വിട വാങ്ങിയത് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ആത്മീയനേതാവ്.

വിട വാങ്ങിയത് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ആത്മീയനേതാവ്.

പാസ്റ്റര്‍ ഡി. കുഞ്ഞുമോന്‍
ചീഫ് എഡിറ്റര്‍, അസംബ്ലീസ് ഓഫ് ഗോഡ് ദൂതന്‍

പുനലൂര്‍ : അസംബ്‌ളീസ് ഓഫ് ഗോഡ് മലയാളം കൗണ്‍സില്‍ സഭാദ്ധ്യക്ഷന്‍ റവ.ഡോ. പി.എസ്.ഫിലിപ്പിന്റെ സംസ്‌കാര ശുശ്രൂഷ ഡിസം.17-ന് പുനലൂര്‍ സഭാസ്ഥാനത്ത് രാവിലെ 9 മണിക്ക് ആരംഭിക്കും. ഉച്ചക്ക് 2 മണിക്ക് ബഥേല്‍ ബൈബിള്‍ കോളെജ് കാമ്പസില്‍ പ്രത്യേക തയ്യാറാക്കിയ സ്ഥലത്ത് സംസ്‌കരിക്കും. അഖിലേന്ത്യാ അസംബ്‌ളീസ് ഓഫ് ഗോഡ് ജനറല്‍ സൂപ്രണ്ട് റവ.ഡോ. ഡി. മോഹന്‍, സൗത്തിന്ത്യാ അസംബ്‌ളീസ് ഓഫ് ഗോഡ് ജനറല്‍ സൂപ്രണ്ട് റവ.ഡോ. വി.ടി.എബ്രഹാം,അസിസ്റ്റന്റ് ജനറല്‍ സൂപ്രണ്ട് റവ.പോള്‍ തങ്കയ്യാ, ജനറല്‍ സെക്രട്ടറി റവ.ഡോ. കെ.ജെ. മാത്യു, റവ. ജോണ്‍സന്‍ വര്‍ഗീസ്, മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി.വി.പൗലൊസ്, ട്രഷറര്‍ റവ. എ രാജന്‍ തുടങ്ങിയവര്‍ പ്രധാന ശുശ്രൂഷകള്‍ നിര്‍വ്വഹിക്കും. രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.ഡിസം.16-ന് വൈകുന്നേരം 5.30 മുതല്‍ 9 മണി വരെ ബഥേല്‍ ബൈബിള്‍ കോളെജ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. തദവസരത്തില്‍ അനുസ്മരണയോഗവും ക്രമികരിച്ചിട്ടുണ്ട്.

സഭാനേതാവ്, പ്രസംഗകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പെന്തെക്കോസ്തു സഭക്കു ദിശാബോധം നല്‍കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു റവ.ഡോ. പി.എസ്.ഫിലിപ്പ്. ആധുനിക പെന്തെക്കോസ്തു സഭയുടെ വളര്‍ച്ചക്കും മുന്നേറ്റത്തിനും ഒട്ടേറെ സംഭാവനകള്‍ അദ്ദേഹം നല്‍കിട്ടുണ്ട്. വേദപുസ്തക സത്യങ്ങള്‍ കലര്‍പ്പില്ലാതെ സമൂഹത്തില്‍ എത്തിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.

ബൈബിളിലെ ഉപദേശങ്ങള്‍ക്കു വിരുദ്ധമായുള്ള നവ പ്രവണതകളോട് അദ്ദേഹം എന്നും സമരത്തിലായിരുന്നു. സഹാനുഭൂതിയും കരുണയും വിനയവും അദ്ദേഹം സദാ ജീവിതത്തില്‍ സൂക്ഷിച്ചിരുന്നു. അദ്ദേഹത്തെ പരിചയപ്പെടുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇടം ഉണ്ടായിരുന്നു. ഒരിക്കല്‍ പരിചയെപ്പട്ട വ്യക്തിയെ വര്‍ഷങ്ങള്‍ക്കു ശേഷമാണു കാണുന്നതെങ്കിലും പേരുള്‍പ്പെടെ ഓര്‍ത്തു അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിനു പ്രത്യേക സിദ്ധിയുണ്ടായിരുന്നു. വിവിധ പ്രയാസങ്ങളാല്‍ മുറിവേറ്റ ഹൃദയങ്ങളോടെ ധാരാളംപേര്‍ അദ്ദേഹത്തെ കാണാന്‍ എത്തുമായിരുന്നു. അവര്‍ക്കെല്ലാം ആശ്വാസവും സാന്ത്വനവും നല്‍കാനുള്ള വരപ്രപ്തനായിരുന്നു ഡോ.പി.എസ്. ഫിലിപ്പ്.

