കലാലയ ജീവിതം രാഷ്ട്രീയത്തിന്റെ കത്തിമുനയിൽ തീർക്കരുത്

കലാലയ ജീവിതം രാഷ്ട്രീയത്തിന്റെ കത്തിമുനയിൽ തീർക്കരുത്

വിദ്യാഭ്യാസ രംഗത്ത് എല്ലാസംസ്ഥാനങ്ങളെക്കാളും കേരളം മുമ്പിലാണ്. എന്നാൽ വിദ്യാഭ്യാസ രംഗത്ത് നാം അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്നം കലാലയ രാഷ്ട്രീയമാണ്. സ്കൂൾ മുതൽ യൂണിവേഴ്‌സിറ്റി വരെ ഇത് നടക്കുന്നു. അതിന്റെ ദൗർഭാഗ്യകരമായ ഫലങ്ങൾ വ്യക്തിവൈരാഗ്യങ്ങളും, അക്രമവും, കൊലപാതകങ്ങളും ആണെന്ന് ഇന്നലെ ഇടുക്കി എൻജി. കോളേജിൽ നടന്ന കൊലപാതകം നമ്മെ പഠിപ്പിക്കുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ രാഷ്ട്രീയം ആർക്കും വ്യക്തിപരമാണ്. അത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് ആക്കിയാൽ ഇന്ത്യയുടെ വാഗ്ദാനമായ യുവതലമുറ തമ്മിലടിച്ചു മരിക്കില്ല. “ഗുരുകുലസ്ഥാപങ്ങൾ വിദ്യയും അനുബന്ധകാര്യങ്ങളും മാത്രം അഭ്യസിപ്പിക്കുന്ന പരിശുദ്ധസ്ഥലം” ആണെന്ന് നാം മറന്നുപോകുന്നു. സംസ്ക്കാരവും ധാർമ്മികമൂല്യവുമുള്ള സമൂഹത്തെ വാർത്തെടുക്കേണ്ട പലരും കാലാലയ രാഷ്ട്രീയത്തിന് പിന്നണി പ്രവർത്തകർ ആകുന്നു എന്നുള്ളത്‌ ഖേദകരം തന്നെയാണ്. അതിലേക്ക് വിദ്യാർത്ഥികളെ വലിച്ചിഴക്കുന്ന നേതാക്കൻമാർക്ക് ഒന്നും നഷ്ടമാകുന്നില്ല. മരണപ്പെടുന്ന വിദ്യാർത്ഥിയുടെ രക്തസാക്ഷിത്വം കൊണ്ട് പാർട്ടി ശക്തിപ്പെട്ടേക്കാം. തീരാനഷ്ടം അവരുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ആണ്. അതിലൂടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകർക്കുന്നത്.

ഗുരുക്കന്മാരെ ഭയത്തോടെ അകന്നു നിന്ന് ബഹുമാനിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇന്നത്തെ ഗുരുശിഷ്യബന്ധം മറ്റൊരു തലത്തിലേക്ക് പോയി. ആ കാലത്ത് നന്മയുടെയും, സഹോദരസ്നേഹത്തിന്റെയും, പരസ്പര സുരക്ഷിതത്വത്തിന്റെയും തറവാട് ആയിരുന്നു സ്കൂളും കോളേജും. അധ്യാപകരും രക്ഷകർത്താക്കളും രാഷ്ട്രീയ നേതാക്കന്മാരും മുന്നിട്ടിറങ്ങി ഈ അക്രമരാഷ്ട്രീയം വിദ്യാലയങ്ങളിൽ നിന്ന് തുടച്ചു നീക്കുവാൻ പരിശ്രമിക്കണം. ലക്ഷ്യബോധവും, സ്നേഹവും, കരുതലും ഉള്ള ഒരു തലമുറയെ വളർത്തിയെടുക്കുവാൻ അത് അത്യാവശ്യം തന്നെയാണ്.

അക്രമവും, കൊലപാതകവും നടത്തിയ പ്രതികൾ റിമാണ്ടും കോടതിയും കേസും ഒക്കെ ആയി നടന്ന് ചിലപ്പോൾ തെളിവുകളുടെ അഭാവത്തിൽ രക്ഷപെടും. അപ്പോഴും നഷ്ടം ആർക്ക് ആണെന്ന് വിദ്യാർഥികളെ നിങ്ങൾ ഓർക്കുന്നത് നല്ലതാണ്. നേതാക്കന്മാരുടെ മക്കൾ കൊലപാതക രാഷ്രട്രീയത്തിൽ ഇടപെട്ടു കേട്ടിട്ടില്ല. അവരിൽ പലരും വിദേശരാജ്യങ്ങളിൽ സുരക്ഷിതരായിട്ടല്ലേ പഠിച്ചതും പഠിക്കുന്നതും. ബോംബും, തോക്കും, കത്തിയും കൊണ്ട് ജീവനെടുത്തല്ല വിദ്യാർത്ഥി രാഷ്ട്രീയ സംഘടന വളർത്തേണ്ടത്. സാമൂഹിക നന്മക്കും നീതിക്കും വേണ്ടി നവീന പ്രവർത്തന രീതിയിലൂടെ ആയിരിക്കണം.

“ജോൺ ഡ്യൂ” പറയുന്നു “സ്കൂളിൽ പോകുന്നത് രാഷ്ട്രീയം പഠിക്കാനല്ല; ജീവിതം പഠിക്കാൻ ആണ്”.
“വിപ്ലവത്തിന്റെ മേഖലയിൽ നിങ്ങൾ വിദ്യാർത്ഥികളുടെ സേവനം ആവശ്യമില്ല” എന്നുള്ള “ലെനിനിന്റെ” വാക്കുകൾ വിദ്യാർത്ഥികൾ ഓർക്കുക. ഭരണഘടനാപരമായ അച്ചടക്കത്തോടെയുള്ള വിദ്യാർത്ഥി രാഷ്ട്രീയം ഭവിപൗരന്മാർക്ക് ഗുണകരമായേക്കാം. അത് അക്രമത്തിലേക്കും കത്തിയിൽ അവസാനിപ്പിക്കുന്ന അരാജകത്വത്തിലേയ്ക്കും പോകരുത്. കലാലയ രാഷ്ട്രീയം അവസാനിക്കുമോ എന്നറിയില്ല. കത്തിയെടുക്കലല്ല കലാലയ രാഷ്ട്രീയം. അതിൽ നിന്നും വിദ്യാർത്ഥികൾ മാറി സഞ്ചരിക്കണം. ഇനി കാമ്പസുകളിൽ രാഷ്ട്രീയ പകപോക്കലിന്റെ രക്തത്തുള്ളി വീഴ്ത്തരുത് ഒരു ജീവൻ പോലും അപഹരിക്കരുത്. അതിന് ഉത്തരവാദിത്വമുള്ളവർ മുൻകൈയെടുത്ത് പ്രവർത്തിച്ചെങ്കിലെ പറ്റു.


ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!