മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ -3

മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ -3

ഡോ. ഓമന റസ്സല്‍

ഒരു സ്വതന്ത്ര വ്യവഹാര ഭാഷയെന്ന നിലയില്‍ മലയാളം ഉരുത്തിരിഞ്ഞത് 9-ാം നൂറ്റാണ്ടിലായിരുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. അക്കാലം വരെ തമിഴകത്തിന്റെ ഭാഗമായിരുന്നു കേരളം.

11, 12 നൂറ്റാണ്ടുകളില്‍ മലയാളം സാഹിത്യഭാഷയായി രൂപാന്തരപ്പെടുന്നതു കാണാം. ഇതിനുദാഹരണമാണ് ‘ഭാഷാ കൗടിലീയം.’ ചാണക്യന്റെ ‘അര്‍ത്ഥശാസ്ത്രം’ എന്ന കൃതിയുടെ പരിഭാഷയാണ് ‘ഭാഷാ കൗടിലീയം.’

ആദി ദ്രാവിഡ ഭാഷയില്‍ നിന്നും പൊട്ടിമുളച്ച മലയാളം ആദ്യകാലത്ത് തമിഴ് ഭാഷയുടെ സ്വാധീനതയിലായിരുന്നു. ക്രമേണ അതില്‍നിന്ന് മോചനം നേടി ആര്യവല്‍ക്കരണത്തിന്റെ ശക്തി കൂടിയതോടെ സംസ്‌കൃതത്തിന്റെ പിടിയില്‍പ്പെട്ടു.

കേരള ചരിത്രം പരിശോധിച്ചാല്‍ എ.ഡി. 8 മുതല്‍ 12-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം പെരുമാള്‍ കാലഘട്ടം ആയിരുന്നു. ഇക്കാലത്ത് കേരളത്തിലുടനീളം 657-ലധികം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. 12 മുതല്‍ 16-ാം നൂറ്റാണ്ട് വരെ കേരളത്തില്‍ നാടുവാഴി സ്വരൂപങ്ങളായിരുന്നു ഭരണം നടത്തിയിരുന്നത്. കൊച്ചിയിലെ പെരുമ്പടപ്പ് സ്വരൂപവും കോഴിക്കോട്ടെ നെടിയിരുപ്പ് സ്വരൂപവും ഉള്‍പ്പെടെ പതിനേഴ് നാടുകളുടെ ഭരണാധികാരികള്‍ വിവിധ ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനവും ധനസഹായവും നല്‍കിയതിന്റെ ഫലമായി തൃശൂരില്‍ മാത്രം 200-ലധികം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.

16 മുതല്‍ 20-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെ കേരളചരിത്രത്തില്‍ നാടുവാഴികളുടെ ഭരണകാലം എന്നറിയപ്പെടുന്നു. യൂറോപ്യന്മാരുടെ ആധിപത്യം കേരളത്തിലുണ്ടാകുന്നതും ഇക്കാലത്താണ്. ഓരോ കാലഘട്ടത്തിലും കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഭരണകര്‍ത്താക്കളില്‍ നിന്നും ആനുകൂല്യങ്ങളും പ്രോത്സാഹനവും ലഭിച്ചതു വഴി മലയാള ഭാഷയ്ക്കും പുരോഗതിയുണ്ടായി.

സ്വരൂപ നാടുവാഴി കാലഘട്ടങ്ങളില്‍ രാജാക്കന്മാര്‍ ക്ഷത്രിയത്വം അവകാശപ്പെട്ടതുകൊണ്ട് ബ്രാഹ്മണ സാഹിത്യത്തിനും പ്രോത്സാഹനവും ധനസഹായവും ലഭിച്ചു. ഇക്കാലത്ത് മലയാള വിവര്‍ത്തനവും മലയാള പുസ്തകരചനയും ഉണ്ടായി.

പാട്ടുസാഹിത്യമാണ് ആദ്യമുണ്ടായത്. 10-ാം നൂറ്റാണ്ടു വരെ മലയാളത്തില്‍ കാര്യമായ സാഹിത്യ കൃതികളുണ്ടായിരുന്നില്ല.

മലയാള സാഹിത്യത്തില്‍ സംസ്‌കൃതം ചെലുത്തിയ സ്വാധീന ഫലമായി രൂപംകൊണ്ട സാഹിത്യപ്രസ്ഥാനമാണ് മണിപ്രവാളം. മലയാളവും സംസ്‌കൃതവും ഇടകലര്‍ത്തി എഴുതിയ മണിപ്രവാള കാവ്യങ്ങള്‍ ആര്യദ്രാവിഡ സങ്കരത്തിന്റെ ഫലമായി ഉണ്ടായവയാണ്.
12-ാം നൂറ്റാണ്ടിലെ ആദ്യ മണിപ്രവാള കാവ്യം വൈശിക തന്ത്രമാണ്. 13-ാം നൂറ്റാണ്ടില്‍ ഉണ്ണിയച്ചി ചരിതവും ഉണ്ണിച്ചിരുതേവി ചരിതവും 14-ാം നൂറ്റാണ്ടില്‍ ഉണ്ണിയാടി ചരിതവും കാളിദാസന്റെ മേഘസന്ദേശത്തെ അനുകരിച്ച് ഉണ്ണുനീലി സന്ദേശവും രൂപംകൊണ്ടു. കോക സന്ദേശവും ഈ കാലത്ത് എഴുതപ്പെട്ടു. മേദിനി വെണ്ണിലാവ് എന്ന ദേവദാസിയായിരുന്നു 15-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ചന്ദ്രോത്സവം എന്ന കൃതിയിലെ നായിക. മണിപ്രവാള കാവ്യങ്ങളിലെ പ്രധാന നായികമാര്‍ ക്ഷേത്ര നര്‍ത്തകികളായ ദേവദാസിമാര്‍ ആയിരുന്നു. ചുരുക്കത്തില്‍ സമ്പന്നവും അലസവുമായ ജീവിതം നയിച്ചിരുന്ന ഒരുകൂട്ടം ആളുകളുടെ ലീലാവിനോദങ്ങള്‍ അവതരിപ്പിച്ചിരുന്നവയായിരുന്നു മണിപ്രവാള കാവ്യങ്ങള്‍.

