
ഡോ. ബാബു തോമസ്
ന്യൂയോര്‍ക്ക്
സെപ്റ്റംബറില്‍ പുറത്തിറക്കിയ ക്രൈസ്തവചിന്തയില്‍ എന്റെ പ്രിയ സുഹൃത്ത് പി. ജി. വര്‍ഗീസ് ഒക്കലഹോമ, ‘ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം’ എന്ന തലകെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ചു.
പ്രസിഡൻ്റ് സ്ഥാനാര്‍ഥി ബൈഡനെയും കമലാ ഹാരിസിനെയും വാനോളം പുകഴ്ത്തി പറഞ്ഞിരിക്കുന്നതില്‍ അല്പം അതിശയോക്തിയില്ലയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടത്തിന്റെ നേട്ടങ്ങള്‍ ഒന്നുംതന്നെ പരാമര്‍ശിക്കാതെ രാഷ്ട്രീയചുവയുള്ള ആരോപണ ശരങ്ങള്‍ തൊടുത്തുവിടുകയായിരുന്നല്ലേ എന്നും സന്ദേഹിക്കുന്നു.
ഞാനൊരു റിപ്പപ്ലിക്കനോ, ഡെമോക്രാറ്റോ അല്ല. ഒരു ക്രിസ്ത്യന്‍ കണ്‍സര്‍വേറ്റീവ് ചിന്താഗതിക്കാരനാണ്. ഏതു സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്യേണ്ടത് അവരുടെ മുന്‍കാല നിലപാടുകളെ മനസ്സിലാക്കിയിട്ടു വേണം എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍.
കഴിഞ്ഞകാലങ്ങളില്‍ ഇവരുടെയൊക്കെ അക്രൈസ്തവമായ ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ വിവാഹം, മയക്കുമരുന്നുകളുടെ നിയമാനുമതി എന്നീ കാര്യങ്ങളിലുള്ള നിലപാടുകള്‍ എന്തായിരുന്നു എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.
ഞാന്‍ പഠിക്കുന്ന കാലത്തു ശരിക്കും വിപ്ലവവീര്യം ഉള്‍ക്കൊണ്ട ഒരു ചിന്താഗതിക്കാരനായിരുന്നതിനാല്, കമ്മ്യൂണിസ്റ്റ് ചിന്താഗതിയോടു വലിയ ചായ്വുണ്ടായിരുന്നു. ഒരുപാടു പുസ്തകങ്ങള്‍ അതിനോടുള്ള ബന്ധത്തില്‍ വായിച്ചിട്ടുള്ളതില്‍, തോപ്പില്‍ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകള്‍ ‘ ഇന്നും മായാതെ മനസ്സിലുണ്ട്.
എനിക്കവരോട് ഇഷ്ടം തോന്നാനുള്ള കാരണം പാവപ്പെട്ടവരെയും സാധുക്കളെയും ഉദ്ധരിക്കുവാനുള്ള അവരുടെ ആവേശവും, അനീതിക്കെതിരെ ശബ്ദിക്കുവാനുള്ള നിലപാടുമാണ്. കൂടുതല്‍ പഠിച്ചപ്പോള്‍ മനസ്സിലായി, കാറല്‍ മാക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സ്വാധീനം യേശുക്രിസ്തു പഠിപ്പിച്ച ഗിരിപ്രഭാഷണത്തിന്റെ ഉള്‍പ്രേരണയില്‍ നിന്നാണെന്ന്.
എന്തായാലും ഇന്നും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കൊരു തത്വമുണ്ടല്ലോ? ആരെയും ഉപദ്രവിക്കാതെ, ആര്‍ക്കും ഒരുദോഷവും ചെയ്യാതെ, സമൂഹത്തിനു നന്മ ചെയ്യുന്ന പെന്തെക്കോസ്തുകാരെ സുവിശേഷ വിരോധികള്‍ ആക്രമിക്കുമ്പോള്‍, ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുവാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കാണിക്കുന്ന ധൈര്യം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഇന്ന് വടക്കേയിന്ത്യയിലെയും മറ്റും സ്ഥിതിവിശേഷമെന്താണ്?
ഇതെന്തിനാണ് പറഞ്ഞതെന്നു വച്ചാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടി പാവപ്പെട്ടവരുടെ പാര്‍ട്ടിയാണെന്നുള്ള എന്റെ സുഹൃത്തിന്റെ പരാമര്‍ശമാണ്. ഞാനും അമേരിക്കയില്‍ വന്നപ്പോള്‍ ആരൊക്കെയോ പറഞ്ഞതു കേട്ട് ഇതുപോലെ വിശ്വസിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സ്കൂളുകളിലെ ‘അമേരിക്കന്‍ ചരിത്രത്തിന്റെ പഠനം’ എന്റെ ആ ധാരണ തിരുത്തുകയുണ്ടായി.
