എന്റെ ഫോട്ടോയുമായി എന്നെ കാത്തിരുന്നു എന്റെ അദ്ധ്യാപകന്‍

എന്റെ ഫോട്ടോയുമായി എന്നെ കാത്തിരുന്നു എന്റെ അദ്ധ്യാപകന്‍

ഡോ. ഓമന റസ്സല്‍
MA (Hist.), MA (Socio.), MA (Eco.), BEd., MPhil, PhD.
റിട്ട. പ്രൊഫസര്‍ (സീനിയര്‍
അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)

ഇന്ന് ‘സെപ്തംബര്‍ 5 – അദ്ധ്യാപകദിനം.’ ജീവിതത്തിന്റെ നല്ലപങ്കും ചെലവഴിച്ച എന്റെ കര്‍മ്മമേഖല.

രാവിലെ എത്തിയ എന്റെ കുട്ടികളുടെ ഫോണ്‍വിളികളാണ് ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം എന്റെ സ്മൃതിയില്‍ എത്തിച്ചത്. അവരെല്ലാം എന്നെ ഓര്‍ക്കുന്നു എന്നത് വിവരിക്കാനാവാത്ത വിധത്തിലുള്ള വൈകാരികതയാണ് എന്നില്‍ ഉണര്‍ത്തിയത്.

1978-ല്‍ ഡിഗ്രി കഴിഞ്ഞ ഉടനെ പുറ്റടിയിലെ വിക്‌ടോറിയ പാരലല്‍ കോളേജിലാണ് ആദ്യമായി ഞാന്‍ ക്ലാസ്സെടുത്തത്. എന്നേക്കാള്‍ പ്രായമുള്ളവരായിരുന്നു കുട്ടികളില്‍ ഏറെയും. പ്രീഡിഗ്രിക്ക് പഠിക്കുന്ന അവരെ ഞാന്‍ എക്കണോമിക്‌സ് ആണ് പഠിപ്പിച്ചത്. ഒരു മാസം പഠിപ്പിച്ചു. ആദ്യമായി ലഭിച്ച ശമ്പളം 75 രൂപാ. ഇതിനിടയില്‍ കുറച്ചുനാള്‍ തിരുവനന്തപുരം കാര്‍മ്മല്‍ സ്‌കൂളിലും അദ്ധ്യാപികയായി.

ഡിഗ്രി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞേ ബി.എഡിന് അഡ്മിഷന്‍ കിട്ടൂ. ആ ഗ്യാപ്പിലാണ് പാരലല്‍ കോളേജില്‍ എനിക്ക് അദ്ധ്യാപനത്തിന് നാന്ദി കുറിക്കാനായത്. അതുകഴിഞ്ഞ് നാലാഞ്ചിറ മാര്‍ തെയോഫിലോസ് ട്രെയിനിംഗ് കോളേജില്‍ ബി.എഡിന് ചേര്‍ന്നു.

എന്നെ ഹൈസ്‌കൂളില്‍ പഠിപ്പിച്ച ശശികുമാര്‍ സാറാണ് എന്റെ മാതൃകാദ്ധ്യാപകന്‍. ഇത്രയും സമര്‍പ്പണ മനോഭാവവും സ്‌നേഹവും ഉള്ള ഒരു അദ്ധ്യാപകനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. കുട്ടികളുടെ വളര്‍ച്ച അതൊന്നു മാത്രമായിരുന്നു സാറിന്റെ ലക്ഷ്യം.

എന്റെ മകന്‍ ജോബിന്റെ വിവാഹത്തില്‍ പങ്കുകൊള്ളാനായി അദ്ദേഹം നെടുമ്പാശ്ശേരിയില്‍ എത്തിയത് എന്നോടുള്ള വാത്സല്യം കൊണ്ടായിരുന്നു. പിന്നീട് സാര്‍ രോഗബാധിതനായി ശയ്യാവലംബിയായപ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് അദ്ദേഹത്തെ കാണാനെത്തി. കഴിഞ്ഞവര്‍ഷമായിരുന്നു ഈ സന്ദര്‍ശനം.

സംസാരിക്കാനാകാതെ എന്നെ നോക്കി ചിരിച്ചുകൊണ്ട് കിടന്ന ശശികുമാര്‍ സാറിന്റെ സമീപം വിങ്ങുന്ന ഹൃദയവുമായി ഞാന്‍ ഇരുന്നു. ഹൈസ്‌കൂളില്‍ എന്നെ പഠിപ്പിച്ച സുമുഖനായ സാറിന്റെ ഇപ്പോഴത്തെ രൂപം എന്നെ ഞെട്ടിച്ചു. സാറിന് എന്നോട് ഒന്നും പറയാനാകുന്നില്ല. ഞാന്‍ പറയുന്നത് സാറിന് മനസ്സിലാകുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ ചിരിയില്‍ നിന്നും എനിക്കു മനസ്സിലായി.

