‘ദൈവത്തിന് ഒരു അപേക്ഷ’ കൊടുക്കൂ, ‘ഉയർന്ന ജാതിയിൽ’ ജനിക്കാൻ ! ! !

‘ദൈവത്തിന് ഒരു അപേക്ഷ’ കൊടുക്കൂ, ‘ഉയർന്ന ജാതിയിൽ’ ജനിക്കാൻ ! ! !

ഡോ. ഓമന റസ്സല്‍

ജനനം മാത്രമാണ് ഒരു വ്യക്തിയുടെ ജാതി നിര്‍ണ്ണയിക്കുന്നത് (Birth determines the caste). ജാതി നിര്‍ണ്ണയത്തില്‍ ഒരു വ്യക്തിക്ക് യാതൊരു പങ്കും ഉത്തരവാദിത്വവുമില്ലയെന്നര്‍ത്ഥം. ഉയര്‍ന്ന ജാതിയില്‍ ജനിച്ചാലും താഴ്ന്ന ജാതിയില്‍ ജനിച്ചാലും ജനയിതാവ് ദൈവമെങ്കില്‍ ജനിച്ചവന്‍ ഏതു ജാതിയില്‍ ജനിച്ചെന്നതിന് അവന്‍ ഉത്തരവാദിയല്ലല്ലോ. അതുകൊണ്ടുതന്നെ അവന്റേതല്ലാത്ത കുറ്റത്തിന്, അതായത് ഒരു പ്രത്യേക ജാതിയില്‍ ജനിച്ചുപോയ കുറ്റത്തിന് അവനെ ശിക്ഷിക്കുന്നത് യുക്തിസഹമല്ല.

ദൈവത്തിന് ഒരു അപേക്ഷ എഴുതിക്കൊടുത്ത് ഇന്ന ജാതിയില്‍ ജനിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കേരളത്തില്‍ ഇന്ന് കീഴ്ജാതിക്കാരെന്നു കണക്കാക്കപ്പെടുന്നവരാരും ഉണ്ടാകുമായിരുന്നില്ല. എല്ലാവരും മേല്‍ജാതിക്കാരായി ജനിച്ച് സമത്വത്തോടെ കഴിയുമായിരുന്നു.
കേരളത്തിലെ ജാതിവ്യവസ്ഥയുടെ വളര്‍ച്ചയെക്കുറിച്ച് പല വാദഗതികള്‍ ഉണ്ട്. കേരളത്തില്‍ ഭരണം നടത്തിയിരുന്ന പില്‍ക്കാല ചേരരാജാക്കന്മാരുടെ (എ.ഡി. 800-എ.ഡി. 1102) കാലത്ത് നടന്നു എന്ന് പറയപ്പെടുന്ന ചേരചോള യുദ്ധങ്ങള്‍ക്കു ശേഷമായിരുന്നു കേരളത്തില്‍ മരുമക്കത്തായ ദായക്രമവും ജാതിസമ്പ്രദായവും വളര്‍ന്നുവന്നതെന്നൊരു വാദമുണ്ട്. കേരളത്തില്‍ ബ്രാഹ്മണരുടെ കുടിയേറ്റത്തിനു ശേഷം അവരാണ് ജാതി വ്യവസ്ഥിതി ഇവിടെ ഊട്ടിയുറപ്പിച്ചതെന്ന വാദഗതിയാണ് ഏറെ പ്രബലമായിട്ടുള്ളത്. ബി.സി. 7-ാം നൂറ്റാണ്ടിനു ശേഷമായിരുന്നു ബ്രാഹ്മണര്‍ കൂട്ടത്തോടെ കേരളത്തിലെത്തിയതെന്ന വാദമാണ് ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

