മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ -2

മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ -2

ഡോ. ഓമന റസ്സല്‍
M.A ( Eco) M.A (Socio) M.A (Hist) B.Ed, M.Phil, Ph.D

ആദ്യകാലത്ത് ജനങ്ങള്‍ സംസാരിക്കാനും ആശയങ്ങള്‍ പരസ്പരം പറഞ്ഞു മനസ്സിലാക്കാനും വേണ്ടി മാത്രം ഭാഷ ഉപയോഗപ്പെടുത്തി. ഈ കാലഘട്ടത്തില്‍ ഇത് വ്യവഹാരഭാഷ മാത്രമായിരുന്നു. എന്നാല്‍ സാമൂഹ്യവളര്‍ച്ചയുടെ ഒരു സവിശേഷ ഘട്ടത്തില്‍ മാത്രമാണ് വ്യവഹാരഭാഷയില്‍ നിന്നും സാഹിത്യ ഭാഷയിലേക്കുള്ള ചുവടുവയ്പ്പ് നടന്നത്.

അശോകന്റെ രണ്ടാം ശാസനത്തില്‍ ചോഡ (ചോള), പാഡ (പാണ്ഡ്യ), കേതല പുതോ (കേരള പുത്ര) തുടങ്ങിയ ദേശപരാമര്‍ശങ്ങളില്‍ ‘കേതല’ എന്ന വാക്ക് കേരളം എന്ന പദത്തിന്റെ പാലി ഭാഷാ രൂപമാണ്. ഇതില്‍നിന്നും കേരളം എന്ന മലയാള വാക്കിന് ബി.സി. 300-ാമാണ്ടില്‍ തന്നെ പ്രചാരമുണ്ടായിരുന്നതായി മനസ്സിലാക്കാം.

ആദ്യകാല വിദേശസഞ്ചാരികളായ പ്ലിനിയും ടോളമിയും പെരിപ്ലസുകാരനുമൊക്കെ കേരളം സുപരിചിതമായിരുന്നു. കേരളത്തില്‍ നിന്നും കിട്ടിയ ആദ്യത്തെ വട്ടെഴുത്തു ലിപിയില്‍ ‘മാവണക്കോട് നീരണ’ കാട്ടില്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. (നിലമ്പൂരിലെ നെടുങ്കയം ലിഖിതം; 5thC AD)

ക്രിസ്തുവര്‍ഷം ആദ്യശതകങ്ങളിലെ കേരളഭാഷയുടെ സ്വത്വം മലൈനാട്ടുവഴക്കം എന്നറിയപ്പെട്ടു. മലനാട്ടു ഭാഷയുടേതായി പഴന്തമിഴ് പാട്ടുകളില്‍ അടയാളപ്പെട്ടു കാണുന്ന പദസമുച്ചയങ്ങളെപ്പറ്റി എഴുതിയത് റാവു സാഹിബ് എം. രാഘവ അയ്യങ്കാരായിരുന്നു. അദ്ദേഹത്തിന്റെ Some Aspects of Malayalam and Tamil എന്ന ഗ്രന്ഥത്തില്‍ പഴന്തമിഴ് പാട്ടുകള്‍, തൊല്‍ക്കാപ്പിയം, ചിലപ്പതികാരം എന്നിവയില്‍ കാണുന്ന മലനാട്ടു വഴക്കങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
ഈ രംഗത്ത് ഗൗരവപൂര്‍ണ്ണമായ അന്വേഷണങ്ങള്‍ നടത്തിയത് മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ ആണ്.

അഞ്ചാം ശതകത്തോടെ മലനാട്ടു ഭാഷയുടെ വ്യക്തിത്വം കൂടുതല്‍ തെളിഞ്ഞുവരുന്നതായി എല്‍.വി. രാമസ്വാമി അയ്യര്‍ നിരീക്ഷിക്കുന്നു. പഴന്തമിഴ് പാട്ടുകളില്‍ ഉപയോഗിച്ച അങ്ങാടി, എക്കല്‍, അളിയന്‍, അടയ്ക്ക, ഈട്, കൂറ്, തോണി, പിഴ, പായല്‍, വഴിപാട്, ചോര, തീറ്റ, ചെറുക്കന്‍, മുതുക്കന്‍, പത്തായം, വള്ളം, പടക്, വഞ്ചി, തോണി, ഓടം, വെടി, കപ്പല്‍ തുടങ്ങിയവ ഇന്നും പ്രചാരമുള്ള പദങ്ങളാണ്.

ഏ.ഡി. 830-നടുത്തുണ്ടായ വാഴപ്പള്ളി ചെപ്പേടില്‍ ‘ശ്രീ രാജരാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവര്‍ക്കു ചെല്ലാനിന്റെയാണ്ടു പതിനെട്ടു നാട്ടാരും വാഴൈപ്പള്ളി ഊരാരും കൂടി രാജശേഖര ദേവര്‍ തൃക്കൈക്കീഴ് വൈത്തു ചെയ്ത കച്ചം’ എന്നു കാണുന്നു. ഈ ശാസനത്തിന്റെ ആദ്യവരി ഗ്രന്ഥാക്ഷരത്തിലും (സംസ്‌കൃതം) ബാക്കി തമിഴ് വട്ടെഴുത്തു ലിപിയിലും എഴുതിയിരിക്കുന്നു. ഇക്കാലത്തെ അരീക്കോട് ലിഖിതം മുഴുവന്‍ ഗ്രന്ഥാക്ഷരത്തിലാണ്.
സംസ്‌കൃതഭാഷ ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ ഗ്രന്ഥലിപി ഉപയോഗിച്ചെഴുതിയപ്പോള്‍ വടക്കന്‍ ഭാഗങ്ങളില്‍ ദേവനാഗരി ലിപിയാണുപയോഗിച്ചത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ ഒറ്റതിരിഞ്ഞു കാണുന്ന ചെറുലിഖിതങ്ങള്‍, പഴന്തമിഴ് പാട്ടുകള്‍, ചിലപ്പതികാരം, പതിറ്റുപ്പത്ത്, ഏ.ഡി. 6, 7 നൂറ്റാണ്ടുകളിലെ ആഴ്‌വാര്‍ നായനാര്‍ കൃതികള്‍ എന്നിവയുടെ ഭാഷയില്‍ നിന്ന് കേരളത്തിന്റെ ചരിത്രം വായിച്ചെടുക്കാം.

