മുല്ലപ്പെരിയാര്‍ ഡാം: നാം അടിമകള്‍-3

മുല്ലപ്പെരിയാര്‍ ഡാം: നാം അടിമകള്‍-3

അഡ്വ. റസ്സല്‍ ജോയി.

കരാര്‍ ഉണ്ടായ കാലത്ത് ഒരു തിരുവിതാംകൂര്‍ രൂപയ്ക്ക് 139 അമേരിക്കന്‍ ഡോളര്‍ വിലയുണ്ടായിരുന്നത് സന്തോഷാധിക്യത്താല്‍ ജനാധിപത്യ സര്‍ക്കാരുകള്‍ ജനങ്ങളോടു പറയാന്‍ മറന്നുപോയി. മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിത തൊഴിലാളികള്‍ക്ക് അക്കാലത്ത് നിലവിലുണ്ടായിരുന്നതിനേക്കാള്‍ വലിയ തുകയാണ് വേതനമായി നല്‍കിയിരുന്നത്. ദിവസം ആറ് അണ (38 പൈസ) തിരുവിതാംകൂര്‍ രൂപയ്ക്കുണ്ടായിരുന്ന മൂല്യം അത്ര വലുതാണ്.

കമ്പം, തേനി പ്രദേശങ്ങളില്‍ നിന്നും നിരവധി തൊഴിലാളികളാണ് പണികളില്‍ ഏര്‍പ്പെട്ടത്. അണക്കെട്ട് നിര്‍മ്മിച്ചതിനു ശേഷം 30 വര്‍ഷം പിന്നിട്ടപ്പോള്‍ പാട്ടത്തുക വര്‍ദ്ധിപ്പിക്കണം എന്നുള്ള കരാര്‍ വ്യവസ്ഥ നാനാവിധ സന്തോഷങ്ങള്‍ കൊണ്ട് കണ്ണു നിറഞ്ഞതു കൊണ്ട് ജനാധിപത്യ സര്‍ക്കാര്‍ കണ്ടില്ല. കുറ്റം പറയരുത്, ഇതിനിടെ സര്‍ക്കാര്‍ മക്കള്‍ ഇന്ത്യയിലെ ദാസിത്തെരുവുകള്‍ പിന്നിട്ട് ലണ്ടനിലും, ന്യൂയോര്‍ക്കിലും ചെക്കോസ്ലോവാക്കിയായിലും കഷ്ടപ്പെട്ട് എത്തിയിരുന്നു. അവര്‍ അവിടെ എങ്ങനെയാണ് വിദേശികളെക്കൊണ്ട് ഡാമുകള്‍ നിര്‍മ്മിക്കേണ്ടതെന്ന് വളരെ വിദഗ്ദ്ധമായി പഠിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിനു ശേഷം കേരളത്തിന്റെ വനങ്ങള്‍ 80 ശതമാനവും നശിപ്പിച്ച് ഇവര്‍ 79 ഡാമുകള്‍ പണിതു. ഈ ഡാമുകള്‍ പണിതതില്‍ അഴിമതിയുണ്ടോ എന്ന് ചോദിച്ചവരെ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റാക്കി. നാടും നഗരവും വളര്‍ന്നുവെങ്കിലും അണികള്‍ മാത്രം വളര്‍ന്നില്ല. മുല്ലപ്പെരിയാര്‍ ഡാം പണിതു കഴിഞ്ഞപ്പോള്‍ തമിഴ്‌നാട് പെരിയാറിലേക്ക് ഒരു തുള്ളി വെള്ളം പോലും കടത്തിവിടാന്‍ തയ്യാറായില്ല.. അതുകൊണ്ട് ആയിരക്കണക്കിന് ഹെക്ടര്‍ വനമാണ് വെള്ളമില്ലാതെ നശിച്ചത്. പ്രകൃതിയും വന്യമൃഗങ്ങളും, കാണുന്നതും കാണാത്തതുമായ ആയിരക്കണക്കിന് ജീവി വര്‍ഗ്ഗങ്ങളും സസ്യങ്ങളുമാണ് നശിച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിലെ കടുവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് കാരണം. നദീതീരത്തുള്ള പുല്‍മേടുകളെയാണ് ആനയും മ്ലാവും അടങ്ങിയ സസ്യാഹാരികളായ ജീവികള്‍ ആശ്രയിക്കുന്നത്. നദികളിലും പരിസരത്തുമുള്ള മരക്കുറ്റികളിലാണ് എണ്ണിയാലൊടുങ്ങാത്ത പക്ഷിവര്‍ഗ്ഗങ്ങളുടെ കൂടുകള്‍ ഉണ്ടായിരുന്നത്. ഇതെല്ലാം നശിച്ചു. ദേശാടനപക്ഷികള്‍ വരാതെയായി. മുല്ലപ്പെരിയാര്‍ അണക്കെട്ട് മേഖലയിലുണ്ടായിരുന്ന വേഴാമ്പലുകളെല്ലാം ചത്തൊടുങ്ങി. പൊന്മാനുകളില്‍ പലതിനും വംശനാശം സംഭവിച്ചു. പൊന്മാനുകള്‍ക്ക് പുറമെ മത്സ്യം തിന്ന് ജീവിച്ചിരുന്ന പല പക്ഷി സമൂഹങ്ങള്‍ക്കും വംശനാശം സംഭവിച്ചു. ഇത്തരം പക്ഷികളെല്ലാം തന്നെ നദീതീരത്തോട് ചേര്‍ന്നുള്ള ആവാസവ്യവസ്ഥയിലാണ് അധിവസിച്ചിരുന്നത്.

