അമേരിക്കയിൽ വൻ ദുരിതങ്ങൾ വിതച്ച്‌  വീണ്ടും ടൊർണാഡോ ഭീകരൻ

അമേരിക്കയിൽ വൻ ദുരിതങ്ങൾ വിതച്ച്‌ വീണ്ടും ടൊർണാഡോ ഭീകരൻ


പി.ജി. വർഗ്ഗീസ്
(ഒക്കലഹോമ – ക്രൈസ്തവ ചിന്ത ലേഖകൻ)


കഴിഞ്ഞ മാസത്തില്‍ അമേരിക്കയിലെ കെന്റക്കി, അർക്കൻസാസ്, ഇല്ലിനോയിസ്, മിഷിഗൻ , മിസോറി, ടെന്നസി ഏന്നീ ആറു സംസ്ഥാനങ്ങളിൽ വീശി അടിച്ച്‌ സംഹാര താണ്ഡവമാടിയ ടൊർണാഡോയിൽ (അതിശക്തമായ ചുഴലി കൊടുംകാറ്റ്) 80 ൽ പരം ആളുകളുടെ ജീവൻ അപഹരിക്കപ്പെടുകയും 100 കണക്കിന് ആളുകളെ കാണാതാവുകയും അനവധി ആളുകള്‍ക്ക്‌ പരിക്കുപറ്റുകയും ചെയ്തു. കൂടാതെ, 400 കോടിയിൽ പരം ഡോളറിന്റെ (28,000 കോടി രൂപ) നാശനഷ്ടങ്ങളും വരുത്തിവച്ചു.

ഡോപ്ലർ റഡാറിൽ വ്യക്തമായ മുന്നറിയിപ്പു നേരത്തെ നൽകിയിരുന്നെങ്കിലും, ഇത്ര ഭീകരത ഉണ്ടാകും എന്ന് ആരും കരുതിയിരുന്നില്ല. ഏറ്റവും കൂടുതൽ മരണവും നാശനഷ്ടങ്ങളും നേരിട്ടത് കെന്റക്കി (Kentucky) സ്റ്റേറ്റിലെ മേഫീൽഡ് (Mayfield) എന്ന പ്രദേശത്താണ്. പ്രസിഡണ്ട് ജോ ബൈഡനും ഗവർണർ ആൻഡി ബ്രഷെയറും കെന്റക്കിയിലെ സംഭവസ്ഥലം സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ഇല്ലിനോയി സ്റ്റേറ്റിൽ ആമസോണിന്റെ ഒരു ഗോഡൗനിന്റെ ഒരു ഭാഗം തകർന്നു അനേകർ മരിക്കുകയുണ്ടായി. കൂടാതെ, മറ്റു സ്റ്റേറ്റുകളിലും അനവധി നാശനഷ്ടങ്ങളും മരണവും സംഭവിച്ചു. സ്റ്റേറ്റ്, ഫെഡറൽ തലത്തിലും സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ നേതൃത്തത്തിലും രക്ഷാപ്രവർത്തങ്ങൾ ധൃതഗതിയിൽ നടന്നു.

200 മൈൽ സ്പീഡിൽ ആഞ്ഞടിക്കുന്ന, രക്ഷപ്പെടാൻ അധികം സമയം ലഭിക്കാത്ത, EF-4 എന്ന ടൊർണാഡോയാണ് ഇത്തവണ അടിച്ചത്. കാലാവസ്ഥയിൽ വേഗത്തിൽ സംഭവിക്കുന്ന വൈപരീത്യങ്ങൾ ഇതുപോലുള്ള പ്രതിഭാസങ്ങൾ സൃഷ്ടിക്കുന്നു. അന്തരീക്ഷത്തിൽ നിരന്തരമായി ചൂടും ഈർപ്പവും കലർന്ന വായുവും തണുത്ത വായുവും തമ്മിലുള്ള സംഘർഷത്താൽ ശക്തിയേറിയ ചുഴലിക്കാറ്റും തൽഫലമായി ടൊർണാഡോയും ഉടലെടുക്കുന്നു. ഏകദേശം മുക്കാൽ മൈൽ വീതിയിൽ ചോർപ്പ് രൂപത്തിൽ പുകക്കുഴൽ പോലെ ഭൂമിയിൽ ആഞ്ഞടിക്കുന്ന ചുഴലി കൊടുംകാറ്റാണ് ടൊർണാഡോയായി രൂപപ്പെടുന്നത്. ഇത് പതിക്കുന്നേടത്തെല്ലാം നാശം വിതച്ചുകൊണ്ടാണ് കടന്നുപോകുന്നത്. ഇതിൽ നിന്നും രക്ഷപെടാൻ ടൊർണാഡോ ഷെൽട്ടറുകൾ മിക്ക വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഉണ്ടങ്കിലും പലപ്പോഴും പല കാരണങ്ങൾ കൊണ്ട് മരണവും നാശനഷ്ടങ്ങളും ഒഴിവാക്കാൻ കഴിയാതെ പോകുന്നു. എന്നാൽ കൃത്യമായ മുന്നറിയിപ്പും, മുൻകരുതലും എടുത്താൽ വളരെയധികം നഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയും.

