
ഷാജി ആലുവിള
വൈകല്യങ്ങളും അനർത്ഥങ്ങളും മനുഷ്യരെ നിരാശരാക്കുമ്പോൾ അതിൽനിന്നും വ്യത്യസ്തമായ അനുഭവുമായി മാത്യു വർഗ്ഗീസ് എന്ന കൊച്ചുമോൻ. കഴിഞ്ഞ പത്തിനച്ചു വർഷമായി
അദ്ദേഹം തിരുവല്ലായിലുള്ള ഗിൽഗാൽ ആശ്വാസഭവനിലെ അന്തേവാസിയാണ്. മരത്തിൽനിന്നും വീണ് സ്പൈനൽകോടിനു ഗുരുതരമായ തകരാർസംഭവിച്ചതിനാൽ എഴുന്നേൽക്കുവാൻ സാധിക്കാതെ പൂർണ്ണമായി തളർന്നു കിടക്കുകയാണ് കൊച്ചുമോൻ. ആ കിടക്കയിൽ കിടന്നുകൊണ്ട് മനസ്സുതളരാതെ പാടി ദൈവത്തെ മഹത്വപ്പെടുത്തുന്നു. ക്രൈസ്തവചിന്ത സംഘടിപ്പിച്ച വി.എം. മാത്യു പുരസ്ക്കാരദാന ചടങ്ങിൽ പങ്കെടുക്കുവാൻ ഗിൽഗാൽ ആശ്വാസഭവൻ ഡയറക്ടർ പാസ്റ്റർ പ്രിൻസ് തള്ളിയുരുട്ടുന്ന കട്ടിലിൽ കൊച്ചുമോനെ തിരുവല്ല പ്രായർസെന്ററിൽ എത്തിച്ചത്. അവിടെയും തന്റെ ഗാനം ജനശ്രദ്ധ നേടി.
പത്തനംതിട്ട ജില്ലയിലെ ചരൽക്കുന്നിൽ ഒരു സാധുകുടുംബത്തിലെ ആറുമക്കളിൽ ഏറ്റവും ഇളയ മകനാണ് കൊച്ചുമോൻ. മൽസ്യവിപണനം ആയിരുന്നു തൊഴിൽ. പത്താം ക്ലാസ് വരെ പഠിച്ച കൊച്ചുമോൻ ഇരുപത്തിനാലാമത്തെ വയസ്സിൽ നെടുമ്പ്രം സ്വദേശിനിയായ സിനിയെ വിവാഹം കഴിച്ചു. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ അഞ്ചുവയസ്സുകഴിഞ്ഞ തന്റെ മകന് ഒരു ആട്ടിൻകുട്ടിയെ വാങ്ങി കൊടുത്തു. അതിനുള്ള കൂട് പണിയുവാൻ കമുക് മുറിച്ചുകൊണ്ടിരിക്കുമ്പോൾ താനിരുന്ന മറ്റൊരുമരത്തിൽ നിന്നും ബാലൻസ് കിട്ടാതെ താഴെ വീഴുകയായിരുന്നു. ഭാര്യവീട്ടിൽ വെച്ചായിരുന്നു ഈ അപകടം ഉണ്ടായത്. ഉടൻ തന്നെ ബോധം നഷ്ടപ്പെട്ട കൊച്ചുമോനെ ആശുപത്രിയിൽ എത്തിച്ചു ചികിത്സാസഹായം തേടി. നാലു ദിവസം ഐ. സി.യു. വിൽ അതേ അവസ്ഥയിൽ തുടർന്നു. പിന്നീട് ആണ് സ്പൈനൽ കോഡ് മുറിഞ്ഞു പോയതിനാൽ കൈകൾക്ക് താഴെയുള്ള ശരീരഭാഗത്തിന്റെ ചലനശേഷി നഷ്ടപെട്ടുപോയെന്നറിയുന്നത്.

