ദേശീയ രാഷ്ട്രീയത്തില്‍ പ്രിയങ്ക കൊടുങ്കാറ്റായി മാറുമോ?

ദേശീയ രാഷ്ട്രീയത്തില്‍ പ്രിയങ്ക കൊടുങ്കാറ്റായി മാറുമോ?

ലഖിംപൂരില്‍ പ്രിയങ്കയും രാഹുലും വിജയിച്ചിരിക്കുന്നു. പ്രിയങ്കയെ എന്തോ ഒക്കെ ചെയ്യാന്‍ പോകുന്നു എന്ന ധ്വനി പരത്തുകയാണ് യു.പി. സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചെയ്തത്. ഒരു ചുക്കും നടന്നില്ല.

കേന്ദ്രമന്ത്രി പുത്രന്‍ നേപ്പാളിലേക്കു മുങ്ങിയെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇന്ത്യയെ പട്ടിണിക്കിടാതെ കാത്തുസൂക്ഷിക്കുന്ന കര്‍ഷകരുടെ ഇടയിലേക്ക് വണ്ടി ഓടിച്ചു കയറ്റി എട്ടു പേരെ കൊന്ന കേന്ദ്രമന്ത്രിപുത്രന്‍ തൂക്കുകയറില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ല.

പ്രിയങ്കയെ 58 മണിക്കൂറാണ് തടങ്കലില്‍ വച്ചത്. അവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കും എന്നു വരെ പറഞ്ഞുവച്ചു യോഗി ആദിത്യനാഥിന്റെ പാര്‍ട്ടിക്കാര്‍. അവരുടെ ഫോണ്‍ ചെയ്യാനുള്ള അവകാശം പോലും വിലക്കി. വെളിയില്‍ ഇറങ്ങാനോ യാത്ര ചെയ്യാനോ അനുവദിച്ചില്ല. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാഗാന്ധി.

ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്. രൂപവും ഭാവവും ഏതാണ്ട് വല്യമ്മയുടേതു പോലെ തന്നെ. ധൈര്യമുള്ള സ്ത്രീ. ആരെയും കൂസാതെയുള്ള ഇടപെടല്‍. പക്വതയുള്ള പെരുമാറ്റം. വേണ്ടിവന്നാല്‍ പൊട്ടിത്തെറിക്കാനുള്ള കരുത്തും ആര്‍ജ്ജവവും ഉണ്ട്.

എട്ടു പേരെ വധിച്ച മന്ത്രിപുത്രനെതിരെ കേസെടുത്ത്, മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസധനം അനുവദിച്ച് പ്രശ്‌നം ലഘൂകരിക്കേണ്ടതിനു പകരം ‘യോഗിവര്യന്‍’ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. അതുകൊണ്ട് പ്രിയങ്ക ദേശീയ രാഷ്ട്രീയത്തിലും യു.പി.യിലും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിന് വഴിമരുന്നിട്ടു കൊടുത്തത് സാക്ഷാല്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ്. യു.പി.യില്‍ കോണ്‍ഗ്രസിനോട് പിണങ്ങി നിന്നിരുന്ന പ്രതിപക്ഷവും ഇനി കോണ്‍ഗ്രസ് ഇല്ലാതെ മുന്നോട്ടുപോകാനാവാത്ത സ്ഥിതിയിലെത്തിച്ചേര്‍ന്നു.

ഇന്ത്യയിലെ ഒട്ടുമിക്ക നേതാക്കളും പ്രിയങ്കയെ പിന്തുണയ്ക്കുക മാത്രമല്ല, അവരെ കാണാന്‍ ഓടിയെടുത്തുകയും ചെയ്തു. രാഹുലിനെ തടയും, ജയിലിലാക്കുമെന്നൊക്കെ പറഞ്ഞു പേടിപ്പിച്ച ഓലപാമ്പുകള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. സച്ചിന്‍ പൈലറ്റ് യു.പി.യിലേക്ക് പാഞ്ഞെത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജയ്പൂരിലിരുന്ന് പ്രിയങ്കയുടെ അറസ്റ്റിനെ അപലപിച്ചു. പഞ്ചാബിലെയും ഛത്തീസ്ഗഢിലെയും മുഖ്യമന്ത്രിമാരും രാഹുലിനൊപ്പം യാത്രയ്ക്കിറങ്ങി. സിദ്ദു യു.പി.യിലേക്ക് മാര്‍ച്ച് നടത്തി.

ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും കപില്‍ സിബലും പ്രിയങ്കയുടെ അറസ്റ്റിനെതിരെ രംഗത്തെത്തി.
ചുരുക്കിപ്പറഞ്ഞാല്‍ യു.പി.യിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ ബി.എസ്.പി.യും സമാജ്‌വാദി പാര്‍ട്ടിയും വരെ വെട്ടിലായി. കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ ഉള്‍പ്പെടുത്താതിരുന്ന ഇവര്‍ക്ക് ഇനി പ്രിയങ്കയും കോണ്‍ഗ്രസും ഇല്ലാതെ യു.പി.യില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന സ്ഥിതിയായി.

അതിനും കോണ്‍ഗ്രസ് കടപ്പെട്ടിരിക്കുന്നത് യോഗി ആദിത്യനാഥിനോടു മാത്രം. അടുത്ത് വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളില്‍ യു.പി.യിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അവഗണിക്കാനാവാത്ത നേതാക്കളായി പ്രിയങ്കയും രാഹുലും മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!