ഡിസം.11-നാണ് റവ. ഫിലിപ്പ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടത്. പത്തനംതിട്ട ജില്ലയില്‍ തോന്ന്യാമല പാലയ്ക്കാത്തറയില്‍ സാമുവല്‍-റാഹേലമ്മ ദമ്പതികളുടെ മൂത്ത മകനായി 1947 സെപ്റ്റംബര്‍ 18-ന് ജനിച്ചു. ഉണര്‍വ്വിന്റെ ജ്വാലകള്‍ മധ്യതിരുവിതാംകൂറില്‍ കത്തിപ്പടരുവാന്‍ തുടങ്ങിയ അക്കാലത്ത് പൂര്‍ണ്ണ സുവിശേഷസത്യം ഉള്‍ക്കൊണ്ട് പെന്തെക്കോസ്ത് അനുഭവത്തിലേക്ക് വന്നു.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ശക്തമായ ദൈവീകപ്രേരണയാല്‍ സുവിശേഷവേലക്കായി സമര്‍പ്പിതനായ പി.എസ്. ഫിലിപ്പ് 1964 ല്‍ അസംബ്ലീസ് ഓഫ്‌ഗോഡ് സഭയുടെ പുനലൂരിലുള്ള ബഥേല്‍ ബൈബിള്‍കോളേജില്‍ പഠനത്തിനായി ചേര്‍ന്നു. 1967-ല്‍ പഠനം പൂര്‍ത്തിയാക്കി. ബാംഗ്ലൂരിലെ സതേണ്‍ ഏഷ്യ ബൈബിള്‍കോളേജ്, പൂനെയിലുള്ള യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരി,,അമേരിക്കയിലെ ഹാര്‍ട്ട്ഫീല്‍ഡിലുള്ള ബിബ്ലിക്കല്‍ തിയോളജിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ ഉപരിപഠനം നടത്തി. അമേരിക്കയിലുള്ള വെസ്റ്റ്മിനിസ്റ്റര്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് 2009 ല്‍ ക്രിസ്ത്യന്‍ മിനിസ്ട്രിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.

ബഥേല്‍ ബൈബിള്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍, അസംബ്ലീസ് ഓഫ് ഗോഡിന്റെ സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട് എന്ന പദവിയും അലങ്കരിച്ചിരുന്നു. സൗത്തിന്ത്യാ അസംബ്‌ളീസ് ഓഫ് ഗോഡ് ജനറല്‍സെക്രട്ടറി, അസിസ്റ്റന്റ് ജനറല്‍ സൂപ്രണ്ട്, അഖിലേന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് കമ്മിറ്റി മെമ്പര്‍ എന്ന നിലയിലും അനുഗൃഹീത സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എറ്റവും കൂടുതല്‍ വര്‍ഷങ്ങള്‍ എ.ജി. മലയാളം ഡിസ്ട്രിക്ട് എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ പ്രവൃത്തിക്കുവാന്‍ അവസരം ലഭിച്ച വ്യക്തിയെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്.1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 33 വര്‍ഷങ്ങളാണ് അദ്ദേഹം സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട് സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ളത്.

പുനലൂര്‍ നെടിയകാലായില്‍ ലീലാമ്മയാണ് സഹധര്‍മ്മിണി. മക്കള്‍ : റേച്ചല്‍, സൂസന്‍, സാമുവല്‍, ബ്ലസ്സി. മരുമക്കള്‍ : ലിജികുര്യന്‍, റെനി, പ്രിന്‍സി, ക്രിസ്റ്റഫില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!