ആയതുപോലെ അമേരിക്ക ക്രിസ്തീയ രാജ്യമാണെന്നും, ക്രിസ്തീയ തത്വത്തിലടിസ്ഥാനമായതാണ് അമേരിക്കയുടെ ഭരണഘടനയെന്നും എത്ര ഡെമോക്രാറ്റുകള്‍ സമ്മതിക്കും? പല ഡെമോക്രാറ്റിക് നേതാക്കളും ക്രിസ്ത്യാനിത്വത്തെ തള്ളിപ്പറയുകയല്ലേ ചെയ്തിട്ടുള്ളത്?
ഇന്നും ഡെമോക്രാറ്റുകള്‍ ഭരിക്കുന്നിടത്തല്ലേ ആരാധനയ്ക്ക് കൂടുതല്‍ തടസ്സം? അതിക്രമങ്ങളും കൊള്ളയും അധികം നടക്കുന്നത് ആര് ഭരിക്കുന്ന പട്ടണങ്ങളിലാണ്? ഒരു ആവശ്യമുണ്ടായാല്‍ 911 വിളിച്ചാല്‍ ഓടിയെത്തുന്ന നിയമപാലകരെ വേണ്ട എന്നു വാദിച്ചാല്‍ നമ്മുടെയൊക്കെ, ജീവനും സ്വത്തിനും സംരക്ഷണമെവിടെ?
ഭരണഘടനയുടെ ഒന്നാം ഭേദഗതിയില്‍ പ്രസ്താവിച്ചിരിക്കുന്നു, മതപരമായ ചടങ്ങുകള്‍ക്കു വിലക്കേര്‍പ്പെടുത്തരുത് എന്ന്.
സമാധാനപരമായ പ്രകടനം നടത്താം. വാര്‍ത്താമാധ്യമങ്ങള്‍ക്കു നിയന്ത്രണം പാടില്ല. എന്നാല്‍ ഇന്ന് പല സംസ്ഥാനങ്ങളിലും ആരാധനയ്ക്കു മാത്രം വിലക്കുണ്ട്. ഇതെന്തു നീതി? ഇന്നും ഡെമോക്രാറ്റുകള്‍ ഭരിക്കുന്നിടത്തല്ലേ ആരാധനയ്ക്ക് കൂടുതല്‍ തടസ്സം? പ്രസിഡന്റ് ട്രംപ് കോറോണയില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചു എന്ന് അഭിമാനത്തോടെ പറയുമ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയിലുള്ളവര്‍ പരിഹസിക്കുകയല്ലേ ചെയ്യുന്നത്? താനൊരു ക്രിസ്ത്യാനി ആണെന്നു പറയാന്‍, യേശു എന്റെ രക്ഷകന് എന്നു പറയാന്‍ എത്ര പേര് ധൈര്യം കാണിക്കും?
അമേരിക്കയില്‍ അടിമത്തം നിര്‍ത്തല്‍ ചെയ്തതാരാണ്? കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം അനുവദിച്ചതാരാണ്? സുപ്രീംകോടതിയില്‍ ഒരു കറുത്തവര്ഗ്ഗക്കാരന് ജഡ്ജിയെ നിയമിച്ചത് ഏതു ഭരണകൂടം? എല്ലാം ഡെമോക്രാറ്റ് അല്ലായെന്നു ഉറപ്പല്ലേ? ഇനി ക്രിസ്തീയ വീക്ഷണത്തില്‍ ‘കൊല ചെയ്യരുത്’ എന്നുള്ള പ്രമാണമില്ലേ? അബോര്ഷന് ക്ലിനിക്കുകള്‍ക്ക് അതിരുകടന്ന അനുമതി നല്കിയതാരാണ്? അവരെ സഹായിക്കുവാന്‍ വാദിക്കുന്നതാരാണ്?