ഞാന്‍ കാണാനെത്തുമെന്നറിഞ്ഞപ്പോള്‍ 46 വര്‍ഷം പഴക്കമുള്ള ക്ലാസ്സ് ഫോട്ടോയും കരുതി വച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കിടപ്പ്. ചെന്നപാടേ ആ ഫോട്ടോ എന്നെ കാണിച്ചു. സന്തോഷാധിക്യത്താല്‍ മുഖത്ത് സങ്കടഭാവം നിഴലിടുന്നത് ഞാന്‍ കണ്ടു. പരമാവധി പിടിച്ചുനിന്നു നോക്കി. യാത്ര പറഞ്ഞിറങ്ങാന്‍ നേരം ഞാന്‍ കൈയില്‍ പിടിച്ച് യാത്ര ചോദിച്ചു. (മനസ്സില്‍ ഞാന്‍ സാറിന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു.)

യാത്രാമംഗളം നേര്‍ന്ന് സാര്‍ തലകുലുക്കി. ഞാന്‍ വാതില്‍പ്പടിയില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു പൊട്ടിക്കരച്ചില്‍ കേട്ടു. തിരിച്ചു കയറാന്‍ ഒരുങ്ങവേ ടീച്ചര്‍ (ഭാര്യ) വിലക്കി. തിരിച്ചു കയറിയാല്‍ പിന്നെ എനിക്കന്ന് മടങ്ങാനാവില്ല. ജീവിതത്തില്‍ ഉള്ളുപൊട്ടി രണ്ടുമൂന്നു പ്രാവശ്യം ഞാന്‍ കരഞ്ഞിട്ടുണ്ട്. അതിലൊന്ന് ഈ കൂടിക്കാഴ്ചയിലായിരുന്നു. താന്‍ പഠിപ്പിച്ച കുട്ടി പഠനത്തില്‍ പരമാവധി ഉയരത്തിലെത്തിയതിലുള്ള സന്തോഷം അണപൊട്ടിയൊഴുകിയതാണ് ഞാന്‍ കണ്ടത്.

റിട്ടയര്‍ ചെയ്ത ശേഷം ആരോഗ്യവാനായിരുന്ന സമയത്ത് എന്നെ കാണാന്‍ കുടുംബസമേതം കാലടിയില്‍ എത്തിയിരുന്നു.
തുടര്‍ന്നുള്ള എന്റെ അദ്ധ്യാപന ചരിത്രം ഇവിടെ കുറിക്കുന്നില്ല. സ്‌കൂള്‍ തലത്തില്‍ അദ്ധ്യാപകര്‍ തമ്മിലുണ്ടായിരുന്ന ആത്മബന്ധം യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ അസി. പ്രൊഫസ്സറായി എത്തിയപ്പോള്‍ കാണാനായില്ല. കുട്ടികളെല്ലാം മുതിര്‍ന്നവര്‍. യാന്ത്രികമായ ബന്ധമാണ് ഉന്നത വിദ്യാഭ്യാസമേഖലയിലുള്ളത്.

അദ്ധ്യാപകര്‍ വന്ന് രണ്ടോ മൂന്നോ മണിക്കൂര്‍ പഠിപ്പിക്കുന്നു, പോകുന്നു. വിദ്യാര്‍ത്ഥികളില്‍ അമ്മമാരും ഉണ്ട്. കത്തോലിക്കാ പുരോഹിതരെയും പഠിപ്പിക്കാന്‍ കാലടി യൂണിവേഴ്‌സിറ്റിയില്‍ അവസരമുണ്ടായി.

എന്റെ റിട്ടയര്‍മെന്റ് ജീവിതത്തിന് ശക്തി പകരുന്നത് എന്റെ അദ്ധ്യാപന ഓര്‍മ്മകളാണ്. ഇപ്പോഴും ഞാന്‍ അദ്ധ്യാപികയാണ്. ഒരു കുട്ടി ഇപ്പോഴും എന്റെ പി.എച്ച്.ഡി. സ്റ്റുഡന്റാണ്. ഗവേഷണവും പഠനവുമാണ് ഇന്നും എനിക്ക് ഏറെയിഷ്ടം. ഇത് കണ്ടറിഞ്ഞ ‘ആരോ’ ആണ് എന്നെ ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലില്‍ സീനിയര്‍ അക്കാദമിക് ഫെലോ ആക്കിയത്.

ഇരിക്കുന്നവരില്‍ ആദ്യനിരയില്‍ അഞ്ചാമത് ശശികുമാര്‍ സാര്‍.
നില്‍ക്കുന്നവരില്‍ ആദ്യനിരയില്‍ വലത്ത് നിന്ന് രണ്ടാമത് ലേഖിക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!