മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ -4

മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ -4

ഡോ. ഓമന റസ്സല്‍

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ആധുനിക മലയാളഭാഷയുടെ പിതാവും സൃഷ്ടാവുമായി മാനിക്കപ്പെടുന്നു. അദ്ദേഹമാണ് കിളിപ്പാട്ട് എന്ന കാവ്യശാഖയ്ക്ക് രൂപംനല്‍കിയത്. ഭക്തിപ്രസ്ഥാനത്തിന്റെ വക്താവായിരുന്ന എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം, മഹാഭാരതം, ഹരിനാമകീര്‍ത്തനം, ഭാഗവതം, ദേവീമാഹാത്മ്യം എന്നിവ മലയാളഭാഷയില്‍ എഴുതി. മലയാളഭാഷാ ലിപികള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്.

ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന പൂന്താനം ശ്രീകൃഷ്ണ കര്‍ണ്ണാമൃതം, ജ്ഞാനപ്പാന, സന്താനഗോപാലം തുടങ്ങിയ കൃതികള്‍ രചിച്ചു. 17-ാം നൂറ്റാണ്ട് പൊതുവെ ആട്ടക്കഥകളുടെ കാലമായിരുന്നു. കഥകളിക്കു വേണ്ടി കോഴിക്കോട്ടെയും കൊട്ടാരക്കരയിലെയും രാജാക്കന്മാര്‍ കൃഷ്ണനാട്ടവും രാമനാട്ടവും അവതരിപ്പിച്ചു. കോട്ടയം തമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിര്‍മ്മീരവധം, കാലകേയവധം തുടങ്ങിയ കൃതികള്‍ എടുത്തുപറയേണ്ടവയാണ്.

18-ാം നൂറ്റാണ്ടില്‍ ഉണ്ണായിവാര്യര്‍ നളചരിതം രചിച്ചു. ഇരയിമ്മന്‍തമ്പി, ധര്‍മ്മരാജാവ്, അശ്വതിതിരുനാള്‍ എന്നിവര്‍ ഇക്കാലത്തെ ശ്രദ്ധേയരായ ആട്ടക്കഥാ കര്‍ത്താക്കളാണ്.
ആക്ഷേപഹാസ്യത്തിലൂടെ സാമൂഹ്യവിമര്‍ശനം നടത്തിയ കുഞ്ചന്‍നമ്പ്യാരുടെ മൗലിക സംഭാവനകളായിരുന്നു തുള്ളല്‍പ്പാട്ടുകള്‍. പുരാണകഥകള്‍ ഇതിവൃത്തമാക്കിക്കൊണ്ട് സമകാലിക കേരളീയ സമുദായത്തിന്റെ ഹാസ്യാത്മക ചിത്രീകരണം തുള്ളല്‍പ്പാട്ടുകളിലൂടെ അദ്ദേഹം നിര്‍വ്വഹിച്ചു. രാമപുരത്തുവാര്യര്‍ ഭക്തികാവ്യമായ കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചു.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരവും തുടര്‍ന്നുണ്ടായ സാംസ്‌കാരിക നവോത്ഥാനവും 19-ാം നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്. സ്വാതിതിരുനാള്‍ രാജാവിന്റെയും ഇരയിമ്മന്‍തമ്പിയുടെയുടെയും കൃതികള്‍ ഈ കാലഘട്ടത്തിലേതാണ്. ക്രിസ്ത്യന്‍ മിഷനറിമാരുടെ ഭാഷാപരമായ പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷാ പുരോഗതിക്ക് ഗണ്യമായ സംഭാവനയാണ് നല്‍കിയത്. അര്‍ണോസ് പാതിരി, ഗുണ്ടര്‍ട്ട്, ബെഞ്ചമിന്‍ ബെയ്‌ലി തുടങ്ങിയ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയുടെ ഉന്നമനത്തിന് സഹായകമായി.

പത്രങ്ങളുടെ ആവിര്‍ഭാവവും മലയാളഭാഷാ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കി. രാജ്യസമാചാരം, പശ്ചിമോദയം, ജ്ഞാനനിക്ഷേപം തുടങ്ങിയവ പ്രാധാന്യം അര്‍ഹിക്കുന്ന പത്രങ്ങളാണ്. മലയാള ഭാഷയില്‍ അച്ചടിച്ച ആദ്യത്തെ ഗ്രന്ഥമായ ‘സംക്ഷേപ വേദാര്‍ത്ഥം’ എഴുതിയത് ഫാദര്‍ ക്ലമന്റ് ആയിരുന്നു. ഇത് മലയാള ഗദ്യശൈലിക്ക് കേരളത്തില്‍ പ്രചാരം ലഭിക്കുന്നതിന് കാരണമായി. പാറേമ്മാക്കല്‍ തോമാ കത്തനാരുടെ യാത്രാവിവരണമായ മലയാള വര്‍ത്തമാന പുസ്തകവും എടുത്തുപറയേണ്ട കൃതിയാണ്.

