മുല്ലപ്പെരിയാര്‍ ഡാം: നാം അടിമകള്‍-4

മുല്ലപ്പെരിയാര്‍ ഡാം: നാം അടിമകള്‍-4

അഡ്വ. റസ്സല്‍ ജോയി.

ഗത്യന്തരമില്ലാതെ ബഹുമാനപ്പെട്ട സുപ്രീംകോടതി ചോദിച്ചത്, നിങ്ങള്‍ 125 വര്‍ഷം പഴക്കമുള്ള ഈ ഡാമിന്റെ അടിയില്‍ ഉറങ്ങിക്കിടക്കുകയാണോ എന്നാണ്. ഈ ചോദ്യം The Hindu, The Times of India, The New Indian Express എന്നീ ദേശീയ പത്രങ്ങളിലും NDTV മുതലായ ചാനലുകളിലും ഹിന്ദി മേഖലകളിലെ പത്രങ്ങളിലും തമിഴ്‌നാട്ടിലെ എല്ലാ പത്രങ്ങളിലും ചാനലുകളിലും അതീവ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കേസിന്റെ വാദവേളയില്‍ തുടര്‍ന്ന് ബഹു. സുപ്രീംകോടതി എന്തുകൊണ്ടാണ് നിങ്ങള്‍ മൂവരും (കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും കേരള സര്‍ക്കാരും) അവസരത്തിനൊത്ത് ഉയരാത്തത് (Why didn’t you rise to the occasion) എന്ന് ചോദിച്ചിരുന്നു.

ഇതും ദേശീയ മാധ്യമങ്ങളും തമിഴ് മാധ്യമങ്ങളും ഒരു വലിയ മാധ്യമ ആഘോഷമാക്കിത്തീര്‍ത്തു. അവസാനമായി, ”അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഡാം പരിശോധിക്കുന്നതില്‍ എതിര്‍പ്പുണ്ടോ?” എന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി ചോദിച്ചപ്പോള്‍, കേരളമാണ് എതിര്‍ത്തത് എന്ന വസ്തുത നാം അതീവ ഉത്കണ്ഠയോടെയും ഗൗരവത്തോടെയും നോക്കിക്കാണണം. കേരളം ഈ കേസിനെ പിന്തുണച്ചുകൊണ്ട് ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ 2018-ല്‍ തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തിന് ഒരു ശാശ്വതപരിഹാരം ഉണ്ടാകുമായിരുന്നു. സഹികെട്ട സുപ്രീംകോടതി മൂന്ന് സര്‍ക്കാരുകളും വെവ്വേറെ മൂന്ന് ദുരന്തനിവാരണ സമിതികള്‍ ഉണ്ടാക്കണമെന്ന് ഉത്തരവിട്ടു. ഈ സമിതികള്‍ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി പറഞ്ഞു. ഇത് 2018 ജനുവരി മാസം 11-ന് ഉണ്ടായ ഉത്തരവാണ്.

2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ ഇത്തരമൊരു സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നതായി എനിക്ക് അറിവില്ല. അതിനെക്കുറിച്ച് നാളിതുവരെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തതായും എനിക്കറിവില്ല. അത്തരം കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു. വീണ്ടും പ്രളയത്തിന്റെ തീവ്രത കൂടിയപ്പോള്‍ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയോട്, നമ്മുടെ നാട് പ്രളയത്തിലാണെന്നും, മഴ കനത്ത തോതിലാണ് എന്നും, എല്ലാ ഡാമുകളും നിറഞ്ഞിരിക്കുന്നുവെന്നും, ജനങ്ങള്‍ വലിയ ദുരന്തത്തിലാണെന്നും, ഞങ്ങളെ രക്ഷിക്കണമെന്നും പറഞ്ഞുകൊണ്ടും, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും 3 അടിയെങ്കിലും കുറച്ച് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഒരു കത്തെഴുതിയിരുന്നു. ആ കത്തിന് ബഹു. കേരള മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട്, 142 അടിയില്‍ നിന്ന് 152 അടിയിലേക്ക് ഉയര്‍ത്താനാണ് പോകുന്നത് എന്ന മറുപടി കത്താണ് തമിഴ്‌നാട് മുഖ്യമന്ത്രി എഴുതിയത്.