കെ. ദാമോദരന്റെ അഭിപ്രായത്തില്‍ ബ്രാഹ്മണര്‍ കേരളത്തിലെ ആദിവാസികളാണ്, വിദേശീയരല്ല. വാദഗതി എന്തുതന്നെയായിരുന്നാലും ഏ.ഡി. 7-ാം ശതകത്തിനു ശേഷമായിരുന്നു ജാതിവ്യവസ്ഥ ക്രമേണ കേരള സമൂഹത്തില്‍ രൂഢമൂലമായത്. സമൂഹവിഭജനത്തിന്റെ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെയാണ് കേരളത്തില്‍ ജാതിവ്യവസ്ഥ വളര്‍ന്നുവന്നത്.
സമൂഹ വിഭജനത്തിന്റെ ആദ്യത്തെ തെളിവുകള്‍ നമുക്ക് ലഭിക്കുന്നത് സംഘം കൃതികളില്‍ നിന്നാണ്. ആദ്യകാലത്തെ ഭൂവിഭാഗങ്ങളായിരുന്നു അഞ്ച് തിണകള്‍. കുറിഞ്ചി, മുല്ലൈ, മരുതം, പാലൈ, നെയ്തല്‍ എന്നിവയായിരുന്നു ഐന്തിണകള്‍ (Five Tinais). കുറിഞ്ചിയിലെ ജനങ്ങള്‍ ഏയിനര്‍, വേടര്‍, വേട്ടുവര്‍ എന്നിവരായിരുന്നു. ഇവര്‍ നായാടികളും ഭക്ഷ്യശേഖരണം നടത്തുന്നവരുമായിരുന്നു. മുല്ലൈ വാസികളായിരുന്ന ആയര്‍, കുറുമ്പര്‍ എന്നിവര്‍ ഇടയരും മത്സ്യബന്ധനം ഉപജീവനമാക്കിയിരുന്ന പരതവര്‍, മീനവര്‍, ഉപ്പുണ്ടാക്കിയിരുന്ന ഉമണര്‍ മുതലായവര്‍ നെയ്തലിലെ ജനവിഭാഗവുമായിരുന്നു. പാലൈയിലെ മറവരുടെ പ്രധാന തൊഴില്‍ കൊള്ളയും കന്നുകാലി മോഷണവുമായിരുന്നു. മരുതം നിലങ്ങളില്‍ കൃഷി ഉപജീവനമാക്കിയവരെ ഉഴവര്‍ എന്നറിയപ്പെട്ടു. ഈ ഗോത്രവിഭാഗങ്ങള്‍ ജാതികളായിരുന്നില്ല, മറിച്ച് തൊഴില്‍ അടിസ്ഥാനത്തിലുള്ള ജനവിഭാഗങ്ങളായിരുന്നു.

‘പുറനാനൂറ്’ എന്ന സംഘം കൃതിയില്‍ മാങ്കുടിക്കിഴാര്‍ സൂചിപ്പിക്കുന്നത് അന്ന് തെക്കേ ഇന്ത്യയില്‍ തുടിയന്‍ (തുടികൊട്ടുന്നവന്‍), പറയന്‍ (പറ കൊട്ടുന്നവന്‍), പാണന്‍ (പാട്ട് കുലത്തൊഴിലായുള്ളവന്‍), കടമ്പന്‍ (കര്‍ഷകന്‍) എന്നീ നാല് ജനവിഭാഗങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. പത്തു പാട്ടില്‍ ഒന്നായ ‘പെരുമ്പാണ്‍ അറ്റുപ്പടൈ’ എന്ന കൃതിയില്‍ വലയര്‍ (മുക്കുവര്‍), പണികര്‍ (കച്ചവടക്കാര്‍), ഉഴവര്‍ (കൂലിവേലക്കാര്‍) എന്നീ 3 കൂട്ടരെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. കുറെക്കൂടി കഴിഞ്ഞുണ്ടായ ‘തൊല്‍ക്കാപ്പിയ’ത്തില്‍ (ഏ.ഡി.6-ാം ശതകം) അരചര്‍, അന്തണര്‍, പണികര്‍, വേളാളര്‍ എന്നിങ്ങനെ നാലായി ജനങ്ങളെ വേര്‍തിരിച്ചിരിക്കുന്നതായി കാണാം.

സമൂഹം വളര്‍ച്ച പ്രാപിച്ചതോടു കൂടി തൊഴില്‍ വിഭജനം ഉണ്ടായതിന്റെ ഫലമായി പുതിയ ജനവിഭാഗങ്ങള്‍ രൂപപ്പെട്ടു. സംഘകാലത്തിനു ശേഷം കാര്‍ഷിക സമുദായങ്ങളും നാടുകളും രൂപംകൊണ്ടു. ഗോത്രസമൂഹങ്ങള്‍ കൃഷിയിലേക്ക് കടന്നതിന്റെ ഫലമായി വെള്ളാളര്‍, വണികര്‍ തുടങ്ങിയ പുതിയ സാമൂഹ്യവിഭാഗങ്ങള്‍ ഉണ്ടായി. ഈ കാലഘട്ടത്തില്‍ ജാതി സങ്കല്പം ഉണ്ടായിരുന്നില്ലെന്നും തൊഴില്‍ അടിസ്ഥാനമാക്കിയുള്ള ജനവിഭാഗങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും കാണാവുന്നതാണ്. ഗോത്ര സമ്പദ്‌വ്യവസ്ഥയ്ക്കു ശേഷം കൃഷി വ്യാപനത്തോടൊപ്പം വാണിജ്യം വികാസം പ്രാപിക്കുകയും നഗരങ്ങള്‍ വളര്‍ന്നുവരികയും ചെയ്തതിന്റെ ഫലമായി പുതിയ കൈത്തൊഴിലുകളെ ആധാരമാക്കി പുതിയ ജനവിഭാഗങ്ങളുണ്ടായി.

