പഴവും തിന്നും തൊലിയും തിന്നും ജോസ് കെ. മാണി

പഴവും തിന്നും തൊലിയും തിന്നും ജോസ് കെ. മാണി

അഡ്വ. എ. ജയശങ്കര്‍

ദൈവവചനത്തോടു കൂടി ആരംഭിക്കാം. ഒരു ഭോഷനെ ഉരലിലിട്ട് ഉലക്ക കൊണ്ട് അവല്‍ പോലെ ഇടിച്ചാലും അവന്റെ ഭോഷത്തം മാറുകയില്ല എന്നൊരു വചനമുണ്ട്. ബൈബിളില്‍ ഏതു ഭാഗത്താണെന്ന് ഓര്‍മ്മയില്ല. നോക്കിയാല്‍ പറയാം. ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം നമ്മുടെ മഹാനായ ജോസ് കെ. മാണി രാജ്യസഭയിലേക്ക് തിരിച്ചുപോകയാണ്. അദ്ദേഹം നേരത്തേ ലോക്‌സഭാംഗമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് രാജ്യസഭയിലേക്ക് പോകണമെന്നു പറഞ്ഞ് ഉടനെ രാജ്യസഭയിലേക്ക് പോയി.

രാജ്യസഭയിലെത്തിക്കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് നിയമസഭയിലേക്ക്, അതായത് പാലായില്‍ നിന്ന് മത്സരിക്കണം, മന്ത്രിയാകണം, ജനങ്ങളെ സേവിക്കണം എന്നൊക്കെ ഉല്‍ക്കടമായ ആഗ്രഹം ഉണ്ടായി. അതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫില്‍ ചേര്‍ന്നു. എല്‍.ഡി.എഫില്‍ ചേരുന്ന സമയത്ത് യു.ഡി.എഫില്‍ നിന്നു നേടിയ മറ്റു സ്ഥാനങ്ങളൊക്കെ രാജിവയ്ക്കണമെന്ന വ്യവസ്ഥ പാലിച്ച് ‘മഹത്തായ’ രാജ്യസഭാംഗത്വം രാജിവച്ചു. ജനങ്ങളെ സേവിക്കണമെന്ന ഔത്സുക്യം കൊണ്ടാണ്, അല്ലാതെ വേറെ ആഗ്രഹം കൊണ്ടൊന്നുമല്ല.

ഈ ഉല്‍ക്കടമായ ആഗ്രഹം കൊണ്ട് രാജ്യസഭാംഗത്വം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ പ്രഖ്യാപനം മാത്രമേ ഉണ്ടായുള്ളൂ. ഒടുവില്‍ നിയമസഭയിലേക്കു മത്സരിക്കാന്‍ കടലാസ് കൊടുക്കുന്നതിനു മുമ്പായി അദ്ദേഹം മഹത്തായ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. കെ.എം.മാണിയുടെ തട്ടകമായ പാലായില്‍ സിറ്റിംഗ് എം.എല്‍.എ.യായ മാണി സി. കാപ്പനോട് ഏറ്റുമുട്ടി അദ്ദേഹം വീരമൃത്യു പ്രാപിച്ചു. അതില്‍ തെറ്റൊന്നുമില്ല. പാലാക്കാര്‍ക്ക് അപ്പനേയും മോനെയും നന്നായറിയാം. അതുകൊണ്ട് അവര്‍ അവരുടെ സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിച്ചു.

ജോസ് കെ. മാണിയെ തോല്‍പ്പിച്ച് തട്ടുംപുറത്ത് കയറ്റി. ഇത്ര വലിയ തരംഗത്തിനിടയിലും പാലായില്‍ നിന്ന് ‘ഡീസന്റായി’ തോല്‍ക്കാന്‍ കഴിയുമെന്ന് ജോസ് കെ. മാണി തെളിയിച്ചു. അങ്ങനെ തോറ്റപ്പോള്‍ പിന്നെ എന്തു ചെയ്യാന്‍ പറ്റും? മന്ത്രിയാകാന്‍ പറ്റില്ല. വേണമെങ്കില്‍ പ്രൊഫ. ജയരാജനെക്കൊണ്ടോ റോഷി അഗസ്റ്റിനെക്കൊണ്ടോ രാജിവയ്പ്പിച്ചിട്ട് ഒരു കൈ നോക്കാമായിരുന്നു. എന്നിട്ട് നിയമസഭയിലേക്കു മത്സരിച്ച് ജയിച്ച് വന്ന് മന്ത്രിയാകാം. അത്ര വലിയൊരു സാഹസത്തിന് ജോസ് കെ. മാണി തയ്യാറായാലും പിണറായി സമ്മതിക്കുമായിരുന്നില്ല. അവസാനം മന്ത്രിസ്ഥാനം റോഷി അഗസ്റ്റിന് തന്നെ കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ റോഷി മന്ത്രിയായി. അപ്പോഴും രാജ്യസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. പിന്നെ തിരിച്ച് രാജ്യസഭയിലേക്കു പോവുകയേ മാര്‍ഗ്ഗമുള്ളൂ. വേറൊന്നും ചെയ്യാനില്ല.

