
അനീഷ് എം ഐപ്പ്
സന്തോഷ്-സ്വപ്ന ദമ്പതികളുടെ ആകെ ഭൂസ്വത്ത് 15 സെന്റ്. അതില്‍ 5 സെന്റ് വീടും സ്ഥലവുമില്ലാത്ത സുവിശേഷകന് ഇ. സുജേഷിന് നല്കി മാതൃകയായി. ഉള്ള ഇത്തിരിയില്‍ നിന്നും ഒട്ടും ഇല്ലാത്തവന് പകുത്ത് നല്കിയ മനസ്സിന്റെ വലിപ്പം വിവരണാതീതം.
വഴിവിട്ട ജീവിതശൈലിയാണ് സന്തോഷിനെ ദുരന്ത നായകനാക്കിയത്. ജീവിതമാര്‍ഗ്ഗം കൂലിപ്പണി. താമസം വാടകവീട്ടില്‍. വാടകയും കൃത്യമായി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജീവിതത്തില്‍ പ്രതീക്ഷ ഇല്ലാതായപ്പോള്‍ മുക്കുടിയനായി മാറി. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളുടെ മുഖത്തേക്കു നോക്കി നില്ക്കും ഭാര്യ സ്വപ്ന. എന്നെങ്കിലും ഒരു രക്ഷകന് വരുമെന്ന പ്രതീക്ഷയോടെ.
സന്തോഷിന്റെ മദ്യപാനം കൂടി. സ്വപ്ന തീച്ചൂളയിലൂടെ നടന്നു നീങ്ങുകയാണ്.
ഒടുവില്‍ യാചകിയായി സ്വപ്ന തെരുവിലേക്കിറങ്ങി. മൂന്ന് കുഞ്ഞുങ്ങളുടെയും കൈപിടിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലൂടെ നടന്നുനീങ്ങി. കുഞ്ഞുങ്ങള്‍ക്ക് ഇത്തിരി ഭക്ഷണം കിട്ടിയാല്‍ മതി.
ഒരുനാള്‍ സന്തോഷിന്റെ കര്‍ണ്ണപുടങ്ങളില്‍ ആ ദിവ്യസന്ദേശം എത്തി. രക്ഷിക്കാന്‍ ഒരു യേശു ഉണ്ട്. അവനെ പിന്‍പറ്റിയാല്‍ അവന് കൈവിടില്ല. ജീവിതത്തിന് അര്‍ത്ഥമുണ്ടാകും. രണ്ടുപേരും ക്രിസ്തുവിനെ ആശ്ലേഷിച്ചു. സന്തോഷ് മദ്യപാനം നിര്‍ത്തി. വീട്ടില്‍ സമാധാനം അലയടിച്ചു.

രണ്ടുപേരും ഒരുപോലെ അന്യരുടെ പറമ്പുകളില്‍ എല്ലുമുറിയെ പണിയെടുത്തു. രാത്രിയെ പകലാക്കി അദ്ധ്വാനിച്ചു. വാടക കൊടുത്തിട്ടും പണം മിച്ചം. അത് സ്വരൂപിച്ചു വച്ചു. അങ്ങനെ വാങ്ങിയതാണ് 15 സെന്റ് ഭൂമി. അതില്‍ ഒരു കൊച്ചു വീട്. അതു മാത്രമേയുള്ളൂ ആഗ്രഹമായി ബാക്കി. ഇപ്പോള്‍ ഉള്ളത് ഒരു ഷെഡ്ഡ് മാത്രം.
ഇതിനിടയില്‍ മനസ്സില്‍ ഒരു തോന്നല്‍. 15 സെന്റ് സ്ഥലം ദൈവം തന്നല്ലോ. ഇതില്‍ 5 സെന്റ് സ്ഥലം വീടും സ്ഥലവുമില്ലാത്ത ഒരാള്‍ക്ക് കൊടുത്താലോ. ഒടുവില്‍ തോന്നല്‍ തീരുമാനത്തിലെത്തി.
വയനാട്ടില്‍ പെരിക്കല്ലൂര്‍ ഏ.ജി. സഭാ ശുശ്രൂഷകന് ഇ. സുജേഷിന് നല്കാന് പ്രേരണയായി. ചുരുക്കം ചിലര്‍ ആരാധിക്കുന്ന ഒരു കൊച്ചുസഭയാണ് പെരിക്കല്ലൂരിലുള്ളത്. പാസ്റ്റര്‍ കെ.വി. മത്തായിയുടെ സഹായത്തോടെ രജിസ്ട്രേഷന് നടന്നു. ആധാരം സുജേഷിന് കൈമാറി.
ഈ വാര്‍ത്ത അറിഞ്ഞ ഉടനെ ലേഖകനും പാസ്റ്റര്‍ ഹെന്‍സ്വല്‍ ജോസഫും പാസ്റ്റര്‍ കെ.വി. മത്തായിയും പെരിക്കല്ലൂരില്‍ എത്തി. അവിടെ കണ്ട കാഴ്ച ഹൃദയഭേദകമാണ്. സന്തോഷും സ്വപ്നയും കൂലിപ്പണിക്കു പോയിരിക്കുന്നു. മൂന്ന് കുഞ്ഞുങ്ങള്‍ ഷെഡ്ഡിനു പുറത്തായി ഓടിക്കളിക്കുന്നു. അവരുടെ ഒരു പങ്ക് ഭൂമി അടര്‍ത്തിമാറ്റിയത് അവര്‍ക്ക് അറിയില്ല.
ഒരു മണ്കലത്തില് റേഷനരി മക്കള്‍ക്കായി വേവിച്ചു വച്ചിട്ടുണ്ട്. വിശക്കുമ്പോള്‍ ഒരു പാത്രത്തില്‍ കുടഞ്ഞിട്ട് ഒരുമിച്ചിരുന്ന് കഴിക്കുന്നതും കരളലിയിക്കുന്ന കാഴ്ചയാണ്.
ദാരിദ്ര്യത്തിന്റെ നെരിപ്പോടില്‍ നിന്നും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കു മടങ്ങിയെത്തിയ സ്വപ്നയും സന്തോഷും ജീവിക്കാന്‍ വേണ്ടി ആഞ്ഞുപിടിക്കുകയാണ്.
ഒരു കൈത്താങ്ങല്‍ നമുക്ക് നല്‍കാം. വരുമാനം കുറവുള്ള കൊറോണ കാലമാണെങ്കിലും ആ ഷെഡ്ഡ് പൊളിച്ചുമാറ്റി കെട്ടുറപ്പുള്ള ഒരു കൊച്ചുവീട് നമുക്ക് പണിയാം.
(താല്പര്യമുള്ള ദൈവമക്കള് വിളിച്ചാലും.)
കെ.എന്‍. റസ്സല്‍ 9446571642











MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.