മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ -1

മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ -1

ഡോ. ഓമന റസ്സല്‍

ലയാളത്തിന് ക്ലാസ്സിക്കല്‍ (ശ്രേഷ്ഠ) ഭാഷാ പദവി ലഭിക്കുകയും, ഭാഷാ വികസനം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ജനമനസ്സുകളില്‍ നിലനില്‍ക്കുന്ന മലയാള ഭാഷയുടെ വികാസ പരിണാമം ചര്‍ച്ച ചെയ്യുന്നത് ഉചിതമാണെന്നു തോന്നുന്നു.

മനുഷ്യസംസ്‌കൃതിയുടെ നാഴികക്കല്ലാണ് ഭാഷ. ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലുമായി മനുഷ്യവര്‍ഗ്ഗത്തിനുണ്ടായ മഹത്തായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മതം, തത്വചിന്ത, ഭാഷ, സാഹിത്യം, കല, ശില്പവിദ്യ, വിദ്യാഭ്യാസം തുടങ്ങി സാമൂഹ്യ സാമ്പത്തിക മേഖലകളുള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ഒരു ജനത കൈവരിച്ചിട്ടുള്ള കൂട്ടായ നേട്ടങ്ങളെയാണ് സംസ്‌കാരം പ്രതിനിധാനം ചെയ്യുന്നതെന്നര്‍ത്ഥം.

അതിസമ്പന്നവും വൈവിദ്ധ്യമാര്‍ന്നതുമായ കേരളീയ സംസ്‌കാരത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഉന്നതമായ സ്ഥാനമാണുള്ളത്. മനുഷ്യന്റെ സാമൂഹ്യജീവിതത്തില്‍ ഭാഷയുടെ വ്യവഹാരം അനുപേക്ഷണീയമാണ്. മലയാളിയുടെ ചിന്താമണ്ഡലത്തില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ പ്രകാശിപ്പിക്കാന്‍ വാമൊഴിയുടെയും വരമൊഴിയുടെയും ഭാഷാരൂപം ആവശ്യമാണ്. അന്യോന്യം ആശയവിനിമയം നടത്താനും പരസ്പരം മനസ്സിലാക്കാനുമൊക്കെ ഭാഷ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഘടകമായി. മനുഷ്യസമുദായത്തിന്റെ നേട്ടങ്ങള്‍ രേഖപ്പെടുത്താന്‍ മാത്രമല്ല, മാനുഷിക ബന്ധങ്ങളുടെ ഉപകരണമായും ഭാഷ ഉപയോഗപ്പെട്ടു.

ഭാഷാ ശാസ്ത്രജ്ഞന്മാര്‍ വിവിധ ഭാഷകളെ വ്യത്യസ്ത ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. ഇന്ത്യയിലെ 200-ലധികം വരുന്ന ഭാഷകളെ നാല് ഭാഷാ ഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്.

  1. ഇന്തോ-യൂറോപ്യന്‍ ഭാഷാ ഗോത്രം – സംസ്‌കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, ഗ്രീക്ക്, റഷ്യന്‍, പേര്‍ഷ്യന്‍, അമേരിക്കന്‍ ഭാഷകള്‍.
  2. ടിബറ്റോ-ചൈനീസ് ഭാഷാ ഗോത്രം
  3. മുണ്ട ഭാഷാ ഗോത്രം – ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസികളായ സന്താള്‍, മുണ്ട ഗോത്രങ്ങളുടെയും ബംഗ്ലാദേശിലെ നിവാസികളുടെയും ഭാഷയെയാണ് മുണ്ട ഭാഷാ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദ്രാവിഡ ഭാഷാ കുടുംബത്തിലെ ഭാഷകളെ മൂന്ന് ഉപവിഭാഗങ്ങളായി ഭാഷാ ശാസ്ത്രജ്ഞന്മാര്‍ തിരിച്ചിട്ടുണ്ട്.

1). പ്രോട്ടോ സൗത്ത് ദ്രവീഡിയന്‍. 2). പ്രോട്ടോ നോര്‍ത്ത് ദ്രവീഡിയന്‍. 3). പ്രോട്ടോ സെന്‍ട്രല്‍ ദ്രവീഡിയന്‍.