അതുതന്നെ ഇവിടെ സംഭവിച്ചു. വേറെ സ്ഥാനമോഹികള്‍ ഇല്ലാഞ്ഞിട്ടല്ല. സ്റ്റീഫന്‍ ജോര്‍ജ്ജ് അടക്കം ഒരുപാട് പേര്‍ കാത്തുനില്‍പ്പുണ്ട്. അവരൊക്കെ രാജ്യസഭയിലേക്കു പോകാന്‍ കഴിവും താല്പര്യവുമുള്ളവരാണ്. പക്ഷേ അവരെ ആരെയും തൊടീച്ചില്ല. അങ്ങനെ ജോസ് കെ.മാണി വീണ്ടും എം.പി.യായി.

ഏതായാലും പാലായിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അഭിമാനിക്കാം, ഇദ്ദേഹത്തെപ്പോലെ യോഗ്യനായ ഒരാളെ പാര്‍ലമെന്റിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞതില്‍. മാണി സി.കാപ്പനെ ജയിപ്പിച്ചില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇയാളെ സഹിക്കേണ്ടി വരുമായിരുന്നു. പാര്‍ലമെന്റിന്റെ ഒരു മൂലയില്‍ പോയി ഇരുന്നാലും ഇത്രയേ സംഭവിക്കാനുള്ളൂ. അദ്ദേഹത്തിന് ‘മെമ്പര്‍ ഓഫ് പാര്‍ലമെന്റ്’ എന്ന പേരില്‍ ഞെളിഞ്ഞു നടക്കാം.

അതിനപ്പുറത്തേക്ക് യാതൊന്നും നേടാന്‍ കഴിയുകയില്ല. ഇദ്ദേഹം അവിടെ ചെന്നതുകൊണ്ട് രാജ്യസഭയിലെ ഭൂരിപക്ഷം വര്‍ദ്ധിക്കുന്നില്ല. മറിച്ച് മറ്റൊരു അത്ഭുതവും നടക്കാന്‍ പോകുന്നില്ല. റബ്ബര്‍ കര്‍ഷകര്‍ക്കു വേണ്ടിയോ നാണ്യവിളകള്‍ക്കു വേണ്ടിയോ ഒന്നും സംസാരിക്കാന്‍ പോകുന്നില്ല. ആലങ്കാരികമായി ഇരിക്കാം, അത്രതന്നെ. അങ്ങനെ രാജ്യസഭയിലേക്ക് പോവുകയാണ്. ഇതിനാണ് ആക്രാന്ത രാഷ്ട്രീയം എന്നു പറയുന്നത്. പഴവും ഞാന്‍ തിന്നാം, തൊലിയും ഞാന്‍ തിന്നാം എന്നതാണ് തന്റെ രാഷ്ട്രീയ ദര്‍ശനം. ഇത് ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്.

ഇനി രണ്ടു വര്‍ഷം കൂടി മാത്രമേ രാജ്യസഭാംഗമായി തുടരാനാകൂ. അതു കഴിയുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇല്ലാത്തതുകൊണ്ട് വീണ്ടും രാജ്യസഭാ സീറ്റ് തന്നെ ചോദിക്കും. അല്ലെങ്കില്‍ പാലാ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. പാലായിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തോല്‍പ്പിച്ചു ഷെഡ്ഡില്‍ കയറ്റി എന്ന കാരണത്താല്‍ അയാള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. വേണമെങ്കില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കും. ഏതായാലും ജോസ് കെ. മാണി വിട്ടുകൊടുക്കാന്‍ തയ്യാറല്ല. പാലാക്കാര്‍ തോല്‍പ്പിച്ചെങ്കിലും ‘അദ്ദേഹം തോല്‍ക്കില്ല.’ അദ്ദേഹം ഒരു വേതാളമായി പാലാക്കാരുടെയും കേരളീയരുടെയും തലയ്ക്കു മീതെ തൂങ്ങിക്കിടക്കും. ആസനത്തില്‍ ആലു കിളിര്‍ത്താല്‍ തണലെന്ന് വിചാരിക്കുന്ന നേതാക്കള്‍ ഒത്തിരി ഉണ്ട്. അതില്‍ പ്രഥമഗണനീയനാണ് ജോസ് കെ.മാണി.

അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നു. കര്‍ഷകപ്രസ്ഥാനത്തിന് വളരെ ഉയര്‍ച്ചയും അഭിവൃദ്ധിയും ഉണ്ടാകട്ടെ. അദ്ദേഹം കഴുകനെപ്പോലെ ചിറക് വിരിക്കും. ഓടുമ്പോള്‍ ക്ഷീണിക്കുകയോ നടക്കുമ്പോള്‍ തളരുകയോ ചെയ്യില്ല എന്ന് നിഷ പണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഏതായാലും ഒരു ഭോഷനെ ഉരലിലല്ല, അമ്മിക്കല്ലില്‍ ഇടിച്ചാലും ഭോഷത്വത്തിന് യാതൊരു കുറവും സംഭവിക്കുന്നില്ല. ആ പേടി ആര്‍ക്കും വേണ്ടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!