രണ്ടാം ചേര ഭരണകാലത്ത് നാടുവാഴികളുടെയും ക്ഷേത്രങ്ങളുടെയും വളര്‍ച്ചയുടെ ഫലമായി പുതിയ ജനവിഭാഗങ്ങള്‍ ഉണ്ടായി. ക്ഷേത്രങ്ങളില്‍ ശാന്തിക്കാര്‍, പൊതുവാള്‍ പോലുള്ള ജനവിഭാഗങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി തൊഴിലുകളും വളര്‍ന്നുവന്നു. കല്‍ത്തച്ചന്മാര്‍, ആശാരിമാര്‍, സ്വര്‍ണ്ണപ്പണിക്കാര്‍, മറ്റു ലോഹപ്പണിക്കാര്‍, വാണിയര്‍, ചെണ്ട കൊട്ടുന്നവര്‍, മാല കെട്ടുന്നവര്‍, കമ്മാളര്‍, നെയ്ത്തുകാര്‍, ക്ഷേത്രം വക ഭൂമിയിലെ അടിയാളര്‍, ഊരാളര്‍, കാരാളര്‍ തുടങ്ങി അനേകം ജാതികള്‍ നിലവില്‍ വന്നു. തെങ്ങുകൃഷി വ്യാപകമായപ്പോള്‍ അതുമായി ബന്ധപ്പെട്ട ജനവിഭാഗം ഈഴവരായി. വിവിധ പ്രദേശങ്ങളില്‍ ഇവര്‍ ബില്ലവര്‍, തീയ്യര്‍, ചോവര്‍ തുടങ്ങിയ പേരുകളിലറിയപ്പെട്ടു. നെയ്ത്തുകാര്‍ ചാലിയരായി.

ക്രമേണ തച്ചന്‍, കൊല്ലന്‍, തട്ടാന്‍, കുശവന്‍ മുതലായ വിഭാഗങ്ങളും ഉണ്ടായി. തൊഴില്‍ അടിസ്ഥാനമായുണ്ടായ ജനവിഭാഗങ്ങളാണ് പില്‍ക്കാലത്ത് ജാതികളായി രൂപാന്തരപ്പെട്ടത്. പടയാളികളില്‍ വലിയ വിഭാഗം നായന്മാരായി. കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന ചേരരെ പുലയര്‍ എന്നറിയപ്പെട്ടുവെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പുലം എന്നാല്‍ വയല്‍ എന്നര്‍ത്ഥം. ചരിത്രഗവേഷകനായ പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അഭിപ്രായത്തില്‍ ”ഏ.ഡി. 7-ാം ശതകത്തിനു മുമ്പ് കുറവര്‍, പുലയര്‍ തുടങ്ങിയ ജാതിക്കാരായിരുന്നു കേരളത്തില്‍ വസിച്ചിരുന്നത്. നാടുവാഴികളും രാജാക്കന്മാരും പൂജാരികളും ഇവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തന്നെയായിരുന്നു.”

