റവ.പി.സ്. ഫിലിപ്പ് – തലക്കനമില്ലാത്ത വിനയാന്വിതനായിരുന്ന സഭാ നേതാവ്

റവ.പി.സ്. ഫിലിപ്പ് – തലക്കനമില്ലാത്ത വിനയാന്വിതനായിരുന്ന സഭാ നേതാവ്

പി.ജി. വർഗീസ്
(ക്രൈസ്തവചിന്ത ഒക്കലഹോമ കോ – ഓർഡിനേറ്റർ)

ഴിഞ്ഞ ദിവസം നിര്യാതനായ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്, കര്‍ത്താവില്‍ പ്രസിദ്ധനായിരുന്ന ദൈവദാസന്‍ റവ. പി. എസ്. ഫിലിപ്പ്, തലക്കനമില്ലാത്ത ഒരു സഭാ നേതാവായിരുന്നു. സൗമ്യതയും സ്‌നേഹവും തന്റെ മുഖമുദ്രയായിരുന്നു. പല നേതാക്കളും അധികാര ഗര്‍വും അഹങ്കാരവും വച്ച് പുലര്‍ത്തുമ്പോള്‍ താന്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. അസംബ്ലിസ് ഓഫ് ഗോഡിനെ സ്‌നേഹിച്ചതുപോലെ മറ്റു പെന്തക്കോസ്തു സഭകളെയും വിശ്വാസികളെയും താന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു.

പ്രായ, സഭാ വ്യത്യാസങ്ങള്‍ ഇല്ലാതെ, ഇടപെടുന്ന എല്ലാവരുമായും ആഴത്തിലുള്ള വ്യക്തി ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ തനിക്കുണ്ടായിരുന്ന വൈഭവം പ്രസിദ്ധമായിരുന്നു. ഒരിക്കലെങ്കിലും താനുമായി ഇടപെട്ടിട്ടുള്ളവര്‍ക്കു തന്റെ വിനയാന്വിതമായ പെരുമാറ്റം മറക്കുവാന്‍ കഴിയുകയില്ല. താന്‍ പരിചയപ്പെടുന്ന ഓരോ വ്യക്തികളുടെയും പേരുകള്‍ എത്ര തിരക്കിനിടയിലും, ഒരു കമ്പ്യൂട്ടര്‍ മെമ്മറി എന്ന പോലെ ഓര്‍ത്തിരിക്കുമായിരുന്നു. ഒക്‌ലഹോമയില്‍ താന്‍ വരുമ്പോള്‍, എന്നെ വിളിക്കുമ്പോളെല്ലാം, എന്റെ ഭാര്യയുടെയും മക്കളുടെയും പേര് പറഞ്ഞു അന്വേഷണം ചോദിക്കുമായിരുന്നു. ഏകദേശം 50 ല്‍ പരം വര്‍ഷങ്ങളായി ഞങ്ങള്‍ തമ്മില്‍ കുടുംബ, വ്യക്തിബന്ധം ഉണ്ടായിരുന്നു. മാത്രമല്ല, പുനലൂരില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അയല്‍വാസികളുമാണ്. പുനലൂരിലുള്ള എല്ലാവരും ജാതി, മത വ്യത്യാസമില്ലാതെ ഫിലിപ്പ് സാറിനെ സ്‌നേഹിച്ചിരുന്നു.

ഫിലിപ്പ് സാറിന്റെ ആകസ്മിക നിര്യാണം, എല്ലാവര്‍ക്കും, വിശേഷാല്‍ എ.ജി സമൂഹത്തിനും, മറ്റു ക്രിസ്തീയ, പെന്തക്കോസ്ത് സഭകള്‍ക്കും നഷ്ടം തന്നെയാണ്. ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കും, സഭാജനങ്ങള്‍ക്കും വ്യക്തിപരമായും, ക്രൈസ്തവചിന്ത ഒക്കലഹോമ ചാപ്റ്ററിന്റെ പേരിലും ഉള്ള അനുശോചനം അറിയിക്കുന്നു. നിത്യതയില്‍ പ്രിയ ഫിലിപ്പ് സാറിനെ എത്രയും വേഗം നമുക്ക് വീണ്ടും കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!