നിരപരാധികളായ, ഉരിയാടാന്‍ കഴിയാത്ത പിഞ്ചോമനകളെ കുത്തിക്കീറി കൊല്ലാനുള്ള, അതും (ഗര്‍ഭത്തില്‍ വച്ച്) അനുമതി ഏതു ഭരണകൂടം നല്‍കിയെന്ന് അറിയാമോ? അങ്ങനെയുള്ള നീചപ്രവര്‍ത്തികളെ തളയ്ക്കാന്‍ ട്രംപ് ഭരണകൂടം കൈക്കൊണ്ട നിലപാടുകള്‍ പ്രശംസനീയമാണ്. വിശുദ്ധ ബൈബിള്‍ പറയുന്നു, ദൈവം ആണിനേയും, പെണ്ണിനേയും സൃഷ്ടിച്ചു എന്നും, ആണും പെണ്ണും തമ്മില്‍ വിവാഹിതരായി എന്നും. എന്നാല്‍ ആണും ആണും,
പെണ്ണും പെണ്ണും തമ്മില്‍ വിവാഹിതരാകുവാന്‍ അനുമതി നല്കുന്ന നിയമത്തില്‍ ബൈഡന്റെയും കമല ഹാരിസിന്റെയും നിലപാടുകള്‍ അനുകൂലമാണ്. കഴിഞ്ഞകാലങ്ങളിലെ അവരുടെ നിലപാടുകള്‍ പരിശോധിക്കുക. അമേരിക്കയുടെ അഭിവൃദ്ധിയാണ് ഇവിടെ വന്നു പാര്‍ക്കുന്ന നമ്മുടെയും അഭിവൃദ്ധി. ഒബാമയുടെ കാലത്ത് എന്തുമാത്രം ആള്‍ക്കാരെ തൊഴില്‍മേഖലയില്‍ നിന്നും പിരിച്ചുവിട്ടു. വ്യവസായങ്ങള്‍ തകര്‍ന്നു. തൊഴിലില്ലായ്മ രൂക്ഷമായി. ആര് പരാതി പറഞ്ഞു?
അടുത്തകാലത്തായി അമേരിക്കന്‍ ഇക്കോണമി ഉയര്‍ന്നുനിന്നത് (കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതു നിമിത്തം അല്പം മാന്ദ്യം നേരിട്ടുവെങ്കിലും) ട്രംപിന്റെ കാലത്തു തന്നെ! ഒരുതരത്തില്‍ പറഞ്ഞാല്‍ അമേരിക്കയുടെ പൊയ്പ്പോയ മഹത്വം ഏറെക്കുറെ ട്രംപ് മടക്കികൊണ്ടു വന്നു എന്നാണ് പലരും കരുതുന്നത്. ഡെമോക്രാറ്റുകളുടെ ഭരണകാലത്തു അമേരിക്കന്‍ വ്യവസായങ്ങളെല്ലാം മറ്റുള്ള രാജ്യങ്ങളിലേക്കു മാറ്റി.
തൊഴിലവസരങ്ങള്‍ മുന്‍ ഭരണകൂടങ്ങള്‍ നഷ്ടമാക്കി. ചൈനയിലെ വിലനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഒരു വ്യവസായി കൂടിയായ ട്രംപിന് അതുതന്നെ തുടര്‍ന്ന്, വേണമെങ്കില്‍ കൊള്ളലാഭമുണ്ടാക്കാമായിരുന്നു. എന്നാല്‍, വ്യവസായങ്ങള്‍ അമേരിക്കയിലേക്ക് മടക്കിക്കൊണ്ടു വന്നില്ലായെങ്കില്‍ പിഴ കൊടുക്കേണ്ടി വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
അതിനുവേണ്ട നിയമ നടപടികള്‍ സധൈര്യം കൈക്കൊള്ളുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അമേരിക്കയിലേക്ക് ബിസിനസ്സുകള്‍ മടക്കിക്കൊണ്ടു വന്നു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിന്റെ ഗുണഭോക്താക്കള്‍ ട്രംപിനെ മറക്കുമെന്നു കരുതുന്നില്ല.
കഴിഞ്ഞകാലങ്ങളില്‍ ലോകവ്യാപകമായി ഭീകരന്മാരുടെ തേര്‍വാഴ്ച അല്ലായിരുന്നോ? ഒന്നാം നൂറ്റാണ്ടിനെ വെല്ലുന്ന തരത്തിലുള്ള പീഡനമല്ലേ ക്രിസ്ത്യാനിത്വത്തിനെതിരായി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നടന്നുവന്നത്? എന്നാല്‍ ഇന്നോ? അത് ട്രംപ് വരുത്തിയ മാറ്റമല്ലേ?
കോറോണക്കാലത്ത് ട്രംപ് ഒന്നും ചെയ്തില്ല എന്ന് പറയുന്നത് തികച്ചും അവാസ്തവമാണ്. തന്റെ ഭരണകൂടം ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുകയും, യുദ്ധകാലാടിസ്ഥാനത്തില്‍, മാസ്കുകള്‍, വെന്റിലേറ്ററുകള്‍, മറ്റു സംരക്ഷണ ഉപകരണങ്ങള്‍ നിര്‍മ്മിച്ചതും മറന്നു കളയല്ലേ. രാഷ്ട്രീയ കക്ഷിഭേദമന്യേ എല്ലാ സംസ്ഥാനങ്ങള്‍ക്കും അത് എത്തിച്ചു കൊടുക്കുവാന്‍ ഇടയായി എന്നത് അഭിമാനകരമായ നേട്ടമാണ്.