പശ്ചിമതാരക കേരളപതാക, കേരളമിത്രം, കേരള ചന്ദ്രിക, കേരള പതാക, മലയാളി മിത്രം, നസ്രാണി ദീപിക, മലയാള മനോരമ (1890), മാതൃഭൂമി (1923), കേരളകൗമുദി (1940), ദേശാഭിമാനി (1945), ജനയുഗം (1945) തുടങ്ങി അനേകം മലയാള ഭാഷാപത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.

അച്ചടിയും പത്രപ്രവര്‍ത്തനവും വിപുലമായതോടെ ദിനപ്പത്രങ്ങളും ആഴ്ചപതിപ്പുകളും മാസികകളും പ്രസിദ്ധീകരിക്കുക വഴി ഗദ്യസാഹിത്യം പരിപോഷിപ്പിക്കപ്പെട്ടു.
19-ാം നൂറ്റാണ്ടിന്റെ 2-ാം പകുതിയില്‍ തുടങ്ങി 20-ാം നൂറ്റാണ്ടില്‍ കേരളക്കരയിലെങ്ങും വ്യാപിച്ച നവോത്ഥാനത്തിന് അടിസ്ഥാനമിട്ടത് ക്രിസ്ത്യന്‍ മിഷനറിമാര്‍ തുടങ്ങിവച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച അവബോധവുമായിരുന്നു. അതിനുമുമ്പ് ഒരു വ്യക്തിയുടെ സാമൂഹ്യപദവി നിര്‍ണ്ണയിച്ചിരുന്നത് അവന് ജാതിശ്രേണിയിലുണ്ടായിരുന്ന സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. നവോത്ഥാന നായകരില്‍ പ്രധാനികളായിരുന്ന ശ്രീനാരായണഗുരു, അയ്യങ്കാളി, വാഗ്ഭടാനന്ദന്‍, വക്കം മൗലവി, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും മലയാളഭാഷയുടെ പുരോഗതിക്ക് വഴിതെളിച്ചു.

മയൂരസന്ദേശം രചിക്കുകയും, ശാകുന്തള പരിഭാഷ നിര്‍വ്വഹിക്കുകയും ചെയ്ത കേരളവര്‍മ്മ, കേരള കാളിദാസന്‍ എന്ന് ഖ്യാതി നേടിയ എ.ആര്‍. രാജരാജവര്‍മ്മ, കേരളവ്യാസന്‍ എന്നറിയപ്പെട്ട കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, വെണ്‍മണി കവികള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും കൃതികളും കൊടുങ്ങല്ലൂര്‍ രാജാക്കന്മാരുടെ നേതൃത്വത്തില്‍ ഉണ്ടായ സാഹിത്യപ്രസ്ഥാനവും മലയാളഭാഷാ പരിണാമത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കി.

ആദ്യ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ചത് അഴകത്ത് പത്മനാഭക്കുറുപ്പായിരുന്നു. ഉള്ളൂരിന്റെ ഉമാകേരളം, പന്തളം കേരളവര്‍മ്മയുടെ രുഗ്മാംഗചരിതം, വള്ളത്തോളിന്റെ ചിത്രയോഗം, കെ.സി. കേശവപിള്ളയുടെ കേശവീയം തുടങ്ങിയ മഹാകാവ്യങ്ങള്‍ മലയാളത്തിലുണ്ടായി.

