരം ചെയ്തു. ബ്രിട്ടീഷുകാരെയും അവരുടെ സഖ്യകക്ഷികളേയും ഇന്ത്യയുടെ മണ്ണില്‍ നിന്നു തൂത്തെറിയാനുള്ള സമരം നടത്തിക്കൊണ്ടു പോകുന്നത് താല്‍ക്കാലിക ഗവണ്മെന്റിന്റെ കര്ത്തവ്യമായിരിക്കുമെന്നും, ഒരു സ്ഥിരം ദേശീയ ഗവണ്മെന്റ് സ്വതന്ത്ര ഇന്ത്യയ്ക്ക് ഈ താല്‍ക്കാലിക ഗവണ്മെന്റ് തന്നെ പ്രദാനം ചെയ്യുമെന്നും ബോസ് പ്രഖ്യാപിച്ചു. ആസാദ്ഹിന്ദിന്റെ താല്‍ക്കാലിക ഗവണ്മെന്റിന്റെ രാഷ്ട്രത്തലവനും പ്രധാനമന്ത്രിയും യുദ്ധകാര്യ-വിദേശകാര്യമന്ത്രിയും ബോസ് ആയിരുന്നു.
(തുടരും)
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.