ഇസ്രായേൽ – ഇറാൻ സംഘർഷം കൈവിട്ടുപോകുമെന്ന ഭീതി: ഇരുരാജ്യങ്ങളും മൗനത്തിൽ; ഭയപ്പാടോടെ ലോകരാജ്യങ്ങൾ

ഇസ്രായേൽ – ഇറാൻ സംഘർഷം കൈവിട്ടുപോകുമെന്ന ഭീതി: ഇരുരാജ്യങ്ങളും മൗനത്തിൽ; ഭയപ്പാടോടെ ലോകരാജ്യങ്ങൾ

ദുബൈ: ഇസ്രായേൽ – ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്​ഥിതിയിലേക്ക്​ കൊണ്ടുപോകുമെന്ന ആശങ്ക ശക്​തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ. ഇറാനിലെ ഇസ്​ഫഹനിൽ നടന്ന ആക്രമണത്തെ കുറിച്ച്​ ഇറാനും ഇസ്രായേലും ഔദ്യോഗിക പ്രതികരണത്തിന്​ ഇനിയും തയാറായിട്ടില്ല.

മേഖലയിൽ സംഘർഷം പടരുന്നതിനോട്​ യോജിപ്പില്ലെന്ന്​ അമേരിക്കയും യൂറോപ്യൻ യൂനിയനും അറിയിച്ചു. സംഘർഷം കൂടുതൽ വ്യാപ്​തിയിലേക്ക്​ നീങ്ങാതിരിക്കുന്നതി​ന്റെ ഭാഗമായാണ്​ ഇസ്​ഫഹാൻ ആക്രമണം സംബന്ധിച്ച്​ ഇറാനും ഇസ്രായേലും പുലർത്തുന്ന മൗനമെന്നാണ്​ വിലയിരുത്തൽ.

തുറന്ന യുദ്ധത്തിലേക്ക്​ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ഭീതിയും ലോകസമ്മർദ്ദവും കരുതലോടെ നീങ്ങാൻ ഇരുരാജ്യങ്ങളെയും പ്രേരിപ്പിക്കുകയാണ്​. ഇറാനിനുള്ളിൽ നിന്നു തന്നെയാണ്​ ഇസ്​ഫഹനിൽ ഡ്രോൺ ആ​ക്രമണം നടന്നതെന്നാണ്​ ലഭ്യമാകുന്ന വിവരം.

ഡ്രോണുകളുടെ ഉറവിടവും മറ്റും ശേഖരിച്ചു വരികയാണെന്നും ആ​ക്രമണത്തിൽ ആളപായമോ നാശനഷ്​ങ്ങളോ ഉണ്ടായില്ലെന്നും ഇറാൻ വ്യക്​തമാക്കി. ഇസ്രായേൽ സുരക്ഷാ വിഭാഗം യോഗം ചേർന്ന്​ സ്​ഥിതിഗതികൾ വിലയിരുത്തി.

അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറുമായി ഫോണിൽ സംസാരിച്ചു. മേഖലയുടെ സുരക്ഷ ഉൾപ്പെടെ കാര്യങ്ങൾ ചർച്ചയായതായി ലോയ്​ഡ്​ ഓസ്​റ്റിൻ പറഞ്ഞു. ഇസ്​ഫഹൻ ആക്രമണത്തെ കുറിച്ച്​ പ്രതികരിക്കാൻ അമേരിക്കയും വിസമ്മതിച്ചു.

ഇറാ​ന്റെ ഭാഗത്തുനിന്നും ആക്രമണസാധ്യത കണക്കിലെടുത്ത്​ ഇസ്രായേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെക്കാൻ യുനൈറ്റഡ്​ എയർലൈൻസ്​ തീരുമാനിച്ചു. ഇസ്രയേലിലെ പൗരൻമാരോട്​ മടങ്ങാൻ ആസ്​ട്രേലിയ നി​ർദേശിച്ചു.

മേഖലയെ ആപൽക്കരമായ അവസ്​ഥയിലേക്ക്​ കൊണ്ടുപോകാനുള്ള നീക്കത്തിൽ നിന്ന്​ എല്ലാവരും വിട്ടുനിൽക്കണമെന്നായിരുന്നു​ ഇസ്രായേൽ അനുകൂല രാജ്യങ്ങളുടെയും പ്രതികരണം. ഇസ്രായേലിനും ഇറാനും പരോക്ഷ മുന്നറിയിപ്പ്​ നൽകി ഗൾഫ്​ രാജ്യങ്ങളും രംഗത്തുവന്നു.

അതേസമയം, ഗസ്സയിൽ ഇസ്രായേലിന്റെ നരനായാട്ട് തുടരുകയാണ്. റഫ ഉൾപ്പെടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 42 ​പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ ആകെ മരണ സംഖ്യ 34,000 കടന്നു. വെസ്​റ്റ്​ ബാങ്കിലെ തുൽകറമിലെ നൂർ അൽ ശംഷ്​ അഭയാർഥി ക്യാമ്പിൽ ഫലസ്​തീൻ ബാലൻ ഉൾപ്പെടെ അഞ്ച് പേരെ ഇസ്രായേൽ സേന കൊലപ്പെടുത്തി.

ഫലസ്​തീൻ പോരാളികളുടെ പ്രത്യാക്രമണത്തിൽ നാല്​ സുരക്ഷാ ഉദ്യോഗസ്​ഥർക്ക്​ പരിക്കേറ്റു. യു.എന്നിൽ ഫലസ്​തീന്​ പൂർണ അംഗത്വം തേടുന്ന പ്രമേയം വീ​റ്റോ ചെയ്​ത അമേരിക്കൻ നടപടിയെ ഒ.ഐ.സിയും അറബ്​ ലീഗും വിമർശിച്ചു.