ഒരുകാലത്ത് ആനകളുടെ ആവാസകേന്ദ്രമായിരുന്ന അയ്യപ്പന്‍ കുറക്ക്, ഇടപ്പാളയം എന്നിവിടങ്ങളില്‍ ഇന്ന് ഒരു ആന പോലും ഇല്ല. വിവിധ ചിത്രശലഭങ്ങളും അപൂര്‍വ്വങ്ങളായ ഓര്‍ക്കിഡുകളും നശിച്ചു. എല്ലാ ജൈവ വൈവിധ്യങ്ങളും മൃഗങ്ങളും മുഴുവനായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടു. പെരിയാറില്‍ ജലം കുറഞ്ഞപ്പോള്‍ പെരിയാറിന്റെ ആയിരക്കണക്കിന് കൈവഴികളും ചെറുനദികളും ഇല്ലാതായി. ചെറു തോടുകളില്‍ കൂടി പുരാതനകാലം മുതല്‍ ഉണ്ടായിരുന്ന ജലഗതാഗതം അസ്തമിച്ചു. ഉണങ്ങി വരണ്ട കൈവഴികള്‍ ജനങ്ങള്‍ കൈയേറി കൃഷിസ്ഥലങ്ങളാക്കി.

പിന്നീട് കൃഷിക്ക് ജലം ലഭിക്കാതെ വന്നപ്പോള്‍ വീണ്ടും ഹെക്ടര്‍ കണക്കിന് വനം നശിപ്പിച്ച് ജനാധിപത്യ സര്‍ക്കാരുകള്‍ കനാലുകള്‍ നിര്‍മ്മിച്ച് ലോകത്തിനു തന്നെ മാതൃകയായി. അഭിമാനവിജൃംഭിതരായ അണികളില്‍ ചിലര്‍ ഇതില്‍ അഴിമതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവരെ ജില്ലാ സെക്രട്ടറിമാരായി ഉയര്‍ത്തി ജനാധിപത്യം സംരക്ഷിച്ചു. അങ്ങനെ കേരളത്തിന്റെ ഗംഗയായിരുന്ന പെരിയാര്‍ 43 നദികളുടെയും (മൂന്ന് നദികള്‍ കിഴക്കോട്ടാണ് ഒഴുകുന്നത്) ജലസ്രോതസ്സായിരുന്ന പെരിയാര്‍ മരിച്ചു. ഇപ്പോള്‍ ഒഴുകുന്നത് പെരിയാറിന്റെ ശോഷിച്ച പുനര്‍ജന്മമാണ്. ഒരു നദിയുടെ കണ്ണുനീരാണ്.

