മുല്ലപ്പെരിയാര്‍ ഡാം കേരളത്തിന്റെ ‘ആരാച്ചാര്‍’ആകുമോ?

മുല്ലപ്പെരിയാര്‍ ഡാം കേരളത്തിന്റെ ‘ആരാച്ചാര്‍’ആകുമോ?


കെ.എന്‍. റസ്സല്‍

ഇന്ത്യന്‍ യൂണിയന്‍’ എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്തെന്ന് ഇനിയും പിടികിട്ടാത്ത ഒരു ഭാരത പൗരനാണ് ഞാന്‍.

30 ലക്ഷം ജനത്തിന്റെ മരണമണി മുഴങ്ങി നില്‍ക്കുമ്പോള്‍ അതുകേട്ട് ചിരിക്കുന്ന ഈ ‘യൂണിയനിലെ’ ഒരു സ്റ്റേറ്റിനെ മെരുക്കിയെടുക്കാന്‍ കഴിയാത്ത ജുഡീഷ്യറിയേയും എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും കുറിച്ച് എന്താണ് പറയേണ്ടത്? തമിഴ്‌നാടും കേരളവും ഭാരത സര്‍ക്കാരും സുപ്രീംകോടതിയും വിചാരിച്ചിട്ട് എന്തേ ഒരു പുതിയ ഡാം പണിത് കേരളത്തിന്റെ ഭീതി അകറ്റുന്നില്ല?

ലോകത്തെ ഏതെങ്കിലും ഒരൂ രാജ്യത്ത് ഇമ്മാതിരിയുള്ള ഒരു ‘തരികിട’ കളി നടക്കുമോ? സുരക്ഷിത കാലാവധി കഴിയുന്നതിന് മുമ്പേ ഇടിച്ചു കളഞ്ഞ് ഡാമുകളും പാലങ്ങളും കെട്ടിടങ്ങളും പുനര്‍ സൃഷ്ടിച്ചെടുത്ത എത്രയോ കാഴ്ചകള്‍ ലോകത്തുണ്ട്. ഭാരതസര്‍ക്കാര്‍ ഒരു വഴിക്ക്, നീതിന്യായ സ്ഥാപനങ്ങള്‍ മറ്റൊരു വഴിക്ക്, തമിഴ്‌നാട് സ്വന്ത വഴിക്ക്, കേരളം കോണകം ഉടുത്ത് നില്‍ക്കുന്ന ഓലക്കുട ചൂടിയ ഉന്തിയ വയറുള്ള മാവേലിയെപ്പോലെ ഇളിഭ്യരായി മറ്റൊരു വശത്ത്.
ഇന്ത്യന്‍ യൂണിയനാണത്രേ. എന്ത് യൂണിയന്‍? 1887-ല്‍ തുടങ്ങി 1895-ല്‍ പണി തീര്‍ത്ത ഈ ചുണ്ണാമ്പ് ഡാം തന്നെയാകും കേരളത്തിന് ചിതയൊരുക്കുന്നത്. കേരളത്തിന്റെ വ്യാവസായിക കേന്ദ്രമായ എറണാകുളം മുഴുവനായും, തൊട്ടടുത്ത ജില്ലകള്‍ ഭാഗികമായും തൂത്തെറിയപ്പെടാന്‍ പാകത്തിന് സ്വയം പൊട്ടിച്ചിതറാന്‍ തയ്യാറായി നില്‍ക്കുകയാണ് ഈ ജല ബോംബ്.

ചുട്ടുപഴുത്ത ചൂടില്‍ പെട്ട് കരിഞ്ഞുണങ്ങിയ സഹോദര സംസ്ഥാനമായ തമിഴ്‌നാടിന് ദാഹജലം നല്‍കാന്‍ ജോണ്‍ പെനിക്വിക്ക് എന്ന സായിപ്പിന്റെ തലയില്‍ ഉദിച്ച ആശയമാണ് മുല്ലപ്പെരിയാര്‍ ഡാം. സമുദ്രനിരപ്പില്‍ നിന്നും 2890 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഡാമിന് ജലസമൃദ്ധി നല്‍കുന്നത് താന്നിക്കുടി, മുല്ലക്കുടി എന്നീ പശ്ചിമഘട്ട മലനിരകളില്‍ നിന്നും ഉത്ഭവിച്ചൊഴുകുന്ന പെരിയാറാണ്. എട്ട് വര്‍ഷമെടുത്തു പണിയാന്‍.

മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ മെമ്പറായിരുന്ന ജോണ്‍ പെനിക്വിക്ക് ബ്രിട്ടീഷ് ആര്‍മി എഞ്ചിനീയര്‍ ആയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ആവശ്യത്തിന് പണം ലഭിക്കാതെ വന്നപ്പോള്‍ ഇംഗ്ലണ്ടില്‍ പോയി തന്റെ വസ്തുവകകള്‍ വിറ്റ് ഡാം പണി പൂര്‍ത്തിയാക്കി എന്നൊരു കഥയുമുണ്ട്.
1200 അടിയാണ് ഡാമിന്റെ നീളം. ഫൗണ്ടേഷനില്‍ നിന്നും 176 അടിയാണ് ഉയരം. പരമാവധി സംഭരിക്കാന്‍ പറ്റുന്ന ഉയരം 142 അടിയാണ്. 35 വര്‍ഷം മുമ്പ് 142 അടി എത്തിയിരുന്നു. പിന്നെ 2018-ലും.

മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളമില്ലെങ്കില്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ മരുഭൂമിയായി മാറും. ഇതു കണ്ട് മനം കലങ്ങി മനുഷ്യസ്‌നേഹം പ്രകടമാക്കാന്‍ 123 വര്‍ഷം മുമ്പ് പണിത ഈ അണ ഇന്ന് കേരളത്തിന്റെ അന്തകനായി മാറുമെന്ന് പെനി ഉണ്ടോ അറിഞ്ഞിരുന്നു!!

തേനി, ഡിന്‍ഡിഗല്‍, മധുര, രാമനാഥപുരം, ശിവഗംഗ എന്നീ അഞ്ചു ജില്ലകളെ മലര്‍വാടിയാക്കുന്നു മുല്ലപ്പെരിയാര്‍ ഡാമിലെ ജലം. ലോവര്‍ ക്യാമ്പില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം ഈ ജലം വലിയൊരു നദിയായി മേല്‍പ്പറഞ്ഞ ജില്ലകളിലൂടെ ചുറ്റിസഞ്ചരിക്കുന്നു. വൈഗയില്‍ വലിയൊരു ഡാമും മറ്റു നിരവധി ചെറു അണകളും മുല്ലപ്പെരിയാര്‍ ഡാമിലെ ജലസമ്പത്ത് കൊണ്ട് പണിതിട്ടുണ്ട്. കേരളത്തിന്റെ ആകെയുള്ള നേട്ടം കുറച്ച് ബോട്ട് തേക്കടിയില്‍ ഓടിക്കാമെന്നത് മാത്രം. അതില്‍നിന്നു ലഭിക്കുന്ന വരുമാനമോ തുച്ഛവും.

ചുണ്ണാമ്പും സുര്‍ക്കി പേസ്റ്റും കൊണ്ടുണ്ടാക്കിയ മുല്ലപ്പെരിയാര്‍ ഡാം 126 വര്‍ഷം നിലനിന്നത് മലയാളിയുടെ മഹാഭാഗ്യം കൊണ്ട്.

കേരളവും തമിഴ്‌നാടും ഭാരത സര്‍ക്കാരും സുപ്രീംകോടതിയും അനുബന്ധ വിദഗ്ദ്ധ സമിതികളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യണം. തീരുമാനം പുതിയ ഡാം പണിയാന്‍ തന്നെയാകണം. തമിഴ്‌നാടിനെ കാര്‍ഷിക സംപുഷ്ടതയില്‍ തന്നെ നിലനിര്‍ത്തണം. പുതിയ കരാര്‍ കേരളത്തിന് ഇപ്പോഴുള്ളതിലധികം ഗുണകരമാകണം. ചെലവുകള്‍ എല്ലാവരും ചേര്‍ന്ന് വഹിക്കണം.
ഡാം പണിയാന്‍ മുഴുവന്‍ തുകയും തമിഴ്‌നാട് നല്‍കേണ്ടി വരുമെന്ന ആശങ്കയും, പുതിയ കരാര്‍ ഉണ്ടായാല്‍ വന്‍തുക വര്‍ഷംതോറും ഭീമമായ വെള്ളക്കരമായി വരുമെന്ന ചിന്തയുമാണ് തമിഴ്‌നാട് ഇടഞ്ഞു നില്‍ക്കാന്‍ കാരണം. പുതിയ ഡാം പണിയണം. പണിതേ പറ്റൂ. ഈ ഒരൊറ്റ കാര്യത്തില്‍ മാത്രം നീലകണ്ഠാദി പ്രകൃതിസ്‌നേഹികളെ കുട്ടിക്കാനത്തിനപ്പുറത്തേക്ക് കടത്താതിരിക്കുകയും വേണം.

തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളെ മലര്‍വാടിയാക്കാനായി പണിത മുല്ലപ്പെരിയാര്‍ ഡാമിന്റെ തമിഴ്‌നാടും കേരളവുമായുള്ള കരാര്‍ 999 വര്‍ഷത്തേക്കാണെന്നാണ് പറയപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ എല്ലാ കരാറുകളും 99 വര്‍ഷത്തേക്കാണ്. അവര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ ആ കരാറുകളെല്ലാം റദ്ദാക്കപ്പെട്ടു എന്നൊരു വാദവും നിലനില്‍ക്കുന്നു.

തമിഴ്‌നാടിനെ സഹായിക്കാനാണ് ബ്രിട്ടീഷുകാരന്‍ ഡാം പണിതതെന്ന വാദം നിലനില്‍ക്കുമ്പോള്‍ തന്നെ കരാറിന്റെ ആദ്യപേജില്‍ 8000 ഏക്കര്‍ ഭൂമിയിലെ വനസമ്പത്ത് പണിയുന്നവര്‍ക്ക് അവകാശപ്പെട്ടതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ടത്രേ. അങ്ങനെ കേരളത്തിന്റെ വനത്തില്‍ നിന്നും മഹാഗണി, തേക്ക്, ഈട്ടി, മരുത്, ഇരുപൂള്‍, തമ്പകം തുടങ്ങിയ വിലപിടിപ്പുള്ള തടികള്‍ വെട്ടി ബ്രിട്ടനിലേക്ക് കൊണ്ടുപോയെന്നും പറയപ്പെടുന്നു. ഏതായാലും ബ്രിട്ടനിലെ പാര്‍ലമെന്റ് മന്ദിരം, വെസ്റ്റ് മിനിസ്റ്റര്‍ ആബി, മെതഡിസ്റ്റ് ചര്‍ച്ചുകള്‍, ആംഗ്ലിക്കന്‍ ചര്‍ച്ചുകള്‍ തുടങ്ങി പഴയകാല പ്രതാപത്തില്‍ നില്‍ക്കുന്ന ബ്രിട്ടനിലെ സകല കെട്ടിടങ്ങളും പണിതിരിക്കുന്നത് തേക്ക് ഉള്‍പ്പെടെയുള്ള തടി കൊണ്ടാണ്. ഈ മന്ദിരങ്ങളുടെ നിര്‍മ്മാണ സൗന്ദര്യം ഈ ലേഖകന്‍ നടന്നു കണ്ടിട്ടുണ്ട്.

കരാറിന്റെ രണ്ടാം പേജില്‍ രത്‌നങ്ങളും ധാതുക്കളും വനസമ്പത്തും മൃഗസമ്പത്തുമെല്ലാം ബ്രിട്ടീഷുകാര്‍ കൈവശമാക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് പോലും. കപ്പം കൊടുക്കുന്ന രാജാവിന് കരാറില്‍ ഒപ്പിടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. അതുകൊണ്ട് 1947 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യം കിട്ടിയ ഉടനെ രാജാവ് തന്റെ വിളംബരത്താല്‍ കരാര്‍ റദ്ദ് ചെയ്തു എന്നും പറയപ്പെടുന്നു.
ഈ കരാര്‍ 1970-ല്‍ പുതുക്കി കൊടുത്തതും അവിശ്വസനീയമാണ്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിന് കിട്ടുന്ന വെള്ളക്കരം വര്‍ഷംതോറും വെറും 10 ലക്ഷം രൂപയാണ്. തമിഴ്‌നാടിന്റെ വരുമാനം വൈദ്യുതി, കുടിവെള്ളം, കൃഷി എന്നിവയില്‍ നിന്നും 7250 ദശലക്ഷം രൂപ വരുമെന്നും കണക്കാക്കപ്പെടുന്നു.

50 വര്‍ഷം മാത്രം ആയുസ്സെന്നു പറഞ്ഞ് പണിത ഈ ഡാം 126 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഡാം പൊട്ടിയാല്‍ കേരളത്തിനുണ്ടാകുന്ന നഷ്ടം പോലെ തന്നെ തമിഴ്‌നാടിനും ഭീമമായ നഷ്ടം സംഭവിക്കും. അഞ്ച് ജില്ലകള്‍ മരുഭൂമിയാകും. അടുത്ത ഒരു ഡാം പണിതെടുക്കുന്നതുവരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!