ഏ.ഡി. 13-ാം ശതകത്തോടു കൂടി പഞ്ചമ വിഭാഗങ്ങള്‍ (ചാതുര്‍വര്‍ണ്ണ്യത്തിനു പുറത്തുള്ളവര്‍) പുറംജാതിക്കാരും ചാതുര്‍വര്‍ണ്ണ്യക്കാര്‍ ജാതി ഹിന്ദുക്കളുമായി (Caste Hindus). തുടര്‍ന്നു വന്ന നൂറ്റാണ്ടുകളില്‍ പഞ്ചമവര്‍ഗ്ഗത്തിന്റെ നില ശോചനീയമായി. അവര്‍ അടിമകളുമായി. ഒരു കാസ്റ്റ് ഹയരാര്‍ക്കി (Caste Hierarchy). ഭീകരരൂപം പൂണ്ടു നില്‍ക്കുന്ന ശോചനീയമായ കാഴ്ചയാണ് മദ്ധ്യകാല കേരളത്തിലുടനീളം നാം കാണുന്നത്. ഒരു വിഭാഗം മനുഷ്യര്‍ പൊതുനിരത്തില്‍ ഇറങ്ങിക്കൂടാ, അക്ഷരം അഭ്യസിച്ചുകൂടാ, ദൈവത്തെ ആരാധിക്കാന്‍ പാടില്ല, പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല, വസ്ത്രം ധരിക്കാന്‍ പാടില്ല… അങ്ങനെ എത്രയെത്ര വിലക്കുകള്‍!! മനുഷ്യന്‍ മനുഷ്യനെ അറപ്പോടെ, വെറുപ്പോടെ മാറ്റിനിര്‍ത്തി. അപ്പോള്‍ത്തന്നെ താണജാതിക്കാരുടെ വിയര്‍പ്പിന്റെ ഫലമായ ധാന്യങ്ങള്‍ മേല്‍ജാതിക്കാരെന്ന് സ്വയം പറഞ്ഞവര്‍ രുചിയോടെ ഭക്ഷിച്ചു. അങ്ങനെ തീണ്ടിക്കൂടാത്തവര്‍, തൊട്ടുകൂടാത്തവര്‍, ദൃഷ്ടിയില്‍പ്പെട്ടാല്‍ പോലും ദോഷം സംഭവിക്കുന്നവര്‍ കേരള സമൂഹത്തിലുണ്ടായി. കേരളം നരകതുല്യമായ ഭ്രാന്താലയമായി മാറി. മനുഷ്യത്വമുള്ള മനുഷ്യന് സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര കടുത്ത പീഢനങ്ങളും അവഗണനയുമാണ് താണജാതിക്കാരെന്നു മുദ്രകുത്തപ്പെട്ട മനുഷ്യര്‍ അനുഭവിക്കേണ്ടി വന്നത്.

‘മനുസ്മൃതി’ പറയുന്നത് ബ്രഹ്മാവിന്റെ മുഖം, ഭുജം, തുട, പാദം എന്നിവയില്‍ നിന്ന് യഥാക്രമം ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉണ്ടായി എന്നാണ്. ഒരേ ബ്രഹ്മാവിന്റെ വിവിധ അവയവങ്ങളില്‍ നിന്നുണ്ടായ നാലു ജാതിക്കാര്‍ തമ്മിലും വലിയ വ്യത്യാസങ്ങളുണ്ടായിരുന്നു. വേദങ്ങള്‍ ഉരുവിടുന്ന ശൂദ്രന്റെ നാവ് അറുക്കണമെന്നും, വേദം ഓതുന്നത് കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നും മനു അനുശാസിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഉത്ഭവകഥ തന്നെ പരസ്പര വിരുദ്ധമാണ്. ചാതുര്‍വര്‍ണ്ണ്യ സമ്പ്രദായത്തേക്കാള്‍ അധമമായ ഒരു സാമൂഹ്യവ്യവസ്ഥിതിയില്ല. ജാതി സമ്പ്രദായം മനുഷ്യസമുദായത്തിന്റെ കളങ്കമാണ് എന്നതിനു സംശയമില്ല.