13 മുതല്‍ 16 വരെയുള്ള നുറ്റാണ്ടുകള്‍ ഗദ്യവും പദ്യവും ഇടകലര്‍ന്ന സാഹിത്യരൂപങ്ങളായ ചമ്പുക്കളുടെയും സന്ദേശ കാവ്യങ്ങളുടെയും കാലമായിരുന്നു. മലയാള സാഹിത്യത്തില്‍. നാട്ടുരാജ്യങ്ങളുടെ സംരക്ഷണത്തില്‍ പുരാണകഥകളെ ആസ്പദമാക്കി ധാരാളം ഭക്തിഗാനങ്ങള്‍ ഇക്കാലത്തുണ്ടായി.

15-ാം നൂറ്റാണ്ടില്‍ ഉദയവര്‍മ്മന്‍ കോലത്തിരിയുടെ ആശ്രിതനായിരുന്ന ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചു. സാമൂതിരിയുടെ സദസ്യരായിരുന്ന പതിനെട്ടര കവികളില്‍ പ്രധാനിയായിരുന്ന പുനം നമ്പൂതിരി രാമായണം ചമ്പു രചിച്ചു. 15-ാം നൂറ്റാണ്ടില്‍ ശൂദ്രരായ നിരണം കവികളുടെ അഥവാ കണ്ണശ്ശ കവികളുടെ രംഗപ്രവേശവും കാണാം. രാമപ്പണിക്കര്‍ രാമായണവും മാധവപ്പണിക്കര്‍ ഭഗവത്ഗീതയും പരിഭാഷപ്പെടുത്തി. 16-ാം നൂറ്റാണ്ടില്‍ കൊച്ചി രാജാവായിരുന്ന കേശവ രാമവര്‍മ്മയുടെ സദസ്യനായിരുന്ന മഴമംഗലം നമ്പൂതിരി ധൈഷധം ചമ്പുവും രാജരത്‌നാവലിയും എഴുതി. ചാക്യര്‍മാര്‍ കൂത്ത് പറയുന്നതിനാണ് പ്രധാനമായും ചമ്പുക്കള്‍ ഉപയോഗിച്ചിരുന്നത്.
മലയാള ഭാഷാ ചരിത്രത്തെ പ്രധാനമായും നാല് ഘട്ടങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്.

(1) പ്രോട്ടോ തമിഴ് മലയാളം (ഏ.ഡി. 800 വരെ)
(2) പ്രാചീന മലയാള ക്ലാസ്സിക്കല്‍ ഘട്ടം (800-1300)
(3) മധ്യകാല മലയാള ക്ലാസ്സിക്കല്‍ ഘട്ടം (1300-1600)
(4) ആധുനിക മലയാള ഘട്ടം (1600 മുതല്‍)

ആദ്യഘട്ടത്തിലെ പതിറ്റുപ്പത്ത്, ഐങ്കറുനൂറ് തുടങ്ങി കേരളീയ കവികളെഴുതിയ പഴന്തമിഴ് പാട്ടുകളും ചിലപ്പതികാരത്തിലെ മലൈനാട്ടു വഴക്കങ്ങളും മലയാളഭാഷയുടെ അസ്തിത്വത്തിനുള്ള തെളിവുകളായി കണക്കാക്കാം. പ്രാചീന മലയാള കാലഘട്ടത്തിലെ വട്ടെഴുത്തിലും ഗ്രന്ഥലിപിയിലും ഉള്ള ചെമ്പുതകിടുകളിലെയും ശാസനങ്ങളിലെയും മലയാളസ്പര്‍ശം ശ്രദ്ധാര്‍ഹമാണ്.
മധ്യകാല മലയാളഘട്ടം സാഹിത്യഭാഷയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായ ഘട്ടമാണ്.

ക ണ്ണശ്ശപ്പണിക്കന്മാരെന്ന ശൂദ്രകവികളുടെ രംഗപ്രവേശം ബ്രാഹ്മണ മേധാവിത്വത്തിനു കോട്ടം തട്ടിയതിന്റെ സൂചന നല്‍കുക വഴി സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യമിടുന്നതായി കാണാം. അതുവരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍ എന്നിവര്‍ മാത്രം വിരാജിച്ചിരുന്ന സാഹിത്യരംഗത്തേക്ക് ശങ്കരനും രാമനും മലയിന്‍കീഴ് മാധവനുമൊക്കെ വരുന്നത് കാണാം.
രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ ബ്രാഹ്മണരുടെ കുത്തക പൊളിയാന്‍ തുടങ്ങിയത് 16-ാം നൂറ്റാണ്ടിലെ പോര്‍ട്ടുഗീസ് ആധിപത്യത്തോടെയാണ്. ബ്രാഹ്മണ ഗ്രാമങ്ങള്‍ തമ്മിലുണ്ടായ കലഹങ്ങളും കോഴിക്കോടിന്റെയും കൊച്ചിയുടെയും നിരന്തര പോരാട്ടങ്ങളുമൊക്കെ ഈ കാലഘട്ടത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഗദ്യകൃതികള്‍ 16-ാം നൂറ്റാണ്ടില്‍ ഉണ്ടാകുന്നതായി കാണാം.

(തുടരും )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!