റവ.പി.എസ്. ഫിലിപ്പ് : ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിനുടമ.

റവ.പി.എസ്. ഫിലിപ്പ് : ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിനുടമ.

റവ. ബാബു ജോൺ
പ്രസിഡന്റ്, റോഡ് റണ്ണർ വേൾഡ് മിഷൻസ്, ന്യൂ മെക്സിക്കോ .

റവ.പി.എസ്. ഫിലിപ്പിന്റെ ദേഹവിയോഗം വളരെ ഞെട്ടലോടെയാണ് ഞാന്‍ ക്രൈസ്തവചിന്തയില്‍ നിന്നും വായിച്ചറിഞ്ഞത്. പെന്തക്കോസ്തു സമൂഹത്തിലെ മുന്‍നിര പ്രവര്‍ത്തകരില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഫിലിപ്പ് സാര്‍. അനുകരിക്കാന്‍ യോഗ്യമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ഇടപെടലുകളിലെ ലാളിത്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.

തികഞ്ഞ ആത്മീയനായിരുന്നു പാസ്റ്റര്‍ പി.എസ്. ഫിലിപ്പ്. സൗമ്യശീലനും ശാന്തനുമായിരുന്നു. ഇക്കാലത്ത് ഇങ്ങനെയുള്ള വ്യക്തികളെ വളരെ അപൂര്‍വ്വമായിട്ടേ കാണാന്‍ കഴിയൂ.
ഞങ്ങളുടെ മകന്റെ വിവാഹം ആര് നടത്തണമെന്ന് ചിന്തിച്ചപ്പോള്‍ ആദ്യം മനസില്‍ വന്ന പേര് ഫിലിപ്പ് സാറിന്റേതാണ്. ഞങ്ങളുടെ കുടുംബത്തിലെ മിക്ക വിവാഹങ്ങളും പാസ്റ്റര്‍ പി. എസ് ഫിലിപ്പാണ് ആശീര്‍വദിച്ചത്. ഏത് ശൂശ്രൂഷയും സന്ദര്‍ഭത്തിനൊത്ത് ഭംഗിയായി നിര്‍വ്വഹിക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

ആരോടും ശത്രുതാ മനോഭാവം അദ്ദേഹം പുലര്‍ത്തിയിരുന്നില്ല. ഏ.ജി. മൂഹത്തിന് അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണ്. ഫിലിപ്പ് സാറിനോട് അടുക്കുവാനും ഇടപഴകുവാനും വളരെ എളുപ്പമായിരുന്നു. ഒരു പച്ച മനുഷ്യനെന്ന് വേണമെങ്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഒരാളെ പരിചയപ്പെട്ടാല്‍ എത്ര വര്‍ഷം കഴിഞ്ഞ് ആ മനുഷ്യനെ കണ്ടാലും ഓര്‍ത്തിരിക്കുക മാത്രമല്ല കൃത്യമായി പേര് ചൊല്ലി വിളിക്കാന്‍ കഴിയുന്ന അപാര ഓര്‍മ്മശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.

പല സഭാനേതാക്കളും ഉന്നത ഭാവവും നിഗളവും ജാഢയും പ്രദര്‍ശിപ്പിക്കുന്നവരാണ്. ഇതൊന്നും തൊട്ടു തീണ്ടാത്ത അപൂര്‍വ്വ വ്യക്തിയായിരുന്നു ഫിലിപ്പ് സാര്‍. വാക്കുകള്‍ കൊണ്ട് ആരെയും അദ്ദേഹം മുറിപ്പെടുത്തിയിരുന്നില്ല. പ്രതിപക്ഷ ബഹുമാനത്തോടെ മാത്രമേ ആരോടും സംസാരിച്ചിരുന്നുള്ളു, ഇടപെട്ടിരുന്നുള്ളു.

ഉറച്ച തീരുമാനങ്ങള്‍ ഉറക്കെ പറയാത്തതിന്റെ പേരില്‍ ഏറെ പഴി കേട്ടിട്ടുണ്ട്. ആരെയും വെറുപ്പിക്കാതിരിക്കാനും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുവാനും താന്‍ ആവോളം ശ്രമിച്ചു. വീട്ട് വീഴ്ചാ മനോഭാവം പ്രവര്‍ത്തന മേഖലകളിലെല്ലാം പ്രകടമായിരുന്നു. അടുക്കുന്തോറും ആരെയും ആകര്‍ഷിക്കാന്‍ പര്യാപ്തമായ ഗുണവിശേഷങ്ങള്‍ തന്നിലുണ്ടായിരുന്നു.

ഫിലിപ്പ് സാറുമായി സൗഹൃദം പങ്കിടാന്‍ ലഭിച്ച അവസരങ്ങളെ ഇത്തരുണത്തില്‍ ഞാന്‍ ദു:ഖത്തോടെ ഓര്‍ക്കുന്നു. കൊവിഡ് മൂലമുള്ള ലോക് ഡൗണ്‍ തുടങ്ങുന്നതിന് തൊട്ട് മുമ്പ് ഒരു വിവാഹം നടത്താന്‍ അദ്ദേഹം ഡല്‍ഹിയില്‍ വന്നിരുന്നു. ആ സമയം ഞാന്‍ ഡല്‍ഹിയില്‍ ഉണ്ടെന്നറിഞ്ഞ ഉടനെ എന്നെ കാണാന്‍ എത്തി. ഞങ്ങളുടെ ഗ്രേറ്റര്‍ നോയിഡയിലെ ഹാര്‍വെസ്റ്റ് മിഷന്‍ കോളജിലെ അദ്ധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുകയും ചെയ്തു. കാമ്പസ് ചുറ്റി നടന്ന് കാണുകയും എന്നെയും പ്രിന്‍സിപ്പാളായ എന്റെ അനുജന്‍ ഡോ. ബിജു ജോണിനെയും അഭിനന്ദിക്കുകയും ചെയ്തിട്ടാണ് മടങ്ങിയത്.

മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്ന ഒരു നല്ല മനസിനുടമയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോണ്‍ഫ്രന്‍സില്‍ മുഖ്യാഥിതിയായി അദ്ദഹത്തെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കാരണം ആ സമ്മേളനം മാറ്റിവയ്‌ക്കേണ്ടി വന്നു. അമേരിക്കയില്‍ ഞാന്‍ പാര്‍ക്കുന്ന ന്യൂമെക്‌സിക്കോയിലേക്ക് വരാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ സസന്തോഷം സ്വാഗതം ചെയ്തു. എന്നാല്‍ ഇനി അതിന് കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം ദുഃഖാര്‍ദ്രമാകുന്നു.

എന്റെ കുടുംബത്തിന്റേയും ഹാര്‍വസ്റ്റ് മിഷന്‍ കോളജിന്റെയും എന്റെ സഹപ്രവര്‍ത്തകരുടേയും ദുഃഖം ഫിലിപ്പ് സാറിന്റെ കുടുംബാംഗങ്ങളെയും വിശേഷിച്ച് ലീലാമ്മാമ്മയെയും അറിയിച്ചുകൊള്ളുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!