സത്യം പുലരട്ടെ, നീതിയും ധർമ്മവും ജയിക്കട്ടെ

സത്യം പുലരട്ടെ, നീതിയും ധർമ്മവും ജയിക്കട്ടെ

-ഷാജി ആലുവിള

സത്യവും, നീതിയും, ധർമ്മവും സർവ്വതുല്യതയോടെ സമൂഹത്തിൽ നിലനിൽക്കുമ്പോഴാണ് സമാധാനപരമായ അന്തരീക്ഷം സമൂഹത്തിൽ കൈവരിക്കുന്നത്.

ജനങ്ങൾക്ക് നീതി ലഭിക്കുവാൻ ന്യായപീഠത്തെയാണ് സമീപിക്കുന്നത്. അവിടെപ്പോലും ന്യായരഹിതമായ വാദപ്രതിവാദങ്ങൾ ആർക്കുവേണ്ടിയും നടത്തി കുറ്റക്കാരെ രക്ഷിക്കുവാൻ കുപ്പായം ഇട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും ധാരാളമുണ്ട്. അങ്ങനെ പലയിടത്തും സത്യം മങ്ങിയും നീതി അസ്തമിച്ചും ധർമ്മം പരാജയപ്പെട്ടും പോകുന്നു.

ഭരണവും പദവിയും കൈയ്യാളാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ജനാധിപത്യ വ്യവസ്ഥകളെ പോലും അപമാനിക്കുന്ന നിലയിൽ തരംതാണുപോകുന്നതിൽ നമ്മൾ വെറും നോക്കുകുത്തികളായി നിൽക്കുവാനെ പറ്റു. ഇന്ത്യൻ ജനാധിപത്യവും നീതിന്യായ വ്യവസ്ഥിതിയുടെ സുതാര്യതയും സ്വാതന്ത്ര്യവും ആപത്കരമായ പ്രതിസന്ധിയിൽ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ആശങ്കകളെക്കാൾ ഭയം ഉളവാക്കുന്ന പ്രതിഭാസങ്ങളാണ് നാം ഇപ്പോൾ എവിടെയും കണ്ടുകൊണ്ടിരിക്കുന്നത്.

മതേതരത്വ രാജ്യമായ ഇന്ത്യയിൽ എല്ലാമതങ്ങളെയും തുല്യരായി കാണാണ്ടവരാണ് ഭരണാധികാരികൾ. എന്നാൽ വർഗ്ഗീയ വിഷം കുത്തിവെച്ച് തമ്മിലടിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. ഒരു മതവും ചെറുതല്ല. വിശ്വാസങ്ങൾ പലതായിരിക്കാം. സമൂഹത്തിൽ നടക്കുന്ന അധാർമ്മിക ക്കെതിരായും തെറ്റായ ജീവിത രീതിക്കെതിരായും എല്ലാ മതങ്ങളും പ്രതികരിക്കണം. അങ്ങനെ ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യുന്ന ആക്രമണങ്ങൾ ലജ്ജാകാരം തന്നെയാണ്.

ഇന്ത്യയുടെ പലസംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരെ എത്രയോ ഭീകരാക്രമണം ആണ് നടക്കുന്നത്. ദൈവാലയങ്ങൾ ആക്രമിച്ചു തകർക്കുകയും പ്രേഷിതപ്രവർത്തകരെ പീഡിപ്പിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയും ചെയ്യുന്നു. ക്രൈസ്തവ വോട്ടിനുവേണ്ടി കുരുത്തോല കയ്യിലേന്തി പള്ളിയിൽ കുരിശുവരച്ചിരിക്കുന്ന സ്ഥാനാർഥികളുടെ പ്രാർത്ഥന വെറും കാപടൃത്തിന്റെ മുഖം മൂടിയാണെന്ന് ആർക്കും മനസ്സിലാകും.

അഴിമതിപുരളാത്ത നീതി ന്യായ വ്യവസ്ഥ സമൂഹത്തിൽ മങ്ങിപോകുകയാണ്. ആർത്തിമൂത്ത വവ്വാലുകളും അത്യാഗ്രഹം മൂത്ത വാവിഷ്ണക്കാരുമായി നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. നീതിയുടെ കണ്ണ് പലവട്ടം കെട്ടിമുറുകിയല്ലേ നീതി, ന്യായ, സത്യ, ധാർമ്മികതയെ തുലാസിൽ തൂക്കിയിട്ടുള്ളത്. അങ്ങനെ എത്രയോ നിരപരാധികൾ ക്രൂശിക്കപ്പെട്ടിരിക്കുന്നു.