തുടർചികിത്സക്കായി കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റി. പതിനാറ് ദിവസത്തെ ചികിത്സക്കുശേഷവും ഒരു പുരോഗമനവും കണ്ടില്ല. പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്നു. വഴിയും വെള്ളവും കറണ്ടുമില്ലാത്ത ഒരു മലംപ്രദേശത്തെ പുറംപോക്കിലായിരുന്നു അന്നത്തെ വീട്. കിടക്കയിൽ ഒരേയൊരു കിടപ്പ്. ഭാര്യയുടെ പരിചരണം മാത്രം. കിടക്കയിൽ കിടന്ന് ശരീരത്തിന്റെ പല ഭാഗങ്ങളും പൊട്ടി പഴുത്ത് വ്രണങ്ങൾ ആയി മാറി. സഹിക്കുവാൻ വയ്യാത്ത ദുർഗന്ധം. അപകടത്തിന് മുമ്പ് ഒത്തുകൂടി മദ്യപിച്ചിരുന്ന കൂട്ടുകാരും കൂടെയുണ്ടായിരുന്ന മിത്രങ്ങളും വരാതെയായി. നിത്യവൃത്തിക്കുപോലും വഴിയില്ലാതെ ആകെ തകർന്നു.
ചികിൽസിക്കുവാൻ യാതൊരു മാർഗവുമില്ലാതെ കുടുംബമായി ആത്മഹത്യ ചെയ്യുവാൻ ആഗ്രഹിച്ചിരിക്കുമ്പോൾ ആണ് ഒരു ദൈവദാസൻ സന്ദർശിച്ചു പ്രാർത്ഥിക്കുന്നത്. അദ്ദേഹം പറഞ്ഞറിഞ്ഞാണ് ഏകദേശം ഒരു വർഷത്തിനുശേഷം ഗിൽഗാൽ ആശ്വാസഭവൻ ഡയറക്ടർ പാസ്റ്റർ പ്രിൻസും ഭാര്യയും കൊച്ചുമോനെ സന്ദർശിക്കുന്നത്. ആ സമയം വളരെ വേദനയുണ്ടാക്കുന്ന അവസ്ഥയായിരുന്നു. അങ്ങനെയാണ് ഗില്ഗാൽ ഭവന്റെ ആശ്വാസകരം തന്നിലേക്ക് ഒരു നല്ലശമര്യക്കാരനെപ്പോലെ എത്തിയത്. അവർ കൊച്ചുമോനെയും കുടുംബത്തെയും ആ സാഹചര്യം കണ്ട് ഏറ്റെടുക്കുകയായിരുന്നു. മകൻ സിജിന്റെ പഠനവും ആറാം ക്ലാസുമുതൽ ഗിൽഗാലിന്റെ ചുമതലയിൽ ആയിരുന്നു. ഗിൽഗാലിൽ എത്തിയ കൊച്ചുമോന്റെ തുടർചികിത്സയും ഈ അതുരാലയം തന്നെയാണ് എറ്റെടുത്തത്. ദുർഗന്ധം വമിക്കുന്ന വൃണങ്ങളുമായി മൂന്നു മാസത്തോളം തിരുവല്ലയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വീണ്ടും അഡ്മിറ്റായിരുന്നു. ആ സമയത്തും പാസ്റ്റർ പ്രിൻസിന്റെ സേവനം അതീവശ്രേഷ്ഠമായിരുന്നു. ആ ചികിത്സയ്ക്കും പ്രയോജനം ഇല്ലാതെ വന്നപ്പോൾ വീണ്ടും ഗിൽഗാലിലേയ്ക്ക് തിരികെകൊണ്ടുവന്നു.