ക്ഷത്രിയരായും ശൂദ്രരായും ബ്രാഹ്മണര്‍ ഉയര്‍ത്തിയെടുത്തത് കേരളത്തിലുണ്ടായിരുന്ന വര്‍ഗ്ഗക്കാരെത്തന്നെയാണ് എന്ന് ഹാമില്‍ട്ടണ്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബ്രാഹ്മണര്‍ കേരളത്തിലുണ്ടായിരുന്ന ദ്രാവിഡ ഭരണകര്‍ത്താക്കളെ ക്ഷത്രിയരാക്കി മാറ്റി. ബ്രാഹ്മണരുടെ ഇഷ്ടാനുവര്‍ത്തികളായ ദ്രാവിഡര്‍ ശൂദ്രരായെന്നും, അവരുടെ ഇഷ്ടാനിഷ്ടങ്ങളെ ചോദ്യം ചെയ്ത ദ്രാവിഡര്‍ പഞ്ചമജാതിക്കാരെന്ന അധമവര്‍ഗ്ഗമായി എന്നൊരു ചിന്താഗതിയും നിലവിലുണ്ട്. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ കേരളത്തില്‍ മാത്രം അറിയപ്പെടുന്ന ഐതിഹ്യമാണ്. വരരുചി എന്ന ബ്രാഹ്മണന്‍ പറയി സ്ത്രീയില്‍ നിന്നും കേരളത്തിലെ 12 ജാതികളിലും പെട്ട സന്താനങ്ങളെ ഉല്പാദിപ്പിച്ചതും, അവര്‍ ജാതിഭേദം ഗൗനിക്കാതെ ഒന്നിച്ചുകൂടിയതുമായ ഐതിഹ്യം ഒരുപക്ഷേ കേരളത്തിലെ ഗോത്രവര്‍ഗ്ഗ ജനതകളെ സമന്വയിപ്പിച്ച് നമ്പൂതിരിമാര്‍ കേരളത്തില്‍ ജാതിവ്യവസ്ഥയുണ്ടാക്കിയ സാമൂഹ്യ പരിണാമചരിത്രത്തിന്റെ പ്രതിഫലനം ആവാം. പോര്‍ട്ടുഗീസുകാരനായ പച്ചീക്കോവിന്റെ നിര്‍ബന്ധപ്രകാരം പുലയരെ കൊച്ചി രാജാവ് നായന്മാരാക്കിയ സംഭവം പത്മനാഭമേനോന്‍ കൊച്ചി രാജ്യചരിത്രത്തില്‍ വിവരിച്ചിട്ടുള്ളതില്‍ നിന്നും ഏ.ഡി. 16-ാം നൂറ്റാണ്ടിലും ജാതി മാറാമായിരുന്നു എന്ന് തെളിയുന്നു.

കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രം പരിശോധിച്ചാലും അവര്‍ക്ക് ജാതിമേന്മ അവകാശപ്പെടാനുള്ള ചരിത്ര പിന്‍ബലമില്ല എന്നാണ് ചരിത്രമതം. ഏ.ഡി. 7-ഉം 8-ഉം നൂറ്റാണ്ടുകളിലായിരുന്നു ബ്രാഹ്മണര്‍ കേരളത്തിലെത്തിയതെന്നതാണ് പൊതുവെയുള്ള വിശ്വാസം. അങ്ങനെയെങ്കില്‍ ഏ.ഡി. 1-ാം നൂറ്റാണ്ടില്‍ സെന്റ് തോമസ് കേരളത്തിലെത്തിയപ്പോള്‍ കേരളത്തിലെ നിവാസികള്‍ ദ്രാവിഡരായിരുന്നു. ദ്രാവിഡര്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ സെന്റ് തോമസിനെങ്ങനെ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കാന്‍ കഴിഞ്ഞു? (‘ബൈബിളിലെ തോമസ് ഇന്ത്യയില്‍ വന്നോ?’ എന്ന അദ്ധ്യായത്തില്‍ ഈ കാര്യം വിശദീകരിക്കുന്നുണ്ട്.) കേരളത്തിലെ ക്രിസ്ത്യാനികള്‍ വിദേശീയരല്ല, മറിച്ച്, കേരളത്തിലുണ്ടായിരുന്ന ആദിമ ദ്രാവിഡരുടെ സന്തതിപരമ്പരകളത്രെ.

