നാടുവിടുന്ന നമ്മുടെ യുവതലമുറ

നാടുവിടുന്ന നമ്മുടെ യുവതലമുറ

പ്ലസ് ടു കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ ഒന്നടങ്കം യു.കെ., കാനഡ, ജര്‍മിനി, ന്യൂസിലാന്റ്, യു.എസ്., യു.എ.ഇ. ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോള്‍. പല വീടുകളിലും ഇപ്പോള്‍ അച്ഛനമ്മമാര്‍ മാത്രം ആയിക്കഴിഞ്ഞു!
നമ്മുടെ നാട് കുട്ടികള്‍ക്ക് തീരെ താല്പര്യമില്ലാതാകുന്നു എങ്കില്‍ അതില്‍ വലിയ അത്ഭുതം ഇല്ല.കുട്ടികള്‍ തന്നെ പറഞ്ഞ ചില കാരണങ്ങള്‍ ചുവടെ ചുരുക്കത്തില്‍!

 1. ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികള്‍ കാണുന്നില്ല.
 2. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയിരിക്കുന്നു.കോഴ കൊടുക്കാതെ സര്‍ക്കാര്‍ ജോലി പോലും കിട്ടാന്‍ സാധ്യത വളരെ കുറവ് എന്ന് അവര്‍ വിശ്വസിക്കുന്നു.
 3. ദിനം പ്രതി കേള്‍ക്കുന്ന കൊലപാതക വാര്‍ത്തകള്‍, അക്രമങ്ങള്‍, പോലീസിനെ പോലും ആക്രമിക്കാം എന്ന അവസ്ഥ. ലഹരി മരുന്നും മദ്യവും പതിവാക്കിയ ഒരു കൂട്ടം ആളുകള്‍ നടത്തുന്ന അഴിഞ്ഞാട്ടം ഇതെല്ലാം അവരെ അരക്ഷിതരാക്കുന്നു
 4. മൂക്കു പൊത്താതെ കയറാന്‍ പറ്റിയ ഒരു പബ്ലിക് ടോയ്‌ലറ്റ് പോലും നമ്മുടെ നാട് പുതുതലമുറയ്ക്ക് നല്‍കുന്നില്ല.
  നമ്മുടെ ബസ് സ്റ്റാന്‍ഡുകള്‍ പോലെ ഇത്രയും വൃത്തിഹീനമായ ഇടങ്ങള്‍ ലോകത്ത് മറ്റെവിടെ എങ്കിലും കാണാന്‍ ബുദ്ധിമുട്ട്.
 5. അനാവശ്യമായ അടിച്ചേല്പിക്കലുകള്‍ ആണ് നിയമം നടപ്പാക്കല്‍ എന്നു വിശ്വസിക്കുന്ന പോലീസ് മോട്ടോര്‍ വാഹന വകുപ്പുകള്‍. അഴിമതിയും കൈക്കൂലിയും ഇല്ലാതെ ഒരു കാര്യവും നടക്കാത്ത സര്‍ക്കാര്‍ ഓഫീസുകള്‍.
  6 യുവ തലമുറക്കെതിരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങള്‍, അധിക്ഷേപങ്ങള്‍.സുരക്ഷ എന്നത് പൂജ്യം ഇവിടെ.പട്ടാപ്പകല്‍ പോലും പെണ്‍കുട്ടികള്‍ കയ്യേറ്റം ചെയ്യപ്പെടുന്നു.
 6. റോഡ് ടാക്‌സ് എന്ന പേരില്‍ കോടികള്‍ പിരിച്ചെടുത്തിട്ടും കുണ്ടും കുഴിയും മാത്രം നിറഞ്ഞ റോഡുകള്‍.
 7. ഡ്രൈവിംഗ് സ്‌കൂളുകാര്‍ സെറ്റ് ചെയ്ത് വെച്ച വാഹനം ഉരുട്ടി കാണിച്ചാല്‍ ലൈസന്‍സ് കിട്ടുന്ന നമ്മുടെ മണ്ടന്‍ സിസ്റ്റം!
 8. ഇന്‍ഷുറന്‍സ് എന്ന പേരില്‍ ആയിരക്കണക്കിന് കോടി രൂപ ജനങ്ങളില്‍ നിന്നും വാങ്ങിയിട്ടും വാഹനാപകട ക്ലെയിം വരുമ്പോള്‍ കൈമലര്‍ത്തുന്ന കമ്പനികള്‍..
 9. ഓഫീസുകളില്‍ ധാര്‍ഷ്യത്തോടെ മാത്രം പെരുമാറുന്ന, തനിക്ക് ശേഷം പ്രളയം എന്ന് കരുതുന്ന,ഇതിന്റെ അപ്പുറം ഒരു ലോകം ഇല്ലന്നു കരുതുന്ന പൊട്ടകിണറ്റിലെ തവളകളെ പോലെ പെരുമാറുന്ന ഉദ്യോഗസ്ഥര്‍.

ഇങ്ങനെ ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത പരിദേവനങ്ങള്‍ ഒരുപാട്,അവര്‍ക്ക്!!

ഇവയേക്കാള്‍ എന്തുകൊണ്ടും മികച്ച ഒരു ജീവിതം വിദേശ രാജ്യങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.മികച്ച ജോലി, സ്വന്തം കഴിവിന് കിട്ടുന്ന ആദരവ്, ആരോഗ്യകരമായ ജീവിത സാഹചര്യം, മികച്ച ഇന്‍ഷുറന്‍സ് കവറേജ്, നടപ്പാകുന്ന, ജനങ്ങള്‍ പാലിക്കുന്ന, നല്ല നിയമങ്ങള്‍, കൊള്ളപ്പലിശ ഇല്ലാത്ത ലോണ്‍ സൗകര്യം…. ഇങ്ങനെ നിരവധി ആനുകൂല്യങ്ങള്‍..!

യുവാക്കള്‍ നാടുവിടുകയാണ്. ഇത് നമ്മുടെ നാട്ടില്‍, വരുന്ന ഭാവിയില്‍ കടുത്ത ബൗദ്ധിക വരള്‍ച്ച ഉണ്ടാക്കും എന്നത് നടക്കാന്‍ പോകുന്ന മറ്റൊരു വാസ്തവം.!

ഒരു പത്തു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ ചെറുപ്പക്കാര്‍ ആരെങ്കിലും ബാക്കി കാണുമോ എന്നത് സംശയിക്കേണ്ടി വരുന്നു. പിആര്‍ കിട്ടി ജോലി സുരക്ഷ ആകുന്നതോടെ കുടുംബത്തെ മുഴുവനായും വിദേശത്തേക്ക് കൊണ്ടുപോകുവാനും അവര്‍ക്ക് സാധിക്കുന്നു. ഇപ്പോള്‍ തന്നെ അടഞ്ഞു കിടക്കുന്ന വീടുകള്‍ ആയിരക്കണക്കിന് കാണാം നാട്ടില്‍. വീടുകളുടെ ഒരു ശവപ്പറമ്പാകുമോ കേരളം വൈകാതെ?

നമ്മുടെ യുവാക്കളെ നമുക്ക് ആവശ്യമില്ലേ? അവരെ ഇങ്ങനെ നാടുകടത്തണോ???

……….,…,

സാമൂഹ്യമാധ്യമങ്ങളില്‍ വന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!