സത്യത്തിൽ ആ പ്രാർത്ഥന എന്നെ സംബന്ധിച്ചിടത്തോളം ഒരു വല്ലാത്ത അനുഭവം ആയിരുന്നു: സലീംകുമാർ.

സത്യത്തിൽ ആ പ്രാർത്ഥന എന്നെ സംബന്ധിച്ചിടത്തോളം ഒരു വല്ലാത്ത അനുഭവം ആയിരുന്നു: സലീംകുമാർ.


ഷാജി ആലുവിള

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ അഭിനയിക്കുവാൻ പെന്തക്കോസ്ത് ആരാധനയിൽ പങ്കെടുത്ത സലീംകുമാറിന് പള്ളിയിലെ പാട്ടും പ്രാർത്ഥനയും കയ്യടിയും വല്ലാത്ത ഒരു അനുഭവമായി മാറി. ഈ സംഭവം നടക്കുന്നത് 2006 ൽ ആണ്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമയുടെ ലൊക്കേഷൻ പീരിമേടും പരിസരപ്രദേശങ്ങളും ആയിരുന്നു.

ക്രിസ്ത്യാനിയായ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്ന യുവാവ് അവളെ വിവാഹം കഴിക്കുന്നതിനുവേണ്ടി അയാൾ മതം മാറി സാമുവൽ എന്ന പേര് സ്വീകരിക്കുന്നു. മതം മാറിയിട്ടും പെൺ കുട്ടിയുടെ വീട്ടുകാർ സാമുവേലിനെ അംഗീകരിക്കാതെ വന്നു. എതിർപ്പുകളെ വകവെയ്ക്കാതെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഭാര്യ മരിച്ചതിനെ തുടർന്ന് മൂന്നു പെൺകുട്ടികളെ വളർത്തുന്ന സാമുവേൽ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥ. സാമുവൽ എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത് സലീംകുമാർ എന്ന നടൻ ആണ്.

സംവൃത സുനിലിനാണ് നായിക. സിനിമയിൽ സലീംകുമാറിന്റെ കുടുംബം ഒരു പെന്തക്കോസ്ത് പശ്ചാത്തലം ആണ്. സംവിധായകന്റെ നിർദ്ദേശമായിരുന്നു ഏതെങ്കിലും ഒരു പെന്തക്കോസ്തു പള്ളിയിൽ രണ്ടു പ്രാർത്ഥനയിലെങ്കിലും സലീംകുമാർ പങ്കെടുക്കണം എന്ന്. ഒപ്പം സംവൃത സുനിലിനെയും കൂട്ടിക്കൊള്ളുവാൻ അറിയിച്ചു. കാരണം പള്ളിയിലെ ആരാധന സീനിലുണ്ട് അവർ ഇരുവരും. അധികം ബുദ്ധിമുട്ടില്ലാതെ പറവൂരിനടുത്തുള്ള പെരുമ്പടന്ന എന്ന സ്ഥലത്ത് ഒരു പെന്തക്കോസ്ത് മിഷന്റെ പള്ളി അതിനായി കണ്ടുപിടിച്ചു. ആ സഭാ പാസ്റ്ററെ കണ്ടു സമ്മതവും വാങ്ങി സംവൃതയ്ക്കൊപ്പം സലീംകുമാർ പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തി.

ആ പള്ളിയിൽ വെച്ച് തനിക്കുണ്ടായ അനുഭവം ആണ് മലയാള മനോരമ ദിനപത്രത്തിലെ ഞായറാഴ്ച എന്ന കോളത്തിലൂടെ(സലീംകുമാർ ജീവിതം എഴുതിത്തുടങ്ങുന്നു…) സലീംകുമാർ പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തെ അതിശയിപ്പിച്ചത് ആ പള്ളിയിലുള്ള വിശ്വാസികളുടെ പ്രാർത്ഥനയാണ്. “ഈശ്വര എന്നെ മാത്രം രക്ഷിക്കണേ” എന്നുള്ള പ്രാർത്ഥന കേട്ടും പ്രാർത്ഥിച്ചും മാത്രം പരിചയമുള്ള സലീംകുമാർ പറയുന്നു “അന്യർക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരു പറ്റം ആളുകൾ.” ‘സത്യത്തിൽ ആ പ്രാർത്ഥന എന്നെ സംബന്ധിച്ചിടത്തോളം ഒരു വല്ലാത്ത അനുഭവം ആയിരുന്നു’. അവരുടെ പ്രാർത്ഥന ഒരു പുത്തൻ വെളിച്ചമായിരുന്നു.

തനിക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത നായിക സംവൃതയുടെ മട്ടും ഭാവവും കണ്ടാൽ ഒരു പെന്തക്കോസ്തു വിശ്വാസിയെ പോലെ തന്നെ ആയിരുന്നു എന്നും സഭയിൽപെട്ട ഒരാളെ കല്യാണം കഴിച്ച് അവൾ അവിടെത്തന്നെ താമസിച്ചുകളയും എന്ന് തനിക്കു തോന്നിപോയി എന്നും പറയുന്നു. ഒരേയൊരു പ്രാർത്ഥനയിലൂടെ സ്പിരിച്വാലിറ്റിയുടെ അങ്ങേയറ്റത്ത് സംവൃത എത്തിയെന്നും സലീം പറയുന്നത് ആ പ്രാർത്ഥനയുടെ അനുഭവത്തിൽ നിന്നുമാകാം.

‘സിയോൻ മണവാളൻ യേശുരാജരാജൻ…’ എന്ന ഗാനത്തിന്റെ സീനിലൂടെ സലീംകുമാർ യഥാർത്ഥ വിശ്വാസിയെ പോലെ ആണ് കയ്യടിച്ച് പാടി അഭിനയിക്കുന്നത്. അനേക സിനിമകളുടെ സീനുകൾ പലതും ക്രിസ്തീയ ദേവാലയങ്ങളുടെ അകത്തും പരിസരങ്ങളിലും ചിത്രീകരണം നടത്തിയിട്ടുണ്ട്. പള്ളിയിലെ പുരോഹിതരായി പലനടന്മാരും അഭിനയിച്ചിട്ടുണ്ട്.

എന്നാൽ സലീം കേവലം ഒരു വിശ്വാസിയായി അഭിനയിക്കാൻ രണ്ടുപ്രാവശ്യം പ്രാർത്ഥനയിൽ പങ്കെടുക്കുകയും ആരാധനയുടെ ഷോട്ട് എടുക്കുകയും ചെയ്തുള്ളൂ. പള്ളിക്കകത്തെ പ്രാർത്ഥനയെ ചുറ്റി പറ്റിയുള്ള ഒരു ചെറുസീനിൽ പങ്കെടുത്ത ഇവർ പറയുന്ന അനുഭവം പോലെ മറ്റൊരു നടീനടൻമാരും പറഞ്ഞതായി അറിയില്ല. അഭിനയിച്ചവർ ആരാധനയെ പറ്റി ഇങ്ങനെ പറയുമ്പോൾ ആരാധന അനുഭവിക്കുന്നവർ എന്തായിരിക്കണം പറയേണ്ടത്.

എന്തായാലും ഈ അഭിനയത്തിലൂടെ സലിംകുമാറിന് മികച്ചനടനുള്ള രണ്ടാമത്തെ അവാർഡ് ലഭിക്കുകയും ചെയ്തു. “ഓർക്കുക ക്രിസ്തീയ ജീവിതം അഭിനയം അല്ല അനുഭവം ആണ്.”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!