മാറി വരുന്ന ശക്തമായ ചൂടും തണുപ്പും അന്തരീക്ഷത്തിൽ വേഗത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളും ഇത്തരം പ്രതിഭാസങ്ങൾക്കു കാരണമാവുന്നു. ഭൂപ്രകൃതികൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും അമേരിക്കയിൽ ടൊർണാഡോ സാധാരണമാണ്. എന്നാൽ കെന്റക്കി മുതലായ സംസ്ഥാനങ്ങളിൽ ഇത് അപൂർവമായിട്ടാണ് സംഭവിക്കുന്നത്. 1925 ൽ മിസ്സോറി, ഇല്ലിനോയിസ്, ഇന്ത്യാനാ എന്നീ മൂന്ന് സ്റ്റേറ്റുകളിൽ വീശിയടിച്ച ടൊർണാഡോയാണ് അമേരിക്കയിൽ ഉണ്ടായതിൽ ഏറ്റവും അപകടകാരി. 700 ൽ പരം ആളുകളുടെ ജീവൻ അപഹരിക്കുകയും കോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്തു ഈ ഭീകരൻ. 2013 ൽ ഒക്കലഹോമയിൽ ഉണ്ടായ ടൊർണാഡോ 50 ൽ പരം ആളുകളുടെ ജീവൻ അപഹരിക്കുകയുണ്ടായി.

അസാധാരണവും അസംഭവ്യങ്ങളുമായ കാര്യങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ മനുഷ്യർ ഭയവിഹ്വരാകുന്നത് സ്വഭാഗികമാണ്. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലും അവികസിത ഭൂകണ്ഡമായ ആഫ്രിക്കയുടെ ഭാഗങ്ങളും ഇത്തരം പ്രതിഭാസങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ല. മുന്നറിയിപ്പു കൊടുക്കുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാം എന്നല്ലാതെ പ്രകൃതിയുടെ ഇത്തരം വികൃതികൾ നിന്നും മനുഷ്യന് പൂർണമായി ഒഴിയുവാൻ കഴിയുകയില്ല. ആധുനിക ശാസ്ത്രം വളരെയധികം നേട്ടങ്ങൾ എല്ലാ മേഖലകളിലും കൈവരിച്ചെങ്കിലും മരണം, സുനാമി, ടൊർണാഡോ, ഭൂകമ്പം, തുടങ്ങിയ ദുരന്തങ്ങളുടെ മുൻപിൽ ഇന്നും അന്താളിച്ചുനിൽക്കുകയാണ്. മനുഷ്യന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായി ചില കാര്യങ്ങൾ ഈ ഭൂമിയിൽ ഉണ്ടെന്നും സർവ്വവും നിയന്ത്രിക്കുന്നത് സർവ്വശക്തനായ ദൈവമാണെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.

പാപത്താൽ മലിനമാക്കപ്പെട്ട ഭൂമിയിലാണ് നാം വസിക്കുന്നത്. എന്നാൽ, നിത്യമായി എത്തിച്ചേരുവാൻ നാം കാത്തിരിക്കുന്ന പുതുവാനഭൂമിയിൽ ഇത്തരം പ്രതിഭാസങ്ങൾ ഇല്ല എന്നുള്ളത് നമുക്ക് പ്രത്യാശ നൽകുന്നതാണ്. ഈ പശ്ചാത്തലത്തിൽ കൊറോണ വൈറസ് മൂലം ലോക വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരിതങ്ങളെ വിലയിരുത്തുന്നത് ആവശ്യമാണ്. ദൈവത്തിന്റെ ന്യായവിധിയായി ഇത്തരം സംഭവങ്ങളെ വ്യാഖ്യാനിക്കുന്നത് തെറ്റാണു എന്ന് ചിന്തിക്കുവാൻ കഴിയുകയില്ല.

കാലം അതിന്റെ അന്ത്യത്തിൽ എത്തിയിരിക്കുന്നു എന്ന് ലോക സംഭവങ്ങൾ ഓരോന്നായി വിളിച്ചറിയിക്കുന്നു. വേഗം വരുന്ന കർത്താവിനെ എതിരേൽക്കുവാനായി നമുക്ക് ഒരുങ്ങാം. ദുരിതത്തിൽ കൂടി കടന്നു പോകുന്നവരെ ഓർത്തു പ്രാർത്ഥിക്കുകയും, കഴിവുപോലെ സഹായിക്കുകയും, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!