ന്യൂയോര്‍ക്കിലേക്ക് നേവി ചികിത്സാ കപ്പല്‍ അയച്ച കാര്യം മറന്നുപോകരുത്. ദ്രുതഗതിയില്‍ ആയിരക്കണക്കിന് ആള്‍ക്കാരെ ചികിത്സിക്കുവാനുള്ള ജേക്കബ് ജോവിറ്സ് സെന്റര്‍ കണ്വെര്ഷനുമൊന്നും ന്യൂയോര്‍ക്ക് സിറ്റി വേണ്ടതുപോലെ ഉപയോഗിച്ചില്ല. ഇതിനൊക്കെയുള്ള ക്രമീകരണങ്ങള്‍ ട്രംപ് ഭരണകൂടം ചെയ്തത് മറക്കാനാകുമോ?
ട്രംപിന്റെ എടുത്തുപറയത്തക്ക പല നേട്ടങ്ങള്‍ ഉണ്ട്. അദ്ദേഹം കഴിഞ്ഞ ഇലക്ഷനു മുമ്പ് വാഗ്ദാനം ചെയ്ത മിക്ക കാര്യങ്ങളും നടപ്പില്‍ വരുത്തി. ഭീകരന്മാരുടെ നുഴഞ്ഞുകയറ്റം തടയാനുള്ള മതില് നിര്‍മിക്കുമെന്ന് പറഞ്ഞതില്‍ നിന്നും പിന്മാറിയില്ല. സുപ്രീംകോടതിയുള്‍പ്പെടെ 200ലധികം കണ്‍സര്‍വേറ്റീവ് ജഡ്ജിമാരെ നിയമിച്ചു. ഇസ്രയേലിന്റെ തലസ്ഥാനമായി യെരുശലേമിനെ അംഗീകരിച്ചു. (അതൊരു പ്രവചന നിവര്‍ത്തിയല്ലേ?)
അമേരിക്കക്കാര്‍ക്കായി (അതില്‍ ഞാനും എന്റെ സുഹൃത്ത് പി.ജി.യും ഞങ്ങളുടെ മക്കളുമൊക്കെ ഉള്‍പ്പെടും) അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇനിയും അതുണ്ടാകുമെന്ന വാഗ്ദാനത്തില്‍ ഭൂരിഭാഗം ജനവും വിശ്വസിക്കുന്നു.
ഇനി ട്രംപ് ഭരണകൂടം വന്നാല്‍ സ്കൂളുകളില്‍ നിര്‍ത്തലാക്കിയ പ്രാര്‍ത്ഥന പുനരാരംഭിക്കും. പത്തു കല്പന രേഖപ്പെടുത്തിയിട്ടുള്ള സ്തംഭങ്ങള്‍ പൊതുസ്ഥലങ്ങളിലുയരും.
അങ്ങനെ വരുമ്പോള്‍ ധാര്‍മ്മിക നിലവാരം ഉയരും. അമേരിക്കയുടെ പഴയ ഗ്ലോറി വിളങ്ങും. ലോകവ്യാപകമായി സുവിശേഷ വേല വളരും. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ ക്രിസ്തീയ പീഡനങ്ങള്‍ക്കു അറുതി വരാനും സാധ്യതയുണ്ട്. കൂടാതെ അമേരിക്കയില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും.
ആരാധനാ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കും. മാത്രമല്ല, നിയമലംഘകരോട് മൃദുവായ സമീപനം ഉണ്ടാകുകയില്ല. ഇതൊക്കെയാണിവിടുത്തെ ഭൂരിഭാഗം വരുന്ന യാഥാസ്ഥിതികര്‍ കരുതുന്നത്. ബൈഡന് മുമ്പും പ്രസിഡന്റ് പദത്തിന് മത്സരിച്ചിട്ടുണ്ട് എന്നാണെന്റെ അറിവ്.
എന്റെ സുഹൃത്ത് പറയുന്നതു പോലെ വളരെ പ്രതിഭാശാലിയാണ് ബൈഡനെങ്കില്‍ ജനം തന്നെ തിരഞ്ഞെടുക്കട്ടെ! എന്തായാലും ജനവിധി കാത്തിരുന്നു കാണാം!










MATRIMONY



I agree 100% with what Pr BABU Thomas said.