ഇതില്‍ പ്രോട്ടോ സൗത്ത് ദ്രവീഡിയനില്‍ തമിഴ്, മലയാളം, കൂര്‍ഗ്, തോട, കോത, കന്നഡ, തുളു തുടങ്ങിയ ഭാഷകള്‍ ഉള്‍പ്പെടുന്നു. ആദ്യം തുളുവും പിന്നീട് കന്നഡയും കാലക്രമേണ കോതയും തോടയും കൊടകും വേര്‍പെട്ടനന്തരം പ്രോട്ടോ തമിഴ് മലയാളം ഗ്രൂപ്പ് തുടര്‍ന്നു. തമിഴ് മലയാളങ്ങള്‍ ഒന്നായിട്ടുള്ള അവസ്ഥ ഏ.ഡി. 9-ാം നൂറ്റാണ്ട് വരെ തുടര്‍ന്നു എന്നും, തമിഴ് മലയാളങ്ങളുടെ പൊതുവായ അവസ്ഥയില്‍ നിന്നാണ് തമിഴിന്റെയും മലയാളത്തിന്റെയും വേര്‍പിരിയല്‍ ഉണ്ടായതെന്നുമാണ് ഭൂരിപക്ഷം ഭാഷാ ശാസ്ത്രജ്ഞരും അംഗീകരിച്ചിട്ടുള്ളത്. ദ്രാവിഡ ഭാഷാഗോത്രത്തില്‍ നിന്ന് പിരിഞ്ഞ് കേരളത്തിലെ പ്രത്യേക പരിതസ്ഥിതികളില്‍ രൂപംകൊണ്ട് വളര്‍ന്നതും, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളെപ്പോലെ വ്യക്തിത്വവും പ്രാചീനതയും അവകാശപ്പെടാവുന്ന ഭാഷയാണ് മലയാളം എന്നാണ് പ്രമുഖ ഭാഷാപണ്ഡിതനായ കെ.എം. ജോര്‍ജ്ജ് അഭിപ്രായപ്പെടുന്നത്.

മലയാള ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട നാലെണ്ണം താഴെപ്പറയുന്നവയാണ്. സംസ്‌കൃതത്തില്‍ നിന്ന് മലയാളഭാഷ രൂപപ്പെട്ടു എന്ന് കോവുണ്ണി, നെടുങ്ങാടി, എ.ആര്‍. രാജരാജവര്‍മ്മ തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ തമിഴും സംസ്‌കൃതവും കൂടിച്ചേര്‍ന്നാണ് മലയാളഭാഷ ഉണ്ടായതെന്നാണ് മറ്റൊരു വാദം. സംസ്‌കൃതവും മലയാളവും കൂടിക്കലര്‍ന്നുണ്ടായ മണിപ്രവാളം ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തമിഴില്‍ നിന്നാണ് മലയാളം രൂപംകൊണ്ടതെന്ന് ഡോ. കാള്‍ഡ് വെല്‍, ഉള്ളൂര്‍, ഇളംകുളം കുഞ്ഞന്‍പിള്ള തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു. ഇവര്‍ വിശ്വസിക്കുന്നത് എ.ഡി. 800 വരെ കേരളക്കരയില്‍ തമിഴ് ആയിരുന്നു സംസാരഭാഷ എന്നാണ്. അതുകൊണ്ടുതന്നെ തമിഴ് അമ്മയും മലയാളം പുത്രിയുമാണ്.

ഗുണ്ടര്‍ട്ടിന്റെയും കെ.എം. ജോര്‍ജ്ജിന്റെയും മറ്റും അഭിപ്രായത്തില്‍ ദ്രാവിഡ മൂലഭാഷയില്‍ നിന്നാണ് മലയാളം രൂപംകൊണ്ടത്. 3000-ത്തിലധികം വര്‍ഷങ്ങളായി ക്രമേണ വളര്‍ന്നുവന്ന വ്യവഹാര ഭാഷയാണ് മലയാളമെന്നും, ദ്രാവിഡഭാഷകളില്‍ 2000 വര്‍ഷത്തിനു മേല്‍ ലിഖിത പാരമ്പര്യമുള്ള ഭാഷയാണിതെന്നും ഇവര്‍ വാദിക്കുന്നു. തമിഴ്, കന്നഡ ഭാഷകള്‍ക്കൊപ്പം പഴക്കം മലയാള ഭാഷയ്ക്കുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ക്രിസ്തു വര്‍ഷാരംഭത്തിന് വളരെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദ്രാവിഡര്‍ കേരളത്തില്‍ കുടിയേറി. ദ്രാവിഡ ഭാഷാ ഗോത്രത്തില്‍ രൂപംകൊണ്ട ആദ്യ എഴുത്തുകള്‍ സംഘം കൃതികളായിരുന്നു. ഇവയില്‍ വ്യത്യസ്തങ്ങളായ കുലങ്ങളെയും, ഗോത്രങ്ങളെയും പറ്റിയുള്ള സൂചനകളുണ്ട്. ഓരോ കുലത്തിനും പ്രത്യേകം പ്രത്യേകം മൊഴി അഥവാ ഭാഷാഭേദം ഉണ്ടായിരുന്നു.