ഇതില്‍ മനംനൊന്ത ഞാന്‍ ബഹു. സുപ്രീംകോടതിയെ സമീപിച്ചുകൊണ്ട് ജലനിരപ്പ് 142 അടിയില്‍ നിന്നും 139 അടിയിലേക്ക് കുറയ്ക്കാനുള്ള ഉത്തരവ് സമ്പാദിച്ചു. ഇത് തമിഴ്‌നാടിന്റെ മുഖത്തേറ്റ രണ്ടാമത്തെ വലിയ പ്രഹരമായിരുന്നു. അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഡാം പരിശോധിക്കുക തന്നെ വേണം.
നാം നിസ്സഹായരായ ഒരു ജനതയാണ്. നമ്മുടെ 79 ഡാമുകളാണ് ഉള്ളത്. ഈ ഡാമുകളെല്ലാം ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്നത് നമുക്ക് ആവശ്യമുള്ളതിന്റെ 20% വൈദ്യുതി മാത്രമാണ്. ബാക്കി 80% വൈദ്യുതിയും നാം പുറത്തുനിന്നാണ് വാങ്ങുന്നത്. മുല്ലപ്പെരിയാര്‍ ഡാം മാത്രം നശിപ്പിച്ചത് 740 സ്‌ക്വ.കി.മീ. വനമാണ്. (ഇടുക്കി 650 സ്‌ക്വ.കി.മീ.). മുല്ലപ്പെരിയാര്‍ നദിയെ പുറകോട്ടൊഴുക്കിയത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ് എന്നു പറഞ്ഞുകൊണ്ട് ഇത്തരമൊരു കേസ് കൊടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചത് എന്റെ ഗുരുനാഥനായ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ സാറാണ്. ഭൂകമ്പങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 6.5-ല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാവാം. മഹാരാഷ്ട്രയിലെ ലത്തൂര്‍ റിക്ടര്‍ സ്‌കെയില്‍ നാല് വരെ മാത്രം ഭൂകമ്പസാദ്ധ്യതയുള്ള ഒന്നാം മേഖലയിലാണ്. അവിടെ ലക്ഷങ്ങളെ കൊന്നൊടുക്കിക്കൊണ്ട് റിക്ടര്‍ സ്‌കെയിലില്‍ 6.3 വന്ന ഭൂകമ്പമാണ് ഉണ്ടായത്. അപ്പോള്‍ കേരളത്തിന്റെ അവസ്ഥ എന്താവും!!

ഈ ഡാമുകള്‍ മൂലം Dam induced earth quake ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ 2011 ജൂലൈ 26 മുതല്‍ നവംബര്‍ 26 വരെ 25-ലധികം ഭൂചലനങ്ങളാണ് ഇടുക്കി മേഖലയില്‍ രേഖപ്പെടുത്തിയത്. റൂര്‍ക്കി ഐ.ഐ.ടി.യുടെ ഒരു പഠനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 15 കി.മീ. ചുറ്റളവിനുള്ളില്‍ ഒരു ഭൂചനമുണ്ടായാല്‍ ഡാം നശിക്കുമെന്നും, ആറ് ജില്ലകളില്‍ 50 ലക്ഷം ജനങ്ങള്‍ ദാരുണമായി കൊല്ലപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. ഏറ്റവും പുതിയ പഠനങ്ങള്‍ അനുസരിച്ച് ഭൂകമ്പ സാദ്ധ്യതയുള്ള ലോകത്തിലെ പ്രധാന 9 അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍ ഡാം. നിറഞ്ഞുകിടക്കുന്ന ഡാമുകളിലെ ജലസമ്മര്‍ദ്ദം ഹൈറേഞ്ചില്‍ ഭൂകമ്പസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പ്രമുഖ സീസ്‌മോളജിസ്റ്റ് ഹര്‍ഷ് കെ. ഗുപ്ത ചൂണ്ടിക്കാട്ടുന്നത്.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!