ഗിൽഗാലിലെ പുരുഷൻമാരുടെ വാർഡിൽ കിടപ്പുരോഗികൾക്കുള്ള പ്രതേക കിടക്കയിൽ 2008 മുതൽ ഒരേയൊരു കിടപ്പാണ്. ഇവിടെ നടക്കുന്ന ആരാധനയിൽ പങ്കെടുക്കണം എന്നുള്ള ആഗ്രഹം പറഞ്ഞപ്പോൾ പാസ്റ്റർ പ്രിൻസ് ഉരുട്ടി നീക്കാൻ പറ്റുന്ന കിടക്ക വാങ്ങി അതിൽ കൊച്ചുമോനെ കിടത്തി ആരാധനയ്ക്ക് എത്തിക്കുവാൻ തുടങ്ങി. ആ ആരാധനയിൽ പങ്കെടുത്തതുമുതൽ വ്രണങ്ങൾ ഉണങ്ങി തുടങ്ങി. ചികിത്സയില്ലാതെ തന്നെ ദൈവം ബെഡ്സോറിൽ നിന്നും വിടുവിച്ചു. അങ്ങനെയാണ് യേശുവിനെ രക്ഷകനായി അംഗീകരിച്ച് വിശ്വാസസ്നാനം സ്വീകരിക്കുന്നത്.
സുവിശേഷം വാക്കുകൾ അല്ല പ്രവർത്തിയാണെന്ന് ഗില്ഗാൽ സന്നദ്ധപ്രവർത്തകരുടെ സേവനത്തിലൂടെ മനസ്സിലായി എന്ന് കൊച്ചുമോൻ പറയുന്നു. രണ്ടുപേരുടെ സഹായം വേണം പ്രാഥമിക അവശ്യങ്ങൾക്കുപോലും. മുന്നൂറ്റിയമ്പതോളം അന്തേവാസികൾക്കൊപ്പം സന്തോഷവാനായിട്ടാണ് കൊച്ചുമോനും ഭാര്യയും ഗിൽഗാലിൽ കഴിയുന്നത്.
ഇതിനിടയിൽ ഭാര്യയുടെ വീട്ടിൽ നിന്നും മൂന്നു സെന്റ് ഭൂമി ഇവർക്ക് കിട്ടി. ഗിൽഗാൽ ആശ്വാസഭവന്റെയും മറ്റനേകരുടെയും സഹായത്താൽ ഒരു ചെറിയ വീട് അതിൽ പണിതു. ഇപ്പോൾ പത്തൊൻമ്പത് വയസ്സുള്ള മകൻ കൊച്ചുമോന്റെ ഭാര്യാമാതാവിനൊപ്പം (വല്യമ്മച്ചി) അവിടെ താമസിസിച്ചു കൊണ്ട് വിദ്യാഭ്യാസം ചെയ്യുന്നു.
കിടന്നുകൊണ്ട് ദൈവത്തിനു വേണ്ടി ചെയ്യുവാൻ കൊച്ചുമോനു പറ്റുന്നത് പാടുക എന്നതാണ്. ദൈവം ആ അനുഗ്രഹം തനിക്കുകൊടുത്തു. അനേക കൺവൺഷനുകളിൽ പാടുവാൻ ഇതിനോടകം ഇടയായി. പല ചർച്ചുകളിലും പോയി പാടികൊണ്ടിരിക്കുന്നു. ഒരു വിലയേറിയ ശുശ്രൂഷയും നിയോഗവും ആയി കൊച്ചുമോൻ ഇതിനെ കാണുന്നു. രോഗകിടക്കയിൽനിന്ന് എഴുന്നേറ്റാലും ഇല്ലെങ്കിലും ഈ ശബ്ദം നിലക്കും വരെ യേശുവിനായ് പാടും എന്ന് ഉറപ്പിച്ചു പറയുന്നു. വൈകല്യങ്ങൾ ഒന്നിനുംതടസ്സമല്ല. അതിന്റെ നടുവിൽ ദൈവത്തിൽ ആശ്രയിക്കുമ്പോൾ കിട്ടുന്ന മനോധൈര്യം മതി വൈകല്യങ്ങളെ അനുഗ്രഹമാക്കിത്തീർക്കുവാൻ. നഷ്ടങ്ങളെയും നിരാശകളെയും, വിലാപത്തെയും അതിജീവിക്കുവാനുള്ള ദൈവകൃപയാണ് ഇപ്പോൾ എന്നെ നിലനിർത്തുന്നതും എന്ന് അദ്ദേഹം സന്തോഷത്തടെ പറയുന്നു.






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.