ശക്തിപ്രകടനമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി; ‘പുതിയ ഇന്ത്യ പടുത്തുയര്‍ത്തും’; ജയിലില്‍ നിന്നും കെജ്രിവാളിന്റെ വാക്കുകൾ

ശക്തിപ്രകടനമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി; ‘പുതിയ ഇന്ത്യ പടുത്തുയര്‍ത്തും’; ജയിലില്‍ നിന്നും കെജ്രിവാളിന്റെ വാക്കുകൾ

ന്യൂഡല്‍ഹി: ശക്തിപ്രകടനമായി ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി. ഡല്‍ഹി രാംലീല മൈതാനിയിലാണ് റാലി. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു.

‘ജനാധിപത്യത്തെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളെല്ലാം അണിനിരന്നു. രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി തുടങ്ങിയവര്‍ റാലിക്കെത്തി. ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പനയും വേദിയിലെത്തി.

ഒരു കാരണവുമില്ലാതെയാണ് കെജരിവാളിനെ ജയിലിലില്‍ ഇട്ടിരിക്കുന്നതെന്നും നീതിവേണമെന്നും സുനിത കെജരിവാള്‍ പറഞ്ഞു. നരേന്ദ്രമോദി എന്റെ ഭര്‍ത്താവിനെ ജയിലിലടച്ചു. പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യമാണോ?. കെജരിവാള്‍ യഥാര്‍ത്ഥ ദേശസ്‌നേഹി ആണെന്നും സത്യസന്ധനായ വ്യക്തിയാണെന്നും നിങ്ങള്‍ കരുതുന്നുണ്ടോ. കെജരിവാള്‍ രാജിവെക്കണമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോയെന്നും സുനിത ചോദിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെജരിവാള്‍ നല്‍കിയ ആറു സന്ദേശങ്ങള്‍ അടങ്ങിയ സന്ദേശവും സുനിത വേദിയില്‍ വായിച്ചു. ഒരു പുതിയ രാഷ്ട്ര നിര്‍മ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലില്‍ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ്. ഇന്ത്യാ സഖ്യമെന്നത് വെറും വാക്കല്ല ,ഹൃദയമാണ്, ആത്മാവാണ് . സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കെജരിവാള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ഇതിനിടയിൽ ഇന്ത്യ മുന്നണിയുടെ മഹാറാലിയെ പരിഹസിച്ച് ബിജെപി. രംഗത്ത് എത്തി. കൊള്ളക്കാരുടെ സമ്മേളനം എന്ന പരിഹാസ പോസ്റ്ററാണ് ബിജെപി പുറത്തിറക്കിയത്. ഭ്രഷ്ടാചാര്‍ ബചാവോ ആന്ദോളന്‍ എന്നാണ് പോസ്റ്ററില്‍ കുറിച്ചിട്ടുള്ളത്.

ലാലു പ്രസാദ് യാദവിനേയും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കൊള്ള നടത്തിയതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുമെന്ന് അരവിന്ദ് കെജരിവാള്‍ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ കെജരിവാള്‍ ജയിലിലാണ്. എന്നാല്‍ കോടതിയില്‍ നിന്നുപോലും ആശ്വാസം കിട്ടിയില്ല.

ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍ നടക്കുമ്പോൾ
കെജരിവാള്‍ ഇപ്പോള്‍, ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി എന്നിവരില്‍ നിന്ന് തന്നെ പിന്തുണ തേടുകയാണ്. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പരിഹസിച്ചു.