നൂറ്റാണ്ടുകളിലൂടെ കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥ ഭീകരമായിരുന്നു. പ്രാകൃതകേരള ജാതിസമൂഹം മനുഷ്യനെ മൃഗത്തേക്കാള്‍ ഹീനമായി കണക്കാക്കി. മനുഷ്യത്വഹീനമായ ചൂഷണ സംവിധാനമായി മാറി ജാതി വ്യവസ്ഥിതി. ഈ നാട്ടില്‍ വളരെക്കാലം പരസ്യമായി നിലനിന്ന ജാതിവ്യവസ്ഥ നമ്മുടെയെല്ലാം ബോധാബോധ തലങ്ങളില്‍ അവശേഷിച്ചിട്ടുള്ള ജാതിചിന്ത ഇന്നും തീരാകളങ്കമായി നമ്മുടെ സാമൂഹ്യജീവിതത്തെ കലുഷമാക്കുന്നുണ്ട്. ഈ വസ്തുത വേണ്ടതുപോലെ മനസ്സിലാക്കുന്നതിലൂടെ മാത്രമേ പരിഷ്‌കൃതമായ ഒരു പൗരസമൂഹം എന്ന നിലയ്ക്ക് നമുക്ക് പ്രവര്‍ത്തിക്കാനും പെരുമാറാനും കഴിയുകയുള്ളൂ. ജാതിബോധവും പക്ഷപാതങ്ങളും ജാതിവിരോധവും ഇന്നും നിലനില്‍ക്കുന്നു. കാലം മാറിയതനുസരിച്ച് ജാതി സമ്പ്രദായം മാറിയില്ല. മറിച്ച്, ജാതി സമുദായങ്ങള്‍ ആ സ്ഥാനത്ത് രൂപംകൊണ്ടു. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയോടെ ജാതിസമുദായങ്ങളുടെ രൂപീകരണം ശക്തിപ്പെടുകയും സാമുദായികത കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സമ്മര്‍ദ്ദശക്തിയായി വളരുകയും ചെയ്ത കാഴ്ചയാണ് നാം കാണുന്നത്. വിദ്യാഭ്യാസവും തൊഴിലും നേടാനുള്ള ശ്രമമാണ് സാമുദായികതയെ വളര്‍ത്താനുപകരിച്ച പ്രധാന ഘടകമെങ്കില്‍ ഇന്ന് തെരഞ്ഞെടുപ്പിന് മണ്ഡലങ്ങളില്‍ ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അധികാരത്തിലെത്തണമെങ്കില്‍ ജാതിയെ കൂട്ടുപിടിക്കണമെന്നര്‍ത്ഥം.

ജാതിയെന്ന ക്യാന്‍സര്‍ സമൂഹത്തെ ജീര്‍ണ്ണതയിലേക്കു നയിക്കും. ജാതിമഹിമ നേടാനുള്ള ഭ്രാന്തമായ ആവേശം മറ്റു ജാതിക്കാരെ നിന്ദിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ജാതിചിന്തയുള്ളവര്‍ മാനസിക അന്ധത ബാധിച്ച പ്രാകൃതമാനസരാണെന്ന കാര്യത്തില്‍ സംശയമില്ല. ജാതിപരമായ പതിത്വവും നിന്ദയും സാംസ്‌കാരികമായ പാപ്പരത്തത്തിനു തെളിവാണ്. ക്രിസ്തീയസഭയിലെ ജാതിചിന്ത പരിശോധിച്ചാല്‍ മതവല്‍ക്കരണത്തിലൂടെ ദിവ്യമാക്കപ്പെട്ട അസമത്വ സിദ്ധാന്തമാണ് പിന്തുടരുന്നതെന്ന വസ്തുത ബോദ്ധ്യമാകും. ജാതിമഹിമാ ബോധം മനുഷ്യര്‍ക്ക്, വിശിഷ്യാ ക്രിസ്ത്യാനികള്‍ക്ക് ബാധിച്ച മാനസികാര്‍ബുദം തന്നെ. അയിത്താചാരം ക്രിസ്തുവിന്റെ സമത്വതത്വങ്ങള്‍ക്കു വിരുദ്ധമായ ഹീന നടപടിയാണെന്നതില്‍ സംശയമില്ല.

യഹൂദനെയും യവനനെയും ദാസനെയും സ്വതന്ത്രനെയും യാതൊരു വ്യത്യാസവുമില്ലാതെ ഒന്നായി കാണുന്ന ക്രിസ്തുവിന്റെ സ്‌നേഹം മനസ്സിലാകാത്ത ക്രിസ്ത്യാനികള്‍ക്കല്ലേ ജാതിചിന്ത പുലര്‍ത്താനാകൂ? ചെയ്യാത്ത തെറ്റിന്, (ഒരുവന്‍ താണജാതിയില്‍ ജനിക്കുന്നത് അവന്റെ കുറ്റം കൊണ്ടല്ലല്ലോ) അതായത് താണജാതിയെന്ന് സമൂഹം മുദ്രകുത്തിയ ജാതിയില്‍ പിറന്നുപോയി എന്ന കുറ്റത്തിന് മനുഷ്യനെ ശിക്ഷിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന പ്രാകൃത മനോഭാവവും പരപീഢനോത്സാഹവും ആര്‍ക്കും ഭൂഷണമല്ല. ഒരു ജാതിരഹിത സമത്വകേരള സമൂഹം ഉണ്ടാകാനിനി എത്രകാലം കാത്തിരിക്കേണ്ടി വരും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!