തൊഴിൽ തെങ്ങ് ചെത്ത്; ജനസേവനത്തിന് പഞ്ചായത്ത് പ്രസിഡൻ്റ്  പദവി

തൊഴിൽ തെങ്ങ് ചെത്ത്; ജനസേവനത്തിന് പഞ്ചായത്ത് പ്രസിഡൻ്റ് പദവി

-സാബു തൊട്ടിപ്പറമ്പിൽ

കുളിച്ചു കുട്ടപ്പനായി, തേച്ച് വടിവൊത്ത എങ്ങും ചെളിയുടെ അംശം പോലും ഇല്ലാത്ത വസ്ത്രധാരണം. എപ്പോഴും പുഞ്ചിരിച്ച മുഖവുമായി തിരക്കോട് തിരക്ക് !
ഒരു പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ മിനിമം വസ്ത്രധാരണം – ഇതൊക്കെ ആയിരുക്കും മനസിൽ ഓടിയെത്തുക.

എന്നാൽ അങ്ങനെയല്ലാത്ത അപൂർവ്വം ചിലരുണ്ട്. അതിലൊരാളാണ് കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ.
പതിനാറാം വയസ്സിൽ പഠിച്ചെടുത്ത തൊഴിൽ ഇന്നും കൃത്യനിഷ്ഠയോടെ കൊണ്ടുനടക്കുന്നു. കൈലിയും ബനിയനും തോളിൽ ഒരു തോർത്തുമിട്ട് പഞ്ചായത്ത് പ്രസിഡൻറ് തെങ്ങ് ചെത്താൻ ഇറങ്ങുന്നത് ഇപ്പോൾ നാട്ടിൽ ഒരു കാഴ്ചയാണ്.

അങ്ങനെ പറയാൻ കാരണം നാളിതുവരെ ഈ തൊഴിലാണ് ചെയ്തിരുന്നെങ്കിലും അന്ന് ഒരു ഗ്രാമത്തിൻ്റെ ഭരണത്തലവൻ അല്ലായിരുന്നു. ഇന്ന് അങ്ങനെ ഒരു അധികാരം ഉണ്ടായിട്ടും തന്റെ തൊഴിൽ ഉപേക്ഷിക്കാതെ നാട്ടിലെ താരം ആവുകയാണ് ശശിയേട്ടൻ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പാറത്തോടിൻ്റെ സ്വന്തം പഞ്ചായത്ത് പ്രസിഡണ്ട്.

52 വർഷമായി തുടരുന്നതാണ് ചെത്തുതൊഴിൽ. എല്ലാ ദിവസവും രാവിലെ 6: 30 മുതൽ 8:30 വരെ ചെത്തു തൊഴിലാളിയുടെ വേഷം. അതിനുശേഷം ഭരണാധികാരിയുടെ, ജനപ്രതിനിധിയുടെ വേഷത്തിൽ നാട്ടിലെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. പിന്നീട് വൈകുന്നേരം ആയാൽ വീണ്ടും തൊഴിലാളിയുടെ വേഷത്തിലേക്ക്. ഇത് ഇങ്ങനെ തുടരുകയാണ് തൊഴിലും പൊതുജന സേവനവും തുല്യം എന്ന ബോധ്യത്തോടുകൂടി തന്നെ.!

1972-ൽ എസ് എഫ് ഐ – യിലൂടെയാണ് ശശികുമാർ പൊതു രംഗത്തേക്ക് എത്തുന്നത്.1976-ൽ സിപിഎമ്മിൽ അംഗത്വം ലഭിച്ചു .1991 മുതൽ ലോക്കൽ കമ്മിറ്റി അംഗമായി. പിന്നീടങ്ങോട്ട് കേരള സ്റ്റേറ്റ് തൊഴിലാളി യൂണിയൻ അംഗം, പഞ്ചായത്ത് അംഗം, പഞ്ചായത്ത് പ്രസിഡൻറ് ,കാഞ്ഞിരപ്പള്ളി ഏരിയ ട്രഷറർ എന്ന നിലകളിലും പ്രവർത്തിച്ചു.

”പഞ്ചായത്ത് അംഗമായപ്പോഴും ഞാൻ തൊഴിൽ ഉപേക്ഷിച്ചില്ല. ഇപ്പോൾ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആണ്. എന്നാലും ഞാൻ എൻെറ തൊഴിൽ ഞാൻ ഉപേക്ഷിക്കില്ല!”

അറുപത്തിയാറുകാരനായ നാട്ടുകാരുടെ എല്ലാം ശശിയേട്ടൻ പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ സാരഥിയായ പാറത്തോട് കുറുമാക്കൽ വീട്ടിൽ കെ കെ ശശികുമാർ പറയുന്നു.

ശശികുമാറിൻെറ ഭാര്യ ശോഭന .മൂന്ന് മക്കൾ .ഒരാണും രണ്ടു പെൺകുട്ടികളും ,മനുകുമാർ ,മാളൂട്ടി, അനുപമ.

ഭരണ നേതൃത്വപാടവത്തിലും തൊഴിൽ മേഖലയിലുംവേറിട്ട് വ്യക്തിത്വത്തിന് ഉടമയായി,നാട്ടിലെ താരവും മാതൃകയും ആകുകയാണ് ഈ പഞ്ചായത്ത് പ്രസിഡൻറ്.