മേലാളന്മാരുടെ ദൃഷ്ടിയില്‍ സാഹിത്യമല്ലെങ്കിലും ഭൂരിപക്ഷക്കാരായ സാധാരണക്കാര്‍ക്ക് സ്വന്തമായ പാട്ടുകളും പഴഞ്ചൊല്ലുകളും ശൈലികളും നാടോടിപ്പാട്ടുകളും ഭദ്രകാളിപ്പാട്ടും തീയാട്ടുപാട്ടും, തെയ്യം, തിറ, കളമെഴുത്തുപാട്ടും, മാര്‍ഗ്ഗംകളിപ്പാട്ടും പൂരക്കളിപ്പാട്ടും, വടക്കന്‍ തെക്കന്‍ പാട്ടുകളും, മാപ്പിളപ്പാട്ടുകളുമൊക്കെ മലയാള സാഹിത്യവളര്‍ച്ചയ്ക്ക് അടിത്തറയിട്ടു.

ആദ്യകാലത്ത് ഭാഷയ്ക്ക് ലിപികളുണ്ടായിരുന്നില്ല. ആശയവിനിമയം വാമൊഴിയായി ഒരു തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്കു കൈമാറി. ഉല്പാദന വ്യവസ്ഥ വളരുകയും വ്യാപാരം അഭിവൃദ്ധിപ്പെടുകയും സമുദായം പരിഷ്‌കരിക്കപ്പെടുകയും ചെയ്തതോടു കൂടി വാമൊഴി അപര്യാപ്തമായി. എല്ലാ കാര്യങ്ങളും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വാമൊഴിയോടൊപ്പം വരമൊഴിയും അത്യവശ്യമായി. ഭരണകാര്യങ്ങള്‍ക്കും കൊടുക്കല്‍ വാങ്ങലുകള്‍ക്കും എഴുത്തുകുത്തുകള്‍ അനിവാര്യമായി. അഞ്ചാം നൂറ്റാണ്ടില്‍ വട്ടെഴുത്തും ഒമ്പതാം നൂറ്റാണ്ടു മുതല്‍ ഗ്രന്ഥലിപിയും (ആര്യ എഴുത്ത്) 16, 17 നൂറ്റാണ്ടുകളില്‍ കോലെഴുത്തും നിലവില്‍ വന്നു. വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് മലയാള ലിപികള്‍ രൂപംകൊണ്ടത്. 12-ാം നൂറ്റാണ്ടിലാണ് മലയാള ലിപി വികാസം പ്രാപിച്ചതെന്നാണ് പൊതുവെയുള്ള ധാരണ.
വട്ടെഴുത്ത് കൊല്ലവര്‍ഷാരംഭം (ഏ.ഡി. 825) മുമ്പ് മുതല്‍ കേരളത്തില്‍ പ്രചരിച്ചിരുന്ന പ്രാചീന ലിപിയുടെ പേരാണ്. 19-ാം നൂറ്റാണ്ടു വരെ സര്‍ക്കാര്‍ രേഖകള്‍ വട്ടെഴുത്തു ലിപിയില്‍ എഴുതിയിരുന്നു.

12-ാം നൂറ്റാണ്ടിലെ തളിപ്പറമ്പ് ഐരാണിക്കുളം ലിഖിതത്തില്‍ ‘സ്വസ്തി ശ്രീവല്ലഭായ ഗിരാജാഗ്രഹാരായ രുക്ത മദിജ ഗണാദിവാസ’ അതായത് ശ്രീവല്ലഭ ക്ഷേത്രത്തിലും ഗിരിജ (പാര്‍വ്വതി) അഗ്രഹാരത്തിലും ഉള്ള നല്ലവരായ ജനങ്ങളുടെ കൂട്ടം മാറ്റമില്ലാതെ ഒന്നായിരിക്കുന്ന ഏകഗ്രാമം ആണ്.

ഏകഗ്രാമം 10-ാം വരി ഗ്രന്ഥാക്ഷരത്തിലും ബാക്കി അക്ഷരങ്ങള്‍ മലയാളം പോലുള്ള ഗ്രന്ഥാക്ഷരത്തിലും എഴുതിയിരിക്കുന്നു. മലയാള ലിപി ഗ്രന്ഥലിപിയില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നത് 12-ാം നൂറ്റാണ്ടിലാണ്. മലയാളം അറിയാവുന്നവര്‍ക്ക് ഗ്രന്ഥലിപി വായിക്കാം. 16, 17 നൂറ്റാണ്ടു മുതല്‍ വട്ടെഴുത്തിന്റെ പുതിയ രൂപമായ കോലെഴുത്ത് രൂപംകൊണ്ടു. 1663-ലെ പാലിയം രേഖകള്‍ കോലെഴുത്തിലാണ്.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!