ആശയവിനിമയത്തിനുള്ള ഒരു മൊഴിയുടെ സഹായമില്ലാതെ കൂട്ടായി ജീവിക്കാനോ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ നടത്താനോ മനുഷ്യര്‍ക്ക് കഴിയുമായിരുന്നില്ല. ഭാഷയുടെ പൂര്‍വ്വദിശയായ മൊഴികളുടെ സഹായത്തോടെ പ്രാകൃതമനുഷ്യന്‍ കൂട്ടായി ജീവിക്കുകയും ഭക്ഷണം ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥിരവാസമില്ലാതെ ചുറ്റിസഞ്ചരിച്ച ഗോത്രങ്ങള്‍ക്ക് പരസ്പര സമ്പര്‍ക്കം മൂലം വ്യത്യസ്ത മൊഴികളുമായി പരിചയപ്പെടേണ്ടി വന്നു. കൊണ്ടും കൊടുത്തും വ്യത്യസ്ത മൊഴികള്‍ പരസ്പരം സ്വാധീനം ചെലുത്തി. ജനസംഖ്യ വര്‍ദ്ധിച്ചതോടെ പുതിയ ഗോത്രസമുദായങ്ങള്‍ രൂപീകൃതമാകുകയും നിലവിലുണ്ടായിരുന്ന മൊഴികളിലൊന്ന് കാലക്രമത്തില്‍ സാമാന്യഭാഷയായി വളരുകയും ചെയ്തു.

വ്യത്യസ്തങ്ങളായ നിരവധി മൊഴികളുടെ ഒരു വലിയ സമൂഹത്തിനാണ് ദ്രാവിഡ ഭാഷാ ഗോത്രം എന്നു പറയുന്നത്. ഭാഷ ഒരിക്കലും ഒരേ രൂപത്തില്‍ സ്ഥിരമായി നില്‍ക്കുന്നില്ല. അത് വളരുകയും വികസിക്കുകയും ചെയ്യുന്നു. പുതിയ വാക്കുകള്‍ കണ്ടുപിടിച്ച് പ്രയോഗിച്ചും, മറ്റു ഭാഷകളില്‍ നിന്നും കടം കൊണ്ടും അത് പുഷ്ടിപ്പെടുന്നു.

‘തമിഴ്ച്ചങ്കം’ അഥവാ സംഘം മധുര ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പണ്ഡിതസദസ്സ് (Academy) ആയിരുന്നു. പ്രസ്തുത സംഘത്തിലെ അംഗങ്ങള്‍ രചിച്ചതോ ക്രോഡീകരിച്ചതോ ആയ കൃതികളാണ് സംഘം കൃതികളെന്ന പേരില്‍ പൊതുവെ വിവക്ഷിക്കപ്പെടുന്നത്.
സംഘം കൃതികളുടെ കാലത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. ക്രിസ്ത്വാബ്ദം ആദ്യ മൂന്ന് നൂറ്റാണ്ടുകളാണ് സംഘകാലമെന്ന് ഡോ. എസ്. കൃഷ്ണസ്വാമി അയ്യങ്കാര്‍, പ്രൊഫ. നീലകണ്ഠശാസ്ത്രി, പി.കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു. പ്രൊഫ.എ. ശ്രീധരമേനോന്റെ അഭിപ്രായത്തില്‍ സംഘകാലം ഏ.ഡി. 1 മുതല്‍ 5-ാം നൂറ്റാണ്ടു വരെയാണ്. പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള ഏ.ഡി. 5-ഉം 6-ഉം നൂറ്റാണ്ടുകളെ സംഘകാലമായി കണക്കാക്കുന്നു.