ഇംഗ്ലീഷ് സാഹിത്യവുമായുള്ള സമ്പര്‍ക്കം മൂലം 20-ാം നൂറ്റാണ്ടിന്റെ ആവിര്‍ഭാവത്തോടെ മലയാളത്തില്‍ കാല്പനിക പ്രസ്ഥാനം ആരംഭിച്ചു. ഭാവകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും കാല്പനിക കവിതകളും മലയാളഭാഷയെ സമ്പന്നമാക്കി. ആധുനിക കവിത്രയങ്ങളിലൊരാളായ മഹാകവി കുമാരനാശാന്റെ വീണപൂവ് എന്ന ഖണ്ഡകാവ്യം മലയാളകവിതയില്‍ ആധുനികത്വത്തിന്റെ യുഗം ഉദ്ഘാടനം ചെയ്തു. ഈഴവ സമുദായത്തില്‍ ജനിച്ച കുമാരനാശാന്റെ കൃതികള്‍ സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യം വച്ചുള്ളവയായിരുന്നു. നളിനി, ലീല, ശ്രീബുദ്ധചരിതം, പ്രരോദനം, ചിന്താവിഷ്ടയായ സീത, ഒരന്തര്‍ജ്ജനവും പുലയനും തമ്മിലുള്ള വിവാഹം പ്രമേയമാക്കിയ ദുരവസ്ഥ, കരുണ, ചണ്ഡാലഭിക്ഷുകി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.

വള്ളത്തോളിന്റെ ബധിരവിലാപം, സാഹിത്യമഞ്ജരി, എന്റെ ഗുരുനാഥന്‍ എന്നീ കൃതികള്‍ ദേശീയ നവോത്ഥാനത്തിന്റെ കാഹളം മുഴക്കി. ഉള്ളൂരിന്റെ കര്‍ണ്ണഭൂഷണം, പിംഗള, പ്രേമസംഗീതം, കേരള സാഹിത്യ ചരിത്രം തുടങ്ങിയ കൃതികള്‍ മലയാള ഭാഷയ്ക്ക് എല്ലാക്കാലത്തെയും മുതല്‍ക്കൂട്ടാണ്.
ഇവര്‍ക്കു പുറമെ നാലപ്പാട്ട് നാരായണമേനോന്‍, കുറ്റിപ്പുറത്ത് കേശവന്‍നായര്‍, പള്ളത്ത് രാമന്‍, കെ.എം. പണിക്കര്‍, ഇടപ്പള്ളി രാഘവന്‍പിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, ബാലാമണിയമ്മ, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ജി. ശങ്കരപ്പിള്ള, വൈലോപ്പിള്ളി ശ്രീധരമേനോന്‍, പി. കുഞ്ഞിരാമന്‍നായര്‍, എസ്.കെ. പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍നായര്‍, അപ്പു നെടുങ്ങാടി, ഒ. ചന്തുമേനോന്‍, സി.വി. രാമന്‍പിള്ള, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, പി.സി. കുട്ടികൃഷ്ണന്‍, ചെറുകാട്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഒ.എന്‍.വി.കുറുപ്പ്, സച്ചിദാനന്ദന്‍, ഡി. വിനയചന്ദ്രന്‍, ഒ.വി. വിജയന്‍, മാധവിക്കുട്ടി, പനച്ചൂരാന്‍, മുരുകന്‍ കാട്ടാക്കട തുടങ്ങി അനേകമനേകം സാഹിത്യകാരന്‍മാരും കവികളും മലയാള ഭാഷാ വളര്‍ച്ചയ്ക്ക് വിവിധ കാലഘട്ടങ്ങളില്‍ അവരുടേതായ സംഭാവനകള്‍ നല്‍കി. മലയാളഭാഷയുടെ വികാസ പരിണാമത്തില്‍ പങ്കാളികളായവരുടെ പേരുകള്‍ എഴുതിതീര്‍ക്കുക അസാദ്ധ്യമായ കാര്യമാണ്.

നോവലുകള്‍, കഥകള്‍, നാടകങ്ങള്‍, സാഹിത്യനിരൂപണം, ജീവചരിത്രം, യാത്രാവിവരണം, ഭാഷാചരിത്രം തുടങ്ങി മലയാളഭാഷയുടെ പല ശാഖകള്‍ ഗണ്യമായ പുരോഗതി നേടി വന്‍വൃക്ഷമായി മാറിയിരിക്കുന്ന കാഴ്ചയാണ് നാം വര്‍ത്തമാനകാലത്തില്‍ കാണുന്നത്.
ഇക്കാലത്ത് കാസെറ്റ്, സി.ഡി., പെന്‍ഡ്രൈവ്, ഇ-ബുക്ക്‌സ്, കമ്പ്യൂട്ടര്‍, ബ്ലോഗ് എഴുത്തുകള്‍, മലയാള ഭാഷയ്ക്ക് ഒരു സര്‍വ്വകലാശാല… അങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ദ്രുതഗതിയില്‍ ചവിട്ടിക്കയറുന്ന മലയാളഭാഷയെപ്പറ്റി എത്ര എഴുതിയാലും മതിയാകുകയില്ല. വള്ളത്തോള്‍ എഴുതി:

”മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍;
മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍.”

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!