1964-ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം പരിശോധിച്ച് ഡാം തകര്‍ച്ചയിലാണ് എന്നു പറഞ്ഞപ്പോള്‍ കേരളം ഞെട്ടി. കുട്ടികള്‍ ഭീതി നിറഞ്ഞ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. 1978-ല്‍ ചൈനയിലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ അതേ കപ്പാസിറ്റിയിലുള്ള ബാങ്കിയാവോ ഡാമിന്റെ തകര്‍ച്ച ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്ത്യയിലെ ജസ്വന്ത് സാഗര്‍ അണക്കെട്ടും, മോര്‍വി അണക്കെട്ടും കൂടി തകര്‍ന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി, സര്‍ക്കാരുകള്‍ ജനങ്ങളെ രക്ഷിക്കില്ല.

മുല്ലപ്പെരിയാര്‍ കേസില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ്. ‘Why not a new Dam?’ ഒരു പഴയ ഡാമിന്റെ സ്ഥാനത്ത് പുതിയ ഡാം. എന്താണ് തെറ്റ്? ഇന്നും ഈ ചോദ്യത്തിന് ഉത്തരമില്ല. എങ്ങനെ ഒരു കേസ് കോടതിയില്‍ തോല്‍ക്കാം എന്നതിന്റെ ഒരു ഗവേഷണ പ്രബന്ധമാണ് കേരളവും തമിഴ്‌നാടും സുപ്രീംകോടതിയില്‍ നടത്തിയ കേസ്. കേരളവും തമിഴ്‌നാടും മറ്റൊന്നു കൂടി ഉണ്ടാക്കി ബഹു. സുപ്രീംകോടതിയുടെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് ഇതെങ്ങനെ സാധിക്കും? ഇന്ത്യയില്‍ ഡാം എഞ്ചിനീയറിംഗ് പഠിപ്പിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ ഉള്ളതായി എനിക്ക് അറിവില്ല.

അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഡാം പരിശോധിച്ചതായും അറിയില്ല. അതുകൊണ്ട് എന്റെ കേസില്‍ ഞാന്‍ ഡാമിന്റെ സുരക്ഷ എന്ന കാര്യത്തിലേക്ക് കടന്നില്ല. മറിച്ച്, ഞാന്‍ ഒരു ചോദ്യം മാത്രം ചോദിച്ചു: ”എന്നു വരെ? എന്നു വരെ ഡാം സുരക്ഷിതമാണ്?” ഡാമുകളുടെ മാഗ്നാകാര്‍ട്ടാ എന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കന്‍ ഫെഡറല്‍ ഗൈഡ്‌ലൈന്‍സ് ഫോര്‍ ദ സേഫ്റ്റി ഓഫ് ഡാംസ് പറയുന്നു, ഒരു ഡാം അതിന്റെ ‘ലൈഫ് സ്പാന്‍’ തീരുന്ന ദിവസം എക്‌സ്‌പേര്‍ട്ട്‌സ് വന്ന് ഡാം പരിശോധിച്ച് അതിന്റെ ഡീകമ്മീഷന്‍ തീയതി നിശ്ചയിക്കണം.

അതുകൊണ്ട് ഞാന്‍ ആദ്യത്തെ പ്രേയര്‍ ആയി വച്ചത് Fix the date of decommissioning of Mullapperiyar Dam എന്നാണ്. രണ്ടാമത്തെ പ്രേയര്‍ ആയി പറഞ്ഞത്, ഡാം തകര്‍ന്നാല്‍ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്ന കേരളത്തിലെ മരണപ്പെട്ട ആളുകളുടെ അവകാശികള്‍ ജീവിച്ചിരുന്നാല്‍ അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നാണ്. കൂടാതെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതി നശിച്ചാല്‍ കേരള സര്‍ക്കാരിനും നഷ്ടപരിഹാരം കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇത് beneficiary state ആയ തമിഴ്‌നാട് കൊടുക്കണം. തമിഴ്‌നാട് വിറ്റാല്‍ കിട്ടാത്തത്ര തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടി വരും. ഞാന്‍ അങ്ങനെ ആവശ്യപ്പെട്ടത് അത്തരം സാഹചര്യത്തില്‍ തമിഴ്‌നാട് ധാര്‍ഷ്ട്യം വെടിഞ്ഞ് ഒത്തുതീര്‍പ്പിന് വരും എന്ന് കരുതിയതു കൊണ്ടാണ്. ഏതായാലും കേരള സര്‍ക്കാര്‍ ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്ത് എന്റെ ആവശ്യങ്ങളെ പിന്തുണച്ചില്ല.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!