സംഘം കൃതികളെ പ്രധാനമായും മൂന്നായി തിരിക്കാം. അവ യഥാക്രമം എട്ടുതൊകൈ, പത്തുപ്പാട്ട്, പതിനെണ്‍ കീഴ്കണക്ക് എന്നിവയാണ്. എട്ടുതൊകൈ, പത്തുപ്പാട്ട് എന്നിവയില്‍പ്പെട്ട കൃതികളെ പൊതുവെ മേല്‍കണക്ക് എന്നും പറയാറുണ്ട്. പുറനാനൂറ്, കുറുന്തൊകൈ, നറ്റിണൈ, അകനാനൂറ്, പതിറ്റുപ്പത്ത്, ഐങ്കറുനൂറ്, കലിത്തൊകൈ, പരിപാടല്‍ എന്നീ കൃതികള്‍ ഉള്‍പ്പെടുന്നതാണ് എട്ടുതൊകൈ. കവിതാ സമാഹാരങ്ങളാണിവ. പത്തുപ്പാട്ടില്‍ പൊരുനരാറ്റുപ്പടൈ, പട്ടിനപ്പാലൈ, മുല്ലൈപ്പാട്ട്, മതുരൈക്കാഞ്ചി, നെടുനല്വാടൈ, പെരുമ്പാണാറ്റുപ്പടൈ, ചിറുപാണാറ്റുപ്പടൈ, മലൈപ്പടുകടാം, കുറിഞ്ചിപ്പാട്ട്, തിരുമരുകാറ്റുപ്പടൈ എന്നിവ ഉള്‍പ്പെടുന്നു. തിരുക്കുറള്‍, നാലടിയാര്‍, കളവഴിനാര്‍പ്പത്, നാലടി നാല്പത്, നാന്‍മണിക്കോവൈ, ഇന്നാല്പത്, ഇനിവൈ നാല്പത്, കൈനിലൈ, ഐന്തിണൈ എഴുപത്, ഏലാദി, തിണൈമൊഴി അമ്പത്, തിണമാലൈ നൂറ്റിനാല്പത്, തിരുകടുകം, ആചാരക്കോവൈ, പഴമൊഴി, ചിറുപഞ്ചമൂലം, മുതുമൊഴിക്കാഞ്ചി മുതലായവയാണ് പതിനെണ്‍ കീഴ്ക്കണക്കില്‍പ്പെട്ട കൃതികള്‍.

മേല്‍ വിവരിച്ച കൃതികളോടൊപ്പം തൊല്‍കാപ്പിയം എന്ന വ്യാകരണവും, ചിലപ്പതികാരം, മണിമേഖല എന്നീ മഹാകാവ്യങ്ങളും കൂടി ചേര്‍ന്നാല്‍ സംഘം കൃതികളായി.
സംഘകാലത്ത് കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നു. തിരുപ്പതി മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശമായിരുന്നു സംഘം കൃതികളിലെ തമിഴകം. തമിഴകം ഭരിച്ചിരുന്ന മൂവേന്തന്മാരില്‍ (ചേര ചോള പാണ്ഡ്യര്‍) ചേരരാജാക്കന്മാരായിരുന്നു കേരളത്തിന്റെ അധിപന്മാര്‍.
സംഘം കൃതികളില്‍ പെരുമാള്‍ തിരുമൊഴി, ചിലപ്പതികാരം, പതിറ്റുപ്പത്ത് എന്നിവ കേരളീയ കവികള്‍ രചിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. പരണര്‍, ഇളങ്കോ അടികള്‍, കുലശേഖര ആഴ്‌വാര്‍ തുടങ്ങിയ തമിഴ് കവികളും കേരളീയരായിരുന്നു.

മലയാളഭാഷയുടെ വളര്‍ച്ചയില്‍ ഭൂമിശാസ്ത്രപരവും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ ഘടകങ്ങളുടെ സ്വാധീനമുണ്ട്. മാത്രമല്ല, തമിഴിന്റെയും കന്നഡയുടെയും തുളുവിന്റെയും സംസ്‌കൃതത്തിന്റെയും അറബി, പേര്‍ഷ്യന്‍, ഗ്രീക്ക്, ലത്തീന്‍, ചൈനീസ്, പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളുടെയും സ്വാധീനം കാണാം.
തുളുവിലും മലയാളത്തിലും ‘ഓമന’ പ്രിയപ്പെട്ടവള്‍ തന്നെ. ‘സാമ്പാര്‍’ മറാഠി ഭാഷയില്‍ നിന്നും ‘അലമാര’, ‘മേശ’ എന്നിവ പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നും ‘കുര്‍ബാന’ സുറിയാനിയില്‍ നിന്നും ‘ബെഞ്ച്, ഡെസ്‌ക്, സ്വിച്ച്, ബള്‍ബ്’ തുടങ്ങി അനേകം വാക്കുകള്‍ ഇംഗ്ലീഷ് ഭാഷയില്‍ നിന്നും മലയാളഭാഷ സ്വീകരിച്ചവയാണ്.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!