അഴിമതിക്കാരൻ ആണെന്നുള്ള സംശയത്തിൽ മുഖ്യമന്ത്രിയെപ്പോലും തുറങ്കലിൽ അടച്ചാൽ പിന്നെ സാധാരണക്കാരുടെ ഗതി എന്താകും. അന്യായത്തിന്റെയും അനീതിയുടെയും പാപക്കറയുള്ള കൈകളാണ് മറ്റുള്ളവരെ വിലങ്ങണിയിപ്പിക്കുന്നത് എന്നോർക്കണം. ഭരണത്തിന്റെ അത്യാർത്തിയിൽ പ്രതിപക്ഷത്തെ തകർക്കുവാൻ കല്ലെറിയുന്നവർ ഓർക്കുക എറിയുന്ന ഓരോ കല്ലും തിരികെ നെറ്റിയിൽ പതിക്കും.

കാലുവാരലും, കളം മാറ്റിച്ചവിട്ടലും വിലപേശലും പക്ഷം ചേർക്കലും ധാർമ്മികതയുടെ ഭാഗമല്ല. സ്വന്തം നിലനിൽപ്പും സ്ഥാനമാനങ്ങളുമാണ് എല്ലാവരുടെയും ലക്ഷ്യം. ഇതൊക്കെ രാഷ്ട്രീയ തന്ത്രം മാത്രമാണ്. ഈ തന്ത്രങ്ങൾ ജനാധിപത്യത്തിന്റെ തായ് വേര് മുറിച്ചുമാറ്റുന്നതിന്റെ മണിമുഴക്കം തന്നെയാണ്. രാഷ്ട്രീയ മൂല്യതയില്ലാത്തവർ അങ്ങോട്ടും ഇങ്ങോട്ടും ചാടികളിക്കും. വാഗ്ദാനങ്ങളുടെ ഗ്യാരണ്ടിയിൽ കൂടെ കൂടുന്നവർ അടുത്ത പാർട്ടിയിൽ പിന്നീട് ചാടും എന്നോർക്കണം.

ജനാധിപത്യ രീതിക്ക് ചേരാത്ത നെറികെട്ട രാഷ്ട്രീയമാണ് ഇപ്പോൾ നമ്മൾ കാണുന്നത്.
നമ്മുടെ രാജ്യം സമാധാനം അനുഭവിക്കണം. സത്യം പുലരണം, നീതിയും ധർമ്മവും ജയിക്കണം. അതായിരിക്കണം ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ഭരണാധികരികളുടെയും കടമ. ഏകാധിപത്യം ആകരുത് ജനാധിപത്യം. രാജ്യത്തെ ഉയർച്ചയിലേക്കും ജനങ്ങളെ സമർദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമ്പോൾ ആണ് ജനം ഭരണാധികാരികൾക്ക് ഒപ്പം നിൽക്കുന്നത്. അതിന് രാഷ്ട്രീയ നേതാക്കൾ തയ്യാറായില്ലെങ്കിൽ ജനം നിങ്ങളെ വെറുക്കും ഉറപ്പ്. ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതാകരുത് ഭരണസംവിധാനം. രാജ്യത്തെയും എല്ലാ ജനങ്ങളെയും, ഒരുപോലെ കണ്ട് പുരോഗമനത്തിലേക്ക് നയിക്കുന്ന സുതാര്യമായ ഒരു ജനാധിപത്യഭരണ സംവിധാനം ഉണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം.

ഇന്ത്യ ഒരു മതത്തിന്റെയും കുത്തകയല്ല. അങ്ങനെയുള്ള ഭരണസംവിധാനമാണ് നമുക്കുള്ളത്. എല്ലാമതങ്ങളും സ്നേഹത്തോടും ബഹുമാനത്തോടും കൈകോർക്കുമ്പോഴാണ് ഇന്ത്യ മതേതരത്വ രാജ്യമാകുന്നത്. നീതിപരമായ തെരഞ്ഞെടുപ്പിലൂടെ സമത്വചിന്തയുള്ള ഒരു സർക്കാർ ഭരണത്തിലേറുവാൻ ഇനിയെങ്കിലും ഇടയാകട്ടെ.