സി.പി.എം. ഇത്രയും അധഃപതിക്കാമോ?

സി.പി.എം. ഇത്രയും അധഃപതിക്കാമോ?

സി.പി.എമ്മിന്റെ താഴെത്തട്ടിലുള്ള അണികളെ തല്ലാനും കൊല്ലാനും നടന്നവര്‍ക്ക് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം. ചുവന്ന ഹാരം അണിയിച്ച് പി.ബി. അംഗം സ്വീകരിക്കുന്നത് കണ്ടപ്പോള്‍ ഓക്കാനം വന്നു. തത്വാധിഷ്ഠിത രാഷ്ട്രീയം കൈമുതലായുള്ള രാഷ്ട്രീയ കക്ഷിയാണല്ലോ സി.പി.എം. ബംഗാളും ത്രിപുരയും കൈവിട്ടപ്പോള്‍ പിന്നെ കേരളത്തെയെങ്കിലും നഷ്ടമാകാതെ സൂക്ഷിക്കണമല്ലോ. അതിനുള്ള തരികിട പരിപാടികളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ബൂര്‍ഷ്വാ എന്നൊരു വാക്ക് സി.പി.എമ്മിന്റെ പാര്‍ട്ടി നിഘണ്ടുവിലില്ലല്ലോ. അതുകൊണ്ട് സി.പി.എമ്മിന്റെ കണ്ണില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നെഹ്രുവിന്റെ കാലത്തെ സോഷ്യലിസ്റ്റ് ധാരയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ടാണല്ലോ ബംഗാളില്‍ വാരിപ്പുണര്‍ന്നത്.

കോണ്‍ഗ്രസ് വിട്ടവരെല്ലാം സി.പി.എമ്മിലേക്ക് ചേക്കേറുകയാണല്ലോ. അവരുടെ കൂടെ ഒരു ‘പൂഞ്ഞാന്‍’ പോലും സി.പി.എമ്മില്‍ എത്തുകയില്ല എന്ന തിരിച്ചറിവ് കേരളജനതയ്ക്കുണ്ട്. കോണ്‍ഗ്രസിനെയും ബി.ജെ.പി.യെയും ദുര്‍ബലപ്പെടുത്തുക എന്നതാണത്രേ സി.പി.എം. തന്ത്രം. അതിനുവേണ്ടി കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് ജോസ് കെ.മാണിയെ ഇലക്ഷനു മുമ്പും, അതിനുശേഷം കോണ്‍ഗ്രസ് വിട്ടു വരുന്നവരെയും മാലയിട്ടു സ്വീകരിക്കുക എന്നത്.

നിജലിംഗപ്പയും കാമരാജും സംഘടനാ കോണ്‍ഗ്രസ് ഉണ്ടാക്കിയതിനു സമാനമായി കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് അകന്നുപോയിട്ടില്ലല്ലോ. ആദര്‍ശത്തിന്റെ പേരിലല്ലല്ലോ ഈ കാലുമാറ്റം. ഡി.സി.സി. പ്രസിഡന്റാകാന്‍ കഴിഞ്ഞില്ല, അല്ലെങ്കില്‍ തങ്ങളുടെ പ്രതിനിധിയെ ഡി.സി.സി. പ്രസിഡന്റാക്കിയില്ല. വാസ്തവത്തില്‍ അധികാരസ്ഥാനങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസിന്റെ പിന്നാലെ കൂടിയ ശുംഭന്മാരാണ് സി.പി.എമ്മിനെ ആലിംഗനം ചെയ്തിരിക്കുന്നത്. ഇവര്‍ ജനസേവകരാണത്രേ!! സ്ഥാനം ഇല്ലാതെ കോണ്‍ഗ്രസില്‍ നിന്ന് ജനസേവനം നടത്താന്‍ പറ്റില്ലല്ലോ? പോയവന്മാരുടെയെല്ലാം കഷ്ടകാലം തുടങ്ങി എന്നതാണ് സത്യം. ചെറിയാന്‍ ഫിലിപ്പിനെ പോലെ ഭിക്ഷാംദേഹികളായി നടക്കാം, അത്രതന്നെ.

സി.പി.എം. പ്രവര്‍ത്തകരെ വെട്ടാനും കുത്താനും കൊല്ലാനും നടന്നവരാണിവരൊക്കെ. ഇതൊക്കെ സി.പി.എം. മുതലാളിമാര്‍ക്ക് നന്നായറിയാം. ഇപ്പോള്‍ കോണ്‍ഗ്രസിനെ ശിഥിലമാക്കിയെങ്കിലേ ഇടതുമുന്നണി ശക്തി പ്രാപിക്കൂ. അല്ലാതെ ഈ പോയവരെ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിപ്പിച്ച് എം.എല്‍.എ. ആക്കി, പിന്നെ മന്ത്രിയും ആക്കാന്‍ തക്ക വിവരക്കേട് സി.പി.എം. അണികള്‍ക്കുണ്ടെന്നു തോന്നുന്നില്ല.

അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ അത് പാര്‍ട്ടിക്കു വേണ്ടി ഉയിര് കൊടുത്തവരോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും. അധികാരം ഉണ്ടെങ്കിലേ പാര്‍ട്ടിക്ക് നിലനില്‍പ്പുള്ളൂ. മതനിരപേക്ഷത വാചകത്തില്‍ മാത്രം. അഭിമന്യുവിനെ കൊന്നവരോട് പോലും അധികാരത്തിനായി സഖ്യം ചെയ്യുന്ന പ്രസ്ഥാനത്തിന് എന്ത് ധാര്‍മ്മികത? എന്ത് ആദര്‍ശം? എന്ത് മൂല്യമാണ് ഇവര്‍ക്കുള്ളത്?

സ്ഥാനം കിട്ടാഞ്ഞിട്ട് പുറത്തുപോയവരെ സ്വീകരിക്കാന്‍ രക്തഹാരവുമായി കാത്തുനില്‍പ്പാണ് സി.പി.എം. ഇടതുമുന്നണിയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ജോസ് കെ.മാണിയെ കൂടെ കൂട്ടിയതു കൊണ്ടാണോ പിണറായി വീണ്ടും അധികാരത്തില്‍ വന്നത്? അല്ല. അതിവിടുത്തെ സാധാരണ ജനങ്ങള്‍ക്കറിയാം. പാര്‍ട്ടിക്കായി കഷ്ടപ്പെട്ടവര്‍ക്കുള്ളതാണ് രക്തഹാരം. അല്ലാതെ വഴിയേ പോകുന്നവനെ വിളിച്ചുകയറ്റി ഇട്ടുകൊടുക്കാനുള്ളതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!