റഫാല്‍ ചടങ്ങിലെ സുവിശേഷ സാന്നിദ്ധ്യം

റഫാല്‍ ചടങ്ങിലെ സുവിശേഷ സാന്നിദ്ധ്യം

റോയി വാകത്താനം

ലോകജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം യുദ്ധ ഭീതിയിലേക്കു നീങ്ങുകയാണ്. എന്തും സംഭവിക്കാം എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഇന്ത്യന്‍ വ്യോമസേനയ്ക്ക് ശക്തി പകരുന്നതാണ് ഫ്രാന്‍സ് നിര്‍മ്മിത റഫാല്‍ യുദ്ധവിമാനങ്ങള്‍. മുപ്പത്തിയാറ് വിമാനങ്ങളില്‍ ആദ്യമെത്തിയ അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ നടന്ന ചടങ്ങിലൂടെ വ്യോമസേനയുടെ ഭാഗമാക്കി.

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക്, പ്രത്യേകിച്ച് സുവിശേഷവിഹിത സഭകളിലെ വിശ്വാസികള്‍ക്ക് അവിസ്മരണീയമായിരുന്നു പ്രസ്തുത ചടങ്ങ്. സർവമതപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ക്രിസ്തുമതത്തെ പ്രതിനിധാനം ചെയ്ത് ഭക്തസിങ് ഗ്രൂപ്പിനോടു ബന്ധപ്പെട്ട ചണ്ഡിഗഡ് ഹെബ്രോന്‍ സഭയൂടെ ചുമതലക്കാരനായ റവ. എസക്കിയേല്‍ ആയിരുന്നു.

ആന്ധ്രയില്‍ നിന്നുള്ള ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു റവ. എസക്കിയേല്‍. ആ കാലത്തും സുവിശേഷവിഹിത സഭകളോട് സഹകരിക്കുന്ന നവീകരണ വെളിച്ചമുള്ള വൈദികനായിരുന്നു അദ്ദേഹമെന്ന് ഒരുമിച്ചു സഹകരിച്ചിട്ടുള്ള പാസ്റ്റര്‍ കെ. കോശി (ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ്) ഓര്‍മ്മിക്കുന്നു.

നാല്പത്തി ആറാം സങ്കീര്‍ത്തനം ആംഗല ഭാഷയില്‍ വായിച്ചുകൊണ്ടാണ് റവ. എസക്കിയേല്‍ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു സർക്കാർ ചടങ്ങില്‍ സുവിശേഷവിഹിത സഭയ്ക്കിതുപോലൊരു അവസരം ഇതിനുമുമ്പ് ലഭിച്ചിട്ടുണ്ടോ എന്നു ഞാന്‍ സന്ദേഹിക്കുന്നു. “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു” എന്നു തുടങ്ങി “സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട് യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗം ആകുന്നു” എന്നു വായിച്ച് അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് ഉള്‍പ്പെടെ നൂറുകണക്കിന് പ്രമുഖര്‍ അടുത്തുണ്ടായിരുന്നു. ജനകോടികള്‍ ലോകവ്യാപകമായി ഈ ചടങ്ങ് വീക്ഷിക്കുന്നുണ്ടായിരുന്നു.

സങ്കീര്‍ത്തനം വായിച്ചതിനു ശേഷം കടഞ്ഞെടുത്ത വാക്കുകളിലൂടെ ആയിരം പ്രസംഗങ്ങള്‍ക്കു കഴിയാത്ത നിലയില്‍ റവ. എസക്കിയേല്‍ സുവിശേഷം കൈമാറി. സ്വര്‍ഗസ്ഥനായ പിതാവിനെ സംബോധന ചെയ്തു കൊണ്ട് യേശുക്രിസ്തുവിന്റെ ശ്രേഷ്ഠനാമം അദ്ദേഹം പ്രാര്‍ത്ഥനയുടെ ആരംഭ വാചകങ്ങളിലുയർത്തി. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി യേശു ക്രൂശില്‍ മരിച്ചതും മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റതുമാണ് തുടര്‍വാചകം. ഇന്ത്യയ്ക്കു ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഭരണതലത്തിലെ പ്രധാനപദവികള്‍ എടുത്തുകാട്ടി ദൈവീക അനുഗ്രഹം അപേക്ഷിച്ചു.

സേനയ്ക്ക് സുരക്ഷിതമായി റഫാല്‍ വിമാനം ഉപയോഗിക്കാനുള്ള കഴിവിനായും പ്രാര്‍ത്ഥിച്ചു. ഉപസംഹരിക്കുമ്പോള്‍ ആമ്മേന്‍, ഹാലേലൂയ്യ, ആമേന്‍ എന്ന പദങ്ങളും ഒത്തുചേര്‍ന്നു. അല്പമെങ്കിലും സുവിശേഷ വെളിച്ചമുള്ളവന്റെ ഹൃദയം തുടിക്കുന്ന അവിസ്മരണീയ നിമിഷങ്ങളായിരുന്നു അത്. ഭംഗിയായും അനുഗ്രഹകരമായും ശുശ്രൂഷനിര്‍വഹിച്ച റവ. എസക്കിയേലിന് അനുമോദനം നേരുന്നു. ഒപ്പം അദ്ദേഹത്തിന് അവസരം നല്‍കിയ അധികാരികള്‍ക്കും നന്ദി.

സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും സഹായകരമല്ലെന്നു കരുതപ്പെടുന്ന ബിജെപി സര്‍ക്കാര്‍ ചടങ്ങിലാണ് ഈ സങ്കീര്‍ത്തന വായനയും പ്രാര്‍ത്ഥനയും നടന്നത്. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ഭരണത്തില്‍ ഇതുപോലെ ഒരു അവസരം സുവിശേഷവിഹിത സഭകള്‍ക്ക് ലഭിച്ചിട്ടില്ല എന്നു ഞാന്‍ ആവര്‍ത്തിക്കട്ടെ.

ലഭിക്കുന്ന അവസരം മാന്യമായും ഭംഗിയായും ബുദ്ധിയോടും ഉപയോഗിപ്പാന്‍ ഈ സംഭവം നമുക്ക് പ്രചോദനം നല്‍കട്ടെ. സുവിശേഷപ്രസംഗത്തിനു വേണ്ടി ഒരുക്കുന്ന സ്റ്റേജില്‍ പോലും കിഴവികഥകള്‍ നിരത്തി ആക്ഷേപഹാസ്യം ചൊരിഞ്ഞ് അല്പം ശാസ്ത്രവും ഇറക്കി ഉപസംഹരിക്കുമ്പോള്‍ സുവിശേഷം പറയാന്‍ മറന്നുപോകുന്ന പെന്തക്കോസ്തുകാര്‍ നന്നാകുമോ? ഇതൊക്കെ നമ്മുടെ കണ്ണ് തുറപ്പിക്കുമോ? കാത്തിരിക്കാം.

One thought on “റഫാല്‍ ചടങ്ങിലെ സുവിശേഷ സാന്നിദ്ധ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!